This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈറോഫൈലേറിയാസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:45, 12 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡൈറോഫൈലേറിയാസിസ്

Dirofilariasis

പ്രധാനമായും നായകളെ ബാധിക്കുന്ന ഒരു രോഗം. ഡൈറോ ഫൈലേറിയ ഇമ്മൈറ്റിസ് (Dirofilaria immitis) വിരകളാണ് രോഗ ഹേതു. അപൂര്‍വമായി പൂച്ചകളേയും ഈ രോഗം ബാധിക്കാറുണ്ട്. പെണ്‍വിരകള്‍ ഏകദേശം 27 സെ.മീറ്ററും ആണ്‍വിരകള്‍ 17 സെ. മീറ്ററും നീളമുള്ളവയായിരിക്കും. പൂര്‍ണവളര്‍ച്ചയെത്തിയ വിരകള്‍ പ്രധാനമായും ജന്തുക്കളുടെ ഹൃദയത്തിന്റെ വലത്തേ അറയിലും (right atrium-right ventricle) ശ്വാസകോശത്തിലേക്കുള്ള രക്തധമനിയിലുമാണ് കാണപ്പെടുന്നത്. ഇവിടെനിന്ന് രക്തപരിസഞ്ചരണം വഴി മൈക്രോഫൈലേറിയകള്‍ (microfilariae) രക്തത്തിലൂടെ ഒഴുകുന്നു. കൊതുകുകള്‍ ഈ രക്തം കുടിക്കുമ്പോള്‍ മൈക്രോഫൈലേറിയകള്‍ കൊതുകുകളിലേക്കു പ്രവേശിക്കുന്നു. ഇവ കൊതുകുകളുടെ ശരീരത്തില്‍വച്ച് രോഗം ഉണ്ടാക്കാന്‍ ശേഷിയുള്ള ലാര്‍വകളായി പരിണമിക്കുന്നു. കൊതുകുകള്‍ വീണ്ടും രക്തം കുടിക്കുമ്പോള്‍ ഈ ലാര്‍വ നായകളുടെ തൊലിയ്ക്കടിയില്‍ നിക്ഷേപിക്കപ്പെടുന്നു. തൊലിയ്ക്കടിയില്‍ വച്ച് ഇവ വളരുകയും 2-4 മാസം കൊണ്ട് ഇവ ജന്തുവിന്റെ ഹൃദയത്തിന്റെ വലത്തേ അറകളിലെത്തിച്ചേരുകയും ചെയ്യുന്നു. അടുത്ത 2-3 മാസം കൊണ്ട് ഇവ പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നു. അതായത് രോഗം പരത്താന്‍ ശേഷിയുള്ള കൊതുകിന്റെ കടിയേറ്റ് ഏകദേശം 6-7 മാസം കഴിയുമ്പോള്‍ മാത്രമേ നായയുടെ രക്തത്തില്‍ മൈക്രോഫൈലേറിയകളെ കാണാന്‍ സാധിക്കുകയുള്ളൂ.

രോഗംബാധിച്ച നായകളുടെ ശരീരം മെലിയുകയും വ്യായാമം ചെയ്യുമ്പോള്‍ പെട്ടെന്ന് തളര്‍ന്നു പോവുകയും ചെയ്യുന്നു. പനിയും ചുമയും ശ്വാസംമുട്ടലും ഉദരവീക്കവുമാണ് നായകളില്‍ കാണുന്ന പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങളില്‍ നിന്നുതന്നെ രോഗനിര്‍ണയം നടത്താനാകുമെങ്കിലും രക്ത പരിശോധനയില്‍ മൈക്രോഫൈലേറിയകളെ തിരിച്ചറിഞ്ഞു ചികിത്സിക്കുന്നതാണ് ഏറെ ഫലപ്രദം.

പൂര്‍ണവളര്‍ച്ചയെത്തിയ വിരകളെ നശിപ്പിക്കുന്നതിനോടൊപ്പം തന്നെ രക്തത്തില്‍ കാണപ്പെടുന്ന മൈക്രോഫൈലേറിയകളെയും നശിപ്പിക്കേണ്ടതുണ്ട്. തൈയാസെറ്റാര്‍സ്മൈഡ് (Thiacetarsmide) എന്ന ഔഷധമാണ് വിരകളെ നശിപ്പിക്കാനായി സാധാരണ ഉപയോഗപ്പെടുത്തുന്നത്. ഈ ഔഷധം നല്‍കിയശേഷം 4-6 ആഴ്ച ക്കാലത്തേക്ക് അധികം വ്യായാമം ചെയ്യാന്‍ ജന്തുവിനെ അനുവദിക്കരുത്. മൈക്രോഫൈലേറിയയ്ക്കെതിരേ ഡൈതൈയാസനിന്‍ അയഡൈഡ് (Dithiazanine iodide) എന്ന ഔഷധമാണ് സാധാരണ ഉപയോഗിച്ചു വരുന്നത്. ഐവര്‍മെക്ടിന്‍ (Ivermectin), മില്‍ബെമൈസിന്‍ (Milbemycin), ലെവാമിസോള്‍ (Levamisole) എന്നിവയും ഔഷധമായി നല്കാറുണ്ട്.

രോഗസാധ്യതയുള്ള പ്രദേശങ്ങളില്‍ നായകള്‍ക്ക് രോഗം ബാധിക്കാതിരിക്കാനായി പ്രതിരോധ ഔഷധങ്ങള്‍ നല്‍കേണ്ടതാണ്. ഡൈഈതൈല്‍ കാര്‍ബമൈസിന്‍ (Diethyle carbamizine), ഐവര്‍മെക്ടിന്‍ (Ivermectin), മില്‍ബെമൈസിന്‍ (Milbemycin) എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന പ്രതിരോധ ഔഷധങ്ങള്‍. രക്തത്തില്‍ മൈക്രോഫൈലേറിയകള്‍ കാണപ്പെടുന്നില്ല എന്ന് രക്തപരിശോധന നടത്തി ഉറപ്പാക്കിയ ശേഷമേ പ്രതിരോധ ഔഷധങ്ങള്‍ നല്കാവൂ.

(ഡോ. കെ. രാധാകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍