This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിസ്റെയ്ലി, ഐസക് (1766-1848)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിസ്റെയ്ലി, ഐസക് (1766-1848)

Disraeli,Isaac

ഇംഗ്ലീഷ് കവിയും നിരൂപകനും സാഹിത്യ ഗവേഷകനും. 1766 മേയില്‍ മിഡില്‍സെക്സിലെ എന്‍ഫീല്‍ഡില്‍ ജനിച്ചു. 14-ാമത്തെ വയസ്സില്‍ വിദ്യാഭ്യാസത്തിനായി ആംസ്റ്റര്‍ഡാമില്‍ പോയെങ്കിലും 4 വര്‍ഷത്തിനകം റൂസ്സോയുടെ അനുയായിയായി തിരിച്ചെത്തി. അതിനുശേഷം കുറച്ചുകാലം പാരിസില്‍ കഴിച്ചുകൂട്ടിയ ഇദ്ദേഹത്തിന് സാഹിത്യവൃത്തങ്ങളുമായി ഇടപഴകാന്‍ അവസരം ലഭിച്ചു. 1802-ല്‍ വിവാഹിതനായി. സാഹിത്യകാരനും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായിരുന്ന ബെഞ്ചമിന്‍ ഡിസ്റെയ്ലി ഇദ്ദേഹത്തിന്റെ അഞ്ചുകുട്ടികളില്‍ രണ്ടാമനായിരുന്നു.

14-ാമത്തെ വയസ്സില്‍ത്തന്നെ ഐസക് ഡിസ്റെയ്ലി കവിതാരചനയാരംഭിച്ചിരുന്നു. 1789-ല്‍ ജോണ്‍ വാല്‍ക്കോട്ട് എന്ന കവിയെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് 'ഓണ്‍ ദി അബ്യൂസ് ഒഫ് സറ്റയര്‍' എന്ന കവിത രചിച്ചു. കവിയായ എച്. ജെ. പൈ ഈ കവിതയെ മുക്തകണ്ഠം പ്രശംസിച്ചു; 1790-ല്‍ രചിച്ച 'ഡിഫെന്‍സ് ഒഫ് പൊയട്രി' എന്ന കവിത പൈക്കു സമര്‍പ്പിച്ചു കൊണ്ടു ഡിസ്റെയ്ലി തന്റെ കൃതജ്ഞത പ്രകാശിപ്പിച്ചു. അടുത്ത വര്‍ഷം അനിക്ഡോട്സ്, കാരക്റ്റേഴ്സ്, സ്കെച്ചസ് ആന്‍ഡ് ഒബ്സര്‍വേഷന്‍സ് ലിറ്റററി ക്രിട്ടിക്കല്‍ ആന്‍ഡ് ഹിസ്റ്റോറിക്കല്‍ എന്ന ഗ്രന്ഥം പേരുവയ്ക്കാതെ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് കാവ്യരംഗം വിട്ട് സാഹിത്യവിജ്ഞാനത്തിലേക്കും സാഹിത്യ ഗവേഷണത്തിലേക്കും ശ്രദ്ധതിരിച്ച ഡിസ്റെയ്ലി ഇതേ കൃതി തന്നെ ക്യൂറീയോസിറ്റീസ് ഒഫ് ലിറ്ററേച്ചര്‍ എന്ന പരമ്പരയുടെ ഒന്നാം വാല്യമായി പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പരമ്പരകളുടെ തുടര്‍ന്നുള്ള വാല്യങ്ങള്‍ 1817-ലും 1823-ലും 1834-ലും പുറത്തുവന്നു. മിസലനീസ് (1796), കലാമിറ്റീസ് ഒഫ് ആതേഴ്സ് (1812), ക്വാറല്‍സ് ഒഫ് ആതേഴ്സ് (1814) എന്നിവയും ഈ വിഭാഗത്തില്‍പ്പെടുന്ന കൃതികളാണ്. അമെനിറ്റീസ് ഒഫ് ലിറ്ററേച്ചര്‍ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ 3 വാല്യങ്ങള്‍ 1841-ല്‍ പ്രസിദ്ധീകരിച്ചെങ്കിലും ഈ പരമ്പര പൂര്‍ത്തിയാക്കാന്‍ ഡിസ്റെയ്ലിക്ക് കഴിഞ്ഞില്ല.

നോവലെന്നോ റൊമാന്‍സെന്നൊ വിശേഷിപ്പിക്കാവുന്ന ചില ലഘുകൃതികള്‍കൂടി ഡിസ്റെയ്ലി രചിച്ചിട്ടുണ്ട്. മെജ്നൂന്‍ ആന്‍ഡ് ലെയ്ല, ആന്‍ ഓറിയന്റല്‍ റ്റെയ്ല്‍ (1797), ഫ്ളിം ഫ്ളാംസ് (1805), ഡെസ്പോട്ടിസം, ഓര്‍ ദ് ഫാള്‍ ഒഫ് ദ് ജെസ്യൂട്ട്സ് (1814) എന്നിവ ഇക്കൂട്ടത്തില്‍ മികച്ചുനില്‍ക്കുന്നു. ഇന്‍ക്വയറി ഇന്റു ദ് ലിറ്റററി ആന്‍ഡ് പൊളിറ്റിക്കല്‍ കാരക്റ്റര്‍ ഒഫ് ജെയിംസ് ക (1816), ദ് ജീനിയസ് ഒഫ് ജൂഡെയിസം (1833) തുടങ്ങി ചില ചരിത്ര കൃതികളും ഇദ്ദേഹത്തിന്റെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.

1848 ജനു. 19-ന് ബക്കിംഗ്ഹാംഷയറിലെ ബ്രാഡന്‍ ഹാമില്‍ ഐസക് ഡിസ്റെയ്ലി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍