This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡഫി, ചാള്‍സ് ഗവാന്‍ (1816 - 1903)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡഫി, ചാള്‍സ് ഗവാന്‍ (1816 - 1903)

Duffy,Charles Gavan

അയര്‍ലണ്ടിലേയും ആസ്റ്റ്രേലിയയിലേയും മുന്‍ രാഷ്ട്രീയ നേതാവ്. ഇദ്ദേഹം 1816 ഏ. 12-ന് അയര്‍ലണ്ടിലെ മൊനഗനില്‍ ജനിച്ചു. അയര്‍ലണ്ടും ഇംഗ്ളണ്ടുമായി 1801-ല്‍ നടന്ന സംയോജനം ഇല്ലാതാക്കി അയര്‍ലണ്ടിനെ വീണ്ടും ഒരു പ്രത്യേക രാജ്യമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം ഏര്‍പ്പെട്ടിരുന്നു. ഈ രംഗത്ത് നേതൃത്വം വഹിച്ചിരുന്ന ഡാനിയല്‍ ഓ കോണലിന്റെ (1775-1847) സഹപ്രവര്‍ത്തകനുമായിരുന്നു ഇദ്ദേഹം. 1842-ല്‍ ഡബ്ലിനില്‍ നിന്നും നേഷന്‍ എന്ന രാഷ്ട്രീയ വാരിക ഇദ്ദേഹം പ്രസിദ്ധീകരിച്ചു തുടങ്ങി. അയര്‍ലണ്ടില്‍ സമൂല പരിവര്‍ത്തനത്തിനുവേണ്ടി വാദിച്ചിരുന്ന 'യങ് അയര്‍ലണ്ട്' എന്ന സംഘടനയില്‍ ചേര്‍ന്ന് തീവ്രപ്രവര്‍ത്തനം നടത്തി. തന്മൂലം രാജ്യദ്രോഹക്കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് സോപാധികം വിട്ടയച്ചു. 1852-ല്‍ ഡഫി പാര്‍ലമെന്റംഗമായി തെരഞ്ഞടുക്കപ്പെട്ടു. 'ഇന്‍ഡിപ്പെന്‍ഡന്റ് ഐറിഷ് പാര്‍ട്ടി' സ്ഥാപിക്കുന്നതിന് ഒരു മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചു. ഭൂപരിഷ്കരണത്തിനു വേണ്ടിയും പ്രയത്നിച്ചു. ഭൂപരിഷ്കരണരംഗത്ത് കത്തോലിക്കരേയും പ്രൊട്ടസ്റ്റന്റുകാരേയും ഒരുമിപ്പിക്കുവാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ ദു:ഖിതനായി ഇദ്ദേഹം 1855-ല്‍ അയര്‍ലണ്ട് വിട്ടു ആസ്റ്റ്രേലിയയിലേക്കു പോയി. അവിടെ വിക്ടോറിയ കോളനിയുടെ അസംബ്ളിയിലേക്ക് 1856-ല്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഭൂസ്വത്ത്, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ മന്ത്രിയായി 1857 മുതല്‍ 59 വരെയും, 1862 മുതല്‍ 65 വരെയും ഡഫി സേവനമനുഷ്ഠിച്ചു. ഈ പദവിയിലിരുന്നുകൊണ്ട് കുടിയേറ്റകര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടിയുള്ള പുതിയ ഭൂനിയമം കൊണ്ടുവന്നു. 1871-72-ല്‍ വിക്ടോറിയയിലെ പ്രധാനമന്ത്രിയായി ഉയര്‍ന്നു. 1873-ല്‍ 'നൈറ്റ്' പദവി ലഭിച്ചു. 1877-ല്‍ നിയമസഭാസ്പീക്കര്‍ ആയും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. 1880-ല്‍ യൂറോപ്പിലെത്തിയ ഡഫി ഫ്രാന്‍സിന്റെ തെക്കുഭാഗത്ത് താമസിച്ചുകൊണ്ട് ഗ്രന്ഥരചനയില്‍ വ്യാപൃതനായി. ബാലഡ് ഒഫ് അയര്‍ലണ്ട് (1843), യങ് അയര്‍ലണ്ട് (1880; പുതിയ പതിപ്പ് 1896), കോണ്‍വര്‍സേഷന്‍സ് വിത്ത് കാര്‍ലൈല്‍ (1892), മൈ ലൈഫ് ഇന്‍ ടൂ ഹെമിസ്ഫിയേഴ്സ് (1898) എന്നിവയാണ് മുഖ്യ കൃതികള്‍. 1891-ല്‍ ഐറിഷ് ലിറ്റററി സൊസൈറ്റിയുടെ ആദ്യപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും ഡഫിയുടെ മറ്റൊരു വിജയ ചരിത്രമാണ്. 1903 ഫെ. 9-ന് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍