This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയര്‍, റെജിനാള്‍ഡ് എഡ്വേഡ് ഹാരി (1864-1927)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡയര്‍, റെജിനാള്‍ഡ് എഡ്വേഡ് ഹാരി (1864-1927)
Dyer,Reginald Edward Harry
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബ്രിട്ടിഷ് സൈനികോദ്യോഗസ്ഥന്‍. പാകിസ്ഥാനിലെ പഞ്ചാബിലുള്ള മുറെയില്‍ ഒരു മദ്യ നിര്‍മാതാവിന്റെ മകനായി 1864 ഒ. 9-ന് ഇദ്ദേഹം ജനിച്ചു. ഇംഗ്ലണ്ടില്‍ കോര്‍ക്ക് കൗണ്ടിയിലുള്ള മിഡില്‍ട്ടന്‍ കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1885-ല്‍ ബ്രിട്ടിഷ് സൈന്യത്തില്‍ ചേര്‍ന്ന ഇദ്ദേഹത്തെ ഇന്ത്യയിലെ സൈനിക സേവനത്തിനായി നിയോഗിച്ചു. 1886-87-ലെ ബര്‍മാ യുദ്ധത്തില്‍ ഡയര്‍ പങ്കെടുത്തിട്ടുണ്ട്. 1901-02-ലെ വാസിറിസ്ഥാന്‍ യുദ്ധത്തിലും 1908-ലെ സക്കാ ഖെല്‍ മുന്നേറ്റത്തിലും പങ്കെടുക്കുകയുണ്ടായി. ഒന്നാം ലോകയുദ്ധകാലത്ത് പൂര്‍വ പേര്‍ഷ്യാ അതിര്‍ത്തിയില്‍ 45-ാം കാലാള്‍പ്പടയെ ഡയര്‍ നയിച്ചിരുന്നു. ഇദ്ദേഹം പഞ്ചാബിലെ ജലന്ധറില്ബ്രിഗേഡ്കമാന്ഡറായിരിക്കുമ്പോഴാണ് 1919 ഏ.-ല്‍ ജാലിയന്‍വാലാബാഗ് സംഭവമുണ്ടാകുന്നത്. അമൃതസറിലെ ക്രമസമാധാന പാലനത്തിനായി ഇദ്ദേഹത്തെ വൈസ്രോയി നിയമിച്ചിരുന്നു. ഒരു പൊതുയോഗം നടക്കുകയായിരുന്ന ജാലിയന്‍വാലാബാഗിലേക്ക് ഡയര്‍ സൈന്യവുമായെത്തി ആള്‍ക്കൂട്ടത്തിനു നേരേ വെടിവയ്ക്കുകയാണുണ്ടായത്. പലരും മരണമടയുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. ഇന്ത്യാക്കാരെ കാല്‍മുട്ടിലിഴയിക്കുന്നതുള്‍പ്പടെയുള്ള പല അടിച്ചമര്‍ത്തല്‍ നയങ്ങളും ഇദ്ദേഹം തുടര്‍ന്നിരുന്നു. കിരാതമായ ഈ കൊലപാതകത്തെപ്പറ്റി അന്വേഷിക്കാന്‍ ഹര്‍ പ്രഭുവിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ 1919-ല്‍ നിയോഗിക്കുകയുണ്ടായി. കുറ്റക്കാരനായി കണ്ടെത്തിയ ഡയറിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിച്ചു. ഇംഗ്ലണ്ടില്‍ ഒരു വിഭാഗം ഇദ്ദേഹത്തോടു സഹാനുഭൂതി പ്രകടിപ്പിച്ചിരുന്നു. ഇത് ഇന്ത്യയില്‍ പ്രതിഷേധമുളവാക്കുകയുമുണ്ടായി. 1927 ജൂല. 23-ന് ഇദ്ദേഹം ബ്രിസ്റ്റോളില്‍ മരണമടഞ്ഞു. നോ: ജാലിയന്‍വാലാബാഗ് കൂട്ടകൊല