This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമ്പുരാട്ടി, അംബാദേവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തമ്പുരാട്ടി, അംബാദേവി

1. കേരളകാളിദാസന്‍ എന്ന് പ്രസിദ്ധനായ കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ ഭാഗിനേയിയായ സാഹിത്യകാരി. കിടങ്ങൂര്‍ കല്ലമ്പള്ളി രാമന്‍ നമ്പൂതിരിയുടേയും ലക്ഷ്മിത്തമ്പുരാട്ടിയുടേയും മകളായി 1879-ല്‍ ഹരിപ്പാട്ട് അനന്തപുരത്തു കൊട്ടാരത്തില്‍ ജനിച്ചു.

വലിയകോയിത്തമ്പുരാന്റെ സഹോദരനായിരുന്ന രവിവര്‍മകോയിത്തമ്പുരാന്റേയും ചുനക്കര ഉണ്ണിക്കൃഷ്ണവാരിയരുടേയും ശിഷ്യയായി സംസ്കൃതവും കാവ്യങ്ങളും വ്യാകരണവും അഭ്യസിച്ചു. ചെറുപ്പത്തില്‍ത്തന്നെ സഹൃദയയും കവയിത്രിയുമെന്നുള്ള പ്രശസ്തി തമ്പുരാട്ടി നേടി. കുമാരനല്ലൂരില്‍ ചൂരക്കാട് നീലകണ്ഠന്‍ നമ്പൂതിരിയായിരുന്നു ഭര്‍ത്താവ്. ചന്ദ്രിക എന്ന നാടിക, സ്തോത്രാവലി, അമൃതമഥനം എന്ന മണിപ്രവാള ഖണ്ഡകാവ്യം എന്നിവയാണ് പ്രധാന കൃതികള്‍.

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഭാഷയില്‍ രചിച്ച ചന്ദ്രിക എന്ന നാടികയുടെ സംസ്കൃത വിവര്‍ത്തനമാണ് അതേ പേരിലുള്ള കൃതി. കൊടുങ്ങല്ലൂര്‍ കളരിയുടേയും കേരളവര്‍മ പ്രസ്ഥാനക്കാരുടേയും ഉത്സാഹത്തില്‍ പ്രശസ്ത സംസ്കൃത കൃതികള്‍ക്ക് ഭാഷാനുവാദം നടന്നിരുന്ന കാലത്താണ് ഭാഷയില്‍ നിന്നും ചന്ദ്രിക സംസ്കൃതത്തിലേക്ക് തമ്പുരാട്ടി മൊഴിമാറ്റം നടത്തിയത്. സംസ്കൃതത്തിലേക്കും ഉത്തമമായ ഭാഷാനുവാദം സാധ്യമാണെന്ന് തമ്പുരാട്ടി ബോധ്യപ്പെടുത്തി. സംസ്കൃതത്തിലും മലയാളത്തിലും രചിച്ച സ്തോത്രങ്ങളുടെ സമാഹാരമാണ് സ്തോത്രാവലി. മണിപ്രവാളഖണ്ഡകാവ്യമാണ് അമൃതമഥനം. എഴുപത്തെട്ടും നൂറ്റിയാറും പദ്യങ്ങള്‍ വീതമുള്ള രണ്ട് ഖണ്ഡങ്ങളായിട്ടാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. കൊച്ചി രാജാവില്‍ നിന്ന് 'സാഹിത്യ നിപുണ' എന്ന ബഹുമതിബിരുദം തമ്പുരാട്ടിക്കു ലഭിച്ചു.

2. ചന്ദ്രിക രചയിതാവിനെപ്പോലെ സംസ്കൃതത്തിലും ഭാഷയിലും വിദുഷിയായ കവയിത്രി. ഹരിപ്പാട്ടു ചെമ്പ്രോല്‍ മഠം കൊട്ടാരത്തില്‍ 1890-ല്‍ ജനിച്ചു. ചെമ്പ്രോല്‍ കൊട്ടാരത്തില്‍ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയും നാട്ടകം ഇളങ്ങല്ലൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുമായിരുന്നു മാതാപിതാക്കള്‍. ചേപ്പാട്ടു രാമവാരിയരും കല്ലമ്പള്ളി വിഷ്ണു നമ്പൂതിരിയുമായിരുന്നു പ്രധാന ഗുരുക്കന്മാര്‍. ഭര്‍ത്താവ് പട്ടാമ്പിയില്‍ അണ്ടലാടി ദിവാകരന്‍ നമ്പൂതിരി. ശ്രീഭൂതനാഥോദയം, ദശ കുമാര ചരിതം, ദേവീസ്തുതി, അഷ്ടമീപ്രബന്ധം എന്നിവയാണ് പ്രധാന കൃതികള്‍.

കോഴിക്കോടു മാനവിക്രമന്‍ ഏട്ടന്‍തമ്പുരാന്‍ മലയാളത്തില്‍ രചിച്ച ദശകുമാരചരിതം സംസ്കൃതത്തിലേക്കു വിവര്‍ത്തനം ചെയ്തതാണ് അതേപേരിലുള്ള കൃതി. ചന്ദ്രിക വിവര്‍ത്തനത്തെയാണ് കവയിത്രി മാതൃകയാക്കിയതെന്ന് അനുമാനിക്കാം. സംസ്കൃതത്തിലുള്ള സ്തോത്രകാവ്യമാണ് ദേവീസ്തുതി. മേല്പുത്തൂര്‍ നാരായണ ഭട്ടതിരിയുടെ പ്രസിദ്ധകൃതിയായ അഷ്ടമീപ്രബന്ധത്തിന്റെ മലയാള വിവര്‍ത്തനത്തിന് അതേ പേരാണു നല്കിയിട്ടുള്ളത്. തമ്പുരാട്ടിയുടെ കവിതാശൈലിക്കു ദൃഷ്ടാന്തമായ ഇതിലെ ഒരു പദ്യമാണ്-

'വൈദേഹീദേവിയാള്‍ തന്‍ ദൃഢതരവിപുലോത്തുംഗവക്ഷോ

ജഗാഢാ-

ശ്ലേഷാല്‍ സമ്മിശ്രമാകും ഘുസൃണരസലസത് സുന്ദരോരഃ

പ്രദേശം

കൗസല്യാപുണ്യപൂരം പരിമൃദുലവപുസ്സാന്ദ്രനീലോപലാഭം

നന്നായ് സച്ചിന്മരന്ദപ്പുതുരസലഹരീ ഗന്ധമൊന്നുല്ലസിപ്പൂ.'

1928-ല്‍ അംബാദേവിത്തമ്പുരാട്ടി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍