This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈപ്രോട്ടോഡോണ്‍ഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡൈപ്രോട്ടോഡോണ്‍ഷ്യ

Diprotodontia

അസ്തമിത സഞ്ചിമൃഗങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗം. ഇവയെല്ലാം കംഗാരുവിനോടു സാദൃശ്യമുള്ള വളരെ വലുപ്പം കൂടിയ ജന്തുക്കളായിരുന്നു. വോംബാറ്റ് (Phascolomys Wombat), ഡൈപ്രോട്ടോഡോണ്‍ (Diprotodon australis), നോട്ടോത്തീരിയം (Nototherium) എന്നീ ജീനസുകള്‍ ഇതില്‍പ്പെടുന്നു. ആസ്റ്റ്രേലിയയിലും ന്യുഗിനിയയിലും ഇവ ഉണ്ടായിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. പ്ളീസ്റ്റോസീന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇത്തരം ജന്തുക്കളുടെ ജീവാശ്മങ്ങള്‍ ആസ്റ്റ്രേലിയയിലെ കല്ലബോണ (Callabonna) തടാകത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. 1830-ലാണ് ഇത്തരം ജീവികളുടെ ആദ്യ ജീവാശ്മം ലഭിച്ചത്. ഇത് താടിയെല്ലും ദന്തവും ഉള്‍പ്പെട്ടതായിരുന്നു.

ഡൈപ്രോട്ടോഡോണുകളുടെ തലയോട്ടി വലുപ്പം കൂടിയതും ഒരു മീ. വരെ നീളമുള്ളതുമായിരുന്നു. മുന്‍താടിയില്‍ രണ്ടു പല്ലു കള്‍ കാണപ്പെട്ടിരുന്നതിനാലാണ് (di=two;protodon=front teeth) ഡൈപ്രോട്ടോഡോണ്‍ എന്ന പേരു ലഭിച്ചത്.

ഡൈപ്രോട്ടോഡോണുകള്‍ കാണ്ടാമൃഗത്തിനോളം വലുപ്പ മുള്ളവയായിരുന്നു. കംഗാരു രണ്ടു കാലുകളുപയോഗിച്ച് ചാടിച്ചാടിയാണ് സഞ്ചരിക്കുക; ഡൈപ്രോട്ടോഡോണുകള്‍ നാലുകാലുകളും ഉപയോഗപ്പെടുത്തിയായിരുന്നു സഞ്ചരിച്ചിരുന്നത്. കംഗാരുവിനെപ്പോലെ ഡൈപ്രോട്ടോഡോണുകളും സസ്യാഹാരികളായിരുന്നു.

ഡൈപ്രോട്ടോഡോണുകളുടെ ജീവാശ്മങ്ങളോടൊപ്പം നോട്ടോത്തീരിയത്തിന്റെ അസ്ഥികളും ഉണ്ടായിരുന്നു. നോട്ടോത്തീരിയവും വളരെ വലുപ്പം കൂടിയ സഞ്ചിമൃഗമായിരുന്നു.

ആസ്റ്റ്രേലിയന്‍ സഞ്ചിമൃഗമായ വോംബാറ്റിന് (Wombat) മേല്‍ത്താടിയില്‍ ഒരു ഉളിപ്പല്ലു മാത്രമേ കാണുന്നുള്ളു. ഡൈപ്രോട്ടോഡോണുകളിലാകട്ടെ മേല്‍ത്താടിയില്‍ മൂന്ന് ഉളിപ്പല്ലുകള്‍ ഉണ്ടായിരുന്നതായി മനസ്സിലാക്കാം. കീഴ്ത്താടിയില്‍ ദൃഢതയുള്ള ഒരു ജോടി ഉളിപ്പല്ലുകളും അപൂര്‍വമായി അപുഷ്ടാവസ്ഥയിലുള്ള ഒന്നോ രണ്ടോ ഉളിപ്പല്ലുകളും ഇതോടൊപ്പം ദൃശ്യമായിരുന്നു. മേല്‍ത്താടിയില്‍ കോമ്പല്ലുകളുണ്ടായിരുന്നെങ്കില്‍ അതത്ര വലുപ്പം കൂടിയവയായിരുന്നിരിക്കില്ല എന്നു കരുതപ്പെടുന്നു. അണപ്പല്ലുകളുണ്ടായിരുന്നെങ്കില്‍ അവ ചെറുമുഴകള്‍ പോലെയോ വരമ്പുവച്ചതുപോലെയോ ആയിരുന്നിരിക്കാം. വോംബാറ്റുകളിലൊഴികെ എല്ലാ സഞ്ചിമൃഗങ്ങളിലും, പ്രത്യേകിച്ച് മാക്രോപോഡുകളില്‍, അണപ്പല്ലുകളുടെ ഡെന്റൈന്‍ നാളി ഇനാമലിലേക്കു വ്യാപിക്കുന്ന അവസ്ഥയാണു പ്രകടമാകുന്നത്. ജെര്‍ബോവകളിലും തുരപ്പന്‍ പ്രാണികളിലും ഡെന്റൈന്‍ നാളി ഇനാമലിലേക്കു വ്യാപിക്കുന്ന അവസ്ഥയാണുള്ളത്. ഡൈപ്രോട്ടോഡോണുകളുടെ കാലുകളില്‍ രണ്ടു വിരലുകള്‍ ഒട്ടിച്ചേര്‍ന്നിരിക്കും (syndac-tylous toes). തെ. അമേരിക്കയില്‍ ജീവിച്ചിരുന്നതായി കരുതുന്ന കെനോലെസ്ടെസ് (Caenolestes) ജീനസ് ഡൈപ്രോട്ടോഡോണ്‍ഷ്യന്‍ ഇനത്തില്‍പ്പെട്ടതായിരുന്നു എന്നു വ്യക്തമായിട്ടുണ്ട്. ആസ്റ്റ്രേലിയയിലും തെക്കേ അമേരിക്കയിലും ഇത്തരം ജന്തുക്കളുണ്ടായിരുന്നതായി രേഖകളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍