This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിവൈന്‍ കോമഡി, ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിവൈന്‍ കോമഡി, ദ്

Divine Comedy,The

ഇറ്റാലിയന്‍ കാവ്യം. ലോകപ്രശസ്ത മഹാകവിയായ ദാന്തെ അലിഗീരി(1265-1321) യാണ് ഇതിന്റെ കര്‍ത്താവ്. (ദാന്തെ, ഡാന്റെ, ഡാന്റി എന്നീ ഉച്ചാരണങ്ങളുമുണ്ട്.) 1306-നോടടുപ്പിച്ച് രചനയാരംഭിച്ച ഈ കൃതി കവിയുടെ മരണത്തിന് തൊട്ടു മുന്‍പ് 1321-ല്‍ പൂര്‍ത്തിയാക്കി. മധ്യകാലയൂറോപ്പിലെ ഏറ്റവും ഉത്കൃഷ്ടകാവ്യം എന്ന പദവി ഇതിനുണ്ട്. 14233 വരികളുളള ഈ ആഖ്യാനകാവ്യം 'റ്റേര്‍സാ റിമ' (Terza rima) അഥവാ 'ട്രിപ്പിള്‍ റൈമി' ലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഒരു സര്‍ഗത്തില്‍ ഏതാണ്ട് 142 വരികളുണ്ട്. ഇത്തരം നൂറ് സര്‍ഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ കൃതിയുടെ ഇറ്റാലിയന്‍ ശീര്‍ഷകം ല ദിവീന കോമെദിയ (La Divina Commedia) എന്നാണ. 'ഡിവൈന്‍' എന്ന വിശേഷണം പില്‍ക്കാലത്തുണ്ടായതാണ്. ഒന്നാം സര്‍ഗം പ്രവേശകമാണ്. സങ്കടത്തില്‍ നിന്നും സന്തോഷത്തിലേക്ക് നീങ്ങുന്ന ഒരു കാവ്യമാണിത്. അതുകൊണ്ടാണ് 'കോമഡി' എന്ന പേര് അര്‍ഥവത്താകുന്നത്. ഉത്തമ പുരുഷാഖ്യാന സമ്പ്രദായത്തില്‍ (first person narrative) തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ രചനയില്‍ പരേതാത്മാക്കളുടെ ലോകത്തിലൂടെയുളള ദാന്തെയുടെ പ്രയാണം കല്പനാ വൈഭവത്തോടെ അവതരിപ്പിച്ചിരിക്കുന്നു. മരണാനന്തരലോകത്തിന് നരകം (Hell), ശുദ്ധീകരണസ്ഥലം (Purgatory), പറുദീസ (Paradise) എന്നിങ്ങനെ മൂന്നു മുഖ്യവിഭാഗങ്ങളുണ്ടെന്നാണ് സങ്കല്പം. (ഇറ്റാലിയന്‍ ഭാഷയില്‍ ഇവ യഥാക്രമം 'ഇന്‍ഫേര്‍നോയും', 'പര്‍ഗതോറിയോ'യും, 'പാരദൈസോയും' ആണ്.) ലൌകിക ജീവിതപ്രയാണം പൂര്‍ത്തിയാക്കുന്ന തീര്‍ഥാടകന്‍ കടന്നു പോകേണ്ട പ്രദേശങ്ങളാണിവ. ഇവിടെ ദാന്തെ അപരാധിയായ ഓരോ ക്രൈസ്തവനെയും അന്യാപദേശ രൂപത്തില്‍ പ്രതിനിധീകരിക്കുന്നു. ദാന്തെയുടെ 'തീര്‍ഥാടനം', ഓരോ ആത്മാവും ഒരു വഴിയിലല്ലെങ്കില്‍ മറ്റൊന്നിലൂടെ ഇരുളും ഏകാന്തതയും മാത്രം കൂട്ടാകുന്ന 'തെറ്റുകളുടെ കാനന'ത്തില്‍ നിന്ന് ('Wood of Error') 'ദൈവത്തിന്റെ നഗരത്തിലേക്ക്' ('City of God) നടത്തേണ്ട സഞ്ചാരത്തെയാണ് ആവിഷ്കരിക്കുന്നത്. രാഷ്ട്രീയവും മതപരവുമായ ഈ അന്യാപദേശകൃതിയില്‍ രചയിതാവിന്റെ രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ നിലപാടും വ്യക്തമാകുന്നുണ്ട്; ഒപ്പം കവിയുടെ വ്യക്തി ജീവിതത്തിന്റെ വിശദാംശങ്ങളിലേക്കും ഇത് വെളിച്ചം വീശുന്നു. ഈ കാവ്യത്തിലെ രംഗസംവിധാനചാരുതയും അനുവാചകരെ അത്ഭുതപ്പെടുത്തുന്നു.

ഡിവൈന്‍ കോമഡിയില്‍ വിധിയുടേയോ ചുറ്റുപാടുകളുടെയോ അടിമയായിട്ടല്ല, യുക്തിപൂര്‍വം, ഉത്തരവാദിത്വ ബോധത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുളള ഒരു സൃഷ്ടിയായിട്ടാണ് മനുഷ്യനെ അവതരിപ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായി തിരഞ്ഞെടുപ്പുകള്‍ നടത്താനും തീരുമാനങ്ങള്‍ എടുക്കാനും യാതൊന്നും അവനു തടസ്സമാകുന്നില്ല. നന്മയെയോ തിന്മയെയോ തിരഞ്ഞെടുക്കാനുളള ആ സ്വാതന്ത്ര്യം അവന്റെ മരണാനന്തര ജീവിതത്തിന്റെ സ്വഭാവം നിര്‍ണയിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ തീരുമാനമാണ് സ്വര്‍ഗീയസുഖത്തിനോ നരകയാതനയ്ക്കോ അവനെ അര്‍ഹനാക്കുന്നത്. ആത്മാവിന്റെ ഈ തിരഞ്ഞെടുപ്പിന്റെ നാടകീയമായ കാവ്യാവിഷ്കാരം എന്ന് ഡിവൈന്‍ കോമഡിയെ വിശേഷിപ്പിക്കാറുണ്ട്.

ക്രൈസ്തവമായ വെളിപാടുകളുടെ ഗാംഭീര്യത്തില്‍ നിന്നും മനോഹാരിതയില്‍ നിന്നും ശക്തി നേടുന്ന ക്രൈസ്തവ അന്യാപദേശകൃതിയാണ് ഡിവൈന്‍ കോമഡി. നരകത്തെയും ശുദ്ധീകരണ സ്ഥലത്തേയും പറുദീസയേയും മരണാനന്തരം ആത്മാവ് തരണം ചെയ്യേണ്ട മൂന്ന് അവസ്ഥാന്തരങ്ങളായാണ് കവി സങ്കല്പിച്ചിരിക്കുന്നത്. വൈവിധ്യവും സൗന്ദര്യവും ഒത്തിണങ്ങിയ ബിംബങ്ങളും ഉദാത്തം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ഈണവും ഈ കാവ്യത്തിനു സ്വന്തമാണ്. ഈശ്വരനിലേക്കുള്ള മനുഷ്യാത്മാവിന്റെ പ്രയാണം ചേതസ്സുറ്റതായി അവതരിപ്പിക്കുവാന്‍ ഇവ ഏറെ സഹായമാകുന്നു.

നരകത്തിലും ശുദ്ധീകരണസ്ഥലത്തും വെര്‍ജിലാണ് ദാന്തെയ്ക്കു വഴികാട്ടിയാകുന്നത്. സ്വര്‍ഗസ്ഥയായ ബിയാട്രിസാണ് വെര്‍ജിലിനെ ദാന്തെയുടെ അടുക്കലേക്ക് അയയ്ക്കുന്നത്. മനുഷ്യ ബുദ്ധിയുടെ (Human Wisdom) പ്രതിരൂപം എന്ന നിലയില്‍ വെര്‍ജില്‍ പ്രതൃക്ഷപ്പെടുന്നു. ഈശ്വരാനുഗ്രഹത്തിന്റെ പിന്‍ബലമില്ലാതെ മനുഷ്യന് സ്വന്തം ശക്തികൊണ്ടു നേടാവുന്നതിന്റെ പരമോന്നത അവസ്ഥയെ ആണ് വെര്‍ജില്‍ പ്രതിനിധീകരിക്കുന്നത്. അതു കൊണ്ട് തന്നെ, അദ്ദേഹത്തിനു പറുദീസയില്‍ പ്രവേശിക്കാനാവില്ല. അങ്ങനെ, സ്വന്തം പ്രണയിനിയായ ബിയാട്രിസ് സ്വര്‍ഗത്തില്‍ ദാന്തെയ്ക്കു വഴികാട്ടിയാകുന്നു. ഭൂമിലേക്കു കടന്നുവരുന്ന 'സ്വര്‍ഗീയ മഹത്ത്വം' (Heaven's Glory) തന്നെയാണ് ബിയാട്രിസ്. ഈശ്വര വാഹിയായി (God-bearer) ദാന്തെ അവരെ കാണുന്നു.

മുപ്പത്തിനാലു സര്‍ഗങ്ങളിലായാണ് ദാന്തെ ഡിവൈന്‍ കോമഡിയില്‍ നരക വര്‍ണന നടത്തിയിരിക്കുന്നത്. ശപിക്കപ്പെട്ടവരുടെ സാമ്രാജ്യത്തിലൂടെയുളള കവിയുടെ യാത്ര ഇവിടെ വര്‍ണിക്കപ്പെടുന്നു. ഒരു ഇരുണ്ട വനത്തില്‍വച്ച് കവി വെര്‍ജിലിനെ കണ്ടുമുട്ടി. നരകത്തിന്റെ ഇരുപത്തിനാല് വൃത്തങ്ങളിലൂടെയും അവര്‍ കടന്നു പോകുന്നു. 'വഴി തെറ്റിയ' ആത്മാക്കള്‍ മരണാനന്തരം കഴിയേണ്ട സ്ഥലമാണ് നരകം; അഥവാ, അവരുടെ അവസ്ഥയെയാണ് 'നരകം' എന്നതു കൊണ്ട് വിവക്ഷിക്കുന്നത്. വലിപ്പമേറിയ ഒരു ചോര്‍പ്പിന്റെ (funnel)ആകൃതിയിലുളള ഗര്‍ത്തമായി നരകത്തെ കവി ചിത്രീകരിക്കുന്നു. ഉത്തര ഭൂഗോളാര്‍ധത്തിനു കീഴിലായി ഭൂമിയുടെ കേന്ദ്രബിന്ദുവരെ താഴ്ചയുളള ഇത് യാഥാര്‍ഥത്തില്‍ ആത്മാവിന്റെ ഉള്ളറകളില്‍ കുടികൊളളുന്ന തിന്മയുടെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. കാമം, അതിഭക്ഷണപ്രിയം, ആര്‍ത്തി, ചതി, വഞ്ചന തുടങ്ങിയ അങ്കുശമില്ലാത്ത അതിമോഹങ്ങളെ പ്രതിനിധീകരിക്കുന്ന ചരിത്രപുരുഷന്മാരും ഐതിഹ്യകഥാപാത്രങ്ങളുമാണ് നരകനിവാസികള്‍.

ദാന്തെയും അദ്ദേഹത്തിന്റെ കവിതയും -ഫ് ളോറന്‍സ് കത്തിഡ്രലിലെ പെയിന്റിംഗ്

ശുദ്ധീകരണസ്ഥല (Purgatory) വിശേഷങ്ങള്‍ മുപ്പത്തിമൂന്നു സര്‍ഗങ്ങളിലായി കാണാം. കത്തോലിക്ക സഭാവിശ്വാസമനുസരിച്ച്, 'വീണ്ടെടുക്കപ്പെട്ട' ആത്മാക്കള്‍ മരണാനന്തരം എത്തുന്നത് ശുദ്ധീകരണ സ്ഥലത്താണ്. അത്തരക്കാരുടെ അവസ്ഥ അടുത്തറിയാന്‍ കവിയുടെ അതിലൂടെയുളള യാത്ര അനുവാചകന് അവസരം ഒരുക്കുന്നു. നരകത്തിനു വെളിയിലെത്തുന്ന ദാന്തെയും വെര്‍ജിലും ഇപ്പോള്‍ ദക്ഷിണ നക്ഷത്രങ്ങളുടെ കീഴിലാണ്. ദക്ഷിണഭൂഗോളാര്‍ധത്തിലെ ഒരു ദ്വീപിലെ ഔന്നത്യമേറിയ പര്‍വതം എന്ന മട്ടില്‍ ശുദ്ധീകരണസ്ഥലം കവി നമുക്കു കാട്ടിത്തരുന്നു. അതിന്റെ ഏഴ് ശൃംഗങ്ങളില്‍വച്ച് ആത്മാക്കള്‍ ഒന്നിനു പിറകേ ഒന്നായി സപ്തമഹാപാപ( Deadly Sins)ങ്ങളില്‍ നിന്നും ശുദ്ധീകരിക്കപ്പെടുന്നു. പറുദീസയില്‍-ഈശ്വര സന്നിധിയില്‍-എത്തുവാന്‍ അങ്ങനെ ആ ആത്മാക്കള്‍ പ്രാപ്തിനേടും. ഭൗതിക ജീവിതത്തില്‍ വന്നുപോയ വീഴ്ചകളിലുളള പശ്ചാത്താപത്തിന്റെ പ്രതിരൂപമത്രേ ശുദ്ധീകരണ സ്ഥലം.

പ്രേയസിയായ ബിയാട്രിസിന്റെ പരിപാലനത്തില്‍ പറുദീസയിലൂടെ ദാന്തെ നടത്തുന്ന പ്രയാണമാണ് 'പറുദീസ'(Paradise) എന്ന വിഭാഗത്തിലെ പ്രതിപാദ്യം. മുപ്പത്തിമൂന്ന് സര്‍ഗങ്ങള്‍ ഇതിലുണ്ട്. മധ്യകാലത്തെ ജ്യോതിര്‍ഗണിത ശാസ്ത്രപ്രകാരമുളള പത്തു സ്വര്‍ഗങ്ങള്‍ക്കും കീഴിലായി ആദ്യം പറുദീസയെ ചിത്രീകരിക്കുന്ന കവി തുടര്‍ന്ന് ദിവ്യരഹസ്യങ്ങള്‍ ഉള്‍ക്കൊളളുന്ന പനിനീര്‍പ്പൂവി(Mystical Rose)ന് കീഴിലായി പറുദീസ സ്ഥിതി ചെയ്യുന്നതായി പറയുന്നു. ഒന്നിനു പിറകിലൊന്നായി കവി കാട്ടിത്തരുന്ന സ്വര്‍ഗങ്ങള്‍ യഥാര്‍ഥത്തില്‍ ഒറ്റ സ്വര്‍ഗം തന്നെയാണ്. ഈശ്വരകൃപയില്‍ എത്തിച്ചേരുന്ന ആത്മാവിന്റെ നിര്‍വൃതിയുടെ പ്രതിരൂപമായാണ് സ്വര്‍ഗത്തെ കവി ദര്‍ശിക്കുന്നത്.

മരണാനന്തരമുളള മനുഷ്യാത്മാവിന്റെ അവസ്ഥാന്തരങ്ങളെ ക്രൈസ്തവ തത്ത്വചിന്തകള്‍ക്കനുസൃതമായി കാട്ടിത്തരുന്ന ഡിവൈന്‍ കോമഡി എല്ലാ യൂറോപ്യന്‍ ഭാഷകളിലേക്കും മറ്റനവധി ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.ഇംഗ്ലീഷില്‍ മാത്രം നാല്പതോളം ഭാഷാന്തരങ്ങളുളള ഈ കൃതിയുടെ മലയാള പരിഭാഷ മലയാള കവി പ്രൊഫസര്‍ കിളിമാനൂര്‍ രമാകാന്തന്‍ തയ്യാറാക്കിയിട്ടുണ്ട്. 1979-ല്‍ ഇതിലെ നരകകാണ്ഡം (ഇന്‍ഫേര്‍നോ) തര്‍ജമ ചെയ്തു പ്രസിദ്ധീകരിച്ചു. ഡിവൈന്‍ കോമഡി ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി വിവര്‍ത്തനം ചെയ്യപ്പെട്ടത് മലയാളത്തിലാണ്. 2001-ല്‍ കിളിമാനൂര്‍ രമാകാന്തന്റെ ഡിവൈന്‍ കോമഡി പരിഭാഷ പൂര്‍ണരൂപത്തില്‍ കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു. മനോഹരവും സാരള്യം നിറഞ്ഞതുമായ ഒരു വിവര്‍ത്തന ശൈലിയാണ് പരിഭാഷകന്‍ സ്വീകരിച്ചിരിക്കുന്നത്. സ്വര്‍ഗകാണ്ഡം മൂന്നാം സര്‍ഗത്തിലെ താഴെ ചേര്‍ത്തിരിക്കുന്ന വരികള്‍ ഉദാഹരണമായി ഇവിടെ കൊടുക്കുന്നു-

"സഹജം ഭൂതങ്ങളില്‍ പതിക്കുമനുകമ്പ

ഇച്ഛാശക്തിയെയടക്കീടുന്നു കൈ വന്നതില്‍

എത്രയും തോഷിക്കുന്ന മട്ടിലാക്കുന്നൂ നമ്മെ

അന്നേരം മറ്റൊന്നിനും ദാഹിപ്പതില്ലാ നമ്മള്‍

എത്രയുമുയരുവാനീ നമ്മള്‍ മോഹിക്കുകില്‍

ഈ സ്ഥലത്തെത്തിച്ചതാമീശ്വരനിണങ്ങില്ല

നവാനുഭൂതികളുടെ അനുഭവമേഖലകളിലേക്കുണര്‍ത്തുന്ന ഡിവൈന്‍ കോമഡി ആസ്വാദ്യത ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തന രൂപത്തില്‍ അവതരിപ്പിക്കുന്നതില്‍ പരിഭാഷകന്‍ തികഞ്ഞ വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നരക കാണ്ഡം നാലാം സര്‍ഗത്തിന്റെ ആരംഭത്തിലെ

"കടുത്തൊരിടിവെട്ടെന്‍ നിദ്രയെത്തകര്‍ക്കയാല്‍

ബലത്താലുണര്‍ത്തിയ പോലെ ഞാന്‍ ഞെട്ടിപ്പോയി,

നേരെ ഞാനെഴുന്നേറ്റു വിശ്രാന്തി നുകര്‍ന്നൊരെന്‍

നേത്രങ്ങള്‍ നീട്ടി ചുറ്റും നിശ്ചലം വീക്ഷിക്കയായ്

ഏതാണു ഞാന്‍ നില്‍ക്കുന്ന ദിക്കെന്നറിയുവാന്‍ !

നേരാണ്, ഞാനന്നേരമെന്നെയോ ദര്‍ശിക്കയായ്

അനന്തവിലാപത്തിന്‍ ഗംഭീരഘന ധ്വനി-

യുരുണ്ടു കൂടും ഗര്‍ത്തം തന്നുടെ ചരിവിലായ് !

ഇരുണ്ടമൂടിക്കെട്ടിത്താഴ്ന്നൊരാഗര്‍ത്തം തന്നില്‍

ശരിയായ് നോക്കീട്ടൊന്നും വേര്‍തിരിച്ചറിഞ്ഞില്ല !

വിളര്‍ത്ത കവിയോതി 'യന്ധലോകത്തില്‍ പോകാം

നമുക്ക് ഞാനൊന്നാമന്‍, രണ്ടാമനായാലും നീ

എന്നീ വരികള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു.

വൈദേശികമായൊരു സാഹിത്യസംസ്കാരത്തിന്റെ ഉന്നതികളില്‍ നില്‍ക്കുന്ന ഓജസ്സുറ്റ ഒരു കാവ്യകൃതിയെ അതിന്റെ എല്ലാ ഭാവതീവ്രതയോടും കൂടി മലയാള വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ വിവര്‍ത്തകന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ഭാരതീയ ഭാഷകളില്‍ ഡിവൈന്‍ കോമഡിക്ക് ലക്ഷണമൊത്ത വൃത്തനിബദ്ധമായ ആദ്യപരിഭാഷ എന്ന നിലയില്‍ ഈ സാരസ്വതയജ്ഞം തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍