This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിയാസ്, പൊര്‍ഫീറിയോ (1830 - 1915)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിയാസ്, പൊര്‍ഫീറിയോ (1830 - 1915)

Diaz,Porfirio

മെക്സിക്കോയിലെ മുന്‍ പ്രസിഡന്റ്. 1876 മുതല്‍ 80 വരേയും 84 മുതല്‍ 1911 വരേയും മെക്സിക്കന്‍ ഭരണം നിയന്ത്രിച്ച ഇദ്ദേഹത്തെ ഒരു സേച്ഛാധിപതിയായും കണക്കാക്കുന്നുണ്ട്. ജോസ് ഡി ലാ ക്രൂസ് പൊര്‍ഫീറിയോ ഡിയാസ് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഒക്സാക്ക (Oaxaca) പട്ടണത്തിലെ ഒരു സാധുകുടുംബത്തില്‍ 1830 സെപ്. 15-നായിരുന്നു ജനനം. ചെറുപ്പത്തില്‍ പുരോഹിതനാകാനുള്ള പരിശീലനം നേടിയെങ്കിലും 1846-48 കാലത്ത് അമേരിക്കന്‍ ഐക്യനാടുകളുമായി നടന്ന യുദ്ധത്തില്‍ പങ്കെടുത്തുകൊണ്ട് ഇദ്ദേഹം സൈനിക-രാഷ്ട്രീയ രംഗങ്ങളിലേക്കു കടക്കുകയാണുണ്ടായത്. പിന്നീട് നിയമപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മെക്സിക്കന്‍ രാഷ്ട്രീയത്തില്‍ ലിബറല്‍ നേതാവായിരുന്ന ബെനിറ്റോ ജൂവാറെസിന്റെ വലംകയ്യായി ഇദ്ദേഹം പ്രവര്‍ത്തിച്ചുപോന്നു. മെക്സിക്കോയില്‍ സാന്റാ ആന്നായുടെ ഭരണത്തിനെതിരായി ലിബറല്‍പക്ഷം 1854-ല്‍ നടത്തിയ വിപ്ലവത്തിലും പിന്നീടുണ്ടായ ആഭ്യന്തര സമരങ്ങളിലും ഇദ്ദേഹം ലിബറല്‍ പക്ഷത്തിന്റെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചു. ഇതോടെ സൈന്യത്തില്‍ ഉന്നതശ്രേണിയിലെത്താല്‍ കഴിഞ്ഞു. 1861-ല്‍ ഇദ്ദേഹം ജനറല്‍ പദവിയിലെത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജൂവാറെസിനെ ഇദ്ദേഹം പിന്തുണച്ചു. 1861-67 കാലത്തെ ഫ്രഞ്ച് അധിനിവേശത്തിനെതിരായി പോരാടിയ ശ്രദ്ധേയനായ പടയാളിയായിരുന്നു ഡിയാസ്.

പൊര്‍ഫീറിയോ ഡിയാസ്

സമാധാനം പുനഃസ്ഥാപിച്ചതോടെ ഇദ്ദേഹം പട്ടാളത്തില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിച്ചുതുടങ്ങി. എന്നാല്‍ ജൂവാറെസിന്റെ നയങ്ങളില്‍ അസംതൃപ്തനായ ഡിയാസ് രാഷ്ട്രീയത്തില്‍ സജീവ പങ്കാളിയാവുകയും 1871-72 കാലത്ത് അദ്ദേഹത്തിനെതിരായ നിലപാടെടുക്കുകയും ചെയ്തു. ജൂവാറെസ് വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ ഡിയാസ് നടത്തിയ പ്രക്ഷോഭം പക്ഷേ ഫലവത്തായില്ല. ജൂവാറെസിന്റെ പിന്‍ഗാമിയായി വന്ന സെബാസ്റ്റ്യന്‍ ലെര്‍ദൊ ദെ ടെജാദ രണ്ടാംതവണ സ്ഥാനമേറ്റപ്പോള്‍ അതിനെതിരായി ഡിയാസ് വീണ്ടുമൊരു പ്രക്ഷോഭണത്തിനു നേതൃത്വം നല്‍കി. ഇതു വിജയിക്കുകയും 1876-77-ല്‍ ഇദ്ദേഹം മെക്സിക്കോയുടെ താത്ക്കാലിക പ്രസിഡന്റാവുകയും ചെയ്തു. 1877-ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1880-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. എന്നാല്‍ 1884-ല്‍ വീണ്ടും മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തെത്തി. തുടര്‍ന്ന് 26 വര്‍ഷം (തുടര്‍ച്ചയായി ഏഴുതവണ) പ്രസിഡന്റു പദവി വഹിച്ചു. ഇക്കാലത്ത് മെക്സിക്കോയുടെ സാമ്പത്തിക ഉന്നമനത്തിന് ഉപോല്‍ബലകമായ നയം നടപ്പിലാക്കിയെങ്കിലും സാമൂഹിക പ്രശ്നങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്ന വിമര്‍ശനം ഇദ്ദേഹത്തിനെതിരായി ഉയര്‍ന്നുവന്നു. ദീര്‍ഘകാലം മെക്സിക്കോയുടെ ഭരണ നേതൃത്വം വഹിച്ച ഡിയാസിന് ഒരു സ്വേച്ഛാധിപതിയുടെ പരിവേഷമുണ്ട്. ജനവികാരം ഇദ്ദേഹത്തിനെതിരായിത്തീരുകയും ഫ്രാന്‍സിസ്കോ മാഡെറോയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ 1911-ല്‍ അധികാരമൊഴിഞ്ഞ് ഇദ്ദേഹം പാരിസിലേക്കു പോയി. അവിടെ 1915 ജൂല. 2-ന് നിര്യാതനായി.

(സി. മീര, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍