This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡങ്കര്‍, മാക്സിമിലിയന്‍ (1811 - 86)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡങ്കര്‍, മാക്സിമിലിയന്‍ (1811 - 86)
Duncker, Maximilian
ജര്‍മന്‍ ചരിത്രകാരനും രാഷ്ട്രീയ നേതാവും. ജര്‍മനിയുടെ ഏകീകരണമെന്ന തത്ത്വമാണ് ഇദ്ദേഹത്തെ രാഷ്ട്രീയത്തിലേക്കു നയിച്ചത്. 1811 ഒ. 15-ന് ഇദ്ദേഹം ബെര്‍ലിനില്‍ ജനിച്ചു. ബോണിലും ബെര്‍ലിനിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതിനാല്‍ ആറുമാസക്കാലം ഇദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു. 1842-ല്‍ ഹാലിയില്‍ പ്രൊഫസറായി നിയമിതനായി.
1848-ല്‍ ഇദ്ദേഹം ഫ്രാങ്ക്ഫര്‍ട്ട് അസംബ്ലിയില്‍ അംഗമായി. ജര്‍മനിയുടെ ഏകീകരണമെന്ന ആശയം ഡങ്കനെ സംബന്ധിച്ചിടത്തോളം കേവലം അക്കാദമികമായിരുന്നില്ല. ജനഹൃദയങ്ങളില്‍ ഇതു സന്നിവേശിപ്പിക്കുവാന്‍ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാല്‍ ഡങ്കറുടെ ലിബറല്‍ ചിന്താഗതിക്ക് അക്കാലത്തെ പ്രഷ്യയില്‍ പ്രസക്തി കുറവായിരുന്നു. 1859-ല്‍ ഇദ്ദേഹം ബെര്‍ലിനില്‍ പ്രസ് ഓഫീസറായി നിയമിതനായി. അതേവര്‍ഷം തന്നെ വിദേശകാര്യ ആഫീസില്‍ അസിസ്റ്റന്റും തുടര്‍ന്ന് പ്രഷ്യന്‍ അസംബ്ലിയിലെ അധോമണ്ഡലത്തില്‍ അംഗവുമായി. പ്രഷ്യന്‍ കിരീടാവകാശിയുടെ ഉപദേഷ്ടാവായി ഇദ്ദേഹം 1861-ല്‍ നിയമിക്കപ്പെട്ടു. പ്രാരംഭത്തില്‍ ബിസ്മാര്‍ക്കുമായി യോജിച്ചുപോകാന്‍ കഴിയാതിരുന്ന ഡങ്കര്‍ പിന്നീട് അദ്ദേഹത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധനായി. 1967-74 കാലത്ത് പ്രഷ്യയിലെ ആര്‍ക്കൈവ്സ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. ഹിസ്റ്ററി ഒഫ് ആന്റിക്വിറ്റി [ഇംഗ്ലീഷ് തര്‍ജുമ 6 വാല്യങ്ങള്‍ (1878-82)] എന്ന കൃതി ഡങ്കറെ പ്രശസ്തനാക്കി. 1886 ജൂല. 21-ന് ഇദ്ദേഹം അന്തരിച്ചു.
(ജയദേവി എം. സി.)