This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡമ്മര്‍ യുദ്ധം (1724-25)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡമ്മര്‍ യുദ്ധം (1724-25)
Dummer's War
മെയ് ന്-കാനഡ അതിര്‍ത്തിയില്‍ 1724-ലും 25-ലും നടന്ന യുദ്ധം.ഇതിന് അമേരിന്ത്യന്‍ യുദ്ധമെന്നും പേരുപറയാറുണ്ട്. മസാച്ചുസെറ്റ്സിലെ ആക്റ്റിങ് ഗവര്‍ണറായിരുന്ന വില്യം ഡമ്മറിന്റെ പേരുമായി ബന്ധപ്പെട്ടതുമൂലമാണ് ഇത് ഡമ്മര്‍ യുദ്ധം എന്നറിയപ്പെടുന്നത്. ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നിലനിന്ന കിടമത്സരമായിരുന്നു യുദ്ധത്തിന് പ്രധാനകാരണമായത്. ഇവര്‍ ഇരുകൂട്ടരും തങ്ങളുടെ സ്വാധീനത്തിലുള്ള പ്രദേശങ്ങള്‍ സ്വന്തമാക്കാന്‍ യത്നിച്ചുകൊണ്ടിരുന്ന അവസരമായിരുന്നു ഇത്. അന്ന് കാനഡയിലെ കനബക് നദിയുടെ തീരപ്രദേശം ഇംഗ്ലീഷുകാരുടെ പക്കലായിരുന്നു. ഇതിന്റെ പരിധി മെയ് ന് എന്ന തന്ത്രപ്രധാനമായ പ്രദേശം മുതല്‍ തുടങ്ങുന്നു. തന്മൂലം അസൂയാലുക്കളായ ഫ്രഞ്ചുകാര്‍ തങ്ങളുടെ അമേരിന്ത്യന്‍ സുഹൃത്തുക്കളുമായി യോജിച്ച് കാനഡയിലേക്കുള്ള ഇംഗ്ളീഷുകാരുടെ കടന്നുകയറ്റത്തെ തടയുവാന്‍ ശ്രമിച്ചു. ഇതിനായി അമേരിന്ത്യര്ക്ക് ഫ്രഞ്ചുകാര്‍ ആയുധവും പണവും നല്കി. അമേരിന്ത്യര്‍ ബ്രിട്ടിഷുകാരുടെ തന്ത്രപ്രധാനമായ ചില കേന്ദ്രങ്ങള്‍ കൈവശപ്പെടുത്തിയെങ്കിലും ബ്രിട്ടിഷ് സൈന്യത്തിന്റെ തിരിച്ചടി വളരെ ശക്തമായിരുന്നു. കനബക് തീരത്തെ നോരിഡ്ജ് വക്ക് ഗ്രാമം പൂര്‍ണമായി നശിപ്പിക്കപ്പെട്ടു. ഒടുവില്‍ 1725-ല്‍ അമേരിന്ത്യര്‍ സമാധാനം നിലനിര്‍ത്താനും ഭരണകര്‍ത്താവായ ജോര്‍ജ് ഒന്നാമനെ തങ്ങളുടെ കൂടി രാജാവായി അംഗീകരിക്കാനും തയ്യാറായി. ഈ വിട്ടുവീഴ്ചകള്‍ക്കു പ്രതിഫലമായി ഇംഗ്ലീഷുകാര്‍ തങ്ങളുടെ കച്ചവടകേന്ദ്രങ്ങള്‍ പലതും അമേരിന്ത്യരുടെ പാര്‍പ്പിടങ്ങള്‍ക്കു സമീപത്തായി സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും തദ്വാരാ സമാധാനവും സൗഹൃദവും നിലവില്‍ വരുകയും ചെയ്തു.
(ഡോ. ആര്. മധുദേവന്‍ നായര്‍)