This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിമിത്രിയസ് I (ബി. സി. 336 - 283)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിമിത്രിയസ് I (ബി. സി. 336 - 283)

Demetrius

മാസിഡോണിയയില്‍ ബി. സി. 294-288 കാലഘട്ടത്തില്‍ ഭരണം നടത്തിയിരുന്ന രാജാവ്. മഹാനായ അലക്സാറുടെ ജനറല്‍ ആയിരുന്ന ആന്റിഗോണസ് ഒന്നാമന്റെ മകനായിരുന്നു ഇദ്ദേഹം. അലക്സാറുടെ മരണശേഷം അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ആന്റിഗോണസും ഡിമിത്രിയസും ഒത്തുചേര്‍ന്ന് ശത്രുക്കളോടേറ്റുമുട്ടി. മാസിഡോണിയയിലെ റീജന്റായ ആന്റിപാറ്ററുടെ പുത്രി ഫിലയെ ഇദ്ദേഹം ബി. സി. 321-ല്‍ വിവാഹം കഴിച്ചു. പിതാവിന്റെ അധീനതയിലുള്ള പ്രദേശത്തിന്റെ തെക്കന്‍ അതിര്‍ത്തിയെ ഈജിപ്റ്റിലെ രാജാവായ ടോളമി I-ന്റെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കുകയെന്നതായിരുന്നു ഡിമിത്രിയസില്‍ നിക്ഷിപ്തമായിരുന്ന പ്രധാന ചുമതല. ബി. സി. 312-ല്‍ ഗാസയില്‍വച്ചു നടന്ന ഏറ്റുമുട്ടലില്‍ ഇദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍ 307-ല്‍ കസാന്‍ഡറോടു യുദ്ധം ചെയ്ത് ഏഥന്‍സിനെ സ്വതന്ത്രമാക്കിയതിന് അവിടത്തെ ജനതയുടെ പ്രശംസയ്ക്കു പാത്രീഭൂതനായി. 306-ല്‍ സൈപ്രസില്‍ വച്ച് ടോളമിയെ തോല്‍പ്പിക്കുവാന്‍ ഡിമിത്രിയസിനു കഴിഞ്ഞു. എന്നാല്‍ അതിനെത്തുടര്‍ന്ന് ഈജിപ്റ്റിനെതിരായുണ്ടായ യുദ്ധത്തില്‍ പരാജയപ്പെടുകയാണുണ്ടായത്. 305-ല്‍ റോഡ്സിലെ ഉപരോധം വിജയകരമായില്ലെങ്കില്‍ കൂടിയും അതില്‍ ഡിമിത്രിയസ് പ്രകടിപ്പിച്ച യുദ്ധപാടവം പ്രശംസനീയമാണ്. 304-ല്‍ ഗ്രീസിലെത്തിയ ഡിമിത്രിയസ് 303-ലും 302-ലും കസാന്‍ഡര്‍ക്കെതിരെ പൊരുതി പ്രശസ്ത വിജയം നേടുകയും പുതിയൊരു ഗ്രീക്ക് ലീഗ് (കോറിന്തിലെ ലീഗ്:League of Corinth) രൂപവത്കരിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് പിതാവ് ഇദ്ദേഹത്തെ ഏഷ്യന്‍ പ്രദേശത്തെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു. അവിടെ ഐപ്സസിലുണ്ടായ യുദ്ധത്തില്‍ (301) ഡിമിത്രിയസ് പരാജയപ്പെടുകയും പിതാവ് മരണമടയുകയും ചെയ്തു. എങ്കിലും പിതാവിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഏകോപിപ്പിച്ച് ഒരു സാമ്രാജ്യം നിലനിര്‍ത്താനായിരുന്നു ഇദ്ദേഹം തുടര്‍ന്നു ശ്രമിച്ചത്. 294-ല്‍ ഇദ്ദേഹം ഏഥന്‍സിലെത്തി മാസിഡോണിയയിലെ രാജാവായി സ്വയം അവരോധിതനായി. എന്നാല്‍ എപ്പിറസിലെ പൈറസ്, ത്രെയ്സിലെ ലിസിമാക്കസ് എന്നീ രാജാക്കന്മാരുടെ സംഘടിത ആക്രമണം മൂലം (288) ഏഷ്യാമൈനറിലേക്കു പലായനം ചെയ്ത് സെല്യുക്കസ് രാജാവിനു കീഴടങ്ങി കഴിയേണ്ടിവന്നു. ഈ അവസ്ഥയില്‍ തുടരവേ ബി. സി. 283-ല്‍ ഇദ്ദേഹം മരണമടഞ്ഞു.

(ഡോ. ബി. സുഗീത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍