This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡി ഫാക്റ്റോ, ഡി ജൂറെ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡി ഫാക്റ്റോ, ഡി ജൂറെ
De facto,De jure
അധികാരം കയ്യാളുന്നതിനുളള അവകാശത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്നതിന് നിയമശാസ്ത്രത്തില്‍ പ്രയോഗിച്ചുവരുന്ന രണ്ടു പദങ്ങള്‍. പരസ്പര ബന്ധിതവും വിരുദ്ധയുക്തി ഉള്‍ക്കൊള്ളുന്നതുമായ ഈ സമസ്തപദപ്രയോഗങ്ങള്‍ ലത്തീന്‍ ഭാഷയില്‍ നിന്നും നിഷ്പന്നമായവയാണ്. നിയാമകമായ ഒരു അവകാശത്തിന്റെ അടിസ്ഥാനത്തിലോ അല്ലാതെയോ ഒരു അധികാരത്തിന്റെ യഥാര്‍ഥ വിനിയോഗത്തെയാണ് 'ഡി ഫാക്റ്റോ' എന്ന പദം കൊണ്ടോ നിയമശാസ്ത്രം ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിനു വിപരീതമായി നിയമത്തിന്റെ പൂര്‍ണ പിന്‍ബലത്തോടെ ഒരു അധികാരം ഉപയോഗിക്കുന്നതാണ് 'ഡി ജൂറെ' എന്നതിലൂടെ അര്‍ഥമാക്കുന്നത്. ഒരു വ്യക്തിയോ, ഒരു സംഘമോ, നിയമപരമായ വസ്തുനിഷ്ഠ അവകാശം ഇല്ലാതെതന്നെ ഒരു പൊതു പദവിയോ, പൊതു അധികാരസ്ഥാനമോ കയ്യാളുകയോ ഉപയോഗിക്കുകയോ ചെയ്യുക, ഏതെങ്കിലും രാഷ്ട്രീയ അധികാരമോ സ്ഥാനമോ വിനിയോഗിക്കാന്‍ ശ്രമിക്കുക, മറ്റേതെങ്കിലും അധികാരം പ്രയോഗിക്കുക എന്നീ സാഹചര്യങ്ങളെ ഡി ഫാക്റ്റോ എന്ന പ്രയോഗം കൊണ്ടു സൂചിപ്പിക്കുന്നു. മുകളില്‍ കൊടുത്ത സാഹചര്യങ്ങളില്‍ നിയമം അനുശാസിക്കുന്ന അധികാരം വിനിയോഗിക്കപ്പെട്ടാല്‍ അത് ഡി ജൂറെ ആയി പരിഗണിക്കപ്പെടും. വാച്യാര്‍ഥത്തില്‍ 'ഡി ഫാക്റ്റോ' എന്നത് 'യഥാര്‍ഥത്തില്‍' എന്നും 'ഡി ജൂറെ' എന്നത് 'നിയാമകം' എന്നും സൂചിപ്പിക്കാം.
ഭരണഘടനാ നിയമം, അന്തര്‍ദേശീയ നിയമം, കോര്‍പ്പറേഷന്‍ നിയമം, വാണിജ്യകാര്യ നിയമം മുതലായവയില്‍ ഈ രണ്ടു പ്രയോഗങ്ങളും സാധാരണമാണ്. ഭരണഘടനാ നിയമത്തില്‍ ഡി ഫാക്റ്റോ അര്‍ഥമാക്കുന്നത് വ്യവസ്ഥാപിത നിയമ സാധുത ഇല്ലാതെ വിനിയോഗിക്കപ്പെടുന്ന ഭരണാധികാരം എന്നാണ്. രാഷ്ട്രീയ അട്ടിമറിയോ സാമൂഹിക വിപ്ലവമോ മൂലം നിലവിലുളള ഒരു രാഷ്ട്ര ഭരണ സംവിധാനത്തിനുള്ളില്‍ ഉടലെടുക്കുന്നതും വ്യക്തവും വ്യവസ്ഥാപിതവുമായ നിയമ അടിത്തറയില്ലാതെ തുടരുന്നതുമായ ഭരണാധികാര സംവിധാനമാണ് ഇങ്ങനെ സൂചിപ്പിക്കപ്പെടുക. പില്ക്കാലത്ത് ഇത്തരം ഭരണ സംവിധാനത്തെ ഇതര രാഷ്ട്രങ്ങള്‍ നിയമപരമായി അംഗീകരിച്ച് ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ അവ ഡി ജൂറെ ഭരണമായി പരിണമിക്കും. അമേരിക്കന്‍ വിപ്ലവ കാലത്തെ കോണ്‍ടിനെന്റല്‍ കോണ്‍ഗ്രസ്, ദക്ഷിണാഫ്രിക്കന്‍ വിമോചനഘട്ടത്തിലെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്, പാലസ്തീന്‍ വിമോചനമുന്നണി മുതലായവയ്ക്കു കീഴില്‍ രൂപംകൊണ്ട അധികാര നിര്‍വഹണ സംവിധാനങ്ങള്‍ ഇതിന് ഉദാഹരണമാണ്.
അന്തര്‍ദേശീയ നിയമത്തില്‍, സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങള്‍ക്കിടയിലെ പരസ്പര അംഗീകരണത്തിലാണ് ഈ പദപ്രയോഗങ്ങള്‍ പ്രസക്തമാകുന്നത്. ഇപ്രകാരം ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന് നല്‍കുന്ന അംഗീകാരത്തിന്റെ സ്വഭാവം, ഫലം, നിലനില്പ് എന്നിവയ്ക്കനുസൃതമായി 'ഡി ഫാക്റ്റോ' എന്നും 'ഡി ജൂറേ' എന്നും രണ്ടു വിധം അംഗീകരണ രീതികളുണ്ട്. പുതിയതായി രൂപം കൊളളുന്നതോ നിലവിലുളളതില്‍ നിന്ന് ഉടലെടുക്കുന്നതോ ആയ സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്, അതിന്റെ ഭൂപ്രദേശത്തിനുമേല്‍ ദുര്‍ബലമായ നിയന്ത്രണം മാത്രമേ ഉളളൂ എന്നതിനാലോ, പൂര്‍ണ നിയന്ത്രണാധികാരം കയ്യാളാനാകാത്തതിനാലോ, അന്തര്‍ദേശീയ നിയമബന്ധങ്ങള്‍ പാലിക്കാനുളള പൂര്‍ണമായ കഴിവിന്റെ അഭാവത്താലോ, സ്ഥായിയായ നിലനില്പിനെപ്പറ്റി സംശയമുള്ളതിനാലോ നിലവിലുളള മറ്റൊരു രാഷ്ട്രം നല്‍കുന്ന താത്കാലികവും ഉപാധികള്‍ക്കു വിധേയവുമായ അംഗീകാരം 'ഡി ഫാക്ടോ' ആയിരിക്കും. അതുകൊണ്ട്തന്നെ അത് പിന്‍വലിക്കാന്‍ കഴിയുന്നതും ലംഘിക്കപ്പെടാവുന്നതുമാണ്. രണ്ടാം ലോകയുദ്ധാനന്തരം റഷ്യന്‍ പ്രവിശ്യകളായ ഫിന്‍ലാന്‍ഡ്, ലാറ്റ്വ്യ, എസ്തോണിയ തുടങ്ങിയവയ്ക്ക് ലഭിച്ച അംഗീകാരവും പാലസ്തീന് ഇന്ത്യ നല്‍കുന്ന അംഗീകാരവും ഇതിന് ഉദാഹരണമാണ്. എന്നാല്‍ സ്ഥിരവും അലംഘനീയവുമായ വിധം ഒരു രാഷ്ട്രത്തെ മറ്റൊരു രാഷ്ട്രം അംഗീകരിക്കുന്നത് 'ഡി ജൂറേ' ആയിരിക്കും. അത്തരം നടപടി ഉപാധികള്‍ ഇല്ലാത്തതും സ്വയം സമ്പൂര്‍ണവും ആയിരിക്കും. 1948-ല്‍ ഇസ്രയേലിലെ താത്കാലിക ഗവണ്‍മെന്റിന് യു. എസ്. 'ഡി ഫാക്റ്റോ' അംഗീകാരം അനുവദിച്ചു. പിന്നീട് 1949-ല്‍ സ്ഥിരം ഗവണ്‍മെന്റ് തെരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റപ്പോള്‍ ഇസ്രയേലിന് അമേരിക്ക 'ഡി ജൂറെ' അംഗീകാരം അനുവദിക്കുകയുണ്ടായി. നിയമപരമായി ഈ രണ്ടു തരം അംഗീകരണത്തിന്റേയും ഫലം സമാനമാണെങ്കിലും 'ഡി ജൂറെ' അംഗീകരണം ശാശ്വതവും മൂല്യവത്തും ആധികാരികതയുടെ മുദ്രയുമായി പരിഗണിക്കപ്പെടുന്നു.
കോര്‍പ്പറേഷന്‍-വാണിജ്യകാര്യ നിയമ മേഖലയിലും ഈ പ്രയോഗങ്ങള്‍ സാധാരണമാണ്. 'ഡി ജൂറെ' കോര്‍പ്പറേഷന്‍ എന്നത് എല്ലാ അര്‍ഥത്തിലും നിയാമകമാണ്. നിര്‍ണായകമായ എല്ലാ മുന്‍ ഉപാധികളും നിയമ വ്യവസ്ഥകളും വസ്തുനിഷ്ഠമായി പാലിച്ച് നിലവില്‍ വരുന്നതും കോര്‍പ്പറേറ്റ് പൗരത്വം ഉള്ളതും നിയമപരമായി സ്വതന്ത്ര പദവിയും കോര്‍പ്പറേറ്റ് അധികാരനിര്‍വഹണ അവകാശവും ഉളളതുമായ സ്ഥാപനമാണ് 'ഡി ജൂറെ' കോര്‍പ്പറേഷന്‍. അതിന്റെ നിലനില്പ് രാഷ്ട്രത്തിനുപോലും ചോദ്യം ചെയ്യാനാവാത്തവിധം സ്ഥായിയായിട്ടുള്ളതാണ്. എന്നാല്‍ പ്രായോഗികമായി കോര്‍പ്പറേറ്റ് സ്വഭാവം പ്രകടിപ്പിക്കുന്നതും സാങ്കേതികമോ നിയമപരമോ ആയ വ്യവസ്ഥകളോ ഉപാധികളോ പാലിക്കപ്പെടാത്തതും ആയ സ്ഥാപനമാണ് 'ഡി ഫാക്ടോ' കോര്‍പ്പറേഷന്‍. നിലവിലിരിക്കുന്ന ഘട്ടത്തില്‍ ദൈനംദിനകൃത്യങ്ങള്‍ സാധാരണ കോര്‍പ്പറേറ്റ് സ്ഥാപനം എന്നതുപോലെ തുടരാമെങ്കിലും അവയുടെ നിലനില്പ് സര്‍ക്കാരിനോ നീതിന്യായ സ്ഥാപനത്തിനോ ഏതവസരത്തിലും ചോദ്യം ചെയ്യാനും അസാധുവാക്കാനും കഴിയും. അതുകൊണ്ട് അവ തികച്ചും താത്കാലികം മാത്രമായിരിക്കും. ഇത്തരം കോര്‍പ്പറേറ്റ് പദവി പലപ്പോഴും പൊതു താത്പര്യത്തിനും കരാര്‍ വ്യവസ്ഥകള്‍ക്കും സദുദ്ദേശ്യപരമായ പ്രവര്‍ത്തനത്തിനും എതിരായിരിക്കും.
വിരുദ്ധയുക്തിയുളള രണ്ട് നിയമശാസ്ത്ര സങ്കല്പനങ്ങളുടെ പ്രായോഗിക ഉപയോഗത്തിന്റെ അംഗീകൃത ഉദാഹരണമായാണ് 'ഡി ഫാക്ടോ', 'ഡി ജൂറേ' എന്നീ പ്രയോഗങ്ങള്‍ കണക്കാക്കപ്പെടുന്നത്.
(എ. സുഹൃത്കുമാര്‍)