This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തങ്കമണി ഗോപിനാഥ് (1918 - 90)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തങ്കമണി ഗോപിനാഥ് (1918 - 90)
പ്രമുഖ നര്‍ത്തകിയും നൃത്താധ്യാപികയും. നൃത്താചാര്യന്‍ ഗുരുഗോപിനാഥിന്റെ ഭാര്യയും സഹനര്ത്തകിയുമായിരുന്ന തങ്കമണി 1918-ല്‍ (മീനമാസത്തില്‍) കുന്നംകുളത്ത് ജനിച്ചു. പന്തളത്ത് ഗോവിന്ദന് നായരും മങ്ങാട്ട് മുളയ്ക്കല്‍ കുഞ്ഞിക്കാവമ്മയുമാണ് മാതാപിതാക്കള്‍. വള്ളത്തോള്‍ കലാമണ്ഡലം തുടങ്ങിയപ്പോള്‍ അവിടത്തെ ആദ്യത്തെ മോഹിനിയാട്ടം വിദ്യാര്‍ഥിനിയായിരുന്നു. പെണ്‍കുട്ടികള്‍ നൃത്തം പഠിക്കുന്നതും അവതരിപ്പിക്കുന്നതും സദാചാര വിരുദ്ധമായി കരുതിയിരുന്ന കാലത്ത്, തേവിടിശ്ശിയാട്ടം എന്ന് ഇകഴ്ത്തിപ്പറഞ്ഞിരുന്ന മോഹിനിയാട്ടം പഠിക്കാന്‍ ധൈര്യം കാട്ടിയ തങ്കമണി പെണ്‍കുട്ടികളുടെ നൃത്തപഠനത്തിനും കേരളത്തിലെ നൃത്ത തരംഗത്തിനും പ്രാരംഭം കുറിച്ചു.
മലയാളത്തിലെ മൂന്നാമത്തെ ശബ്ദചിത്രമായ ഭക്തപ്രഹ്ളാദയില് (1941) കയാതുവിന്റെ വേഷം അഭിനയിച്ച് തങ്കമണി ആദ്യകാല നടിമാരില്‍ ഒരാളായി. ഗുരു ഗോപിനാഥ് ആയിരുന്നു ഇതില്‍ ഹിരണ്യകശിപു. പതിനാറാം വയസ്സില്‍ ഗുരു ഗോപിനാഥിനെ വിവാഹം ചെയ്തശേഷം തങ്കമണി ക്രമേണ മോഹിനിയാട്ടത്തോട് വിട പറഞ്ഞു. അവരിരുവരും ചേര്‍ന്ന് കേരളനടനം (ആദ്യം കഥകളി നടനം എന്നായിരുന്നു പേര്) എന്ന നൂതന നൃത്ത ശൈലി ആവിഷ്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
തിരുവിതാംകൂറിലേയും തിരുവനന്തപുരത്തേയും പ്രഥമ നൃത്ത വിദ്യാലയമായിരുന്ന ശ്രീചിത്രോദയ നൃത്ത കലാലയത്തില്‍ നൃത്തം പഠിപ്പിച്ചിരുന്ന തങ്കമണി ഗോപിനാഥ് ആദ്യകാലത്ത് കേരള നടനം പഠിച്ച ലളിത, പദ്മിനി, രാഗിണി, ഭവാനി ചെല്ലപ്പന്, മംഗള, ലക്ഷ്മി തുടങ്ങിയ മിക്ക നര്‍ത്തകികളുടേയും ഗുരു ആയിരുന്നു.
നാല്പതുകളിലും അന്‍പതുകളിലും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നൃത്ത സംഘങ്ങളിലൊന്നായിരുന്നു ഗോപിനാഥ്-തങ്കമണി സംഘം. ഇന്ത്യയിലും വിദേശത്തും ഈ സംഘം ഒട്ടേറെ നൃത്തപരിപാടികള്‍ അവതരിപ്പിച്ച് പ്രശസ്തിയും പുരസ്കാരങ്ങളും നേടി. അമ്പതുകളുടെ അവസാനത്തോടെ നൃത്തവേദികളില്‍ നിന്നു മാറിയ തങ്കമണി തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വിശ്വകലാകേന്ദ്രം ഭരണ സമിതി അംഗമായിരുന്നു. മക്കളില്‍ ഒരാളായ വാസന്തി ജയസ്വാള്‍ അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നര്‍ത്തകിയും നൃത്താധ്യാപികയുമാണ്.
1990 ഡി. 28-ന് തങ്കമണി ഗോപിനാഥ് അന്തരിച്ചു.