This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൊമിനിക്, വിശുദ്ധ (സു.1171 - 1221)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൊമിനിക്, വിശുദ്ധ (സു.1171 - 1221)

Dominic,Saint സ്പാനിഷ് വൈദികന്‍. ഡൊമിനിക്കന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ക്രിസ്തീയ സന്ന്യാസസംഘത്തിന്റെ സ്ഥാപകന്‍. 1171-ല്‍ (വര്‍ഷത്തെക്കുറിച്ച് തര്‍ക്കം നിലനില്ക്കുന്നു) സ്പെയിനിലെ കലെറ്യൂഗയില്‍ ഡോണ്‍ ഫെലിക്സ് ഒഫ് ഗുസ്മന്റേയും ജുവാനാ ഒഫ് അസയുടേയും പുത്രനായി ജനിച്ചു. പലെന്‍ഷ്യ സര്‍വകലാശാലയില്‍ ദൈവശാസ്ത്രത്തിലും ലളിതകലകളിലും പരിശീലനം നേടി. 1194-ല്‍ ഇദ്ദേഹത്തിന് വൈദികപ്പട്ടം ലഭിച്ചു.

1203-ലും 1204-ലും ഡൊമിനിക് ബിഷപ്പായ ഡോണ്‍ ഡീ ഗോഡി അസവെദൊയോടൊപ്പം ഡെന്‍മാര്‍ക്ക് യാത്ര നടത്തി. കസ്റ്റൈലിലെ ഫെര്‍ഡിനന്‍ഡ് VIII-നു വേണ്ടിയുള്ള നയതന്ത്ര പര്യടനങ്ങളായിരുന്നു അവ. ഒരിക്കല്‍ ഫ്രാന്‍സ് സന്ദര്‍ശിച്ച വേളയില്‍ ഡൊമിനിക്കിന് ലാംഗ്വഡോക് പ്രവിശ്യയിലൂടെ കടന്നുപോകേണ്ടിവന്നു. ഇക്കാലത്ത് 'അല്‍ബിഗെന്‍സുകള്‍' (Albigenses) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നാസ്തികവാദികളായ ഒരു സംഘത്തിന്റെ ഇടപെടലുകള്‍ മൂലം ലാംഗ്വഡോക്കിലെ ക്രിസ്തുമതവിശ്വാസികള്‍ വളരെയധികം കഷ്ടതകള്‍ അനുഭവിച്ചുവന്നിരുന്നു. നാസ്തികരെ ക്രിസ്തുമതാനുഭാവികളാക്കി മാറ്റുന്നതിനുവേണ്ടി മത പ്രഭാഷണങ്ങളും ധര്‍മോപദേശങ്ങളും നല്കുന്ന ഒരു സഭ രൂപീകരിക്കണമെന്ന ആശയം ഡൊമിനിക്കിന് ലഭിച്ചത് ഇവിടെവച്ചാണ്.

ഫ്രാ എന്‍ജലികോ രചിച്ച വിശുദ്ധ ഡൊമിനിക്കിന്റെ ഫ്രസ്കൊ പെയിന്റിങ്

ഫ്രാന്‍സ് പര്യടനത്തിനുശേഷം ഡൊമിനിക്കും ബിഷപ്പും റോമിലെത്തിയെങ്കിലും പോപ് ഇന്നസെന്റ് III അല്‍ബിഗെന്‍സുകളെ നേരിടുന്നതില്‍, സിസ്റ്റേര്‍ഷ്യന്‍ സന്ന്യാസിമാരെ സഹായിക്കുവാനായി അവരെ ലാംഗ്വഡോക്കിലേക്ക് മടക്കി അയച്ചു. ഇവിടെയും അവര്‍ സന്ന്യാസജീവിതമാണ് നയിച്ചത്. രണ്ടു പേര്‍ വീതം ഓരോ പ്രദേശത്തിലേക്ക് കാല്‍നടയായി ചെല്ലുകയും മത പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. അവര്‍ പണം ഉപയോഗിച്ചിരുന്നില്ല. ആഹാരം ഭിക്ഷയായി സ്വീകരിച്ചു പോന്നു. ഈ കാലഘട്ടത്തില്‍ ഡൊമിനിക്കിന് കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായി എന്നാണ് ഐതിഹ്യം. കൊന്തയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുവാന്‍ ഡൊമിനിക്കിന് പ്രചോദനം ലഭിച്ചത് ഈ ദിവ്യദര്‍ശനത്തില്‍ നിന്നാണ് എന്ന വിശ്വാസവും നിലവിലുണ്ട്. മൗനപ്രാര്‍ഥനയിലും ഡൊമിനിക് കൊന്ത ഉപയോഗിച്ചിരുന്നു. 1207-ല്‍ ബിഷപ്പ് അന്തരിച്ചതിനുശേഷവും ഡൊമിനിക് തന്റെ പ്രവര്‍ത്തനം തുടര്‍ന്നു.

1215-ഓടു കൂടി ഡൊമിനിക് ഒരു ചെറിയ സന്ന്യാസി സംഘം രൂപീകരിച്ചു. സ്ത്രീകള്‍ക്കായി പ്രൗലില്‍ ഒരു മഠവും ഇദ്ദേഹം സ്ഥാപിച്ചു. പട്ടണപ്രദേശങ്ങളിലും വിദ്യാസമ്പന്നരുടെ ഇടയിലും മതപ്രഭാഷണം നടത്താന്‍ പ്രാപ്തരായിരിക്കണം തന്റെ സംഘാംഗങ്ങള്‍ എന്ന് ഡൊമിനിക്കിന് നിര്‍ബന്ധമുണ്ടായിരുന്നു. ധര്‍മോപദേശം നല്‍കുക, സര്‍വകലാശാലകളില്‍ ചേര്‍ന്ന് അധ്യയനം നടത്തുക എന്നിവയെല്ലാം സന്ന്യാസിമാരുടെ ദിനചര്യകളില്‍പ്പെട്ടിരുന്നു. 1216-ല്‍ പോപ് ഹൊണൊറിയസ് III ഈ സഭയ്ക്ക് അംഗീകാരം നല്കി. സഭയ്ക്ക് അംഗീകാരം ലഭിച്ചതിനുശേഷം ഡൊമിനിക് ലോകമെമ്പാടും സന്ന്യാസമഠങ്ങള്‍ സ്ഥാപിക്കുവാന്‍ സന്ന്യാസിമാരെ അയച്ചു. സ്പെയിന്‍, പാരിസ്, ഇംഗ്ളണ്ട്, കിഴക്കന്‍ യൂറോപ്പ്, ഗ്രീസ്, പലസ്തീന്‍ മുതലായ പ്രദേശങ്ങളിലെല്ലാം ഡൊമിനിക്കന്‍ സന്ന്യാസിമാര്‍ എത്തിച്ചേരുകയും തങ്ങളുടെ സഭാതത്ത്വങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഡൊമിനിക്കന്‍ സന്ന്യാസിമാര്‍ സാമാന്യ സാമൂഹിക ജീവി തത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല. സാമൂഹിക മേഖലയാണ് അവ രുടെ മുഖ്യ പ്രവര്‍ത്തനരംഗം. അവര്‍ ധര്‍മോപദേശവും അധ്യാ പനവും ഒരുമിച്ച് നടത്തിയിരുന്നു.

ഇറ്റലിയിലെ ബൊളൊണയിലാണ് ഡൊമിനിക് തന്റെ പ്രധാന മഠം സ്ഥാപിച്ചത്. 1221 ആഗസ്റ്റ് 6-ന് ബൊളൊണയില്‍ ഇദ്ദേഹം അന്തരിച്ചു. 1234-ല്‍ ഇദ്ദേഹത്തെ പോപ് ഗ്രിഗറി IX വിശുദ്ധനായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ തിരുനാള്‍ ആഗസ്റ്റ് എട്ടിന് ആചരിച്ചുവരുന്നു. ക്രൈസ്തവരുടേയും ക്രൈസ്തവേതരരുടേയും മോക്ഷത്തിനായി പ്രവര്‍ത്തിച്ച വിശുദ്ധ ഡൊമിനിക്കിന് ലോകമെമ്പാടും അനുയായികളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍