This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡി മില്ലെ, ആഗ്നസ് ജോര്‍ജ് (1905 - 93)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡി മില്ലെ, ആഗ്നസ് ജോര്‍ജ് (1905 - 93)
De Mille,Agnes George
അമേരിക്കന്‍ നൃത്തസംവിധായിക. 1905-ല്‍ ന്യൂയോര്‍ക്കിലെ ഒരു തിയെറ്റര്‍ കുടുംബത്തില്‍ ജനിച്ചു. പിതാവ് നാടകകൃത്തും തിരക്കഥാകൃത്തും ആയിരുന്നു. 1928-ല്‍ ഡി മില്ലെ തന്റെ ആദ്യത്തെ പ്രദര്‍ശനം ന്യൂയോര്‍ക്കില്‍ നടത്തി. 1930-ല്‍ ലണ്ടനില്‍ വച്ച് മേരി റാംബര്ട്ടും ആന്റണി ട്യൂസറുമായി ചേര്‍ന്നു നടത്തിയ പ്രദര്‍ശനം ഇവരെ ശ്രദ്ധേയയാക്കി. 1940-ല്‍ ഡി മില്ലെ നൃത്ത സംവിധാനം നിര്‍വഹിച്ച പ്രഥമ ബാലെയായ ബ്ലാക് റിച്വല്‍ അവതരിപ്പിക്കപ്പെട്ടു. അമേരിക്കന്‍ ബാലെ തിയെറ്റര്‍ ആയിരുന്നു ഇത് അവതരിപ്പിച്ചത്. അവര്‍ക്കു വേണ്ടിത്തന്നെ 1948-ല്‍ അവതരിപ്പിച്ച ഫാള്‍ റിവര്‍ ലെജന്‍ഡ് ആണ് ഡി മില്ലെയുടെ ഏറ്റവും പ്രശസ്ത ബാലെ. എങ്കിലും റൂസ്സെ ഡി മോന്റി കാര്‍ലോ ബാലെ സംഘത്തിനു വേണ്ടി ഇവര്‍ ചിട്ടപ്പെടുത്തിയ റോഡിയോ (1942) ആണ് ഇവരെ ലോകപ്രശസ്തയാക്കിയത്. മരണത്തെ മുഖാമുഖം കാണുന്ന ഒരു സ്ത്രിയുടെ കഥ പറയുന്ന ദ് അദര്‍ (1992) ആണ് ഇവരുടെ ഏറ്റവുമൊടുവിലത്തെ ബാലെ.
ബാലെകള്ക്കു പുറമേ നിരവധി സംഗീത ശില്പങ്ങള്ക്കും ഇവര്‍ നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്. ഒക്ലഹോമ (1943), കരനസല് (1945), ബ്രിഗാസൂണ് (1947) എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.
ഡി മില്ലെയുടെ നൃത്തസംബന്ധിയായ രചനകളും ആത്മകഥാപരമായ കുറിപ്പുകളും സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞവയാണ്. ഡാന്‍സ് ടു ദ് പൈപ്പര്‍ (1952), റിപ്രീവ് (1981), ലിസ്സി ബോര്‍ഡെന്‍ : എ ഡാന്‍സ് ഒഫ് ഡെത്ത് (1968), അമേരിക്ക ഡാന്‍സെസ് (1981) മാര്‍ത്ത : ലൈഫ് ആന്‍ഡ് വര്‍ക്ക് ഒഫ് മാര്‍ത്ത ഗ്രഹാം (1991) എന്നിവ ഇതിനുദാഹരണമാണ്. നൃത്തരംഗത്തു നിന്നും തിയെറ്റര്‍ രംഗത്തു നിന്നും നിരവധി അവാര്‍ഡുകള്‍ ഇവരെ തേടിയെത്തി. 15-ഓളം പുരസ്കാരപരമായ ബിരുദങ്ങളും ഡി മെല്ലെയ്ക്കു ലഭിച്ചിട്ടുണ്ട്. 1993 ഒ. 7-ന് അന്തരിച്ചു.