This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഠാക്കൂര്‍, റോഷന്‍ സിംഹ് (1894-1927)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഠാക്കൂര്‍, റോഷന്‍ സിംഹ് (1894-1927)

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയും കാക്കോരി ഗൂഢാലോചനക്കേസില്‍ വധശിക്ഷയ്ക്കു വിധേയനായ വിപ്ലവകാരിയും. യു. പി. യില്‍ ഷാജഹാന്‍പൂര്‍ ജില്ലയിലെ നാവദാ ഗ്രാമത്തില്‍ ഠാക്കൂര്‍ ജഗ്ദീശ് സിംഹിന്റെ മകനായി 1894-ല്‍ ഇദ്ദേഹം ജനിച്ചു. മിഡില്‍ സ്കൂള്‍ വരെയുള്ള വിദ്യാഭ്യാസത്തിനു ശേഷം ആര്യസമാജത്തില്‍ ചേര്‍ന്നു. ഒരു കര്‍ഷകപ്രമാണികൂടിയായ ഇദ്ദേഹം തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയാണുണ്ടായത്. മൈന്‍പുരീ ഗൂഢാലോചനയിലെ നേതാവായിരുന്ന പണ്ഡിറ്റ് ഗേന്ദാലാല്‍ ദീക്ഷിത് സംഘടിപ്പിച്ച 'മാതൃവേദി' എന്ന സംഘടനയില്‍ റോഷന്‍ സിംഹ് അംഗമായി. ലാത്തിയും വാളും തോക്കും പ്രയോഗിക്കുന്നതില്‍ ഇദ്ദേഹം ഏറെ സാമര്‍ഥ്യം നേടി. 1921-ലെ നിസ്സഹകരണ പ്രസ്ഥാനകാലത്ത് ബറേലിയില്‍ നിയമം ലംഘിച്ചു നടത്തിയ റാലിയിലേക്ക് ഷാജഹാന്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ജാഥ നയിച്ചത് ഇദ്ദേഹമാണ്. ഇതോടെ ഇദ്ദേഹം അറസ്റ്റിലായി. ഈ കുറ്റത്തിന് രണ്ടു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ച് റോഷന്‍ സിംഹിനെ ബറേലി ജയിലില്‍ അടച്ചിട്ടു.

റോഷന്‍ സിംഹ് ഠാക്കൂര്‍

1924-ല്‍ ശചീന്ദ്രനാഥ് സന്യാലിന്റേയും ജോഗേഷ് ചന്ദ്ര ചാറ്റര്‍ജിയുടേയും നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസ്സോസിയേഷന്‍ (എച്ച്. ആര്‍. എ.) എന്ന വിപ്ലവ സംഘടന രൂപവത്കൃതമായപ്പോള്‍ യു. പി. യില്‍ പണ്ഡിറ്റ് റാം പ്രസാദ് ബിസ്മലിന്റെ നേതൃത്വത്തില്‍ റോഷന്‍ സിംഹും ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. വിപ്ലവ പ്രസ്ഥാനത്തിന് ധനം സമാഹരിക്കാനായി ചന്ദ്രശേഖര്‍ ആസാദ്, മന്മഥ്നാഥ് ഗുപ്ത എന്നിവരോടൊപ്പം ചില കൊള്ളകളില്‍ സിംഹ് പങ്കെടുത്തിട്ടുണ്ട്. 1925 ആഗ. 9-ന് എച്ച്. ആര്‍. എ.യിലെ പത്ത് വിപ്ലവകാരികള്‍ ലക്നൌവിനും ഷാജഹാന്‍പൂരിനുമിടയ്ക്ക് കാക്കോരിയില്‍ റെയില്‍വേയുടെ ഖജനാവ് കൊള്ളയടിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ അപായച്ചങ്ങല വലിച്ച് വണ്ടി നിര്‍ത്തിയാണ് കൊള്ളയടിച്ചത്. റോഷന്‍ സിംഹ് ആ കൊള്ളയില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും മറ്റനവധി വിപ്ലവകാരികളോടൊപ്പം ഇദ്ദേഹവും അറസ്റ്റിലായി. ലക്നൗവിലെ പ്രത്യേക കോടതി, 1925 ഏ. 6-ന്, പണ്ഡിറ്റ് റാം പ്രസാദ് ബിസ്മല്‍, അഷ്ഫാക്കുല്ലാഖാന്‍, രാജേന്ദ്രനാഥ് ലാഹിരി എന്നിവരോടൊപ്പം റോഷന്‍ സിംഹിനേയും തൂക്കിക്കൊല്ലാന്‍ വിധിച്ചു. മുമ്പ് വേറൊരു കൊള്ളയില്‍ പങ്കെടുത്തുവെന്ന ദുര്‍ബലമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലീഷുകാരനായ ജഡ്ജി ഹാമില്‍ട്ടന്‍ ഇദ്ദേഹത്തിന് വധശിക്ഷ നല്‍കിയത്. തന്റെ നേതാവിനോടൊപ്പം തനിക്കും വധശിക്ഷ ലഭിച്ചതില്‍ റോഷന്‍ സിംഹ് അഭിമാനിച്ചു. അലാഹാബാദ് ഹൈക്കോടതി സെഷന്‍സ് കോടതിയുടെ വിധി ശരിവച്ചു. അലാഹാബാദ് ഡിസ്റ്റ്രിക്റ്റ് ജയിലില്‍ അന്ത്യദിനങ്ങള്‍ എണ്ണിക്കഴിയുമ്പോള്‍ ഇദ്ദേഹം പൂജാകര്‍മങ്ങളില്‍ നിരതനായിരുന്നു. 1927 ഡി. 19-ന് തൂക്കിലേറ്റാനായി കൊണ്ടുപോയപ്പോള്‍ ഭഗവത്ഗീതയും കയ്യിലെടുത്ത്, പുഞ്ചിരിയോടെ വന്ദേമാതരം എന്നുച്ചത്തില്‍ വിളിച്ച്, 'ഓം' എന്നുരുവിട്ടുകൊണ്ട് ധീരനായ ഈ പടയാളി കഴുമരത്തട്ടിലേക്കു കയറി.


(ഡോ. നന്ദിയോട് രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍