This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്യൂപ്ളെ, ജോസഫ് ഫ്രാന്‍സിസ് (1696 - 1763)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്യൂപ്ളെ, ജോസഫ് ഫ്രാന്‍സിസ് (1696 - 1763)

Dupleix,Joseph Francois

ഇന്ത്യയിലെ മുന്‍ ഫ്രഞ്ച് കോളനികളുടെ ഭരണാധികാരി. പോണ്ടി ച്ചേരിയിലെ ഫ്രഞ്ച് ഗവര്‍ണര്‍ ജനറലായിരുന്നു ഇദ്ദേഹം (1741-54). ഫ്രാന്‍സിസ് ഡ്യൂപ്ളെയുടെ മകനായി 1696 ഡി.-ല്‍ (1697 ജനു. 1 എന്നും രേഖപ്പെടുത്തിക്കാണുന്നു) ഫ്രാന്‍സിലെ ലാന്‍ഡ്രേസിയസ് (Landrecies) എന്ന സ്ഥലത്തു ജനിച്ചു. പിതാവിന്റെ നിര്‍ദേശാനുസരണം ഡ്യൂപ്ളെ 1715-ല്‍ ഇന്ത്യയിലേക്കും അമേരിക്കയിലേക്കും സമുദ്രസഞ്ചാരം നടത്തുകയുണ്ടായി. പിതാവിന്റെ സ്വാധീനഫലമായി ഇദ്ദേഹം 1721-ല്‍ പോണ്ടിച്ചേരിയിലെ ഉന്നത ഭരണസമിതിയില്‍ അംഗമായി നിയമിക്കപ്പെട്ടു. 1731-ല്‍ ഇദ്ദേഹം ബംഗാളില്‍ ചന്ദ്രനഗരത്തിലെ ഫ്രഞ്ചു വ്യവസായശാലയുടെ സൂപ്രണ്ടായി. ഈ സ്ഥാനത്ത് നന്നായി ശോഭിച്ച ഡ്യൂപ്ളെ കോളനികളുടെ ഭരണരംഗത്തിന്റെ ഔന്നത്യത്തിലേക്കുയര്‍ന്നു.

ഡ്യൂപ്ളെ 1742-ല്‍ ഇന്ത്യയിലെ ഫ്രഞ്ചു പ്രദേശങ്ങളുടെ ഗവര്‍ണര്‍ ജനറലായി നിയമിതനായി. ആസ്റ്റ്രിയന്‍ പിന്തുടര്‍ച്ചാവകാശത്തിനുവേണ്ടി ഇംഗ്ളണ്ടും ഫ്രാന്‍സും തമ്മില്‍ യുദ്ധം ചെയ്തുകൊണ്ടിരുന്ന കാലമായിരുന്നു ഇത്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ത്യയിലും പ്രകടമായി. മദ്രാസ് പിടിച്ചടക്കിക്കൊണ്ട് ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ ശക്തി തകര്‍ക്കുകയെന്ന ലക്ഷ്യവുമായി ഡ്യൂപ്ളെ മുന്നോട്ടു പോയി. മൗറീഷ്യസിലെ ഫ്രഞ്ച് അഡ്മിറലായിരുന്ന ലാ ബര്‍ദോനെയുടെ നേതൃത്വത്തിലുണ്ടായിരുന്ന കപ്പല്‍പ്പടയുടെ സഹായത്തോടെ മദ്രാസ് പിടിച്ചടക്കുവാന്‍ ഡ്യൂപ്ളെയ്ക്കു സാധിച്ചു. പക്ഷേ, പിന്നീട് ഇവര്‍ തമ്മിലുള്ള ഭിന്നതമൂലം കൂടുതല്‍ മുന്നേറാന്‍ കഴിഞ്ഞില്ല. നിശ്ചിത സംഖ്യ മോചനധനം വാങ്ങി മദ്രാസ് ബ്രിട്ടീഷുകാര്‍ക്കു തിരിച്ചുകൊടുക്കുവാനുള്ള പദ്ധതി ലാ ബര്‍ദോനെ ആവിഷ്ക്കരിച്ചു. ഈ നീക്കം പരാജയപ്പെടുത്തിയ ഡ്യൂപ്ളെ മദ്രാസ് പിടിച്ചടക്കുകയെന്ന ലക്ഷ്യം 1746-ല്‍ പൂര്‍ത്തീകരിച്ചു. യൂറോപ്പിലെ ആംഗ്ളോ-ഫ്രഞ്ച് യുദ്ധം 1748-ല്‍ അവസാനിച്ചതിനെത്തുടര്‍ന്ന് മദ്രാസ് ഇംഗ്ളീഷുകാര്‍ക്കു ലഭിച്ചു. ഡ്യൂപ്ളെയുടെ പരിശ്രമങ്ങള്‍ക്ക് ഒരു തിരിച്ചടിയായിരുന്നു ഇത്.

ദക്ഷിണേന്ത്യന്‍ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് ഇവിടെ ഫ്രാന്‍സിന്റെ മേധാവിത്വം സ്ഥാപിക്കുകയെന്ന നിലപാടാണ് ഡ്യൂപ്ളെ പിന്നീടു സ്വീകരിച്ചത്. പ്രാദേശിക ഭരണാധികാരികളുമായി ചേര്‍ന്ന് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ തകര്‍ക്കുകയെന്നതും ഡ്യൂപ്ളെയുടെ ലക്ഷ്യമായിരുന്നു. ഹൈദരാബാദിലെ നിസാം 1748-ല്‍ നിര്യാതനായതോടെയുണ്ടായ പിന്തുടര്‍ച്ചാവകാശ മത്സരത്തിലും കര്‍ണാട്ടിക്കിലെ ഭരണം കരസ്ഥമാക്കുവാന്‍ വേണ്ടി ചന്ദാസാഹിബ് നടത്തിയ മത്സരത്തിലും ഡ്യൂപ്ളെ ഇടപെട്ടു. ഡ്യൂപ്ളെയുടെ പിന്തുണയോടെ മുസഫര്‍ ജംഗ് ഹൈദരാബാദിലെ ഭരണാധികാരിയായി (1750). കൃതജ്ഞതാധിക്യംകൊണ്ട് ഇദ്ദേഹം ഡ്യൂപ്ളെയെ കൃഷ്ണാ നദി മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളിലെ ഗവര്‍ണറായി വാഴിച്ചു.

കര്‍ണാട്ടിക്കിലെ പിന്തുടര്‍ച്ചാ തര്‍ക്കത്തിലും ഡ്യൂപ്ളെ ഇടപെടുകയുണ്ടായി. കര്‍ണാട്ടിക്കിന്റെ ഭരണാധികാരത്തിനുവേണ്ടിയുള്ള ചന്ദാസാഹിബിന്റെ അവകാശവാദത്തെ പിന്തുണച്ച് അദ്ദേഹത്തെ ഭരണാധിപനായി അവരോധിക്കുവാന്‍ ഡ്യൂപ്ളെയ്ക്കു കഴി ഞ്ഞു. എന്നാല്‍ ബ്രിട്ടീഷുകാരുടെ ഇടപെടലോടെ സ്ഥിതിഗതികളില്‍ പെട്ടെന്നു മാറ്റമുണ്ടായി. റോബര്‍ട്ട് ക്ളൈവ് ഇന്ത്യയില്‍ ബ്രിട്ടിഷ് സേനയുടെ നേതൃത്വത്തിലെത്തിയതോടെ കര്‍ണാട്ടിക്കില്‍ ചന്ദാസാഹിബിനെതിരായി മുഹമ്മദ് അലിയെ പിന്തുണച്ചുകൊണ്ട് ബ്രിട്ടീഷുകാരും രംഗത്തെത്തി. അങ്ങനെ ഇന്ത്യന്‍ രാജാക്കന്മാരെ മുന്‍നിറുത്തി ഫ്രഞ്ച്-ഇംഗ്ളീഷ് കമ്പനികള്‍ യുദ്ധമാരംഭിച്ചു. ഇംഗ്ളീഷുകാര്‍ ആര്‍ക്കാട് കോട്ട പിടിച്ചെടുത്തു. തൃശ്ശിനാപ്പള്ളിക്കു വേണ്ടി ഡ്യൂപ്ളെ 1752-ല്‍ തുടങ്ങിവച്ച ഉപരോധം 1754-ന്റെ ആദ്യ പകുതി വരെ തുടര്‍ന്നുപോന്നു. അങ്ങനെ ഏതാണ്ട് മൂന്നു വര്‍ഷക്കാലം കര്‍ണാട്ടിക്കില്‍ ഫ്രഞ്ച്-ഇംഗ്ളീഷ് സൈന്യങ്ങള്‍ നിരന്തരം പോരാടി. എന്നാല്‍ ഡ്യൂപ്ളെയുടെ നയങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശ്വാസക്കുറവും അതുണ്ടാക്കിവച്ച വമ്പിച്ച സാമ്പത്തിക ബാദ്ധ്യതയും ഡ്യൂപ്ളെയെ ഫ്രാന്‍സിലേക്കു തിരിച്ചു വിളിക്കാനിടയാക്കി. ഫ്രാന്‍സില്‍ മടങ്ങിയെത്തിയ ഡ്യൂപ്ളെയുടെ ശിഷ്ടജീവിതം സുഖകരമായിരുന്നില്ല. ദരിദ്രമായ ചുറ്റുപാടില്‍ കഴിയേണ്ടിവന്ന ഇദ്ദേഹം 1763 ന. 10-ന് പാരിസില്‍ നിര്യാതനായി.

(സി. മീര, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍