This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാര്‍ഗോമിഷ്സ്കി, അലക്സാര്‍ സെര്‍ഗീവിച് (1813 - 69)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാര്‍ഗോമിഷ്സ്കി, അലക്സാണ്ടര്‍ സെര്‍ഗീവിച് (1813 - 69)

Dargomyzhsky, alxendar Sergeyevitch

റഷ്യന്‍ സംഗീതജ്ഞന്‍. 1813 ഫെ. 2(14)-ന് റഷ്യയിലെ ട്രോയ് സ്കോയ് ഗ്രാമത്തില്‍ ജനിച്ചു, ചെറുപ്പത്തിലേ വായ്പ്പാട്ടും പിയോനോ-വയലിന്‍ വാദനവും പഠിച്ചു തുടങ്ങി. 20-ാമത്തെ വയസ്സില്‍ത്തന്നെ ശ്രദ്ധേയനായ പിയോനോ വാദകനായി മാറി. 22-ാം വയസ്സില്‍ എം. ഐ. നിങ്കയുമായുണ്ടായ സൗഹൃദം ഇദ്ദേഹത്തിന്റെ സംഗീത ലോകത്തെ വിശാലമാക്കി. 1837-41 കാലയളവിലാണ് പ്രഥമ ഓപ്പറ രചിച്ചത്. ഹ്യൂഗോയുടെ നോത്രദാമിലെ കൂനന്‍ എന്ന രചനയെ ആധാരമാക്കി രചിച്ച ആ ഓപ്പറയുടെ പേര് എസ്മറാള്‍ഡ എന്നായിരുന്നു. കാല്പനികതയ്ക്ക് മുന്‍തൂക്കമുള്ള ഒരു രചനയായിരുന്നു ഇത്. കാല്പനികതയുടെ സമ്മോഹന ഭാവങ്ങള്‍ 1860-ല്‍ രചിച്ച ഐ ലവ്ഡ് യു, മാര്യേജ് സെലിബ്രേഷന്‍ തുടങ്ങിയ ഗാനങ്ങളിലുമുണ്ട്. എന്നാല്‍ യഥാതഥ സമീപനത്തിന്റെ ഉചിതമായ സന്നിവേശത്തിലൂടെ നിര്‍വഹിച്ച രചനകളാണ് ഇദ്ദേഹത്തെ വിഖ്യാതനാക്കിയത്. പുഷ്കിന്റെ ദ് മെര്‍മെയ്ഡിനെ അധികരിച്ച് അതേ പേരില്‍ത്തന്നെ തയ്യാറാക്കിയ ഓപ്പറ ഇതിനുദാഹരണമാണ്.

1850-കളില്‍ ഇദ്ദേഹം സംഗീതജ്ഞന്‍ എന്ന പോലെ സംഗീത പ്രചാരകന്‍ എന്ന നിലയിലും ശ്രദ്ധേയനായി. സംഗീതത്തെ സാമൂഹികപരിഷ്കരണത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് പല പരീക്ഷണങ്ങളും നടത്തി. 1859-ല്‍ റഷ്യന്‍ മ്യൂസിക് സൊസൈറ്റി ദേശീയ സമിതിയില്‍ അംഗമായി. മൂന്നു വര്‍ഷത്തിനകം തന്നെ റഷ്യന്‍ മ്യൂസിക് സൊസൈറ്റിയുടെ ദേശീയ പ്രസിഡന്റ് പദവിയിലെത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന മറ്റൊരു സംഗീത സംരംഭമാണ് 'റഷ്യന്‍ ഫൈവ്'. സമകാലികയുവസംഗീതജ്ഞരുമായി ചേര്‍ന്ന് ഇദ്ദേഹം രൂപകല്പന ചെയ്ത ഒരു പ്രസ്ഥാനമാണിത്.

60-കളില്‍ ഇദ്ദേഹത്തിന്റെ സംഗീതയാത്ര സിംഫണികളിലേക്കു നീങ്ങി. നാടോടി ഇതിവൃത്തങ്ങളെ അധികരിച്ചുള്ളവയായിരുന്നു രചനകള്‍. ഫ്രം വോള്‍ഗാ റ്റൂ റിഗാ (1862), കസാഖോക് (1864), ഫാന്റസി ഓണ്‍ ഫിന്നിഷ് തീംസ് (1867) തുടങ്ങിയവ ഉദാഹരണം. തുടര്‍ന്ന് തിരുത്തലുകളില്ലാതെ ഒരു സാഹിത്യകൃതിയെ ഓപ്പറയാക്കി അവതരിപ്പിക്കുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളായി. 1866-ല്‍ പുഷ്കിന്റെ ദ് സ്റ്റോണ്‍ ഗസ്റ്റ് ആയിരുന്നു അതിനായി തിരഞ്ഞെടുത്തത്. പക്ഷേ അതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ഡാര്‍ഗോമിഷ്സ്കിയുടെ രചനകള്‍ സാമൂഹികാസമത്വത്തില്‍ ചുവടുറപ്പിച്ചവയായിരുന്നു. അവ മര്‍ദിത ജനതയുടെ ആകുലതകളെ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചു. ആഖ്യാനത്തില്‍ നാടകീയത നിലനിര്‍ത്തുന്നതിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. "സംഗീതം സത്യത്തിന്റെ പദാവലികള്‍ കൈമാറുന്നതിനുള്ള ഉപാധിയാണ് എന്നു വിശ്വസിച്ചിരുന്ന ഇദ്ദേഹം റഷ്യന്‍ സംഗീതത്തെ സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെടുത്തിയവരില്‍ പ്രമുഖനാണ്. 1869 ജനു. 17-ന് സെന്റ് പീറ്റേഴ്സ് ബെര്‍ഗില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍