This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡാ വിഞ്ചി, ലിയാനാര്‍ഡോ(1452-1519)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡാ വിഞ്ചി, ലിയാനാര്‍ഡോ(1452-1519)
da Vinci, Leonardo
ഇറ്റാലിയന്‍ ചിത്രകാരന്‍. ഇറ്റലിയിലെ സാംസ്കാരിക നവോത്ഥാനത്തിനു നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ ഡാവിഞ്ചി ശാസ്ത്രകാരനും ചിന്തകനുമായിരുന്നു. ടസ്കന്‍ ഗ്രാമത്തില്‍ ഒരു നോട്ടറിയുടെ മകനായി 1452-ല്‍ ജനിച്ച ഡാവിഞ്ചിയുടെ ചെറുപ്പകാലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പ്രസിദ്ധ ചിത്രകാരനായ വെറോച്ചിയോയുടെ കീഴില്‍ ഡാവിഞ്ചി പരിശീലനം നേടിയിരുന്നതായും അദ്ദേഹത്തിന്റെ 'ബാപ്റ്റിസം ഒഫ് ക്രൈസ്റ്റ്' എന്ന പെയിന്റിംഗില്‍ ഒരു മാലാഖയെ വരച്ചത് ഡാവിഞ്ചിയാണെന്നും മറ്റൊരു പെയിന്ററും ജീവചരിത്രകാരനുമായ വസാരി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ രചനയില്‍ ആകൃഷ്ടനായ വെറോച്ചിയോ അദ്ദേഹത്തിന്റെ മറ്റു പെയിന്റിങ് ജോലികളെല്ലാം ഡാവിഞ്ചിയെ ഏല്‍പിക്കുകയാണുണ്ടായത് . 1476 വരെ ഡാവിഞ്ചിയുടെ താമസം അദ്ദേഹത്തോടൊപ്പമായിരുന്നു. 1482 വരെ ഫ്ലോറന്‍സില്‍ താമസിച്ചശേഷം ഡാവിഞ്ചി മിലാനിലേക്കു പോയി.
അനന്‍സിയേഷന്‍ പോലെ പ്രസിദ്ധമായ പല രചനകളും ഫ്ലോറന്‍സില്‍ വെച്ചാണ് ഇദ്ദേഹം നിര്‍വഹിച്ചത്. ദി അഡൊറേഷന്‍ ഒഫ് ദ് മാഗി യാണ് ഇക്കാലത്തെ മറ്റൊരു മികച്ച സംഭാവന. 1499-ല്‍ ഫ്രഞ്ച് ആക്രമണം നടക്കുന്നതു വരെ ഡാവിഞ്ചി മിലാനില്‍ത്തന്നെ താമസിച്ചിരുന്നു. ഇക്കാലത്ത് ഡ്യൂക്ക് ലുഡോവിക്കൊയുടെ കോര്‍ട്ടില്‍ സേവനമനുഷ്ഠിച്ചു. ഒരു സംഗീതജ്ഞനെന്ന നിലയില്‍ ജോലിയില്‍ പ്രവേശിച്ച ഡാവിഞ്ചി പിന്നീട് യുദ്ധോപകരണങ്ങളുടെ രൂപകല്പനയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചു. പലതരം ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും അവയൊന്നും പൂര്‍ത്തികരിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ചിത്രരചനയിലും ഈ മനോഭാവം പ്രകടമാണ്. അനേകം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ഇദ്ദേഹം ഒരുമ്പെട്ടില്ല. ഒരു കലാകാരന്‍ സ്വന്തം കലയില്‍ വിദഗ്ധനായാല്‍ പോരെന്നും ഒരു മികച്ച ചിന്തകന്‍ കൂടിയാവണമെന്നും ഡാവിഞ്ചി വിശ്വസിച്ചിരുന്നു.
മിലാനില്‍ താമസിക്കുന്ന കാലത്താണ് ഡാവിഞ്ചി അതിപ്രശസ്തമായ ലാസ്റ്റ് സപ്പര്‍ എന്ന ചുവര്‍ചിത്രം പൂര്‍ത്തിയാക്കിയത്. ഡ്യൂക്ക് ലുഡൊവിക്കൊയുടെ മിസ്ട്രസ്സായ സിസിലിയായുടെ ചിത്രമാണ് ലേഡി വിത്ത് അന്‍ എര്‍മിന്‍ എന്ന മറ്റൊരു മികച്ച കലാസൃഷ്ടി. വിര്‍ജിന്‍ ഒഫ് ദ് റോക്ക് എന്ന അള്‍ത്താരയിലെ പ്രതിമയും ഇക്കാലത്താണ് നിര്‍മിച്ചത്. നവോത്ഥാനത്തിന്റെ ഭാഗമായ ക്ലാസ്സിക്കല്‍ ശൈലി ഈ സൃഷ്ടികളില്‍ തെളിഞ്ഞു കാണാം.
1502-ല്‍ ഫ്ലോറന്‍സില്‍ മിലിട്ടറി എഞ്ചിനീയറായി സേവനമനുഷ്ഠിച്ച ഡാവിഞ്ചി പിന്നീട് മിലാനിലേക്കും റോമിലേക്കും പോയെങ്കിലും ഫ്ളോറന്‍സിലെ താമസക്കാലത്താണ് കൂടുതല്‍ കലാസൃഷ്ടികള്‍ നടത്തിയത്. വിശ്വപ്രസിദ്ധമായ മൊണാലിസയും ബാറ്റില്‍ ഒഫ് അങ്ഖിയാരി എന്ന ചുവര്‍ചിത്രവും ഇക്കാലത്ത് പൂര്‍ത്തിയാക്കി. യുദ്ധചിത്രം പില്ക്കാലത്ത് നശിപ്പിക്കപ്പെട്ടുവെങ്കിലും റൂബന്‍സ് അതിന്റെയൊരു മികച്ച കോപ്പി തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു. 19-ാം ശ. വരെ പല ചിത്രകാരന്മാര്‍ക്കും യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് പ്രചോദനം നല്‍കിയ ഒരു സൃഷ്ടിയാണിത്.
1516-ല്‍ ഫ്രാന്‍സിസ് ഒന്നാമന്റെ ക്ഷണപ്രകാരം ഡാവിഞ്ചി ഫ്രാന്‍സിലേക്കു പോയി. 1519-ല്‍ മരിക്കുന്നതു വരെ അവിടെത്തന്നെ താമസിച്ച് ചിത്രരചന നടത്തി. സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് എന്ന ചിത്രമാണ് ഇക്കാലത്തെ ഒരു മികച്ച കലാസൃഷ്ടി. നവോത്ഥാന ശൈലിക്കു രൂപം നല്‍കിയ കലാസൃഷ്ടികളില്‍ ഡാവിഞ്ചിയുടെ സംഭാവന പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. മരണാനന്തരം അദ്ദേഹത്തിന്റെ കലാസംബന്ധമായ കുറിപ്പുകള്‍ സമാഹരിച്ച് ട്രീറ്റീസ് ഓണ്‍ പെയ്ന്റിങ് (1651) എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
പ്രകൃതിയെയല്ലാതെ മറ്റു മാര്‍ഗനിര്‍ദേശകരെ പിന്തുടരുന്നവര്‍ വൃഥാവ്യായാമത്തിലാണേര്‍പ്പെടുന്നതെന്നും ഒറ്റക്കിരിക്കുമ്പോഴല്ലാതെ ഒരു കലാകാരനും പൂര്‍ണത കൈവരിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ട ഡാവിഞ്ചിയുടെ വര്‍ണവിന്യാസ ചാതുരി ഏകാന്തതാബോധത്തിന്റെ പ്രതിഫലനമാണെന്നു പറയാം. ലോകം കണ്ടിട്ടുളള ഛായാചിത്രങ്ങളില്‍ മഹത്തരമെന്നു വാഴ്ത്തപ്പെട്ട മൊണാലിസ ഇതിനുത്തമോദാഹരണമാണ്. സ്ത്രൈണവും അതേസമയം അലൈംഗികവുമായ ആ പുഞ്ചിരിയില്‍ സ്നേഹവും വിദ്വേഷവും അലിഞ്ഞു ചേരുന്നുണ്ടെന്നാണ് നിരൂപകമതം. എണ്ണച്ചായചിത്രങ്ങളുടെ അനന്തസാധ്യതകള്‍ തുറന്നുകാട്ടിയ ആദ്യത്തെ ഇറ്റാലിയന്‍ ചിത്രകാരനായ ഡാവിഞ്ചി നവോത്ഥാന ശൈലിക്ക് അടിത്തറ പാകി. എണ്ണത്തില്‍ കുറവാണെങ്കിലും ഇദ്ദേഹത്തിന്റെ രചനകള്‍ അസാധാരണമായ ധിഷണാവൈഭവം വെളിവാക്കുന്നു.
മുന്‍ഗാമികളെ അതിശയിപ്പിച്ച മികവും തികവുമുറ്റ ഉജ്വല കലാശില്പങ്ങളുടെ സ്രഷ്ടാവും, ഉന്നതനായ ഒരു ചിത്രകാരനും പ്രതിമാ ശില്പിയും, ശതാബ്ദങ്ങള്‍ക്കു ശേഷമുളള ശാസ്ത്രീയ സിദ്ധാന്തങ്ങളെയും കണ്ടുപിടിത്തങ്ങളെയും മുന്‍കൂട്ടി വിഭാവനം ചെയ്ത ക്രാന്തദര്‍ശിയായ ഒരു വൈജ്ഞാനികനും ഉപജ്ഞാതവുമാണ് ഡാവിഞ്ചി.