This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡമോക്രിറ്റസ് (460 - 370 ബി.സി.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡമോക്രിറ്റസ് (460 - 370 ബി.സി.)
Democritus
സോക്രട്ടീസിനു മുമ്പ് ജീവിച്ചിരുന്ന ഒരു യവനചിന്തകന്‍. ത്രേസിലെ (Thrace) അബ്ദേരയില്‍ ജനിച്ചു. ലുസിപ്പസിന്റെ (Leucipus) അണുസിദ്ധാന്തത്തെ അടിസ്ഥാനമാക്കി 'സൂക്ഷ്മ ലോക വ്യവസ്ഥ' എന്ന പേരില്‍ ഒരു അണുസിദ്ധാന്തം ഇദ്ദേഹം ആവിഷ്കരിച്ചു. ശൂന്യത ഇല്ല എന്നും അതിനാല്‍ മാറ്റം സാധ്യമല്ല എന്നുമുള്ള എലിയാറ്റിക് വാദഗതികളെ നിഷേധിച്ചുകൊണ്ട്, പ്രപഞ്ചം മുഴുവനും വിഭജിക്കാന്‍ സാധ്യമല്ലാത്ത സൂക്ഷ്മ അണുക്കള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു എന്നും ശൂന്യതയിലാണ് ഈ അണുക്കള്‍ വ്യാപരിക്കുന്നതെന്നും ഡമോക്രിറ്റസ് സിദ്ധാന്തിച്ചു. അണുക്കള്‍ ശൂന്യതയില്‍ അനന്തമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. രൂപം, വലുപ്പം, പിണ്ഡം എന്നിവയില്‍ അണുക്കള്‍ വ്യത്യസ്തങ്ങളാണ്. ഇന്ദ്രിയ വിഷയമായ ഗുണവ്യത്യാസം, ജനനം, നാശം, അപ്രത്യക്ഷമാകല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ അണുക്കളുടെ പരിണാമപരമായ സജ്ജീകരണത്തിന്റെ ഫലമാണ്. അണുക്കള്‍ കൂട്ടിമുട്ടുകയും ഉരസുകയും ചെയ്യുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍ അണുക്കള്‍ ഒരു പ്രദേശത്തു കേന്ദ്രീകരിക്കുകയും ചുഴലിപോലെയുള്ള ചലനത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു. ഇത് മറ്റ് അണുക്കളെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നതിനു കാരണമാകുന്നു. ഇങ്ങനെയാണ് ലോകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. നമ്മുടേതു പോലെതന്നെ മറ്റു പല ലോകങ്ങളും രൂപം കൊള്ളുകയും വികസിക്കുകയും നശിക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ അവയില്‍ ജീവന്‍ ഉണ്ടായിരിക്കണം എന്നില്ല എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
അണുക്കളുടെ കൂട്ടങ്ങള്‍ പരസ്പരം ബന്ധിതമാകുമ്പോഴാണ് സമ്മിശ്രവസ്തുക്കള്‍ രൂപം കൊള്ളുന്നത് എന്നാണ് ഡമോക്രിറ്റസ് സിദ്ധാന്തിച്ചത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചെളിപോലുള്ള പദാര്‍ഥത്തില്‍ നിന്നുമാണ് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ ഉദ്ഭവിച്ചിട്ടുള്ളത്. സൂക്ഷ്മവും വൃത്താകൃതിയിലുള്ളതുമായ ആത്മാവിന്റെ അണുക്കളാണ് ജീവനു നിദാനമാകുന്നത്. ഈ അണുക്കള്‍ നഷ്ടപ്പെടുമ്പോള്‍ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു. അപ്രതീക്ഷിത കണ്ടുപിടിത്തങ്ങളിലൂടെയും, പ്രകൃതിയുടെ അനുകരണങ്ങളിലൂടെയും കാലക്രമത്തിലാണ് മാനവസംസ്കാരം രൂപം കൊണ്ടത് എന്നും ഡമോക്രിറ്റസ് അഭിപ്രായപ്പെട്ടിരുന്നു
ഒരു വസ്തുവിന്റെ യഥാര്‍ഥ ഗുണങ്ങള്‍ നിര്‍ണയിക്കുന്നത് അതില്‍ അടങ്ങിയിട്ടുള്ള അണുക്കളാണ്. എന്നാല്‍ അണുക്കള്‍ ഇന്ദ്രിയ ഗോചരങ്ങളല്ല. അതിനാല്‍ രുചി, താപം, നിറം തുടങ്ങി ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവുകളൊന്നും പൂര്‍ണമോ വിശ്വാസയോഗ്യമോ അല്ല. യുക്തിയിലധിഷ്ഠിതമായ അറിവ് മാത്രമേ പൂര്‍ണവും വിശ്വസനീയവും ആകുകയുള്ളൂ. അണുക്കളുടെ പ്രത്യേക ആകൃതികളാണ് രുചികള്‍ക്ക് കാരണമാകുന്നതെന്നും അണുക്കളുടെ പ്രവാഹം കണ്ണില്‍ പതിക്കുമ്പോഴാണ് കാഴ്ച ഉണ്ടാകുന്നതെന്നും ഡമോക്രിറ്റസ് വ്യക്തമാക്കി.
അണുസിദ്ധാന്തവും പരമ്പരാഗത വിവേകവും കൂട്ടിയിണക്കി ഡമോക്രിറ്റസ് ഒരു നീതിശാസ്ത്രം ആവിഷ്കരിച്ചിരുന്നു. അര്‍ഹിക്കുന്ന സുഖങ്ങള്‍ അനുഭവിക്കുകയും മിതത്വം പാലിക്കുകയും വഴി ഉണ്ടാകുന്ന പ്രശാന്തതയും സമചിത്തതയും ആയിരിക്കണം ജീവിതത്തിന്റെ ലക്ഷ്യം. അമിതമായ ആഗ്രഹങ്ങളും അസൂയയും നല്ല ജീവിതത്തിനു ചേര്‍ന്നതല്ല.
ഡമോക്രിറ്റസിന്റെ കൃതികള്‍ മിക്കതും നഷ്ടപ്പെട്ടിട്ടുള്ളതായിട്ടാണറിയുന്നത്. ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ പ്ലേറ്റോയുടെ ടിമേഴ്സ്(Timaers)- ല്‍ ദര്‍ശിക്കാവുന്നതാണ്. എപിക്യൂറസ് ഡമോക്രിറ്റസിന്റെ വീക്ഷണങ്ങള്‍ക്ക് പുതിയ രൂപം നല്‍കുകയും അങ്ങനെ എപിക്യൂറിയനിസത്തിലൂടെ അണുസിദ്ധാന്തം അധുനിക യുഗത്തില്‍ എത്തിച്ചേരുകയും ചെയ്തു.