This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡാം, ഹെന് റിക് (1895-1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡാം, ഹെന്റിക് (1895-1976)

Dam,Henrik

നോബല്‍ സമ്മാനിതനായ ഡാനിഷ് രസതന്ത്രജ്ഞന്‍. ജീവകം കെ (k) യുടെ കണ്ടുപിടിത്തത്തിന് ജീവശാസ്ത്രം അഥവാ വൈദ്യശാസ്ത്രത്തിനുള്ള 1943-ലെ നോബല്‍ സമ്മാനം അമേരിക്കന്‍ ജൈവരസതന്ത്രജ്ഞനായ എഡ്വേര്‍ഡ് ഡോയിസിയും ഡാമും ചേര്‍ന്നാണ് പങ്കിട്ടത് (1943).

1895 ഫെ. 21-ന് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ഡാം ജനിച്ചു. കോപ്പന്‍ഹേഗനിലെ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1920-ല്‍ ബിരുദം നേടിയ ശേഷം രസതന്ത്ര-ജൈവരസതന്ത്ര അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1923-ല്‍ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയില്‍ ജൈവരസതന്ത്ര വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ നിയമിതനായി. 1934-ല്‍ ഇദ്ദേഹം പിഎച്. ഡി. ബിരുദം നേടി. ശാസ്ത്ര പ്രഭാഷണങ്ങള്‍ നടത്താനായി 1940-ല്‍ യു. എസ്സില്‍ എത്തിയ ഡാമിനു രണ്ടാം ലോകയുദ്ധം മൂലം 46 വരെ അവിടെത്തന്നെ താമസിക്കേണ്ടി വന്നു. ഇക്കാലത്ത് റോക്ക്ഫെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഇദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. 1946-ല്‍ ഡെന്‍മാര്‍ക്കില്‍ തിരിച്ചെത്തിയ ഡാം പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ ജൈവരസതന്ത്ര വിഭാഗത്തില്‍ പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. 1956-63 കാലത്ത് ഡാനിഷ് ഫാറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൈവരസതന്ത്ര വിഭാഗം തലവനായി പ്രവര്‍ത്തിച്ചു.

കോഴികളിലെ കോളസ്റ്റിറോള്‍ ഉപാപചയത്തെക്കുറിച്ച് ഗവേഷണം നടത്തുമ്പോഴാണ് ജീവകം കെ കണ്ടുപിടിക്കാനുള്ള സാഹചര്യം ഇദ്ദേഹത്തിനുണ്ടായത്. സ്റ്റിറോള്‍ അടങ്ങുന്ന കൃത്രിമ ഭക്ഷണത്തില്‍ ജീവകം എ യും ഡിയും കലര്‍ത്തി കോഴികള്‍ക്ക് നല്‍കിയപ്പോള്‍ അവയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടാവുന്നതായും രക്തത്തിന്റെ കട്ടപിടിക്കാനുള്ള കഴിവ് നശിക്കുന്നതായും ഡാം കണ്ടെത്തി. ജീവകം സി നല്‍കിയിട്ടും പരിഹരിക്കപ്പെടാതെ പോയ ഈ അവസ്ഥ മുളപ്പിച്ച വിത്തുകളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണം നല്‍കിയപ്പോള്‍ ഭേദപ്പെട്ടു കണ്ടതോടെ ഏതോ ഭക്ഷ്യ ഘടകത്തിന്റെ അഭാവം മുലമുണ്ടാകുന്ന അപര്യാപ്തതാ രോഗമാണിതെന്ന് ഡാം നിശ്ചയിച്ചു. കൊഴുപ്പില്‍ ലയിക്കുന്ന ഒരു പുതിയ ജീവകത്തിന്റെ സാന്നിധ്യം ഇദ്ദേഹം കണ്ടെത്തുകയും (1935) അതിനു ജീവകം കെ എന്നു പേരു നല്‍കുകയും ചെയ്തു. മറ്റൊരു ശാസ്ത്രജ്ഞനായ പോള്‍കാരറും ചേര്‍ന്ന് ഡാം പച്ചിലകളില്‍ നിന്ന് ജീവകം കെ സംശ്ലേഷണം ചെയ്തത് 1939 ലാണ്. ഈ രംഗത്തു പ്രവര്‍ത്തിച്ചുവന്ന യു. എസ്. ജൈവരസതന്ത്രജ്ഞനായ ഡോയിസിക്ക് ചീഞ്ഞ മീന്‍ പൊടിയില്‍ നിന്നും 1940-ല്‍ ജീവകം കെ ഉത്പാദിപ്പിക്കുവാന്‍ കഴിഞ്ഞതിനെ കൂടി മാനിച്ചാണ് നോബല്‍ സമ്മാനം ഇരുവര്‍ക്കുമായി നല്‍കിയത്.

ജീവകം കെ യെ കുറിച്ച് ഗവേഷണം തുടര്‍ന്ന ഡാം രക്തം കട്ടിയാവുന്നതിനാവശ്യമായ പ്രോത്രോംബിന്‍ (Prothrombin) ഉത്പാദിപ്പിക്കാന്‍ ജീവകം കെ ആവശ്യമാണെന്നും പച്ചിലകളും തക്കാളിയുമാണ് ജീവകം കെ യുടെ ഏറ്റവും പ്രധാന സ്രോതസ്സുകളെന്നും കണ്ടെത്തി. ആന്ത്രപഥത്തിലെ ചിലയിനം ബാക്ടീരിയങ്ങള്‍ ജീവകം കെ പ്രകൃത്യാ തന്നെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും നവജാത ശിശുക്കളില്‍, വിശേഷിച്ചും പൂര്‍ണ വളര്‍ച്ചയെത്താതെ പിറക്കുന്ന ശിശുക്കളില്‍ ഈ ബാക്ടീരിയങ്ങളുടെ അഭാവമുള്ളതിനാല്‍ രക്തസ്രാവത്തിന്റെ അപകടം കൂടുതലാണ്. പ്രസവത്തിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഗര്‍ഭിണികള്‍ക്ക് ജീവകം കെ കുത്തിവച്ചാല്‍ ശിശുക്കളിലെ ഈ അപര്യാപ്തത പരിഹരിക്കാനാവുമെന്നു ഡാം കണ്ടെത്തി. ജീവകം കെ യുടെ ഗവേഷണങ്ങള്‍ക്കു പുറമേ ജീവകം ഇ യുടെ അപര്യാപ്തതാ രോഗങ്ങളെ കുറിച്ചും ഡാം പഠനം നടത്തിയിരുന്നു. പിത്തരസത്തിന്റെ ഘടകങ്ങള്‍, പിത്തകോശക്കല്ല് (Gall stones) രൂപം കൊള്ളുന്ന പ്രക്രിയ എന്നിവയും ഇദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളായിരുന്നു. 1976 ഏ. 17-ന് കോപ്പന്‍ഹേഗനില്‍ ഇദ്ദേഹം നിര്യാതനായി. നോ : ജീവകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍