This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍വിന്‍, ചാള്‍സ് റോബര്‍ട്ട് (1809 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാര്‍വിന്‍, ചാള്‍സ് റോബര്‍ട്ട് (1809 - 82)

Darwin, Charles Robert

ബ്രിട്ടിഷ് പ്രകൃതിശാസ്ത്രജ്ഞന്‍. പരിണാമവാദത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലാണ് ഇദ്ദേഹം ലോകപ്രശസ്തനായത്. 1809 ഫെ. 12-ന് ഇംഗ്ലണ്ടിലെ ഷ്റൂസ്ബറിയില്‍ ജനിച്ചു. കവിയും ഭിഷഗ്വരനും ശാസ്ത്രകാരനുമായിരുന്ന ഇറാസ്മസ് ഡാര്‍വിന്റെ പൗത്രനാണിദ്ദേഹം. ചാള്‍സിന്റെ അച്ഛനും ഒരു ഭിഷഗ്വരനായിരുന്നു.

ചാള്‍സ് ഡാര്‍വിന്റെ വിദ്യാഭ്യാസം ആരംഭിച്ചത് ഷ്റൂസ്ബറി സ്കൂളിലായിരുന്നു. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഇദ്ദേഹം 1825-ല്‍ എഡിന്‍ബറോ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രപഠനത്തിനു ചേര്‍ന്നു. ചാള്‍സിന്റെ പിതാവ് കുടുംബപാരമ്പര്യമനുസരിച്ച് ഇദ്ദേഹത്തേയും ഒരു ഭിഷഗ്വരനാക്കണമെന്നാഗ്രഹിച്ചാണ് വൈദ്യശാസ്ത്രപഠനത്തിനു പ്രേരിപ്പിച്ചത്. പക്ഷേ ചാള്‍സിന് ഇതില്‍ തീരെ താത്പര്യമില്ലായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ ചുറ്റിലും കാണപ്പെടുന്ന ജന്തുക്കളില്‍ തത്പരനായിരുന്ന ചാള്‍സ് പ്രകൃതിശാസ്ത്രമാണ് പഠിക്കാനാഗ്രഹിച്ചത്. അതിനാല്‍ വൈദ്യശാസ്ത്രത്തോട് വിരക്തി തോന്നിയ ചാള്‍സ് 1828-ല്‍ സര്‍വകലാശാലയോട് വിടപറഞ്ഞു. പിന്നീട് ക്രൈസ്റ്റ് കോളജില്‍ ചേര്‍ന്ന ഇദ്ദേഹം 1831-ല്‍ പത്താം റാങ്കോടെ പ്രകൃതിശാസ്ത്രത്തില്‍ ബിരുദം നേടി. പ്രകൃതിശാസ്ത്രത്തോടൊപ്പം ഭൂവിജ്ഞാനീയത്തിലും അറിവുനേടിയിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യശാസ്ത്ര സംഭാവന സെഡ്ജ്വിക്ക് എന്ന ജിയോളജിസ്റ്റുമായി ചേര്‍ന്നു നടത്തിയ ഭൂസര്‍വേയിലെ പങ്കാളിത്തമായിരുന്നു. ഇതിലൂടെ വിവിധ രാജ്യങ്ങളുടെ ഭൂഘടനയെപ്പറ്റിയുള്ള അറിവും ചാള്‍സ് നേടിയെടുത്തു.

ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍

1831-ല്‍ തെ. അമേരിക്കയുടെ കടലോരം സര്‍വേ ചെയ്യാനായി പുറപ്പെട്ട ബീഗിള്‍ എന്ന കപ്പലിലെ പ്രകൃതിശാസ്ത്രജ്ഞനായി തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ചാള്‍സ് നിയമിതനായി. ബീഗിള്‍ പര്യടനം 1831 ഡി. 27-ന് തുടങ്ങി അഞ്ചുവര്‍ഷം നീണ്ടുനിന്നു. ഈ കാലയളവില്‍ ഇവര്‍ വിവിധ ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ചു. ഈ ഭൂഭാഗങ്ങളിലെയെല്ലാം ജന്തുക്കളുടെ സൂക്ഷ്മനിരീക്ഷണത്തിലായിരുന്നു ചാള്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇവിടെയെല്ലാം ജന്തുസ്പീഷീസിന് നേരിയ തോതില്‍ വ്യതിയാനം വന്നിട്ടുള്ളതായി ഇദ്ദേഹം കണ്ടെത്തി. യാത്രയ്ക്കിടയില്‍ ഗാലപ്പാഗോസ് എന്ന ദ്വീപില്‍ കുറച്ചുനാള്‍ തങ്ങുകയുണ്ടായി. അവിടെ കണ്ട ജന്തുക്കള്‍ ചാള്‍സ് ഡാര്‍വിന്റെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. അവിടെ കാണപ്പെട്ട ഭീമാകാരന്മാരായ ആമകളും പ്രത്യേകയിനം പക്ഷികളും ഈ ദ്വീപിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളിലൊന്നും തന്നെ ഇല്ലാത്തവയായിരുന്നു. ഇവിടെ കണ്ട പതിനാലിനത്തിലുള്ള പക്ഷികള്‍ ലോകത്തില്‍ മറ്റൊരിടത്തും ഉള്ളവയായിരുന്നില്ല. ഇപ്രകാരം സ്പീഷീസ് വ്യത്യസ്തമാകുന്നത് എന്തുകൊണ്ടാണ് എന്ന ചിന്തയാണ് ചാള്‍സിലെ പ്രകൃതിശാസ്ത്രജ്ഞനെ പരിണാമവാദസിദ്ധാന്തം കരുപ്പിടിപ്പിക്കുന്നതിലേക്കു നയിച്ചത്.

ബീഗില്‍ പര്യടനത്തിനുശേഷം ചാള്‍സ് ഡാര്‍വിന്‍ 1836-ല്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തി. ബീഗിളില്‍ പര്യടനം നടത്തിക്കൊണ്ടിരുന്ന കാലത്ത് പല ഭൂഭാഗങ്ങളില്‍ നിന്നു ശേഖരിച്ച സാമ്പിളുകളുടേയും വിവരങ്ങളുടേയും അടിസ്ഥാനത്തില്‍ ഡാര്‍വിന്‍ ഒരു ഗ്രന്ഥം രചിക്കാന്‍ തീരുമാനിച്ചു. വര്‍ഷങ്ങളോളം നീണ്ടുനിന്ന പഠനനിരീക്ഷണങ്ങള്‍ക്കുശേഷം ജീവിവര്‍ഗത്തിന്റെ പരിണാമത്തെപ്പറ്റിയുള്ള നിഗമനങ്ങളും അവയുടെ വിശദാംശങ്ങളും വിശകലനം ചെയ്യപ്പെടുന്ന ഒറിജിന്‍ ഒഫ് സ്പീഷീസ് എന്ന കൃതി 1859 ന. 24-ന് ഡാര്‍വിന്‍ പ്രസിദ്ധീകരിച്ചു. ഈ കൃതിയുടെ പൂര്‍ണനാമം ഓണ്‍ ദ് ഒറിജിന്‍ ഒഫ് സ്പീഷീസ് ബൈ മീന്‍സ് ഒഫ് നാച്വറല്‍ സെലക്ഷന്‍ ഓര്‍ ദ് പ്രിസര്‍വേഷന്‍ ഒഫ് ഫേവേര്‍ഡ് റേസസ് ഇന്‍ ദ് സ്ട്രഗിള്‍ ഫോര്‍ ലൈഫ് എന്നാണ്. ശാസ്ത്രരംഗത്തും സമൂഹത്തിലാകമാനവും ഒരു കൊടുങ്കാറ്റു തന്നെ ഈ കൃതി അഴിച്ചു വിടുകയുണ്ടായി. അതുവരെ ധരിച്ചു വച്ചിരുന്ന പല വിശ്വാസപ്രമാണങ്ങളേയും തകിടം മറിക്കുന്ന ആശയങ്ങളാണ് ഡാര്‍വിന്‍ ഈ കൃതിയിലൂടെ അവതരിപ്പിച്ചത്. ജീവന്റെ വികാസപരിണാമത്തെപ്പറ്റി ഡാര്‍വിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ യാഥാസ്ഥിതികരായ പലര്‍ക്കും സ്വീകാര്യമായിരുന്നില്ല. പ്രകൃതിനിര്‍ധാരണത്തിലൂടെ വര്‍ഷങ്ങള്‍ കൊണ്ടാണ് ജീവപരിണാമം നടന്നിട്ടുള്ളതെന്നും അല്ലാതെ ഒറ്റദിവസത്തെ സൃഷ്ടിയല്ല ഇതെന്നും ഡാര്‍വിന്‍ സമര്‍ഥിച്ചു. ഈ പ്രത്യേക സിദ്ധാന്തം ഡാര്‍വിനിസം എന്ന പേരില്‍ അറിയപ്പെടുന്നു. ആധുനിക ശാസ്ത്രനേട്ടങ്ങള്‍ സംഭാവന ചെയ്തിട്ടുള്ള അറിവുകള്‍ കൂടി ഉള്‍ക്കൊണ്ട് കാലാകാലങ്ങളില്‍ പരിഷ്കരിക്കപ്പെട്ട ഈ സിദ്ധാന്തം ഇന്ന് നിയോഡാര്‍വിനിസം എന്നാണ് അറിയപ്പെടുന്നത്.

1882 ഏ. 19-ന് ചാള്‍സ് ഡാര്‍വിന്‍ നിര്യാതനായി. ഇംഗ്ലണ്ടിലെ മഹാപുരുഷന്മാരുടെ ഭൗതികശരീരം അടക്കം ചെയ്യാറുള്ള വെസ്റ്റ്മിനിസ്റ്റര്‍ ആബിയില്‍ ന്യൂട്ടണ്‍, ഫാരഡേ എന്നീ ശാസ്ത്രകാരന്മാരുടെ കല്ലറകള്‍ക്കു സമീപത്താണ് ഡാര്‍വിന്റെ ഭൗതികശരീരവും അടക്കം ചെയ്തിട്ടുള്ളത്. നോ: പരിണാമസിദ്ധാന്തം.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍