This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിബ്ഡിന്‍, ചാള്‍സ് (1745-1814)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡിബ്ഡിന്‍, ചാള്‍സ് (1745-1814)

Dibdin,Charles

ഇംഗ്ലീഷ് സംഗീതജ്ഞനും നടനും നാടകകൃത്തും. 1745 മാ.-ല്‍ സതാംപ്റ്റണിലെ ഡിബ്ഡിനില്‍ ജനിച്ചു. വിഞ്ചസ്റ്റര്‍ കത്തീഡ്രലിലെ ഓര്‍ക്കെസ്ട്രാ നയിച്ചുകൊണ്ടാണ് സംഗീതലോകത്തേക്ക് പ്രവേശിച്ചത്. കെന്റ്, ഫസല്‍ തുടങ്ങിയവരില്‍ നിന്നും പരമ്പരാഗത സംഗീതാഭ്യാസനം നടത്തിയിട്ടുണ്ടെങ്കിലും ഇദ്ദേഹം തനതായ ഒരു ശൈലിക്ക് ജന്മം നല്‍കുകയാണുണ്ടായത്. ഇദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ സാഗര ഗീതങ്ങള്‍ വിശ്വപ്രസിദ്ധങ്ങളാണ്. 15-ാം വയസ്സില്‍ത്തന്നെ ഗായകനടന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിത്തുടങ്ങിയിരുന്ന ഇദ്ദേഹം പിന്നീട് നടനെന്ന പോലെ നാടകരചയിതാവ് എന്ന നിലയിലും പ്രശസ്തനായി.

1764 മേയ് 21-ന് പ്രഥമ നാടകമായ ദ് ഷെപ്പേഡ്സ് ആര്‍ട്ടിഫൈസ് കവന്റ് ഗാര്‍ഡില്‍ അവതരിപ്പിക്കപ്പെട്ടു. കുറച്ചുകാലം ബര്‍മിംഗ് ഹാമിലായിരുന്നുവെങ്കിലും കവന്റ് ഗാര്‍ഡിലായിരുന്നു ജീവിതകാലത്തിലേറെയും ചെലവഴിച്ചത്. അവിടത്തെ റോയല്‍ സര്‍ക്കസ് എന്ന ഓപ്പറ സംഘത്തിന്റെ മാനേജര്‍ ആയി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവര്‍ക്കു വേണ്ടി ഇദ്ദേഹം എട്ട് ഓപ്പറകള്‍ അവതരിപ്പിക്കുകയുണ്ടായി. 1789 മുതല്‍ 1805 വരെ ഇദ്ദേഹം രൂപകല്പന ചെയ്ത ഏകാംഗാവതരണം ലോകശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. ഒരു തരം 'മേശവിനോദം' എന്നു വിശേഷിപ്പിക്കാവുന്ന ഇതിന്റെ രചനയും സംഗീതസംവിധാനവും വിവരണ പാഠവും ഗാനാലാപനവുമെല്ലാം നിര്‍വഹിച്ചത് ഇദ്ദേഹം തന്നെയായിരുന്നു. ഈ കലാരൂപവുമായി ഇദ്ദേഹം ഭാരതസന്ദര്‍ശനവും നടത്തിയിട്ടുണ്ട്. 1796 ല്‍ ഇദ്ദേഹം സ്വന്തമായി ഒരു തിയെറ്റര്‍ സ്ഥാപിച്ചു. ടോംബൗളിംഗ്, ദ് ലാസ്സ് ദാറ്റ് ലവ്ഡ്-സെയ്ലര്‍ എന്നിവയാണ് പ്രധാന നാടകങ്ങള്‍. ദ് മ്യൂസിക്കല്‍ ടൂര്‍ ഓഫ് മി ഡിബ്ഡിന്‍ (1788) ഹിസ്റ്ററി ഒഫ് ദ് സ്റ്റേജ് (1795) പ്രൊഫഷണല്‍ ലൈഫ് (1803) എന്നിവയും ഏതാനും നോവലുകളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പുത്രന്മാരായ ചാള്‍സും (1768-1833) തോമസും (1771-1841) പ്രഗല്ഭനടന്മാരായിരുന്നു. 1814 ജൂല. 25-ന് ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍