This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാമിയന്‍, ഫാദര്‍ (1840 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാമിയന്‍, ഫാദര്‍ (1840 - 88)

Damien, Father

ബെല്‍ജിയന്‍ വൈദികന്‍. ഹാവായിലെ മൊളൊക്കായ് ദ്വീപിലെ കുഷ്ഠരോഗികളുടെ ഇടയില്‍ നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തെ ലോക പ്രശസ്തനാക്കി. ജോസഫ് ദി വ്യൂസ്റ്റര്‍ എന്നായിരുന്നു യഥാര്‍ഥനാമം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചികിത്സകനായ ഡാമിയന്റെ നാമം, തിരുസഭയില്‍ ചേര്‍ന്നപ്പോള്‍ ഇദ്ദേഹം സ്വയം സ്വീകരിക്കുകയാണുണ്ടായത്.

1840 ജനു. 3-ന് ബെല്‍ജിയത്തിലെ ട്രെമലുവില്‍ ഡാമിയന്‍ ജനിച്ചു. 1860-ല്‍ 'കോണ്‍ഗ്രിഗേഷന്‍ ഒഫ് ദ് സേക്രഡ് ഹാര്‍ട്ട്സ് ഒഫ് ജീസസ് ആന്റ് മേരി' എന്ന സഭയില്‍ ഇദ്ദേഹം അംഗമായി ചേര്‍ന്നു. 1864-ല്‍ ഇദ്ദേഹത്തെ ഹാവായിലേക്ക് അയച്ചു; മേയ് മാസത്തില്‍ ഇദ്ദേഹത്തിനു വൈദികപട്ടവും നല്‍കി. നിരവധി വര്‍ഷം മതപ്രചാരകനായി ഡാമിയന്‍ ഹാവായില്‍ പ്രവര്‍ത്തിച്ചു. അവിടെ ദേവാലയങ്ങള്‍ നിര്‍മിക്കുന്നതിനും ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനും ഇദ്ദേഹം കഠിനാധ്വാനം ചെയ്തിരുന്നു.

മൊളൊക്കായ് ദ്വീപില്‍ കഷ്ടപ്പെടുന്ന കുഷ്ഠരോഗികളെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഡാമിയനെ 1873-ല്‍ അവിടേക്ക് അയച്ചു. ഡാമിയന്‍ മൊളൊക്കായിലെത്തുമ്പോള്‍ അവിടെ പാര്‍പ്പിച്ചിരുന്ന കുഷ്ഠരോഗികളുടെ സ്ഥിതി വളരെ പരിതാപകരമായിരുന്നു, രോഗം പടര്‍ന്നു പിടിക്കുന്നതു തടയാനായി മാറ്റി പാര്‍പ്പിച്ചിരുന്ന അറുനൂറോളം കുഷ്ഠരോഗികള്‍ അന്നു മൊളൊക്കായില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും കപ്പല്‍ മാര്‍ഗം എത്തിച്ചുകൊടുത്തിരുന്നു എന്നതൊഴിച്ചാല്‍ അവര്‍ക്ക് മറ്റൊരു സഹായവും ലഭിച്ചിരുന്നില്ല. ഫാദര്‍ ഡാമിയന്‍ അറപ്പും വെറുപ്പും കൂടാതെ കുഷ്ഠരോഗികളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും അവരുടെ മുറിവുകളില്‍ മരുന്നു പുരട്ടുകയും മറ്റു ശുശ്രൂഷകള്‍ നടത്തുകയും ചെയ്തു.പാര്‍പ്പിടങ്ങള്‍, ദേവാലയങ്ങള്‍, റോഡുകള്‍ എന്നിവ നിര്‍മിക്കുന്നതിലും ഇദ്ദേഹം അവരെ സഹായിച്ചു. മരിച്ചവരെ മറവുചെയ്യാനുള്ള കുഴികള്‍ നിര്‍മിക്കുന്ന പ്രവൃത്തികളില്‍പ്പോലും ഫാദര്‍ ഡാമിയന്‍ പങ്കെടുത്തിരുന്നു.

ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഡാമിയനും കുഷ്ഠരോഗബാധിതനായിത്തീര്‍ന്നു. എന്നാലും ഇദ്ദേഹം കര്‍മരംഗത്തു നിന്നും പിന്തിരിഞ്ഞില്ല. രണ്ടു വൈദികരുടെയും രണ്ടു ശെമാശന്‍മാരുടെയും ഒരു സംഘം ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റര്‍മാരുടെയും സഹായത്തോടെ ഇദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 1886-ല്‍ ഇറാ ബാര്‍ണസ് ഡട്ടണ്‍ (Ira Barnes Dutton) എന്ന വ്യക്തിയുടെ സേവനവും ഇദ്ദേഹത്തിനു ലഭ്യമായി.

ഫാദര്‍ ഡാമിയന്‍ മൊളൊക്കായ് ദ്വീപില്‍ നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. ഡാമിയന്റെ മാതൃകാകോളനി സന്ദര്‍ശിക്കുവാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ എത്തിയിരുന്നു. 1888 ഏ. 15-ന് ഫാദര്‍ ഡാമിയന്‍ അന്തരിച്ചു. ശവസംസ്കാരം മൊളൊക്കായില്‍ നടന്നുവെങ്കിലും ഭൌതികാവശിഷ്ടം 1936-ല്‍ ബല്‍ജിയത്തിലേക്കു തിരിച്ചുകൊണ്ടുവന്ന് അവിടെ സംസ്കരിക്കുകയാണുണ്ടായത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍