This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൂറന്റ്, വില്‍ (1885 - 1981)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:26, 1 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡൂറന്റ്, വില്‍ (1885 - 1981)

Durant,Will

അമേരിക്കന്‍ ചരിത്രകാരന്‍. ചരിത്രം, തത്ത്വശാസ്ത്രം എന്നീ മേഖലകളില്‍ ഇദ്ദേഹം രചിച്ച കൃതികള്‍ നിരവധി വായനക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്. ജോസഫ് ഡൂറന്റിന്റേയും മേരി അല്ലോര്‍സിന്റേയും മകനായി ഇദ്ദേഹം 1885 ന. 5-ന് മസാച്ചുസെറ്റ്സിലെ നോര്‍ത്ത് ആഡംസില്‍ ജനിച്ചു. വില്യം ജെയിംസ് ഡൂറന്റ് എന്നാണ് പൂര്‍ണ നാമധേയം. ജഴ്സി സിറ്റിയില്‍ സെയ്ന്റ് പീറ്റേഴ്സ് കോളജിലെ വിദ്യാഭ്യാസാനന്തരം (1907) സെറ്റന്‍ഹാള്‍ കോളജില്‍ അധ്യാപകനായി ജോലിനോക്കി. 1913-ല്‍ ഇഡാ കാഫ്മാനെ വിവാഹം കഴിച്ചു. ഇവര്‍ പിന്നീട് ഏരിയല്‍ (Aril) എന്ന പേരില്‍ അറിയപ്പെട്ടു. ഡൂറന്റിന്റെ പില്ക്കാല ഗ്രന്ഥരചനകളില്‍ ഇവരും പങ്കാളിയായിരുന്നു. കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ഇദ്ദേഹം 1917-ല്‍ ഡോക്ടര്‍ ബിരുദം സമ്പാദിച്ചു. തന്റെ ഗവേഷണപ്രബന്ധത്തെ ഫിലോസഫി ആന്‍ഡ് ദ് സോഷ്യല്‍ പ്രോബ്ളംസ് എന്ന പേരില്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. കൊളംബിയ സര്‍വകലാശാലയുള്‍പ്പടെ പല വിദ്യാഭ്യാസകേന്ദ്രങ്ങളിലും ഇദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിക്കുകയുണ്ടായി. 1926-ല്‍ പ്രസിദ്ധീകരിച്ച ദ് സ്റ്റോറി ഒഫ് ഫിലോസഫി എന്ന ഇദ്ദേഹത്തിന്റെ ഗ്രന്ഥത്തിന്റെ ഒട്ടനവധി കോപ്പി വിറ്റഴിഞ്ഞിട്ടുണ്ട്. പല ഭാഷകളിലേക്കും ഇതു വിവര്‍ത്തനം ചെയ്യപ്പെടുകയുമുണ്ടായി. ദ് സ്റ്റോറി ഒഫ് സിവിലിസേഷന്‍ (1935-'75) എന്ന പതിനൊന്നു വാല്യങ്ങളുള്ള ചരിത്രഗ്രന്ഥ പരമ്പരയാണ് ഇദ്ദേഹത്തിന്റെ മുഖ്യസംഭാവന. ഔവര്‍ ഓറിയന്റല്‍ ഹെറിറ്റേജ് (1935), ദ് ലൈഫ് ഒഫ് ഗ്രീസ് (1939), സീസര്‍ ആന്‍ഡ് ക്രൈസ്റ്റ് (1944), ദി ഏജ് ഒഫ് ഫെയ്ത്ത് (1950), ദ് റിനൈസന്‍സ് (1953), ദ റഫര്‍മേഷന്‍ (1957), ദി ഏജ് ഒഫ് റീസണ്‍ ബിഗിന്‍സ് (1961), ദി ഏജ് ഒഫ് ലൂയി തകഢ (1963), ദി ഏജ് ഒഫ് വോള്‍ട്ടയര്‍ (1965), റൂസ്സോ ആന്‍ഡ് റവല്യൂഷന്‍ (1967), ദി ഏജ് ഒഫ് നെപ്പോളിയന്‍ (1975) എന്നിവയാണ് ഈ പരമ്പരയിലെ ഗ്രന്ഥങ്ങള്‍. റൂസ്സോ ആന്‍ഡ് റവല്യൂഷന്‍ എന്ന ഗ്രന്ഥത്തിന് 1968-ല്‍ പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. ഈ പരമ്പരയിലെ അവസാനത്തെ അഞ്ചു ഗ്രന്ഥങ്ങളുടെ രചനയില്‍ ഇദ്ദേഹത്തിന്റെ പത്നിയും ഭാഗഭാക്കായിട്ടുണ്ട്. ലെസ്സണ്‍സ് ഒഫ് ഹിസ്റ്ററി (1968), ഇന്റര്‍പ്രറ്റേഷന്‍സ് ഒഫ് ലൈഫ് (1970) എന്നിവയും 1977-ല്‍ പ്രസിദ്ധീകരിച്ച എ ഡ്യുവല്‍ ഓട്ടോബയോഗ്രഫിയും ഇവര്‍ ഒത്തുചേര്‍ന്നു രചിച്ചവയാണ്. 1981 ന. 7-ന് വില്‍ ഡൂറന്റ് ലോസ് ആഞ്ചലസില്‍ നിര്യാതനായി. അതിനു രാണ്ടാഴ്ചമുമ്പ് (1981 ഒ. 25) ഏരിയലും മരണമടഞ്ഞിരുന്നു.

(ഡോ. ബി. സുഗീത, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍