This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയഡോട്ടസ് (ബി. സി. 3-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡയഡോട്ടസ് (ബി. സി. 3-ാം ശ.)
Diodotus
ഡയഡോട്ടസ് എന്ന പേരില്‍ ഗ്രീക്ക് ബാക്ട്രിയ രാജ്യത്ത് രണ്ടു ഭരണാധിപന്മാരുണ്ടായിരുന്നു; ഡയഡോട്ടസ് ഒന്നാമനും ഇദ്ദേഹത്തിന്റെ മകനായ ഡയഡോട്ടസ് രണ്ടാമനും.
ഡയഡോട്ടസ് I
ബി.സി. 3-ാം ശ.ത്തില്‍ ഗ്രീക്ക് ബാക്ട്രിയയിലെ ഭരണാധികാരി. ഒരു സെല്യൂസിദ് പ്രവിശ്യ യായിരുന്ന ബാക്ട്രിയയിലെ ഗവര്‍ണറായിരുന്ന ഇദ്ദേഹം ആന്റിയോക്കസ് II എന്ന സെല്യൂസിദ് രാജാവിനെതിരായി വിപ്ലവം സംഘടിപ്പിച്ച് ബാക്ട്രിയയില്‍ സ്വതന്ത്രഭരണാധിപനായി (ബി.സി. സു. 256-55). ബാക്ട്രിയ എന്ന സ്വതന്ത്രരാജ്യം സ്ഥാപിക്കുന്ന ഉദ്യമത്തില്‍ ഇദ്ദേഹത്തിന്റെ മകനായ ഡയഡോട്ടസ് രണ്ടാമനും പങ്കുചേര്‍ന്നിരുന്നു. രാജ്യത്തിന്റെ സമീപ പ്രദേശങ്ങളിലേക്കും ഇദ്ദേഹം അധികാരം വ്യാപിപ്പിച്ചിരുന്നതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്തെപ്പറ്റി പരിമിതമായ അറിവു മാത്രമേ ലഭ്യമായിട്ടുള്ളൂ. സെല്യൂസിദ് രാജ്യം ആഭ്യന്തര പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരുന്നപ്പോള്‍ (ബി. സി. 246-ഓടെ) അവിടത്തെ രാജാവായിരുന്ന സെല്യൂക്കസ് രണ്ടാമന് ഡയഡോട്ടസിന്റെ സൗഹൃദം സമ്പാദിക്കുന്നതിന് തന്റെ ഒരു സഹോദരിയെ ഡയഡോട്ടസിനു വിവാഹം ചെയ്തുകൊടുത്തിരുന്നതായി ചില പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നുണ്ട്. സെല്യൂക്കസ് രണ്ടാമനോടൊപ്പം ബി. സി. 239-ല്‍ ഡയഡോട്ടസ് പാര്‍ഥിയയില്‍ ആക്രമണം നടത്തിയിരുന്നു. താമസിയാതെ ഇദ്ദേഹം മരണമടഞ്ഞു. ഇതോടെ പുത്രനായ ഡയഡോട്ടസ് രണ്ടാമന് രാജാവായി.
ഡയഡോട്ടസ് II
ഡയഡോട്ടസ് ഒന്നാമന്റെ മകന്. ഡയഡോട്ടസ് Iന്റെ മരണശേഷം ഇദ്ദേഹം ബാക്ട്രിയയിലെ ഭരണാധിപനായി. സെല്യൂക്കസ് രണ്ടാമന് എതിരായി ഇദ്ദേഹം പാര്‍ഥിയന്മാരുമായി സഖ്യമുണ്ടാക്കിയിരുന്നു. തന്റെ പിതാവ്, സെല്യൂസിദ് രാജ്യവുമായി നിലനിര്‍ത്തിയിരുന്ന സൗഹൃദത്തിന് വിരുദ്ധമായിരുന്നു ഈ സമീപനം. അപ്രകാരം പിതാവിന്റെ നയങ്ങളില്‍ നിന്നും തികച്ചും സ്വതന്ത്രനായ രാജാവായാണ് ഇദ്ദേഹം ഭരണം നടത്തിയത്. ഇദ്ദേഹം സ്വന്തമായി നാണയം ഇറക്കിയിരുന്നു. അധികാര മോഹിയായ യൂത്തിഡിമസ് (Euthydemus) ഒടുവില്‍ ഡയഡോട്ടസിനെ പുറത്താക്കി. ഇത് ബി. സി. 235-ഓടെ ആയിരുന്നിരിക്കാമെന്നാണ് ചരിത്രകാരന്മാര് കരുതുന്നത്.
(ഡോ. എസ്. ശിവദാസന്‍, സ.പ.)