This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയാന രാജകുമാരി (1961 - 97)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡയാന രാജകുമാരി (1961 - 97)
Diana,Princess
വെയില്‍സ് രാജകുമാരിയും ബ്രിട്ടിഷ് രാജകുടുംബത്തിലെ അനന്തരാവകാശിയായ ചാള്‍സ് രാജകുമാരന്റെ മുന്‍ഭാര്യയും. ഡയാന ഫ്രാന്‍സെസ് സ്പെന്‍സര്‍ എന്നാണ് പൂര്‍ണനാമം. എഡ്വേഡ് ജോണ്‍ സ്പെന്‍സര്‍ പ്രഭുവിന്റേയും ഫ്രാന്‍സെസ് റോച്ചെയുടേയും മൂന്നാമത്തെ പുത്രിയായി 1961 ജൂല. 1-ന് സാന്‍ഡ്രിങാമിലെ പാര്‍ക്ക് ഹൗസില്‍ ജനിച്ചു. 1954-ല്‍ വിവാഹിതരായ ഡയാനയുടെ മാതാപിതാക്കള്‍ 1967-ല്‍ വേര്‍പിരിയുകയും 1969-ല്‍ വിവാഹമോചിതരാവുകയും ചെയ്തു. ഡയാന ബാല്യകാലത്ത് പിതാവിനോടൊപ്പമാണ് ജീവിച്ചത്.
നോര്‍ഫോള്‍ക്കിലുള്ള ഡിസ്സിലെ റിഡില്‍വെര്‍ത് ഹാള്‍ പ്രിപ്പറേറ്ററി സ്കൂളിലാണ് ഡയാന പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. 1974-ല്‍ കെന്റിലെ സെവനോക്സിനു സമീപമുള്ള വെസ്റ്റ് ഹീത്ത് സ്കൂളില്‍ ചേരുകയും ഹോസ്റ്റലില്‍ താമസിച്ചുകൊണ്ട് പഠനം തുടരുകയും ചെയ്തു. സംഗീതം, നൃത്തം, ഗാര്‍ഹികശാസ്ത്രം എന്നിവയില്‍ സ്കൂള്‍ ജീവിതകാലത്തുതന്നെ ഡയാന പ്രത്യേക ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. സ്കൂളിനും സഹപാഠികള്‍ക്കും ഏറ്റവും കൂടുതല്‍ സഹായം നല്‍കിയ വിദ്യാര്‍ഥിക്കുള്ള പ്രത്യേക പുരസ്കാരവും ഡയാനയ്ക്ക് ലഭിച്ചിരുന്നു. 1977-ല്‍ വെസ്റ്റ് ഹീത്ത് സ്കൂളിലെ പഠനം മുഴുമിപ്പിച്ചശേഷം സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ആല്‍പിന്‍ വൈഡ്മെനെറ്റി ഫിനിഷിംഗ് സ്കൂളില്‍ ഉപരിപഠനം നടത്തുകയുണ്ടായി. ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഡയാന ഒരു അമേരിക്കന്‍ ദമ്പതികളുടെ കുട്ടികളുടെ ആയയായും കിന്റര്‍ഗാര്‍ട്ടന്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചു.
1981 ഫെ. 24-ന് കുടുംബസുഹൃത്തായ വെയില്‍സ് രാജകുമാരന്‍ ചാള്‍സുമായുള്ള ഡയാനയുടെ വിവാഹം ബ്രിട്ടിഷ് രാജകുടുംബം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെയാണ് ഡയാന മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇവരുടെ വിവാഹം 1981 ജൂല. 29-ന് സെന്റ് പോള്‍സ് കത്തീഡ്രലില്‍വച്ച് രാജകീയപ്രൗഢിയോടെ നടന്നു. ഇതോടെയാണ് വെയില്‍സ് രാജകുമാരി എന്ന സ്ഥാനം ഡയാന ഫ്രാന്‍സെസ് സ്പെന്‍സറിന് ലഭിച്ചത്. ചാള്‍സ്- ഡയാന ദമ്പതികള്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിച്ചു; 1982 ജൂണ്‍ 21-ന് വില്ല്യമും, 1984 സെപ്. 15-ന് ഹെന്റി (ഹാരി)യും.
ഡയാനയുടെ വിവാഹജീവിതം അധികകാലം നീണ്ടുനിന്നില്ല. ചാള്‍സ് രാജകുമാരന് മുന്‍ കാമുകിയായ കാമില്ലാ പാര്‍ക്കര്‍ ബൗള്‍സുമായി ഉണ്ടെന്നു പറയപ്പെട്ട ബന്ധവും ജയിംസ് ഹെവിറ്റ് എന്ന പട്ടാള ഉദ്യോഗസ്ഥനുമായി ഡയാനയ്ക്ക് ഉണ്ടെന്നു പറയപ്പെട്ട ബന്ധവും ചാള്‍സ്-ഡയാന വിവാഹബന്ധം ശിഥിലമാവാന്‍ കാരണമായിത്തീര്‍ന്നു. അങ്ങനെ 1992-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. അവസാനം 1996 ആഗ. 28-ന് ഇവര്‍ വിവാഹമോചനം നേടുകയും ചെയ്തു. വിവാഹമോചന ഉടമ്പടിപ്രകാരം തുടര്‍ന്നും ഡയാന വെയില്‍സ് രാജകുമാരിയായി അറിയപ്പെട്ടു.
സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളിലും ദീനാനുകമ്പാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്ന ഡയാന വിവാഹമോചനത്തിനുശേഷം ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കുഷ്ഠരോഗികളുടേയും എയ്ഡ്സ് രോഗികളുടേയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡയാന മുന്‍തൂക്കം നല്‍കിയിരുന്നത്. സാമൂഹികരംഗത്ത് പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന ഡയാനയെ ചുറ്റിപ്പറ്റി നിരവധി പ്രണയകഥകളും പ്രചരിക്കാന്‍ തുടങ്ങി. ഈജിപ്ഷ്യന്‍ വ്യവസായപ്രമുഖനായ മുഹമ്മദ് അല്‍ ഫയദിന്റെ പുത്രനും സിനിമാനിര്‍മാതാവുമായ ദോദി അല്‍ ഫയദുമായി ഡയാനയ്ക്കുണ്ടായിരുന്ന പ്രണയത്തിനാണ് മാധ്യമങ്ങള്‍ മുന്‍തൂക്കം നല്‍കിയത്. 1997 ആഗ. 31-ന് പാരിസില്‍ വച്ചുണ്ടായ ഒരു കാര്‍ അപകടത്തില്‍ ഡയാനയും ദോദിയും കൊല്ലപ്പെട്ടു. കമിതാക്കളെ പിന്‍തുടര്‍ന്ന പപ്പരാസികള്‍ എന്നറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍മാരില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതായാണ് കരുതപ്പെടുന്നത്.
ഡയാന ഏര്‍പ്പെട്ടിരുന്ന സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുന്നതിനായി 'ഡയാന മെമ്മോറിയല്‍ ഫണ്ട് 'എന്ന പേരില്‍ ഒരു നിധിശേഖരസമിതി രൂപമെടുക്കുകയുണ്ടായി. ഡയാനയുടെ മരണം നടന്ന് ഏഴുമാസമായപ്പോഴേക്കും 40 മില്യന്‍ പൗണ്ടിലേറെ തുക സ്വരൂപിക്കാന്‍ ഈ സമിതിക്കു കഴിഞ്ഞു. ഇന്നും സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഈ സമിതി സജീവമാണ്. ഡയാനയുടെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ള അല്‍ത്തോര്‍പ്പിലെ സ്പെന്‍സര്‍ കുടുംബഭവനത്തില്‍ ഡയാനയുടെ സ്മരണാര്‍ഥം സഹോദരന്‍ സ്പെന്‍സര്‍ പ്രഭു ഒരു മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്.