This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡാങ്കേ, എസ്.എ. (1899 - 1991)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡാങ്കേ, എസ്.എ. (1899 - 1991)
ഇന്ത്യന്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനും ട്രേഡ്യൂണിയന്‍ സംഘാടകനും. ഇദ്ദേഹം അന്താരാഷ്ട്ര രാഷ്ട്രീയ-തൊഴിലാളി പ്രസ്ഥാന രംഗത്തു പ്രശസ്തി നേടിയിരുന്നു. ശ്രീപദ് അമൃത് ഡാങ്കേ എന്നാണ് മുഴുവന്‍ പേര്. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു ഇടത്തരം ബ്രാഹ്മണ കുടുംബത്തില്‍ അമൃത് രഘുനാഥ് ഡാങ്കേയുടെ പുത്രനായി 1899 ഒ. 10-ന് ആയിരുന്നു ജനനം. നാസിക്കിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മുംബൈയിലെ വില്‍സണ്‍ കോളജില്‍ ചേര്‍ന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയ കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചുതുടങ്ങി. ബാലഗംഗാധര തിലകന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡാങ്കേ പ്രചോദനമുള്‍ക്കൊണ്ടിരുന്നു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് വിദ്യാഭ്യാസമുപേക്ഷിച്ച് ദേശീയ പ്രസ്ഥാനപ്രവര്‍ത്തനങ്ങളിലേക്കു കടക്കാന്‍ ഡാങ്കേ തയ്യാറായി. എന്നാല്‍ പിന്നീട് ഇദ്ദേഹം ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളോടു വിയോജിക്കുകയും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാവുകയും ചെയ്തു.
1920-ല്‍ ഡാങ്കേ ആള്‍ ഇന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ (എ. ഐ. റ്റി. യു. സി.) സ്ഥാപകാംഗമായി. ഇന്ത്യയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപിക്കുന്നതിനു മുന്‍കൈയെടുക്കാന്‍ മറ്റു പലരോടുമൊപ്പം ഡാങ്കേയും മുന്നോട്ടു വന്നു. സോഷ്യലിസ്റ്റ് എന്ന വാരികയുടെ പത്രാധിപരായി ഡാങ്കേ 1922 മുതല്‍ 24 വരെ പ്രവര്‍ത്തിച്ചു
കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ മറ്റു പലരോടുമൊപ്പം ഡാങ്കേയെ അറസ്റ്റു ചെയ്ത് 1924 മുതല്‍ 27 വരെ ജയിലില്‍ അടച്ചിരുന്നു. മോചിതനായശേഷം ബോംബെ(മുംബൈ)യില്‍ തുണിമില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 'ബോംബെ ഗിര്‍നി കംഗാര്‍ യൂണിയന്‍' (തുണിമില്‍ തൊഴിലാളി യൂണിയന്‍) സ്ഥാപിതമായി. മുംബൈയിലെ തുണിമില്‍ തൊഴിലാളികള്‍ 1928-ല്‍ നടത്തിയ ആറുമാസം നീണ്ടു നിന്ന ഐതിഹാസിക സമരത്തിനു നേതൃത്വം നല്‍കിയത് ഡാങ്കേ ആയിരുന്നു. പിന്നീട് മീററ്റ് ഗൂഢാലോചനക്കേസില്‍ ശിക്ഷിക്കപ്പെട്ട് 1929 മുതല്‍ 35 വരെ ജയിലില്‍ കഴിയേണ്ടി വന്നു. മോചിതനായശേഷം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടര്‍ന്നു നടത്തി. യുദ്ധവിരുദ്ധപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഇദ്ദേഹത്തെ 1939 മുതല്‍ 43 വരെ ജയിലിലടച്ചു.
കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയില്‍ ഡാങ്കേ 1943-ല്‍ അംഗമായി. ഇതേവര്‍ഷംതന്നെ എ. ഐ. റ്റി. യു. സി. യുടെ പ്രസിഡന്റാവുകയും ചെയ്തു. ട്രേഡ് യൂണിയനുകളുടെ ലോകഫെഡറേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. 1946 മുതല്‍ 51 വരെ ബോംബെ ലെജിസ്ലേറ്റിവ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1950 - ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലെ അംഗമായി ഉയര്‍ന്നു. 1957 മുതല്‍ 62 വരേയും 67 മുതല്‍ 70 വരേയും ലോക്സഭയില്‍ അംഗമായി പ്രവര്‍ത്തിച്ചു. 1962-ല്‍ ചൈന നടത്തിയ ഇന്ത്യന്‍ ആക്രമണത്തെ ഡാങ്കേ അപലപിച്ചു. തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ 1964-ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിക്കുകയുണ്ടായി. അതുവരെ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്ന ഇദ്ദേഹം, ഭിന്നിപ്പിനുശേഷമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ (സി. പി. ഐ.) നേതൃത്വം ഏറ്റെടുത്തു. കോണ്‍ഗ്രസ് ഗവണ്‍മെന്റുകളോട് മൃദുല സമീപനം സ്വീകരിക്കുന്നുവെന്ന കുറ്റം ഇദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് 1979-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. 1981-ല്‍ മകള്‍ റോസാ ദേശ്പാണ്ഡെ സ്ഥാപിച്ച ആള്‍ ഇന്ത്യാ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ (എ. ഐ. സി. പി.) അംഗമായി പ്രവര്‍ത്തനമാരംഭിച്ചു. സോവിയറ്റു യൂണിയനില്‍ നിന്ന് ലെനിന്‍ പുരസ്കാരവും ബള്‍ഗേറിയയില്‍ നിന്ന് ദിമിത്രോവ് അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഗാന്ധി വേഴ്സെസ് ലെനിന്‍, ഇന്ത്യാ ഫ്രം പ്രിമിറ്റീവ് കമ്യൂണിസം റ്റു സ്ലേവറി, ഡിക്റ്റേറ്റര്‍ ആന്‍ഡ് പീപ്പിള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികള്‍. 1991 മേയ് 22-ന് ഇദ്ദേഹം മുംബൈയില്‍ നിര്യാതനായി.
(എസ്. രാമചന്ദ്രന്‍ നായര്‍, സ. പ.)