This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തന്ത്രസമുച്ചയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തന്ത്രസമുച്ചയം

തന്ത്രവിധികള്‍, തച്ചുശാസ്ത്രപ്രകാരമുള്ള ക്ഷേത്രനിര്‍മാണം, വിഗ്രഹനിര്‍മിതി എന്നിവ സമഗ്രമായി വിശദീകരിക്കുന്ന ഗ്രന്ഥം. സംസ്കൃതത്തില്‍ പദ്യരൂപത്തിലാണ് പ്രതിപാദനം. ഇതിലെ "കല്യബ്ദേഷ്വതിയത് സുനന്ദ നയനേഷ്വംഭോധി സംഖ്യേഷുഎന്ന കലിദിന സൂചകമായ പരാമര്‍ശത്തില്‍ നിന്ന് 1427-ല്‍ ഗ്രന്ഥം രചിച്ചതായി വ്യക്തമാകുന്നു. കോഴിക്കോടു സാമൂതിരിയുടെ രാജസദസ്സിലെ പതിനെട്ടരക്കവികളിലൊരാളായിരുന്ന ചേന്നാസ് നാരായണന്‍ നമ്പൂതിരിയാണ് ഗ്രന്ഥകര്‍ത്താവ്. ക്ഷേത്രത്തിലെ പ്രതിഷ്ഠ മുതല്‍ നിത്യപൂജവരെയുള്ള വിവിധ തന്ത്രവിധികള്‍, ക്ഷേത്ര നിര്‍മാണത്തിനു യോഗ്യമായ സ്ഥാനനിര്‍ണയം, തച്ചുശാസ്ത്രവിധിപ്രകാരമുള്ള ക്ഷേത്രനിര്‍മാണം, വിഗ്രഹനിര്‍മാണം എന്നിവയുടെ ആധികാരിക ഗ്രന്ഥമായി തന്ത്രസമുച്ചയത്തെ പരിഗണിക്കുന്നു. തന്ത്രശാസ്ത്രത്തിലും തച്ചുശാസ്ത്രത്തിലും തികഞ്ഞ പാണ് ഡിത്യം നേടിയിരുന്ന ചേന്നാസ് നമ്പൂതിരി രചിച്ച തച്ചുശാസ്ത്ര പ്രതിപാദകമായ ഗ്രന്ഥമാണ് മാനവ വാസ്തുലക്ഷണം അഥവാ മനഷ്യാലയലക്ഷണം.

തന്ത്രസമുച്ചയം രചിക്കുന്നതിനുണ്ടായ കാരണത്തെപ്പറ്റി ഒരു ഐതിഹ്യമുണ്ട്. പതിനെട്ടരക്കവികളിലുള്‍പ്പെട്ടിരുന്ന ചേന്നാസ് നമ്പൂതിരിയും മുല്ലപ്പള്ളി പട്ടേരിയും തന്നെ വിമര്‍ശിച്ചുകൊണ്ട് ചില ശ്ളോകങ്ങള്‍ രചിച്ചതായി സാമൂതിരി അറിയാനിടയായി. അവര്‍ക്ക് അനുയോജ്യമായ ശിക്ഷയും വിധിച്ചു. തന്ത്രവിഷയ ത്തില്‍ ഒരു ഉത്തമ ഗ്രന്ഥം രചിച്ചതിനു ശേഷമേ തന്നെ കാണാന്‍ പാടുള്ളൂ എന്നതായിരുന്നു ചേന്നാസ് നമ്പൂതിരിക്കു വിധിച്ച ശിക്ഷ. അങ്ങനെയാണത്രേ അന്നു പ്രചാരത്തിലുണ്ടായിരുന്ന തന്ത്ര ഗ്രന്ഥങ്ങളെല്ലാം പരിശോധിച്ചും വ്യത്യസ്ത ദേവതകള്‍ക്കുള്ള തന്ത്രവിധികളുടേയും മൂര്‍ത്തിഭേദങ്ങളുടേയും പൊരുള്‍ ഗ്രഹിച്ചുകൊണ്ടും ഈ ഗ്രന്ഥം രചിച്ചത്.

മഹാവിഷ്ണു, ശിവന്‍, ശങ്കരനാരായണന്‍, ഗണപതി, സുബ്രഹ്മ ണ്യന്‍, ശാസ്താവ്, ദുര്‍ഗ എന്നീ ഏഴ് ദേവതകളുടെ വിവിധ പൂജാവിധികള്‍ വിശദമായി പ്രതിപാദിക്കുന്നു. വളരെ കൂടുതല്‍ വിഷയങ്ങള്‍ സംഗ്രഹിച്ചു പറയുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. 12 പടലങ്ങളിലായി (അധ്യായങ്ങള്‍) 2896 ശ്ളോകമാണുള്ളത്. പ്രതിപാദ്യത്തിന്റെ വ്യക്തതയോടൊപ്പം കാവ്യസൗന്ദര്യവും ശ്ളോകങ്ങളുടെ സവിശേഷതയാണ്. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട തച്ചുശാസ്ത്ര വിവരണവും വിഗ്രഹനിര്‍മാണത്തിന്റെ വിധികളും ഗ്രന്ഥത്തിനു സമഗ്രത നല്കുന്നു.

തന്ത്രസമുച്ചയത്തിന് സംസ്കൃതത്തിലും മലയാളത്തിലും വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗ്രന്ഥകര്‍ത്താവിന്റെ മകന്‍ ശങ്കരന്‍ നമ്പൂതിരി സംസ്കൃതത്തില്‍ വിമര്‍ശിനി എന്ന പേരില്‍ ഒരു വ്യാഖ്യാനം രചിച്ചു. മറ്റൊരു ശിഷ്യനായ കൃഷ്ണശര്‍മ രചിച്ച വ്യാഖ്യാനമാണ് വിവരണം. മലയാള വ്യാഖ്യാനങ്ങളില്‍ പ്രസിദ്ധം കുഴിക്കാട്ടു മഹേശ്വരന്‍ ഭട്ടതിരിയുടേതാണ്. തന്ത്രസമുച്ചയം തിരുവനന്തപുരത്തു മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ നിന്ന് വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്ത്രസമുച്ചയത്തില്‍ ഉള്‍പ്പെടുത്താത്ത തന്ത്രവിധികള്‍ ഉള്‍പ്പെടുത്തി കൃഷ്ണ ശര്‍മ രചിച്ച തന്ത്രശേഷസമുച്ചയം (ശേഷസമുച്ചയം) എന്ന കൃതിയും പ്രസിദ്ധമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍