This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡിമിത്രി ഡോണ്‍സ്കോയ് (1350 - 89)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡിമിത്രി ഡോണ്‍സ്കോയ് (1350 - 89)
Dimitri(Dmitri)Donskoy
മോസ്കോയിലെ ഭരണാധിപന് (ഗ്രാന്‍ഡ് പ്രിന്‍സ്). ഡിമിത്രി ഇവാനോവിച് എന്നും പേരുണ്ട്. ഭരണാധികാരിയായിരുന്ന ഇവാന് രണ്ടാമന്റെ (1326-59) മകനായി 1350-ല്‍ ജനിച്ചു. ഇവാന് മരണമടഞ്ഞതിനെത്തുടര്‍ന്ന് ഇദ്ദേഹം 1359-ല്‍ മോസ്കോയിലെ ഭരണാധിപനായിത്തീര്ന്നപ്പോള് ഒമ്പതുവയസ്സു മാത്രമേ പ്രായമെത്തിയിരുന്നുള്ളൂ. ആയതിനാല്‍ റീജന്‍സിയിലാണ് ഭരണം തുടങ്ങിയത്. തന്റെ വരുതിയില്‍ നില്ക്കാന് തയ്യാറാകാത്ത മറ്റു ഭരണാധികാരികളോടേറ്റുമുട്ടുന്നതിന് ഡിമിത്രി മടിച്ചിരുന്നില്ല. മോസ്കോ കീഴടക്കാനുള്ള ലിത്വാനിയയുടെ ശ്രമങ്ങളെ 1360-കളില്‍ ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു. മോസ്കോയിലെ ക്രെംലിന് ശക്തിപ്പെടുത്തുന്നതിനുള്ള പണി 1367-ല്‍ തുടങ്ങി. തെക്കന്‍ റഷ്യയിലെ മംഗോള്‍-ടാട്ടറുകളുടെ രാജ്യമായിരുന്ന ഗോള്‍ഡന്‍ ഹോഡിലെ (Golden Hord) ഭരണാധിപന് (ഖാന്) ഇദ്ദേഹത്തിന്റെ ഭരണത്തെ അംഗീകരിച്ചിരുന്നു. 'വ്ളാഡിമിറിലെ ഗ്രാന്‍ഡ് പ്രിന്‍സ്' എന്ന പദവി അവര്‍ ഇദ്ദേഹത്തിനു നല്കി. റഷ്യയില്‍ 13-ാം ശ. -ത്തില്‍ ടാട്ടറുകളുടെ ആക്രമണം തുടങ്ങിയശേഷം അവരെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ തക്കവണ്ണം ശക്തിമാനായിത്തീര്ന്ന ആദ്യത്തെ റഷ്യന്‍ ഭരണാധികാരിയാണിദ്ദേഹം. ആഭ്യന്തരപ്രശ്നങ്ങള്‍ നിമിത്തം ഗോള്‍ഡന്‍ ഹോഡ് ദുര്‍ബലമായ സമയമായിരുന്നു ഇത്. ഡോണ്‍ നദിക്കു സമീപം കുലികോവോയില് 1380 സെപ്. -ല്‍ ടാട്ടറുകളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് റഷ്യയില്‍ ഇദ്ദേഹത്തിന് വ്യാപകമായ അംഗീകാരം നേടിക്കൊടുത്തു. ഇതിനെത്തുടര്‍ന്ന് ഡോണുമായി ബന്ധപ്പെട്ടവന്‍ എന്നര്‍ഥം വരുന്ന 'ഡോണ്‍സ്കോയ്' എന്ന പേരുകൂടി ഇദ്ദേഹത്തിനു ലഭിച്ചു. ടാട്ടര്‍ ഭരണാധിപനായിരുന്ന (ഖാന്), മമായി (Mamai)യെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. ഇദ്ദേഹം ടാട്ടറുകളെ തോല്‍പ്പിച്ചതോടെ മോസ്കോയിലെ ഗ്രാന്‍ഡ് പ്രിന്‍സിന്റെ അന്തസ്സും പദവിയും ഉയരുകയും ശക്തി വര്‍ധിക്കുകയുമുണ്ടായി. ഇതോടെ റഷ്യയിലെ ദേശീയ ഭരണാധിപനെന്ന പരിഗണന മോസ്കോയിലെ ഗ്രാന്‍ഡ് പ്രിന്‍സിന് ലഭിക്കുകയും ചെയ്തു. 1389-ല്‍ മോസ്കോയില്‍ ഇദ്ദേഹം നിര്യാതനായി.