This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡാമറോഷ്, വാള്‍ട്ടര്‍ ജോഹന്നസ് (1862 - 1950)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡാമറോഷ്, വാള്‍ട്ടര്‍ ജോഹന്നസ് (1862 - 1950)
Damrosch, Walter Johannes
ജര്‍മന്‍-അമേരിക്കന്‍ സംഗീതജ്ഞന്‍. വിഖ്യാത ഡാമറോഷ് സംഗീതകുടുംബത്തില്‍ ലിയോ പോള്‍ഡിന്റെ പുത്രനായി 1862 ജനു. 30-ന് ജനിച്ചു. 1871-ല്‍ പിതാവിനോടൊപ്പം അമേരിക്കയില്‍ പോയി. വീണ്ടും ജര്‍മനിയിലേക്കു മടങ്ങിയെത്തി. അതിനെത്തുടര്‍ന്നാണ് ഇദ്ദേഹം സംഗീതാഭ്യസനം ആരംഭിച്ചത്. പഠനശേഷം അമേരിക്കയിലെത്തുകയും പിതാവിന്റെ സഹായിയായി കൂടുകയും ചെയ്തു. ന്യൂയോര്‍ക്ക് സിംഫണിക്കുവേണ്ടി ലിയോപോള്‍ഡ് രചിച്ച ഓര്‍ക്കെസ്ട്രകളില്‍ ഇദ്ദേഹത്തിന്റെ ഗണ്യമായ സംഭാവന ഉണ്ടായിട്ടുണ്ട്. 1885 മുതല്‍ ഡാമറോഷ് സ്വതന്ത്രമായ രചനയും അവതരണവും തുടങ്ങി. 1928 വരെ ന്യൂയോര്‍ക്ക് സിംഫണി സൊസൈറ്റിയുടെ മുഖ്യ അവതാരകനായി സേവനമനുഷ്ഠിച്ചു. 1926 മുതല്‍ ആരംഭിച്ച റേഡിയോ സംഗീതപരിപാടി ഇദ്ദേഹത്തെ സംഗീതപ്രക്ഷേപണ ലോകത്തെ കുലപതികളിലൊരാളാക്കി. ഓപ്പറകള്‍, ഗാനങ്ങള്‍, ഉപകരണസംഗീതം എന്നിവയിലെല്ലാം ഡാമറോഷ് തന്റെ സര്‍ഗവൈഭവം പ്രകടമാക്കിയിട്ടുണ്ട്. ദ് സ്കാര്‍ലറ്റ് ലെറ്റര്‍ (1896), ദ് മാന്‍ വിത്തൗട്ട് എ കണ്‍ട്രി (1937) എന്നിവ വിശ്വപ്രസിദ്ധങ്ങളാണ്. 1923-ല്‍ ഇദ്ദേഹത്തിന്റെ ആത്മകഥയായ മൈ മ്യൂസിക്കല്‍ ലൈഫ് പ്രകാശിതമായി. 1950 ഡി. 22-ന് ഡാമറോഷ് അന്തരിച്ചു.