This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്വാറക്, അന്റോനിന്‍ (1841 - 1904)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്വാറക്, അന്റോനിന്‍ (1841 - 1904)

Dvorak,Antonin

അന്റോനിന്‍ ഡ്വാറക്
ബൊഹീമിയന്‍ സംഗീത രചയിതാവ്. 1841 സെപ്. 8-ന് ചെക്കോസ്ളോവാക്കിയയില്‍ പ്രാഗിനടുത്ത് ജനിച്ചു. ബാല്യകാലത്തുതന്നെ സംഗീതത്തില്‍ താത്പര്യം കാണിച്ച ഡ്വാറക്കിനെ പതിനാറാമത്തെ വയസ്സില്‍ പ്രാഗിലുള്ള ഒരു ഓര്‍ഗന്‍ സ്കൂളില്‍ ചേര്‍ത്തു. 1860 മുതല്‍ സംഗീത രചന ആരംഭിച്ചു. ഇക്കാലത്ത് നാഷണല്‍ തിയെറ്ററിന്റേയും മറ്റും ഓര്‍ക്കെസ്ട്രകളില്‍ വയോള വായിക്കുകയും ചെയ്തിരുന്നു. 1873-ല്‍ ഗിലെ സെയ്ന്റ് അഡല്‍ബെര്‍ട്ട്സ് ചര്‍ച്ചില്‍ ഓര്‍ഗനിസ്റ്റ് ആയി നിയമിക്കപ്പെട്ടു.

കോറസ്സിനും ഓര്‍ക്കെസ്ട്രയ്ക്കുമായി 1873-ല്‍ രചിച്ച ഹിമ്നഡ് ഡ്വാറക്കിനെ ശ്രദ്ധേയനാക്കി. പ്രശസ്തി വര്‍ധിച്ചതിനെത്തുടര്‍ന്ന് 1875-ല്‍ ഓസ്ട്രിയന്‍ ഭരണകൂടത്തിന്റെ ധനസഹായം ഡ്വാറക്കിനു ലഭിച്ചു. ഇക്കാലത്താണ് ബ്രാംമ്സ് ഡ്വാറക്കിന്റെ സംഗീത രചനയില്‍ പ്രത്യേക താത്പര്യം പ്രദര്‍ശിപ്പിച്ചത്. ദേശാന്തരീയ തലത്തില്‍ പ്രശസ്തി നേടാന്‍ ഡ്വാറക്കിന് ഈ ബന്ധം സഹായകമായി. ഇംഗ്ളണ്ടിലേക്ക് വിജയകരമായ പല പര്യടനങ്ങളും നടത്തിയ ഡ്വാറക് 1877-ല്‍ സ്വന്തം രചനയായ സ്റ്റാബത് മേറ്റര്‍ ലണ്ടനില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ജര്‍മനിയിലും റഷ്യയിലും പര്യടനം നടത്തി.

1892-ല്‍ ന്യൂയോര്‍ക്കിലെ നാഷണല്‍ കണ്‍സര്‍വേറ്ററി ഒഫ് മ്യൂസിക്കിന്റെ തലവനായി ഡ്വാറക് നിയമിക്കപ്പെട്ടു. ഇക്കാലത്താണ് ഏറ്റവും പ്രസിദ്ധമായ (ഒമ്പതാം സിംഫണിയായ) ഫ്രം ദ് ന്യൂ വേള്‍ഡ് രചിച്ചത്. 1895-ല്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയ ഡ്വാറക് സംഗീത രചനയും അധ്യാപനവും തുടര്‍ന്നു. 1901-ല്‍ പ്രാഗ് കണ്‍സര്‍വേറ്ററിയില്‍ ഡയറക്ടറായി നിയമിക്കപ്പെട്ടു.

ബിഥോവന്റേയും വാഗ്നറുടേയും മറ്റും സ്വാധീനം ഡ്വാറക്കിന്റെ ആദ്യകാല രചനകളില്‍ കാണാം. എങ്കിലും പില്ക്കാലത്ത് ദേശസ്നേഹിയായ ഡ്വാറക് നാടോടിസംഗീതത്തിനു പ്രാമുഖ്യം കല്പിച്ചു. ഭാവഗാനങ്ങള്‍ നാടോടി ശൈലിയില്‍ അവതരിപ്പിച്ചു.

സിംഫോണിക് വേരിയേഷന്‍സ് (1877), സ്ളാവോണിക് ഡാന്‍സസ് (1878), ഷെര്‍സോ കപ്രീഷിയോസൊ (1883) തുടങ്ങിയവ ഡ്വാറക്കിന്റെ മുഖ്യ രചനകളില്‍ ഉള്‍പ്പെടുന്നു. ഒന്‍പതു സിംഫണികളും ഇദ്ദേഹം രചിക്കുകയുണ്ടായി. മെറേവിയന്‍ ഡുവെറ്റ്സ് (1876), ജിപ്സിസോങ്സ് തുടങ്ങിയ ഗാനങ്ങളും അനേകം ഓപ്പറകളും ഇദ്ദേഹത്തിന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

ഓസ്ട്രിയന്‍ സാമ്രാജ്യത്തിന്റെ പിടിയിലമര്‍ന്നിരുന്ന ബൊഹീമിയക്കാരില്‍ ദേശസ്നേഹവും സ്വാതന്ത്യ വാഞ്ഛയും ഉളവാക്കുന്നതില്‍ ഡ്വാറക്കിന്റെ സംഗീതം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍