This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡില്‍ഥെയ്, വില്‍ഹെം (1833 - 1911)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡില്‍ഥെയ്, വില്‍ഹെം (1833 - 1911)

Dilthey,Wilhelm

ജര്‍മന്‍ തത്ത്വചിന്തകന്‍. ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന മാനവികശാസ്ത്രങ്ങളുടെ വിജ്ഞാനസിദ്ധാന്താധിഷ്ഠിത വിശകലനമാണ്. ഡില്‍ഥെയ് വില്‍ഹെമിന്റെ വീക്ഷണങ്ങളില്‍ കാന്റ്, ഹെഗല്‍, ഷെല്ലിങ് (Schelling) ഷൈളയര്‍ മാഹര്‍ (Schiler macher) തുടങ്ങിയവരുടെ സ്വാധീനം ദൃശ്യമാണ്.

1833-ല്‍ ബീബ്റിച്ചില്‍ (Biebrich) ജനിച്ചു. വീസ്ബാദനി (Wiesbaden)ലെ ഗ്രാമര്‍ വിദ്യാലയത്തില്‍ പഠനം നടത്തിയതിനു ശേഷം ഹൈഡല്‍ബര്‍ഗില്‍ പോയി ദൈവശാസ്ത്രം പഠിച്ചു. തുടര്‍ന്ന് ബെര്‍ലിനില്‍ ചരിത്രവും തത്ത്വശാസ്ത്രവും അഭ്യസിച്ചു. കുറച്ചു കാലം സെക്കന്‍ഡറി സ്ക്കൂളധ്യാപകനായി സേവനമനുഷ്ഠിച്ചു. 1864-ല്‍ ഇദ്ദേഹത്തിനു ഡോക്ടറേറ്റ് ലഭിച്ചു. ബാസല്‍ (Basal), കീല്‍ (Kiel), ബ്രൗസ്ലൗ (Breslau) എന്നിവിടങ്ങളില്‍ അധ്യാപനം നടത്തി. 1882-ല്‍ ഇദ്ദേഹം ബെര്‍ലിന്‍ സര്‍വകലാശാലയില്‍ അധ്യാപകനായി. 1905 വരെ അവിടെ തുടര്‍ന്നു.

വില്‍ഹെം ഡില്‍ഥെയ്

ആത്മീയവാദം, സദാചാരതത്ത്വശാസ്ത്രം, വിജ്ഞാന സിദ്ധാന്തം, നവോത്ഥാനം, ജര്‍മന്‍ ആദര്‍ശവാദം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ഡില്‍ഥെയ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ വിഷയങ്ങളിലെല്ലാം ഇദ്ദേഹം നിരവധി ലേഖനങ്ങളും, പുസ്തകനിരൂപണങ്ങളും പ്രസിദ്ധപ്പെടുത്തി.

ഡില്‍ഥെയുടെ അഭിപ്രായത്തില്‍ തത്ത്വശാസ്ത്രത്തില്‍ പ്രതിപാദിക്കപ്പെടേണ്ട ഏകവിഷയം 'ജീവനാ'ണ്. മനുഷ്യജീവിതം വളരെ സങ്കീര്‍ണവും സംഭവബഹുലവുമാണ്. മനുഷ്യന്റെ ചിന്തകളും, ആഗ്രഹങ്ങളും, ഭീതികളും, അവന്‍ സൃഷ്ടിക്കുന്ന നിയമങ്ങളും ആചാരങ്ങളും, വിശ്വാസങ്ങളും എല്ലാം ജീവന്റെ ഭാഗമായി വര്‍ത്തിക്കുന്നു. ജീവിതാനുഭവത്തിനുപരിയായി യാതൊന്നുമില്ലെന്ന് ഡില്‍ഥെയ് വാദിച്ചു. ജീവിതത്തെ അതിന്റെ സമ്പന്നതയിലും, വൈവിധ്യത്തിലും നാം പൂര്‍ണമായി അനുഭവിക്കുന്നു എന്ന് ഇദ്ദേഹം വ്യക്തമാക്കി. ഇന്ദ്രിയ സംവേദനങ്ങള്‍ മാത്രമാണ് അനുഭവം എന്ന വീക്ഷണത്തെ ഇദ്ദേഹം നിരാകരിക്കുകയാണ് ഉണ്ടായത്.

ജീവിതം ക്രമമുള്ള താകയാല്‍ അര്‍ഥവത്തുമായിത്തീരുന്നു. വ്യക്തികള്‍ അവരുടെ ലോകത്തിന് നല്‍കുന്ന അര്‍ഥത്തില്‍ നിന്നുമാണ് തത്ത്വചിന്തകന്‍ പഠനം ആരംഭിക്കുന്നത്. സ്വന്തം അനുഭവങ്ങള്‍ തത്ത്വചിന്തകന് സഹായകമാകുന്നു. അനുഭവങ്ങളെ ക്രമീകരിക്കുവാന്‍ മനുഷ്യര്‍ ചില തത്ത്വങ്ങള്‍ ഉപയോഗിക്കുന്നു. ഡില്‍ഥെയ് ഇവയെ ജീവന്റെ ഗണങ്ങള്‍ (Categories of life) എന്നാണ് വിളിച്ചത്.

അനുഭവത്തെ ക്രമീകരിക്കുവാന്‍ ചിന്തകള്‍ ഉപയോഗിക്കുന്ന തത്ത്വത്തെയാണ് കാന്റ് (Kant) 'ഗണം' എന്നു വിവക്ഷിച്ചത്. കാന്റിന്റെ അപഗ്രഥനം ഭൗതികയാഥാര്‍ഥ്യങ്ങളുടെ അനുഭവത്തില്‍ മാത്രം ഒതുങ്ങിനിന്നു. എന്നാല്‍ ഡില്‍ഥെയുടെ വിശകലനം ജീവന്റെ പൂര്‍ണതയെ ഉള്‍ക്കൊള്ളുന്നതായിരുന്നു. ജീവിതത്തിന് അര്‍ഥം നല്‍കുന്ന ഗണങ്ങള്‍ നിരവധിയുണ്ടെന്ന് ഇദ്ദേഹം വാദിക്കുന്നു. ആന്തരികമാനവികപ്രവര്‍ത്തനങ്ങളും അവയുടെ ബാഹ്യപ്രകടനങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നത് ഇത്തരത്തിലുള്ള ഗണമാണ്. മറ്റൊന്ന് 'അധികാരം' അഥവാ 'ശക്തി'യുടെ ഗണമാണ്. നാം മറ്റുള്ള വ്യക്തികളിലും വസ്തുക്കളിലും, അവര്‍ നമ്മിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഈ ഗണം നമുക്ക് അറിവ് നല്‍കുന്നു. പൂര്‍ണതയും വിഭാഗങ്ങളും, ലക്ഷ്യവും മാര്‍ഗവും, വികാസവും മറ്റു ചില ഗണങ്ങളാണ്. ഡില്‍ഥെയുടെ വീക്ഷണത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു ഗണങ്ങളാണുള്ളത്. മൂല്യം (value), ഉദ്ദേശ്യം, (purpose), അര്‍ഥം (meaning) എന്നീ മൂന്ന് ഗണങ്ങള്‍. മൂല്യത്തിലൂടെ നാം വര്‍ത്തമാനത്തെ അനുഭവിക്കുകയും, ഉദ്ദേശ്യത്തിലൂടെ ഭാവിയെ പ്രതീക്ഷിക്കുകയും, അര്‍ഥത്തിലൂടെ ഭൂതത്തെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഈ ഗണങ്ങള്‍ സാധാരണയായി അബോധാവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബോധപൂര്‍വം ഗണങ്ങളെ ഉപയോഗിക്കുമ്പോഴാണ് മതങ്ങള്‍ ഐതിഹ്യങ്ങള്‍, പഴഞ്ചൊല്ലുകള്‍, കല, സാഹിത്യം, നിയമങ്ങള്‍, ആചാരങ്ങള്‍, തത്ത്വസംഹിതകള്‍ എന്നിവ രൂപംകൊള്ളുന്നത്.

എല്ലാ മനുഷ്യരും ലോകത്തെക്കുറിച്ച് ഒരു ചിത്രം മനസ്സില്‍ സൂക്ഷിക്കുന്നു. ജീവന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് യഥാര്‍ഥ തത്ത്വശാസ്ത്രവീക്ഷണം. ജീവന്റെ തത്ത്വശാസ്ത്രത്തില്‍നിന്നും വിജ്ഞാനസിദ്ധാന്തം ഉദ്ഭവിക്കുന്നു. ഡില്‍ഥെയുടെ തത്ത്വശാസ്ത്രത്തിലെ ഒരു പ്രധാന ആശയമാണ് വിജ്ഞാനസിദ്ധാന്തത്തിന്റെ വികാസം.

എല്ലാ മാനവപ്രവര്‍ത്തനങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്രപരമായ കാഴ്ചപ്പാടിലൂടെയാണ് അവയെ വിശകലനം ചെയ്യേണ്ടത്. വ്യത്യസ്ത കാലഘട്ടങ്ങളുടേയും വ്യക്തികളുടേയും കാഴ്ചപ്പാടുകള്‍ അവയുടേതായ വീക്ഷണത്തിലൂടെ മാത്രമേ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ. ചരിത്രകാരനും അദ്ദേഹത്തിന്റെ കാലഘട്ടത്തിന്റേതായ പരിമിതികള്‍ നേരിടേണ്ടിവരുന്നു.

എല്ലാ മാനവികശാസ്ത്രങ്ങളും ഭൗതികശാസ്ത്രങ്ങളുടെ ഗവേഷണരീതികള്‍ അവലംബിക്കാറുണ്ട്. എന്നാല്‍ അതിനു പുറമേ, മാനസികപ്രവര്‍ത്തനങ്ങളും അവയുടെ ബാഹ്യപ്രകടനങ്ങളും മറ്റും മനസ്സിലാക്കുവാന്‍ കൂടി മാനവികശാസ്ത്രങ്ങള്‍ ശ്രമിക്കുന്നു.

ഡില്‍ഥെയുടെ വിജ്ഞാനസിദ്ധാന്തത്തില്‍ മൂന്ന് പ്രധാന ആശയങ്ങളാണുള്ളത്. മനുഷ്യര്‍ ജീവിതം അര്‍ഥവത്തായി അനുഭവിക്കുന്നു; ആ അര്‍ഥം അവര്‍ പ്രകടിപ്പിക്കുന്നു. ഈ പ്രകടനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നവയാണ്. ഇവയാണ് ഡില്‍ഥെയുടെ മൂന്ന് പ്രധാന ആശയങ്ങള്‍.

വിജ്ഞാനസിദ്ധാന്തത്തില്‍ മൂന്ന് നിബന്ധനകളുള്ളതായി ഡില്‍ഥെയ് പറഞ്ഞു. അര്‍ഥം അനുഭവിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്ന മാനസിക പ്രവര്‍ത്തനങ്ങള്‍ നമുക്ക് പരിചിതമായിരിക്കണം. ഇവ നടക്കുന്ന സാഹചര്യത്തെക്കുറിച്ച് നമുക്ക് അറിവുണ്ടായിരിക്കണം. സാമൂഹികവും സാംസ്കാരികവുമായ ചുറ്റുപാടിനെക്കുറിച്ചും അവഗാഹമുണ്ടായിരിക്കണം. ഇന്‍സ്പെക്ഷന്‍ റ്റു ദ് ഹ്യൂമന്‍ സയന്‍സ് (1883) ഫോര്‍മേഷന്‍ ഒഫ് ദ് ഹിസ്റ്റോറിക്കല്‍ വേള്‍ഡ് ഇന്‍ ദ് ഹ്യൂമന്‍ സയന്‍സ് (1910), ഇന്‍ ഐഡിയാസ് (1899), ഫിലോസഫി ഒഫ് ലൈഫ്, ഫോര്‍മേഷന്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ഇവയിലൂടെ ഡില്‍ഥെയ് തത്ത്വശാസ്ത്രാശയങ്ങള്‍ സാമൂഹിക-ചരിത്ര-സാംസ്കാരിക പശ്ചാത്തലത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്.

ഡില്‍ഥെയുടെ വീക്ഷണങ്ങള്‍ സാമൂഹ്യ-മാനവിക ശാസ്ത്രങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തി. ഹൈദഗര്‍ (Heidegger), ജാസ്പെര്‍സ് (Jaspers), ഒര്‍ട്ടേഗ വൈ ഗാസ്റ്റ് (Orgeta Y gasset), എഡ്വാര്‍ഡ് സ്പ്രേങ്ങര്‍ (Edward Spranger), മാക്സ് വെബര്‍ (Max Weber) തുടങ്ങിയവര്‍ ഡില്‍ഥെയുടെ വീക്ഷണങ്ങളോട് തങ്ങള്‍ക്കുള്ള കടപ്പാട് വ്യക്തമാക്കിയിട്ടുണ്ട്. ജര്‍മന്‍ വിദ്യാഭ്യാസരംഗത്തെയും ഡില്‍ഥെയ് സ്വാധീനിച്ചിട്ടുണ്ട്. 1911 ഒ. 1-ന് ഷ്ളേണിലെ സീസില്‍ (Seis) ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍