This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാല്‍മന്‍, ഫ്രെഡറിക് ക്രിസ്റ്റോഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാല്‍മന്‍, ഫ്രെഡറിക് ക്രിസ്റ്റോഫ്

(1785 - 1860) Dahlmann,Friedrich Christoph

ജര്‍മനിയിലെ രാഷ്ട്രീയ നേതാവും ചരിത്രകാരനും. ജര്‍മനിയുടെ ഏകീകരണത്തിനുവേണ്ടി ഇദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചിരുന്നു. 1785 മേയ് 13-ന് ജര്‍മനിയിലെ വിസ്മര്‍ നഗരത്തില്‍ ജനിച്ചു. കോപ്പന്‍ഹേഗനിലും ഹാലി(Halle)യിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജര്‍മനിയില്‍ 1806-ലെ നെപ്പോളിയാനിക് യുദ്ധങ്ങള്‍ക്കെതിരായി പ്രതികരിച്ച ഇദ്ദേഹം ഒരു ദേശീയവാദിയായി അംഗീകാരം നേടി. 1812 മുതല്‍ 29 വരെ ഷെല്‍സ്വിഗിലെ കീല്‍ സര്‍വകലാശാലയില്‍ ചരിത്രവിഭാഗം പ്രൊഫസറായി ഡാല്‍മന്‍ സേവനമനുഷ്ഠിച്ചു. 1829-ല്‍ ഗോട്ടിങ്ങന്‍ സര്‍വകലാശാലയിലെത്തിയ ഇദ്ദേഹം 1833-ലെ ഹാനോവര്‍ ഭരണഘടന തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയുണ്ടായി. ഏണസ്റ്റ് അഗസ്റ്റസ് രാജാവ് 1837-ല്‍ ഈ ഭരണഘടന ഉപേക്ഷിച്ചപ്പോള്‍ ഇദ്ദേഹം ഏഴു ഗോട്ടിങ്ങന്‍ പ്രൊഫസര്‍മാരെ സംഘടിപ്പിച്ചുകൊണ്ട് പ്രതിഷേധിക്കുകയും അതോടെ ബഹുജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായിത്തീരുകയുമുണ്ടായി. തുടര്‍ന്ന് ഹനോവറില്‍ നിന്നും പുറത്താക്കപ്പെട്ട ഡാല്‍മന്‍ കുറേക്കാലം കിഴക്കന്‍ ജര്‍മനിയിലുളള ലീപ്സിഗിലും ജീനയിലും കഴിഞ്ഞുകൂടി. പിന്നീട് പ്രഷ്യയിലെ ഫ്രഡറിക് വില്യം കഢ ഇദ്ദേഹത്തെ ബോണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായി 1842-ല്‍ നിയമിച്ചു. 1848-ല്‍ ഫ്രാങ്ക്ഫര്‍ട്ട് പാര്‍ലമെന്റില്‍ ഇദ്ദേഹം അംഗമായി. പാര്‍ലമെന്റ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അംഗത്വം നഷ്ടപ്പെട്ടപ്പോള്‍ ബോണില്‍ അധ്യാപനത്തിലേക്കു മടങ്ങി. പിന്നീട് പ്രഷ്യന്‍ പാര്‍ലമെന്റിലും (1849-50) യൂണിയന്‍ പാര്‍ലമെന്റിലും (1850) അംഗമാകുവാന്‍ സാധിച്ചു.

ഒരു യാഥാസ്ഥിതിക ദേശീയവാദിയായിട്ടാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. എഡ്മണ്ട് ബര്‍ക്കിന്റേയും ഹെഗലിന്റേയും ആശയങ്ങള്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ചിന്താഗതിയെ സ്വാധീനിച്ചിട്ടുളളതായി കാണാം. ഭരണഘടനാനുസൃതമായ രാജഭരണത്തെ അനുകൂലിച്ചിരുന്ന നേതാവായിരുന്നു ഇദ്ദേഹം. ഹിസ്റ്ററി ഒഫ് ദി ഇംഗ്ലീഷ് റവല്യൂഷന്‍ (Geschichte der englischen Revolution 1844) ഹിസ്റ്ററി ഒഫ് ദ് ഫ്രെഞ്ച് റവല്യൂഷന്‍ (Geschichte der franzosischen Revolution 1845) തുടങ്ങിയ ചരിത്രഗ്രന്ഥങ്ങള്‍ ഡാല്‍മന്‍ രചിച്ചിട്ടുണ്ട്. 1860 ഡി. 5-ന് ബോണില്‍ നിര്യാതനായി.

(ഡോ. പി. എഫ്. ഗോപകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍