This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡാനിയേല്‍, ജെ. സി. (1893-1975)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡാനിയേല്‍, ജെ. സി. (1893-1975)
മലയാളത്തിലെ പ്രഥമ ചലച്ചിത്രത്തിന്റെ ശില്പി. 1928-ല്‍ ഇദ്ദേഹം നിര്‍മിച്ചവതരിപ്പിച്ച വിഗതകുമാരന്‍ എന്ന നിശ്ശബ്ദ ചിത്രത്തിലൂടെയാണ് മലയാളസിനിമ പിറവിയെടുത്തത്. വിഗതകുമാരന്റെ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമെല്ലാം ഇദ്ദേഹം തന്നെയായിരുന്നു.
1893-ല്‍ ഇപ്പോഴത്തെ കന്യാകുമാരി ജില്ലയിലുള്‍പ്പെട്ട അഗസ്തീശ്വരത്ത് സോമസുന്ദരത്തിന്റെ പുത്രനായി ജനിച്ചു. അഗസ്തീശ്വരത്തും തിരുവനന്തപുരത്തുമായിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ദന്തവൈദ്യമായിരുന്നു ഉപജീവനമാര്‍ഗം. കളരിപ്പയറ്റ് പ്രചരിപ്പിക്കുന്നതിനുവേണ്ടി ജീവിതമുഴിഞ്ഞുവച്ചിരുന്ന ഈ ദന്തവൈദ്യന്‍ സിനിമയെക്കുറിച്ച് അറിഞ്ഞു തുടങ്ങിയ കാലം മുതല്‍ അതിലും അദമ്യമായ അഭിനിവേശം പ്രകടിപ്പിച്ചു തുടങ്ങി. സിനിമയില്‍ അഭിനയിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. പക്ഷേ, കേരളത്തില്‍ സിനിമ വേരൂന്നിയിട്ടില്ലാത്ത സാഹചര്യത്തില്‍ അത് അസാധ്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട് കേരളത്തില്‍ സിനിമ എത്തിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ പിന്നീടുള്ള പരിപാടി. തന്റെ ജന്മാഭിലാഷങ്ങളിലൊന്നായ കളരിപ്പയറ്റിന്റെ പരിപോഷണത്തിന് സിനിമയെ ഉപയോഗിക്കാമെന്നും ഇദ്ദേഹം പ്രത്യാശിച്ചു. അതിന്റെ പരിണതഫലമാണ് നിരവധി കളരിപ്പയറ്റുരംഗങ്ങള്‍ കൂടി ഉള്‍ക്കൊണ്ടു രൂപം പൂണ്ട പ്രഥമ മലയാളചിത്രമായ വിഗതകുമാരന്‍.
ഈ ചിത്രത്തിന്റെ നിര്‍മാണത്തിനുവേണ്ടി അനുഷ്ഠിച്ച സഹനസേവനങ്ങളും അന്വേഷണങ്ങളും പരിശ്രമങ്ങളും അവയുടെ പരിണതിയുമാണ് ഡാനിയേലിന്റെ ജീവചരിത്രം എന്നു പറയാം. അന്നു മദിരാശിയിലും ബോംബേയിലുമൊക്കെ സിനിമ പ്രചരിച്ചു കഴിഞ്ഞിരുന്നു. സിനിമയുടെ സാങ്കേതികവിദ്യയും സൗകര്യങ്ങളും സ്വന്തമാക്കുന്നതിനുള്ള വഴികളെപ്പറ്റി അന്വേഷിച്ചുകൊണ്ട് അവിടങ്ങളിലെ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് കത്തുകളെഴുതി. പക്ഷേ വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധങ്ങളുമായ മറുപടികളാണു ലഭിച്ചത്. ഡാനിയേല്‍ നിരാശനാകാതെ മദിരാശിയിലേക്കു വികയറി. കളരിപ്പയറ്റിനെപ്പറ്റി രണ്ടായിരം അടി ദൈര്‍ഘ്യമുള്ള ഒരു ചിത്രം നിര്‍മിക്കുന്നതിനുവേ സൗകര്യങ്ങള്‍ സ്വന്തമാക്കുകയായിരുന്നു അപ്പോഴത്തെ ലക്ഷ്യം. ഇതിനായി തന്റെ വസ്തുവകകള്‍ ഒന്നടങ്കം അന്യാധീനപ്പെടുത്തി നാലുലക്ഷം രൂപ സ്വരൂപിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഡാനിയേലിന്റെ ഈ സാഹസികത കണ്ട് ഇദ്ദേഹത്തെ പുച്ഛിച്ചുതള്ളി. പക്ഷേ ഡാനിയേല്‍ അതൊന്നും വകവയ്ക്കാതെ മദിരാശിയിലെത്തി. അവിടെ നിന്ന് തികഞ്ഞ അവഗണനയും അപമാനവുമായിരുന്നു ലഭിച്ചത്. ദിവസങ്ങളോളം കാത്തുനിന്നിട്ടും അവിടത്തെ ഏതെങ്കിലുമൊരു സിനിമാ സ്റ്റുഡിയോയുടെ ഗേറ്റു കടക്കാന്‍പോലും ഇദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. എങ്കിലും നിരാശനാകാതെ ഡാനിയേല്‍ ബോംബേയിലേക്ക് യാത്രതിരിച്ചു. അവിടെ വളരെ കഷ്ടപ്പെട്ട് സിനിമയുടെ സാങ്കേതികവശം പഠിക്കാനുള്ള അവസരം ഉണ്ടാക്കിയെടുത്തു. പഠിക്കുകമാത്രമല്ല, ഒരു സിനിമ നിര്‍മിക്കുന്നതിനുള്ള എല്ലാ ഉപകരണസാമഗ്രികളും സ്വന്തമാക്കുകയും ചെയ്തു. അവയുമായി ഡാനിയേല്‍ തിരുവനന്തപുരത്തെത്തി പട്ടത്ത്, ഇന്നത്തെ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് ലിമിറ്റഡ് എന്നപേരില്‍ ഒരു സ്റ്റുഡിയോ സ്ഥാപിച്ചു. ഇതാണ് കേളത്തിലെ പ്രഥമ ചലച്ചിത്ര സ്റ്റുഡിയോ.
സ്റ്റുഡിയോ നിര്‍മിച്ചിട്ടും സിനിമാനിര്‍മാണം സുഗമമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ ഇദ്ദേഹത്തിനു സാധിച്ചില്ല. അഭിനയിക്കാന്‍ നടിയെ ലഭിക്കുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. ഒരു മലയാളി സ്ത്രീയും സിനിമയിലഭിനയിക്കാന്‍ അന്നു തയ്യാറായില്ല. എങ്കിലും പിന്തിരിയാതെ ഡാനിയേല്‍ പത്രങ്ങളില്‍ പരസ്യം ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ബോംബേയില്‍ നിന്ന് ലാനാ എന്നൊരു പെണ്‍കുട്ടി സന്നദ്ധയായി വന്നുചേര്‍ന്നു. അവര്‍ കുറച്ചു ദിവസം സഹകരിച്ചെങ്കിലും പൂര്‍ത്തിയാക്കാതെ പെട്ടെന്നു മടങ്ങിപ്പോയി. ഒടുവില്‍ റോസി എന്നു പേരുള്ള ഒരു ആംനോ-ഇന്ത്യന്‍ വനിതയെ അഭിനേത്രിയായി കണ്ടുപിടിച്ചു. തന്റെ മകന്‍ സുന്ദറിനെ നായകനാക്കിക്കൊണ്ട് ഉടന്‍തന്നെ സിനിമാചിത്രീകരണം ആരംഭിച്ചു. ലൈറ്റിംഗ് സംവിധാനങ്ങളൊന്നുമില്ലായിരുന്നതിനാല്‍, മേല്‍ക്കൂരയില്ലാത്ത മുറിയില്‍വച്ച് പകല്‍ വെളിച്ചത്തിലായിരുന്നു ഷൂട്ടിംഗ്. ഓരോ ദിവസവും ചിത്രീകരിച്ചവ അതാതു ദിവസം രാത്രി ഉറക്കമിളച്ചിരുന്നു പ്രോസസ്സ് ചെയ്ത്, റഷസ് (rushes) കണ്ട് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. അങ്ങനെ 1928-ല്‍ വിഗതകുമാരന്‍ യാഥാര്‍ഥ്യമായിത്തീര്‍ന്നു. വീണ്ടും നിരവധി പ്രശ്നങ്ങള്‍ തലയുയര്‍ത്തി. ഒരു സ്ത്രീ അഭിനയിക്കുന്നത്, വിശേഷിച്ചു പ്രണയരംഗങ്ങളില്‍-ജനങ്ങള്‍ക്കൊട്ടും സഹിക്കുവാനോ അംഗീകരിക്കുവാനോ സാധിച്ചില്ല. പലരും അതിനെ ശക്തിയായി എതിര്‍ത്തു. ഒരു പ്രദര്‍ശനത്തിനിടയ്ക്ക് കലികൊ കുറേ ആളുകള്‍ കല്ലേറു നടത്തി; തിരശ്ശീല കീറുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും വിഗതകുമാരന്‍ എന്ന പ്രഥമ ചിത്രം 'പ്രദര്‍ശനവിജയം' നേടുകതന്നെ ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് എതിര്‍വശത്ത് അന്നുണ്ടായിരുന്ന ക്യാപ്പിറ്റോള്‍ തിയറ്ററിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് നാഗര്‍കോവില്‍, കൊല്ലം, ആലപ്പുഴ, തലശ്ശേരി എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. 1929-ല്‍ ഡാനിയേലിനെ ജനങ്ങള്‍ മെഡല്‍ നല്‍കി ആദരിക്കുകയുമുണ്ടായി.
പക്ഷേ ഡാനിയേലിന് പിന്നീടൊരു ചിത്രം നിര്‍മിക്കാനായില്ല. കടത്തില്‍ മുങ്ങിപ്പോയതാണ് കാരണം. രണ്ടാമതൊരു ചിത്രത്തിന്റെ തിരക്കഥ ഇദ്ദേഹം തയ്യാറാക്കിയിരുന്നു. മധുരപ്രതികാരം അഥവാ പ്രതികാരത്തിന്റെ ശാപം എന്നായിരുന്നു പേര്. എന്നാല്‍ സാമ്പത്തിക പരാധീനതകാരണം ഇദ്ദേഹത്തിന് ചലച്ചിത്ര നിര്‍മാണോപകരണങ്ങള്‍ വില്‍ക്കേണ്ടിവന്നു. എല്ലാം വിറ്റുപെറുക്കി കടം വീട്ടി മദിരാശിയിലെത്തിയ ഇദ്ദേഹം അമേരിക്കന്‍ ദന്തല്‍ വര്‍ക്സില്‍ നിന്നും ദന്തവൈദ്യം പഠിച്ചു. തുടര്‍ന്ന് തിരുനെല്‍വേലിക്കടുത്തുള്ള പാളയംകോട്ടയില്‍ ഒരു ദന്താശുപത്രി സ്ഥാപിച്ചു (1936). പിന്നീട് ജന്മനാടായ അഗസ്തീശ്വരത്തു മടങ്ങിയെത്തി. അവിടെ ബന്ധുജനങ്ങളാല്‍ അപഹാസിതനായി കൊടിയദാരിദ്ര്യത്തിലും രോഗത്തിലുംപെട്ട് ജീവിതം തള്ളിനീക്കേണ്ടിവന്നു. കേരളത്തിന്റെ കലാസാംസ്കാരിക ചരിത്രത്തിലെ ഒരു വലിയ പ്രസ്ഥാനത്തിന് നാന്ദികുറിച്ച ആ പ്രതിഭാശാലിയുടെ അഭിലാഷങ്ങളും യാതനകളും എന്നെന്നേക്കുമായി ഒടുങ്ങിയത് 1975-ല്‍ മരണത്തോടെ മാത്രമായിരുന്നു. ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡാണ് ജെ. സി. ഡാനിയേല്‍ പുരസ്കാരം. 1993-ലാണ് ഇതു നിലവില്‍ വന്നത്. മലയാളസിനിമയ്ക്ക് സമഗ്രസംഭാവന നല്‍കിയ വ്യക്തികള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന അവാര്‍ഡാണിത്. പി. ഭാസ്ക്കരന്‍, അഭയദേവ്, ഏ. വിന്‍സന്റ്, എം. കൃഷ്ണന്‍നായര്‍, പി. എന്‍. മേനോന്‍, യേശുദാസ് തുടങ്ങിയവര്‍ ഈ അവാര്‍ഡ് നേടിയവരില്‍പ്പെടുന്നു. നോ: വിഗതകുമാരന്‍
(വക്കം എം. ഡി., മോഹന്‍ദാസ്, സ. പ.)