This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:45, 20 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തടാകം

ഘമസല

കരയാല്‍ ചുറ്റപ്പെട്ട അഗാധവും വിശാലവുമായ നൈസര്‍ഗിക ജലാശയം. അപവാഹ ശ്രേണിയിലെ ഒഴിച്ചുകൂടാനാകാത്ത കണ്ണികളാണ് തടാകങ്ങള്‍. തടാകത്തിന്റെ ഇംഗ്ളീഷ് പരിഭാഷയായ 'ലേക്'എന്ന പദം 'ഗര്‍ത്തം', 'പൊയ്ക'എന്നിങ്ങനെ അര്‍ഥങ്ങളുള്ള 'ലാകോസ്' (ഘമസസീ)എന്ന ഗ്രീക്കുപദത്തില്‍ നിന്ന് നിഷ്പന്നമാ യിട്ടുള്ളതാണ്. ഭൌമോപരിതലത്തിലെ മിക്ക പ്രദേശങ്ങളിലും ഉച്ചാ വചങ്ങളിലും തടാകങ്ങള്‍ കാണപ്പെടുന്നുണ്ട്.

തടാകങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രീയ പഠനം തടാക വിജ്ഞാനീയം (ഹശാിീഹീഴ്യ) എന്നറിയപ്പെടുന്നു. തടാകങ്ങളിലെ, പ്രത്യേകിച്ചും ശുദ്ധജലതടാകങ്ങളിലേയും ചെറു ജലാശയങ്ങളി ലേയും രാസ-ഭൌതിക-ജൈവ-കാലാവസ്ഥാ സവിശേഷതകളാണ് പ്രധാനമായും തടാകവിജ്ഞാനീയം പഠനവിധേയമാക്കുന്നത്.

വിശാലാര്‍ഥത്തില്‍ ഭൌമോപരിതലത്തിലെ വിവിധയിനം ജലാ ശയങ്ങളെ സൂചിപ്പിക്കുവാന്‍ പൊതുവേ 'തടാകം' എന്ന പദമുപ യോഗിക്കാറുണ്ട്. വീതിയേറിയ നദീഭാഗങ്ങള്‍, തീരപ്രദേശത്തോട ടുത്തു സ്ഥിതിചെയ്യുന്ന ജലാശയങ്ങള്‍, കൃത്രിമ ജലാശയങ്ങള്‍ എന്നിവയെയും തടാകങ്ങളുടെ നിര്‍വചന പരിധിയില്‍ ഉള്‍പ്പെ ടുത്തി കാണുന്നു. എന്നാല്‍ ആഴവും വ്യാപ്തിയും കൂടിയ ചില തടാകങ്ങളെ 'കടല്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. കാസ്പിയന്‍ കടല്‍, ചാവുകടല്‍, ഗലീലി കടല്‍ എന്നിവ ഉദാഹരണം. സമുദ്ര നിരപ്പില്‍ നിന്ന് വളരെ ഉയരത്തിലും നന്നേ താഴെയും തടാക ങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. ടിറ്റിക്കാക്ക തടാകം സമുദ്രനിരപ്പില്‍ നിന്ന് സു. 3,800 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുമ്പോള്‍ ചാവുകടല്‍ സു. 394 മീ. താഴെയായാണ് സ്ഥിതിചെയ്യുന്നത്.

ലേഖന സംവിധാനം

  ക.	ഉദ്ഭവം
  കക.	വര്‍ഗീകരണം
  കകക.	ലോകത്തിലെ പ്രധാന തടാകങ്ങള്‍
  കഢ.	തടാകങ്ങളുടെ പ്രാധാന്യം
  ഢ.	തടാകങ്ങളുടെ തിരോധാനം

ക. ഉദ്ഭവം. ഉദ്ഭവത്തെ അടിസ്ഥാനമാക്കി തടാകങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു; അപരദന പ്രക്രിയയുടെ ഫലമായി രൂപംകൊണ്ടവ, നിക്ഷേപണ പ്രക്രിയയുടെ ഫലമായി രൂപം കൊണ്ടവ, ഭൂചലന-അഗ്നിപര്‍വത പ്രവര്‍ത്തനങ്ങളുടെ ഫലമായി രൂപംകൊണ്ടവ.

ഹിമാനികളുടെ അപരദനപ്രക്രിയയാണ് മിക്കവാറും വന്‍തടാ കങ്ങളുടെ രൂപീകരണത്തിനു നിദാനം. ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ തടാകങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് മുമ്പ് ഹിമാനികളാല്‍ ആവൃത മായ പ്രദേശങ്ങളിലാണ്. വ. ഏഷ്യാ, വ. പടിഞ്ഞാറന്‍ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഒട്ടുമിക്ക തടാകങ്ങളും ഹിമാനീയ പ്രക്രിയമൂലം രൂപംകൊണ്ടവയാണ്. പഞ്ച മഹാതടാകങ്ങള്‍ (സുപീരിയര്‍, മിഷിഗണ്‍, ഹൂറണ്‍, ഈറി, ഒണ്‍ടറീയോ), കാനഡയിലെ ഗ്രേറ്റ് ബെയര്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഹിമാനീയ അപരദനത്തിലൂടെ രൂപംകൊള്ളുന്ന ഇടുങ്ങിയതും ചെങ്കുത്തായതുമായ കൊല്ലികളില്‍ മഞ്ഞുരുകിയുണ്ടാകുന്ന ജലം നിറയുന്നതിന്റെ ഫലമായാണ് ഇത്തരം തടാകങ്ങള്‍ രൂപംകൊള്ളുന്നത്. ഇവയെ കെറ്റില്‍ തടാകങ്ങള്‍ (ഗലഹേേല ഹമസല) എന്നു വിളിക്കുന്നു. പൊതുവേ ആഴമേറിയ ജലാശയങ്ങളാണ് ഇവ.

ചുണ്ണാമ്പുകല്‍ പ്രദേശങ്ങളില്‍ മഴവെള്ളത്തിന്റെ പ്രവര്‍ത്തന ഫലമായി രൂപംകൊള്ളുന്ന നതമധ്യതടങ്ങളുടെ (ഉലുൃലശീിൈ/ടശിസ വീഹല) അടിത്തട്ടില്‍ കളിമണ്ണടിയുകയും കാലക്രമേണ ഇവയില്‍ ജലം കെട്ടിനില്ക്കുകയും ചെയ്യുന്നതിന്റെ ഫലമായി തടാകങ്ങള്‍ രൂപംകൊള്ളാം. യുഗോസ്ളാവിയയിലെ കാര്‍സ്റ്റ് (ഗമൃ) ഭൂപ്രദേശത്തെ പല തടാകങ്ങളും ഇങ്ങനെ രൂപം കൊണ്ടവയാണ്. കാറ്റിന്റെ അപരദനം മൂലവും ചിലപ്പോള്‍ തടാകങ്ങള്‍ രൂപം കൊള്ളാറുണ്ട്. മരുപ്രദേശങ്ങളില്‍ ആഞ്ഞടിക്കുന്ന കാറ്റ് ഉപരിതല മണ്ണ് ചൂഴ്ന്നെടുക്കുന്നതിലൂടെ രൂപം പ്രാപിക്കുന്ന ഗര്‍ത്തങ്ങള്‍ ആ പ്രദേശത്തെ ജലപീഠിക(ണമലൃേ മേയഹല)യുമായി സന്ധിക്കുമ്പോഴാണ് ഇത്തരം തടാകങ്ങള്‍ രൂപംകൊള്ളുന്നത്. ഇവ മിക്കപ്പോഴും ആഴം കുറഞ്ഞ ലവണ തടാകങ്ങളോ ചതുപ്പു നിലങ്ങളോ ആയാണ് കാണപ്പെടുന്നത്. ഈജിപ്തിലെ ഖ്വത്തറ (ഝൌമമൃേേമ) നതമധ്യതടത്തില്‍ ഇത്തരം തടാകങ്ങള്‍ ധാരാളമുണ്ട്.

കാറ്റ്, ഒഴുകുന്ന ജലം, ഹിമാനി തുടങ്ങിയവയുടെ നിക്ഷേപണ പ്രവര്‍ത്തന ഫലമായി ജന്മം കൊള്ളുന്ന തടാകങ്ങള്‍ പൊതുവേ രോധികാ തടാകങ്ങള്‍ (ആമൃൃശലൃ ഹമസല) എന്ന പേരില്‍ അറിയപ്പെ ടുന്നു. നദികളുടെ അപരദന-നിക്ഷേപണ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ഘട്ടങ്ങളില്‍ വീതിയേറിയ നദീഭാഗങ്ങള്‍ തടാകങ്ങളായി രൂപാന്തരപ്പെടാം; അയര്‍ലണ്ടിലെ ഷാനല്‍ നദിയിലെ ഡെര്‍ഗ് തടാകം ഉദാഹരണം. നദികള്‍ക്ക് ദിശമാറ്റം സംഭവിക്കുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന വിസര്‍പ്പ(ാലമിറലൃ)ങ്ങള്‍ പില്ക്കാലത്ത് വേര്‍ പിരിയുന്നതിലൂടെ രൂപംകൊള്ളുന്നവയാണ് ഓക്സ്ബോ തടാക ങ്ങള്‍ (ീഃയീം ഹമസല). ഇവയില്‍ മിക്കവയും കാലാന്തരത്തില്‍ അവ സാദ നിക്ഷേപത്താല്‍ മൂടപ്പെടുന്നു. തിരമാലകളുടേയും സമുദ്ര ജലപ്രവാഹങ്ങളുടേയും പ്രവര്‍ത്തനംമൂലം തീരപ്രദേശത്ത് മണലും ചരലും കലര്‍ന്ന അവസാദത്തിട്ടുകള്‍ നിക്ഷേപിക്കപ്പെടു ന്നതിന്റെ ഫലമായി തീരപ്രദേശത്തോടു ചേര്‍ന്ന് രൂപംകൊള്ളുന്ന തടാകങ്ങള്‍ പൊതുവേ 'ലഗൂണുകള്‍' എന്നറിയപ്പെടുന്നു. ഉരുള്‍ പൊട്ടല്‍, ഹിമാനീ നിപാതം (മ്മഹമിരവല) എന്നിവ നദീ താഴ്വര കളില്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളും ചിലപ്പോള്‍ താത്കാലിക തടാക ങ്ങള്‍ക്കു ജന്മം നല്‍കിയേക്കാം. കാലിഫോര്‍ണിയയിലെ മിറര്‍ തടാകം ഇതിനുദാഹരണമാണ്. നിക്ഷേപിക്കപ്പെടുന്ന പദാര്‍ഥങ്ങ ളുടെ ഉറപ്പ്, ഭൂപ്രകൃതി തുടങ്ങിയ ഘടകങ്ങളാണ് ഇത്തരത്തില്‍ രൂപംകൊള്ളുന്ന തടാകങ്ങളുടെ ആയുസ്സ് നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. പലപ്പോഴും തടാകത്തില്‍ ജലനിരപ്പുയരുമ്പോള്‍ ഈ പ്രതിരോധം തകര്‍ന്ന് തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കാറുണ്ട്. സമീപകാലത്ത് തിബത്തിലെ പരീചു (ജമൃലലരവൌ) നദിയില്‍ ഹിമാലയന്‍ മലനിരകളിലെ ഉരുള്‍പൊട്ടല്‍മൂലം രൂപംകൊണ്ട താത്കാലിക തടാകം ഹിമാചല്‍പ്രദേശ് സംസ്ഥാനത്തെ സത്ലജ് നദീ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തിയ സംഭവം ഉദാഹരണമാണ്. ഹിമാനീകൃത അവസാദങ്ങളടിഞ്ഞു കൂടിയതിന്റെ പരിണതഫലമാണ് ജര്‍മനിയിലെ മക്ലീന്‍ ബര്‍ഗ് പ്രദേശത്തെ തടാകങ്ങള്‍. ഗ്രീന്‍ലന്‍ഡിലെ ഹിമപാളികളുടെ അരികുകളില്‍ ഉപസ്ഥിതമായിട്ടുള്ള ജലാശയങ്ങള്‍ ഹിമാനികളാല്‍ രോധിക്കപ്പെട്ട് രൂപംകൊള്ളുന്ന റിബണ്‍ (ൃശയയീി) ഗണത്തില്‍ ഉള്‍പ്പെടുന്നു; തെ.അലാസ്കയിലെ തീരപ്രദേശത്തു കാണുന്ന തടാകങ്ങളും റിബണ്‍ തടാകങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. മന്ദഗതിയിലൊഴുകുന്ന നദികളുടെ അഴിമുഖത്ത് കണ്ടലുകള്‍ വളര്‍ന്ന് തടസ്സം സൃഷ്ടിക്കുന്നതുമൂലവും ചിലപ്പോള്‍ തടാകങ്ങള്‍ രൂപംകൊള്ളാം. തെ.നെതര്‍ലന്‍ഡ്സിലും വ.കി.ബെല്‍ജിയത്തിലും ഇത്തരം തടാകങ്ങള്‍ കാണപ്പെടുന്നു. യൂഗോസ്ളാവിയയിലെ കാര്‍സ്റ്റ് പ്രദേശത്ത് കാല്‍സിയമയ നിക്ഷേപങ്ങളടിഞ്ഞും ചില ജലാശയങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഉദാ. പ്ളീറ്റ്വീസ് (ജഹശ്ശരല) തടാകം. ഭൂവിജ്ഞാനീയ കാലഘട്ടത്തിന്റെ ആരംഭത്തിലെ ആഴംകുറഞ്ഞ സമുദ്രങ്ങളുടെ ഭാഗങ്ങള്‍ പില്ക്കാലത്ത് തടാകങ്ങളായി അവശേഷിച്ചിട്ടുള്ളതായി ഭൂവിജ്ഞാനികള്‍ അനുമാനിക്കുന്നു. കാസ്പിയന്‍ കടല്‍ ടെഥിസ് സമുദ്രത്തിന്റെ ശേഷിപ്പാണെന്നാണ് അനുമാനം.

ഭൂചലനങ്ങള്‍, അഗ്നിപര്‍വതനം എന്നിവയും ചിലപ്പോള്‍ തടാകങ്ങളുടെ രൂപീകരണത്തിനു നിദാനമാകാറുണ്ട്. ഭ്രംശതാഴ്വര കളിലാണ് ഇവയില്‍ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ലോകത്തി ലെ ഏറ്റവും ആഴം കൂടിയ ബേക്കല്‍ തടാകം, പൂര്‍വ-ആഫ്രിക്കന്‍ ഭ്രംശ താഴ്വരയിലെ തങ്കനീക്കാ, ന്യാസ, ഈ ഭ്രംശരേഖയുടെ തുടര്‍ച്ചയിലുള്ള ചാവുകടല്‍ തുടങ്ങിയവ ഭൂചലനങ്ങളുടെ  ഫല മായി രൂപംകൊണ്ട തടാകങ്ങളാണ്. നിര്‍ജീവമോ ദീര്‍ഘസുഷു പ്തിയിലാണ്ടതോ ആയ അഗ്നിപര്‍വതമുഖങ്ങളും (രൃമലൃേ) ചില പ്പോള്‍ തടാകങ്ങളായി രൂപാന്തരപ്പെടാം. ഓറിഗോണിലെ ക്രേറ്റര്‍ തടാകം ഇത്തരത്തില്‍ രൂപംകൊണ്ടവയ്ക്ക് ഉദാഹരണമാണ്. ഭൌമോപരിതലത്തില്‍ ഉല്ക്കാ നിപാതത്തിലൂടെ രൂപംകൊള്ളുന്ന ഗര്‍ത്തങ്ങളും തടാകങ്ങളുടെ രൂപീകരണത്തിന് നിദാനമായിട്ടുണ്ട്. ഉദാ. ഘാനയിലെ ബോസുംത്വി (ആീൌാൌ്ശ). വരണ്ട പ്രദേശങ്ങളിലെ താത്കാലിക തടാകങ്ങള്‍ പ്ളായ എന്നറിയപ്പെടുന്നു. പൊതുവേ വരണ്ടുകിടക്കുന്ന ഇവയില്‍ അപൂര്‍വമായി മാത്രമേ വെള്ളം നിറയാറുള്ളൂ. ആസ്റ്റ്രേലിയയിലെ ഐര്‍ (ഋ്യൃല), ഫ്രോം (എൃീാല), ടോറന്‍സ് എന്നിവ പ്ളായ തടാകങ്ങളാണ്.

നദീഗതിക്ക് പ്രതിബന്ധം സൃഷ്ടിച്ചാണ് പൊതുവേ കൃത്രിമ തടാകങ്ങള്‍ നിര്‍മിക്കുന്നത്. ജലസേചനം, കുടിവെള്ളസംഭരണം, ഊര്‍ജോത്പാദനം തുടങ്ങിയവയാണ് ഇത്തരം തടാകങ്ങളുടെ മുഖ്യലക്ഷ്യങ്ങള്‍. ഭൂമുഖത്തെ മിക്കവാറും എല്ലാ പ്രധാന നദികളിലും കൃത്രിമ ജലസംഭരണികള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

കക. വര്‍ഗീകരണം. ശുദ്ധജല തടാകങ്ങള്‍, ലവണ ജലതടാ കങ്ങള്‍ എന്നിങ്ങനെ തടാകങ്ങളെ പൊതുവേ രണ്ടായി വിഭജിക്കാം. ഏകദേശം 8,25,000 ച.കി.മീ. വിസ്തൃതിയിലുള്ള ശുദ്ധജലതടാക ങ്ങളുടെ മൊത്തം വ്യാപ്തം 1,25,000 ഘന കി.മീ. ആയി കണക്കാ ക്കപ്പെട്ടിരിക്കുന്നു. ഭൌമോപരിതലത്തിലെ മൊത്തം ശുദ്ധജല ത്തിന്റെ 70 ശ.മാ.ഉം ഈ തടാകങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. മഴ വെള്ളം, നീര്‍ച്ചാലുകള്‍, തോടുകള്‍, നദികള്‍ എന്നിവയാണ് ഇവ യുടെ പ്രധാന ജലസ്രോതസ്സുകള്‍. ബാഷ്പീകരണം, പുറത്തേ ക്കുള്ള നീരൊഴുക്ക് എന്നിവയിലൂടെ നഷ്ടമാകുന്ന ജലപരിമാണ ത്തിന് തുല്യമോ അതില്‍ കൂടുതലോ അളവില്‍ ശുദ്ധജലം ഈ ജലസ്രോതസ്സുകള്‍ മുഖേന തടാകത്തിലെത്തുന്നു. നന്നേ കുറഞ്ഞ ലവണാംശമാണ് ശുദ്ധജല തടാകങ്ങളുടെ മുഖ്യ സവിശേഷത.

ലവണജലതടാകങ്ങള്‍ക്ക് മൊത്തം 7,00,000 ച.കി.മീ. വിസ്തൃ തിയും 1,05,000 ഘന കി.മീ. വ്യാപ്തവും ഉള്ളതായി കണക്കാക്ക പ്പെടുന്നു. ലവണ തടാകങ്ങളിലെ ജലത്തിന്റെ 75 ശ.മാ.-ഉം ഏറ്റവും വലിയ തടാകമായ കാസ്പിയന്‍ കടലാണ് ഉള്‍ക്കൊള്ളുന്നത്. ലവണ തടാകങ്ങള്‍ പൊതുവേ വരണ്ട കാലാവസ്ഥാ പ്രദേശങ്ങളില്‍ കൂടുതലായി കാണപ്പെടുന്നു. ബാഷ്പീകരണംമൂലം ജലത്തിന്റെ നല്ലൊരു ശ.മാ. നഷ്ടപ്പെടുന്നതിനാല്‍ മിക്കവാറും എല്ലാ ലവണ ജലതടാകങ്ങളുടേയും വലുപ്പം കാലക്രമേണ കുറയുന്നതായാണ് കാണുന്നത്. കടലില്‍നിന്നു വേറിട്ട് തടാകങ്ങളായി രൂപാന്തരപ്പെട്ടതോ മുമ്പുണ്ടായിരുന്ന ശുദ്ധജല തടാകങ്ങളുടെ ഭാഗമോ ആയിരിക്കും ഇന്നത്തെ ലവണജല തടാകങ്ങള്‍ എന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ അഭിപ്രായം.


കകക. ലോകത്തിലെ പ്രധാന തടാകങ്ങള്‍. തെ.കി.യൂറോപ്പിനും ഏഷ്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന കാസ്പിയന്‍ കടലാണ് ഭൂമുഖത്തെ ഏറ്റവും വലിയ തടാകം. സു. 4,38,000 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ തടാകം സമുദ്രനിരപ്പില്‍ നിന്ന് സു. 26 മീ. താഴെയായാണ് സ്ഥിതിചെയ്യുന്നത്. റഷ്യന്‍ ഫെഡറേഷനില്‍ ഉള്‍പ്പെട്ട തെക്കന്‍ സൈബീരിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബേക്കല്‍ ആണ് ഏറ്റവും ആഴമേറിയ തടാകം. സു. 1,620 മീ. പരമാവധി ആഴം ഇതിനുണ്ട്. പെറുവിനും പടിഞ്ഞാറന്‍ ബൊളീവിയയ്ക്കും മധ്യേ സമുദ്രനിരപ്പില്‍ നിന്ന് സു. 3,800 മീ. ഉയരത്തില്‍ രൂപംകൊണ്ടിട്ടുള്ള ടിറ്റിക്കാക്ക ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടാകമാണ്. സമുദ്രനിരപ്പില്‍ നിന്ന് സു. 394 മീ. താഴെ സ്ഥിതിചെയ്യുന്ന ചാവുകടലാണ് ഭൂമുഖത്ത് ഏറ്റവും താഴെയായി രൂപംകൊണ്ടിട്ടുള്ള തടാകം. ഗലീലി കടല്‍, വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങള്‍, റഷ്യയിലെ ആറാള്‍ കടല്‍, ആഫ്രിക്കയിലെ വിക്റ്റോറിയ, തങ്കനീക്കാ, മാലാവി, ഛാഡ്, ആസ്റ്റ്രേലിയയിലെ ഐര്‍ എന്നിവ ലോകത്തിലെ ചില പ്രധാന തടാകങ്ങളില്‍പ്പെടുന്നു. കാശ്മീരിലെ ദാല്‍ (ഡാല്‍), വൂളാര്‍ തുടങ്ങിയ തടാകങ്ങള്‍, കുമായൂണ്‍ കുന്നുകളിലെ നൈനിതാല്‍, ഭീംതാല്‍, സിക്കിമിലെ യാംദ്രോക്സൊ, ചാംതെദോങ് എന്നി വയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ താരതമ്യേന വലുപ്പമേറിയ തടാകങ്ങള്‍. പുരാണ പ്രാധാന്യമുള്ള മാനസസരസ് ദക്ഷിണ- പശ്ചിമ തിബത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 4,500 മീ. ഉയരത്തി ലാണ് സ്ഥിതിചെയ്യുന്നത്. സത്ലജ്, ബഹ്മപുത്ര എന്നീ പ്രധാന നദികളുടെ ഉദ്ഭവസ്ഥാനം കൂടിയായ ഈ തടാകത്തിന് സു. 520 ച.കി.മീ. വിസ്തൃതിയുണ്ട്. രാജസ്ഥാനിലെ സാംഭാര്‍, ഒറീസ്സയിലെ ചില്‍കാ, നെല്ലൂരിലെ പുലിക്കാട്, ഡെക്കാണ്‍ പ്രദേശത്തെ ലോണാര്‍ എന്നിവയേയും പ്രധാന തടാകങ്ങളുടെ കൂട്ടത്തില്‍ പ്പെടുത്താം. ദക്ഷിണേന്ത്യയില്‍ പൊതുവേ തടാകങ്ങളുടെ എണ്ണം വളരെ കുറവാണ്. കേരളത്തിന്റെ തീരമേഖലയിലെ വിസ്തൃത ജലാശയങ്ങളെ പൊതുവേ കായലുകളെന്നാണ് വിളിക്കുന്നതെങ്കിലും ചിലപ്പോള്‍ ഇവയെ തടാകങ്ങളെന്നും വിശേഷിപ്പിക്കാറുണ്ട്. ശാസ്താംകോട്ട കായല്‍, വെള്ളായണി കായല്‍, പൂക്കോട്ട് കായല്‍ എന്നിവ കേരളത്തിലെ ശുദ്ധജലതടാകങ്ങളാണ്.

Image:p221.png കഢ. തടാകങ്ങളുടെ പ്രാധാന്യം. പ്രധാന പ്രകൃതി സമ്പത്തുകളിലൊന്നാണ് തടാകങ്ങള്‍. മനുഷ്യനും മറ്റു ജീവജാലങ്ങളും ഇവയെ പലവിധത്തില്‍ ആശ്രയിക്കുന്നു. വന്‍ തടാകങ്ങള്‍ അവയ്ക്കു ചുറ്റും വസിക്കുന്ന ജനങ്ങളുടെ ജീവിതരീതിയെ നിര്‍ണായകമാംവിധം സ്വാധീനിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന ജൈവസമ്പത്തിന്റെ കലവറയാണ് തടാകങ്ങള്‍. വിവിധയിനം ജല സസ്യങ്ങളുടേയും മത്സ്യങ്ങളുടേയും ആവാസകേന്ദ്രമായ തടാക പരിസ്ഥിതിയില്‍ താറാവ്, വാത്ത, അരയന്നം, ഫ്ളമിങ്ഗോ, കൊറ്റി തുടങ്ങിയ പക്ഷികളുടെ ബാഹുല്യം കാണാം. തടാകപ്രദേശത്തെ കാലാവസ്ഥയെ നിര്‍ണയിക്കുന്നതിലും തടാകങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്. കരയെ അപേക്ഷിച്ച് തടാകജലം സാവധാനം ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിനാല്‍ വന്‍ തടാകങ്ങളുടെ സമീപ പ്രദേശങ്ങളില്‍ വേനലില്‍ ഉഷ്ണം കുറഞ്ഞും ശൈത്യകാലത്ത് തണപ്പു കുറഞ്ഞും അനുഭവപ്പെടുന്നു. പഞ്ചമഹാതടാകങ്ങള്‍ പോലുള്ള വലിയ തടാകങ്ങളുടെ തടപ്രദേശങ്ങളിലാണ് ഇത് വ്യക്തമായി അനുഭവപ്പെടുന്നത്.

ഭൂമിശാസ്ത്രപരമായ സ്ഥാനം, ആഴം എന്നിവ തടാകജലത്തിന്റെ താപനില നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ തടാകങ്ങളെ അപേക്ഷിച്ച് ശീതോഷ്ണ കാലാവസ്ഥാമേഖലകളിലെ തടാകങ്ങളിലാണ് ഋതുഭേദങ്ങള്‍ക്കനുസൃതമായ താപവ്യതിയാനം പ്രകടമാകുന്നത്.

ഏറ്റവും ചെലവു കുറഞ്ഞ ജലഗതാഗത മാര്‍ഗങ്ങള്‍ കൂടിയാണ് തടാകങ്ങള്‍. ലോകത്തെ പ്രധാന ജലപാതകളെല്ലാംതന്നെ തടാകങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മുമ്പ് യു.എസ്. പര്യവേക്ഷകര്‍ നദികളേയും തടാകങ്ങളേയും വാണിജ്യപാതകളായി ഉപയോഗിച്ചിരുന്നു. ഇന്നും ജല ഗതാഗതമേഖലയില്‍ വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങള്‍ക്ക് പ്രധാന സ്ഥാനമാണുള്ളത്. ശുദ്ധജലത്തിന്റെ പ്രധാന ഉറവിടങ്ങളാണ് ശുദ്ധജല തടാകങ്ങള്‍. കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിലും തടാകങ്ങള്‍ക്ക് ശ്രദ്ധേയമായ സ്ഥാനമുണ്ട്. ജലസേചനാവശ്യങ്ങള്‍ക്ക് തടാകജലം ഉപയുക്തമാക്കുന്നതിലൂടെയാണിത്. തടാകത്തിലെ മത്സ്യബന്ധനം തടാകതീരത്തും സമീപത്തും വസിക്കുന്നവരുടെ മുഖ്യ ഉപജീവനമാര്‍ഗമാണ്. വാണിജ്യപ്രാധാന്യമുള്ള പല ധാതുക്കളുടേയും കലവറകളെന്നും തടാകങ്ങളെ വിശേഷിപ്പിക്കാം. ലോകത്തിലെ പല തടാകങ്ങളിലും വന്‍ ഊര്‍ജോത്പാദന പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒഴിവുകാല-വിനോദസഞ്ചാര കേന്ദ്രങ്ങളെന്ന നിലയിലും തടാകങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. നൌകായാത്രകള്‍, നീന്തല്‍, വാട്ടര്‍ സ്കീയിങ്, ഐസ് സ്കേറ്റിങ് തുടങ്ങിയ പല കായിക-വിനോദങ്ങളും തടാകങ്ങളില്‍ സംഘടിപ്പിക്കാറുണ്ട്.

ഢ. തടാകങ്ങളുടെ തിരോധാനം. ഭൂവിജ്ഞാനീയ സമയ ക്രമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മിക്ക തടാക ങ്ങളുടെയും നിലനില്പ് കുറഞ്ഞ കാലയളവിലേക്കു മാത്രമാ ണെന്ന് അനുമാനിക്കേണ്ടിവരുന്നു. തടാകങ്ങളുടെ സംഭരണ ശേഷി, ജലത്തിന്റെ നിര്‍ഗമന-ബഹിര്‍ഗമന തോത് എന്നിവയാണ് ഇവയുടെ ആയുസ്സിനെ നിര്‍ണയിക്കുന്ന മുഖ്യഘടകങ്ങള്‍. കാലം ചെല്ലുന്തോറും വലുപ്പം കുറയുക എന്നത് മിക്ക തടാകങ്ങളുടേ യും സവിശേഷതയാണ്. ഇപ്പോഴുള്ള പല തടാകങ്ങളും ഭാവിയില്‍ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമായെന്നുവരാം. ചില തടാകങ്ങളുടെ വലുപ്പം ഋതുഭേദങ്ങള്‍ക്കനുസൃതമായി വ്യത്യാസപ്പെടുന്നുണ്ട്. മരുപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന തടാകങ്ങളിലാണ് പ്രകടമായി ഈ വലുപ്പ വ്യത്യാസം കാണപ്പെടുന്നത്. ഉദാ. ഛാഡ് തടാകം.

അപരദനംമൂലം ജലാഗമനമാര്‍ഗങ്ങള്‍ അടഞ്ഞുണ്ടാകുന്ന തടനിമജ്ജനം, നിക്ഷേപിത അവസാദങ്ങളുടെ ആധിക്യം, വര്‍ ധിച്ച തോതിലുള്ള ബാഷ്പീകരണം തുടങ്ങിയവ തടാകങ്ങള്‍ വറ്റി പ്പോകുന്നതിനുള്ള മുഖ്യകാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെ ടുന്നു. ജലപീഠിക താഴ്ന്നുപോകുന്നതാണ് തടാകങ്ങള്‍ അപ്രത്യ ക്ഷമാകുന്നതിന്റെ മറ്റൊരു പ്രധാന കാരണം. ബാഹ്യസ്രോതസ്സുക ളില്‍ നിന്നുള്ള കളിമണ്ണ്, എക്കല്‍ എന്നിവയുടെ നിക്ഷേപം, തടാക ജലത്തിന്റെ അവസാദ-നിക്ഷേപണ പ്രക്രിയകള്‍ എന്നിവയും തടാകങ്ങളുടെ തിരോധാനത്തിനു വഴിതെളിക്കാറുണ്ട്. കാലാ വസ്ഥാ വ്യതിയാനം, തടാകങ്ങളിലേക്കൊഴുകുന്ന നദികളുടെ ദിശ യ്ക്കുണ്ടാകുന്ന വ്യതിയാനം, അഗ്നിപര്‍വത സ്ഫോടനങ്ങള്‍, ഭൂകമ്പം തുടങ്ങിയ ഭൌമപ്രക്രിയകളും തടാകങ്ങളുടെ തിരോധാനത്തിനു കാരണമാകാറുണ്ട്. നോ: കായലുകള്‍, ഇന്ത്യ, കേരളം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%9F%E0%B4%BE%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍