This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീയിസ്ഡെഡിറ്റ്, വിശുദ്ധ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീയിസ്ഡെഡിറ്റ്, വിശുദ്ധ

Deusdedit,Saint

615 മുതല്‍ 618 വരെ പോപ്പായിരുന്ന വിശുദ്ധന്‍. റോമാക്കാരനായ ഇദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ചുള്ള രേഖകള്‍ ലഭ്യമല്ല. ഉപഡീക്കന്‍ ആയിരുന്ന സ്റ്റീഫന്‍ ആയിരുന്നു പിതാവ്. പോപ്പായിരുന്ന കാലഘട്ടത്തില്‍ ഇറ്റലിയിലെ കലാപങ്ങള്‍ ഒതുക്കുന്നതിന് ഇദ്ദേഹം നിരന്തരയത്നം നടത്തി. 616-ല്‍ റവന്നയിലെ ജോണ്‍ മെത്രാപ്പൊലീത്ത വധിക്കപ്പെട്ടപ്പോള്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഹാരാ ക്ലൂയൂസ് (Hera clius) ചക്രവര്‍ത്തി, എലുത്തിരിയൂസിനെ (Eleutherius) തന്റെ പ്രതിനിധിയായി അയയ്ക്കുകയുണ്ടായി. ഈ ദൗത്യം നിറവേറ്റുന്നതില്‍ പോപ്പ് ഡീയിസ്ഡെഡിറ്റ് അദ്ദേഹത്തിനു വളരെ ഏറെ സഹായങ്ങള്‍ ചെയ്തിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും നേപ്പിള്‍സ് പിടിച്ചെടുത്തു സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച കംപ്സായിലെ (Compsa) ജോണിനെതിരെ എലുത്തിരിയൂസ് നടത്തിയ പ്രവര്‍ത്തനങ്ങളേയും ഡീയിസ്ഡെഡിറ്റ് പിന്‍തുണച്ചിരുന്നു.

മാര്‍പ്പാപ്പയുടെ ഓഫീസിലെ ഔദ്യോഗിക ചുമതലകള്‍ സന്ന്യാസികള്‍ക്കു മാത്രം നല്‍കിയിരുന്ന പതിവ് മാറ്റി സാധാരണ വൈദികര്‍ക്കു കൂടി നല്‍കിത്തുടങ്ങിയത് ഇദ്ദേഹമാണ്. 618-ല്‍ ഡീയിസ്ഡെഡിറ്റ് കാലം ചെയ്തു. ന. 8-ന് ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആഘോഷിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍