This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാലി, സാല്‍വഡോര്‍ (1904 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാലി, സാല്‍വഡോര്‍ (1904 - 89)

Dali, Salvador

സാല്‍വഡോര്‍ ഡാലി

സ്പാനിഷ് ചിത്രകാരനും ശില്പിയും. ഗ്രാഫിക് ചിത്രകാരന്‍, ഡിസൈനര്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ചെറുപ്പകാലത്തു തന്നെ ചിത്രരചനയില്‍ പ്രവേശിച്ച ഡാലി ക്യൂബിസം, ഫ്യൂച്ചറിസം, മെറ്റാഫിസിക്കല്‍ ചിത്രരചന എന്നീ ഘട്ടങ്ങള്‍ കടന്നാണ് സര്‍റിയലിസത്തില്‍ എത്തിച്ചേര്‍ന്നത്. 1920-ല്‍ ഇദ്ദേഹം പാരിസിലെത്തി അവിടെ താമസമുറപ്പിച്ചു. പരസ്യ പ്രചാരണങ്ങളില്‍ അതിവിദഗ്ധനായിരുന്ന ഡാലി വളരെ വൈകാതെ സര്‍റിയലിസത്തിന്റെ പ്രണേതാവായി മാറി. ജീവിതത്തില്‍ അസാധാരണത്വം പുലര്‍ത്തിയിരുന്ന ഡാലി പലപ്പോഴും വിചിത്രമായ വേഷവിധാനങ്ങളിലൂടെ ആരാധകരെ ആകര്‍ഷിച്ചിരുന്നു. 1936-ല്‍ ലണ്ടനില്‍ നടന്ന സര്‍റിയലിസ്റ്റ് എക്സിബിഷനില്‍ ഒരു നീന്തല്‍ക്കാരന്റെ വേഷമണിഞ്ഞാണ് ഡാലി എത്തിച്ചേര്‍ന്നത്.

ഡാലിയുടെ ഒരു പെയിന്റിങ്

സര്‍റിയലിസ്റ്റ് സിദ്ധാന്തമായ ഓട്ടോമാറ്റിസം സ്വീകരിച്ച ഡാലി അതു പരിഷ്കരിച്ച് ക്രിട്ടിക്കല്‍ പാരനോയിയ എന്ന സമ്പ്രദായത്തിന് രൂപം നല്‍കി. ഇതനുസരിച്ച് യുക്തിയുടെ നിയന്ത്രണം മനപ്പൂര്‍വം നിര്‍ത്തിവെച്ച് ക്ളിനിക്കല്‍ പാരനോയിയയിലെന്ന പോലെ തനതായ വിഭ്രാന്തി വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്നും ഈ സമ്പ്രദായം കലയിലും സാഹിത്യത്തിലുമെന്ന പോലെ ദൈനംദിന ജീവിതത്തിലും നടപ്പിലാക്കേണ്ടതാണെന്നും ഡാലി വാദിച്ചു. 1930-കളില്‍ ഡാലി വരച്ച പല ചിത്രങ്ങളും സര്‍റിയലിസ്റ്റ് ക്ളാസ്സിക്കുകളാണ്. അക്കാദമിക രീതിയില്‍ വരച്ച ചിത്രങ്ങളില്‍ കാണുന്ന ഡ്രീംസ്പേസും വിഭ്രാമക ബിംബവിതാനവും വിരോധാഭാസമായി അനുഭവപ്പെടുന്നു. കൈകൊണ്ടു വരച്ച സ്വപ്നചിത്രങ്ങളായിട്ടാണ് ഇവയെ ഡാലി വിശേഷിപ്പിച്ചത്. പകുതി തുറന്ന ഡ്രായറുകള്‍, ഉന്തിനില്‍ക്കുന്ന മനുഷ്യശരീരങ്ങളും, കത്തിയെരിയുന്ന ജീറാഫുകളും, മെഴുകു കൊണ്ടു നിര്‍മിച്ചതാണെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ ഉരുകിയൊലിക്കുന്ന വാച്ചുകളും ചിത്രങ്ങളില്‍ കാണാം. ദ് പെര്‍സിസ്റ്റന്‍സ് ഒഫ് മെമ്മറി എന്ന ചിത്രം ഏറെ പ്രശസ്തമാണ്.

1930-കളുടെ അന്ത്യത്തില്‍ ഡാലി പല തവണ ഇറ്റലി സന്ദര്‍ശിക്കുകയുണ്ടായി. ഇക്കാലത്ത് കൂടുതല്‍ പരമ്പരാഗതമായ ഒരു ശൈലിയാണ് ഡാലി സ്വീകരിച്ചത്. ഇക്കാരണത്താലും വിരുദ്ധമായ രാഷ്ട്രീയ വീക്ഷണത്താലും ഡാലിയെ സര്‍റിയലിസ്റ്റ് സംഘത്തില്‍ നിന്നും പുറത്താക്കിയതായി അതിന്റെ ഉപജ്ഞാതാവായ ബ്രെറ്റന്‍ പ്രഖ്യാപിച്ചു. 1940-ല്‍ അമേരിക്കയിലെത്തിയ ഡാലി 1948 വരെ അവിടെ താമസമുറപ്പിച്ചു. കൂടുതല്‍ പരസ്യപ്രചാരണം നടത്തുന്നതിനും ധനസമ്പാദനത്തിനുമാണ് ഡാലി ഇക്കാലം വിനിയോഗിച്ചത്. 1948-നുശേഷം സ്പെയിനിലെത്തിയ ഡാലി കൂടുതല്‍ കാലവും അവിടെയാണ് ചെലവഴിച്ചത്.

ഡാലിയുടെ ഒരു എണ്ണച്ചായ ചിത്രം

അവസാനകാലത്ത് ഡാലി രചിച്ച മതപരമായ ചില ചിത്രങ്ങളും ലോകപ്രശസ്തി നേടി. ദ് ക്രൂസിഫിക്ഷന്‍ ഒഫ് സെന്റ് ജോണ്‍ ഒഫ് ദ് ക്രോസ് ഇവയില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. അവസാനകാലത്ത് ഏകാന്ത വാസത്തില്‍ ഏര്‍പ്പെട്ട ഡാലിയെക്കുറിച്ച് പല കിംവദന്തികളും പരന്നിരുന്നു.

ചിത്രചനയ്ക്കു പുറമേ ശില്പനിര്‍മാണം, ഗ്രന്ഥ ചിത്രരചനകള്‍, ആഭരണ ഡിസൈനിങ്ങ് എന്നിവയിലും ഡാലി വൈദഗ്ധ്യം കാട്ടി. ചില സര്‍റിയലിസ്റ്റ് ചലച്ചിത്രങ്ങള്‍ക്കു വേണ്ടിയും ഡാലി പ്രവര്‍ത്തിക്കുകയുണ്ടായി. ആല്‍ഫ്രഡ് ഹിച്ഹോക്കിന്റെ 'സ്പെല്‍ ബൗണ്ട്' തഎന്ന ചലച്ചിത്രത്തിലെ (1945) ഒരു സ്വപ്ന സീക്വന്‍സ് ഡാലിയുടെ സംഭാവനയായിരുന്നു. ഹിഡന്‍ ഫേസസ് എന്ന പേരില്‍ ഒരു നോവലും പല വാല്യങ്ങളിലായി ഒരു ആത്മകഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ഒരു ചിത്രകാരനായിരുന്നെങ്കിലും ഡാലിയുടെ ഈ മേഖലയിലെ സ്ഥാനത്തെക്കുറിച്ച് നിരൂപകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 1930-കളിലെ സര്‍റിയലിസ്റ്റ് ചിത്രരചനകള്‍ മാത്രമാണ് ഡാലിയുടെ മികച്ച സംഭാവനകളെന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു. 1989-ല്‍ ഇദ്ദേഹം നിര്യാതനായി. സ്പെയിനില്‍ ഡാലിയുടെ ജന്മനാടായ ഫിഗറാസിലും അമേരിക്കയിലെ ഒഹായോവിലും ഫ്ളോറിഡയിലും ഓരോ ചിത്രാലയങ്ങള്‍ ഡാലിക്കു വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍