This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രെഷൗ,നീല്‍സ്(1751-1833)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രെഷൗ,നീല്‍സ്(1751-1833)

Treschow, Niels

അദ്വൈതവാദത്തിന്റെ വക്താവായ ഒരു നോര്‍വീജിയന്‍ തത്ത്വചിന്തകന്‍. 1751-ല്‍ നോര്‍വേയിലെ ഡ്രാമ്മെന്‍ (Drammen) എന്ന സ്ഥലത്തു ജനിച്ചു. കോപ്പന്‍ ഹേഗന്‍ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1803-ല്‍ അവിടെ പ്രൊഫസര്‍ ആയി നിയമിതനായി. 1813-ല്‍ ഡെന്മാര്‍ക്കിലെ ഒസ്ലോ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസര്‍ പദവി ഏറ്റെടുത്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ സ്ഥാനം ഉപേക്ഷിച്ച് ഗവണ്‍മെന്റ് ജോലിയില്‍ പ്രവേശിച്ചു.

പ്രപഞ്ചത്തിലുള്ള വസ്തുക്കളെല്ലാം ഒന്നില്‍ നിന്ന് ഉണ്ടായിട്ടുള്ളവയാണെന്നുള്ള അദ്വൈതവീക്ഷണം പുലര്‍ത്തിയ ഇദ്ദേഹത്തിന്റെ ദൈവസങ്കല്പം സ്പിനോസയുടേതിനു സമാനമായിരുന്നു. ദൈവത്തിന്റെ സര്‍വവ്യാപകത്വം, എല്ലാ വസ്തുക്കളിലുമുള്ള ദൈവത്തിന്റെ അസ്തിത്വം, ദൈവത്തിന്റെ സര്‍വാന്തര്യാമിത്വം, ദൈവത്തിന്റെ സര്‍വശക്തി എന്നിവയെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു വീക്ഷണമാണ് ഇദ്ദേഹം പുലര്‍ത്തിയിരുന്നത്. ദൈവം എല്ലാത്തിന്റേയും സംയുക്തമല്ല, എല്ലാത്തിനേയും സംയോജിപ്പിക്കുന്ന ശക്തിവിശേഷമാണ്; ദൈവം ഒരു ആശയമല്ല, ഒരു യഥാര്‍ഥ വ്യക്തിയാണ്. ട്രെഷൗവിന്റെ വീക്ഷണത്തില്‍ മാറ്റത്തിനു വിധേയമാകാത്തതും അനശ്വരമായിട്ടുള്ളതും സ്വതന്ത്ര അസ്തിത്വമുള്ളതുമായ ഒന്നാണ് ദൈവം. നമ്മുടെ ബോധത്തിലൂടെയാണ് ദൈവം പ്രത്യക്ഷീഭവിക്കുന്നത്.

മനഃശാസ്ത്രപരമായ വീക്ഷണത്തിലും സ്പിനോസയോട് ആഭിമുഖ്യം പുലര്‍ത്തിയ ട്രെഷൗ ശരീരവും ആത്മാവും രണ്ടാണെന്നുള്ള വാദത്തെ നിരാകരിച്ചു. മനുഷ്യനെ ഒരു സംയുക്തമായി കരുതാം. എന്നാല്‍ ആത്മാവിന്റെയും ശരീരത്തിന്റെയും സംയുക്തമാണ് മനുഷ്യന്‍ എന്നു പറയുന്നത് ശരിയല്ല. ആന്തരികവും ബാഹ്യവുമായ സംവേദനങ്ങള്‍ക്ക് വിഷയീഭവിക്കുന്ന ഒരേ വസ്തുവിന്റെതന്നെ രണ്ടു വ്യത്യസ്ത സവിശേഷതകളാണിവ എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. 1833- ല്‍ നീല്‍സ് ട്രെഷൗ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍