This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ട്രൂമാന്‍, ഹാരി എസ്. (1884-1972)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ട്രൂമാന്‍, ഹാരി എസ്. (1884-1972)
Truman,Harry S
യു.എസ്സിലെ 33-ാമത്തെ പ്രസിഡന്റ്. രാജ്യത്തെ പ്രമുഖരായ പ്രസിഡന്റുമാരില്‍ ഒരാള്‍ എന്ന അംഗീകാരം ഇദ്ദേഹത്തിന് പല ചരിത്രകാരന്മാരും നല്‍കിക്കാണുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാന ഘട്ടങ്ങളിലും യുദ്ധാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളിലും കമ്യൂണിസ്റ്റുചേരിയുമായി നിലനിന്ന 'ശീതയുദ്ധ'ത്തിലും രാജ്യത്തെ ധീരമായി നയിച്ച ട്രൂമാന് ആഭ്യന്തര ഭരണരംഗത്ത് അത്രയും ശോഭിക്കുവാന്‍ കഴിഞ്ഞില്ല.
മിസ്സോറിയിലെ ലമറില്‍ 1884 മേയ് 8-ന് ഇദ്ദേഹം ജനിച്ചു. കൃഷിയും കാലി വളര്‍ത്തലും തൊഴിലായി സ്വീകരിച്ചിരുന്ന ജോണ്‍ ആന്‍ഡേഴ്സണ്‍ ട്രൂമാന്‍ ആയിരുന്നു പിതാവ്; മാര്‍ത്താ എല്ലന്‍ ട്രൂമാന്‍ മാതാവും. 1901-ല്‍ മിസ്സോറിയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന് കോളജു വിദ്യാഭ്യാസം നേടാനായില്ല. തുടര്‍ന്ന് കാന്‍സാസ് സിറ്റിയില്‍ അപ്രധാനമായ ചില ഗുമസ്തപ്പണികള്‍ ചെയ്തു കഴിഞ്ഞു. 22-ാം വയസ്സില്‍ കുടുംബവകയായുള്ള കൃഷിയിടത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ഒന്നാം ലോകയുദ്ധമാരംഭിച്ചപ്പോള്‍ ട്രൂമാന്‍ സൈന്യത്തില്‍ ചേര്‍ന്നു. ഫ്രാന്‍സിലെ യുദ്ധരംഗത്തായിരുന്നു സേവനമനുഷ്ഠിച്ചത്. 1919-ല്‍ എലിസബത്ത് വാലസിനെ വിവാഹം കഴിച്ചു.
കാന്‍സാസ് സിറ്റിയിലെ ഡെമോക്രാറ്റിക് കക്ഷി നേതാവായിരുന്ന തോമസ് പെന്റര്‍ഗാസ്റ്റിന്റെ പ്രോത്സാഹനത്തിലൂടെയാണ് ട്രൂമാന്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1922-ല്‍ ജാക്സണ്‍ കൗണ്ടി കോര്‍ട്ട് ജഡ്ജിയായും 1926-ല്‍ പ്രിസൈഡിങ് ജഡ്ജിയായും ട്രൂമാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭരണപരമായ ചുമതലകളായിരുന്നു ഈ സ്ഥാനങ്ങളില്‍ ഇദ്ദേഹം നിര്‍വഹിച്ചിരുന്നത്. ഇതിനിടയ്ക്ക് 1923 മുതല്‍ 25 വരെ യൂണിവേഴ്സിറ്റി ഒഫ് കാന്‍സാസ് സിറ്റി ലോ സ്കൂളില്‍ നിയമ പഠനം നടത്തി. 1934-ല്‍ ട്രൂമാന്‍ സെനറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സെനറ്ററായിരിക്കവേ പ്രസിഡന്റ് റൂസ്വെല്‍റ്റിന്റെ 'ന്യൂ ഡീല്‍' പരിപാടികളെ ഇദ്ദേഹം പിന്തുണച്ചിരുന്നു. പ്രതിരോധ രംഗവുമായി ബന്ധപ്പെട്ട സെനറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കെ ദേശീയ പ്രതിരോധ പരിപാടികളെ സംബന്ധിച്ചു നടത്തിയ ചില അന്വേഷണങ്ങള്‍ ഇദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുവാനുപകരിച്ചു. ഭരണ നിപുണനും സത്യസന്ധനുമെന്ന അംഗീകാരം ഇതോടെ ഇദ്ദേഹത്തിന് ലഭ്യമായി.
1944-ല്‍ ട്രൂമാന്‍ യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് പ്രസിഡന്റായിതെരഞ്ഞെടുക്കപ്പെട്ടിരുന്നത് റൂസ് വെല്‍റ്റ് ആയിരുന്നു. 1945-ല്‍ അധികാരമേറ്റ ട്രൂമാന്‍ വൈസ് പ്രസിഡന്റ് പദവിയില്‍ 82 ദിവസം പൂര്‍ത്തിയാക്കിയപ്പോഴാണ് ഏ. 12-ന് പ്രസിഡന്റ് റൂസ് വെല്‍റ്റിന്റെ ആകസ്മിക നിര്യാണം സംഭവിച്ചത്. ഇതോടെ ട്രൂമാന്‍ യു. എസ്. പ്രസിഡന്റായി ഉയര്‍ത്തപ്പെട്ടു. റൂസ് വെല്‍റ്റിന്റെ നയങ്ങള്‍തന്നെ ട്രൂമാനും പിന്തുടര്‍ന്നു. പ്രസിഡന്റായി അധികാരമേറ്റതോടെ രണ്ടാം ലോകയുദ്ധത്തിന്റെ ഗതി നിയന്ത്രിക്കുകയെന്ന പ്രധാന ചുമതല ഇദ്ദേഹത്തില്‍ നിക്ഷിപ്തമായി. നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കേണ്ടതുണ്ടായിരുന്നു. യുദ്ധം അവസാനിച്ചിരുന്നില്ലെങ്കിലും സമാധാനത്തിനുവേണ്ടിയുള്ള ചില ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടായിരുന്നു. ഐക്യ രാഷ്ട്ര സംഘടന രൂപവത്ക്കരിക്കുന്നതിനുവേണ്ടി നടന്ന സാന്‍ഫ്രാന്‍സിസ്കോ സമ്മേളനത്തില്‍ ഇദ്ദേഹം സംബന്ധിച്ചു. ബ്രിട്ടന്റെയും സോവിയറ്റു യൂണിയന്റെയും നേതാക്കളുമായി ഉന്നതതല ചര്‍ച്ച നടത്തി. കീഴടങ്ങലിനായുള്ള നിര്‍ദേശം ജപ്പാന്‍ നിരാകരിച്ചതോടെ യുദ്ധത്തിന് പെട്ടെന്നൊരറുതി വരുത്താനായി ആറ്റംബോംബ് പ്രയോഗിക്കാന്‍ തീരുമാനമെടുക്കേ സാഹചര്യവും ഇദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. യുദ്ധാവസാനത്തോടെ സോവിയറ്റുയൂണിയനോട് ഇദ്ദേഹം വിമര്‍ശനാത്മകമായ സമീപനമാണ് പ്രകടിപ്പിച്ചത്.
യുദ്ധാനന്തരം ആഭ്യന്തര രംഗത്ത് ഒട്ടേറെ വെല്ലുവിളികള്‍ ട്രൂമാന് നേരിടേണ്ടിവന്നു. സൈന്യത്തെ പിരിച്ചയക്കുക, സൈനിക ഉപകരണങ്ങളുടെ ഉത്പാദനത്തില്‍പ്പെട്ടിരുന്ന വ്യവസായ മേഖലയെ സിവിലിയന്‍ ഉത്പാദനരംഗത്തേക്ക് മടക്കിക്കൊണ്ടുവരിക എന്നിവ രൂക്ഷമായ പ്രശ്നങ്ങളായിരുന്നു. യുദ്ധകാല സാമ്പത്തിക നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും പണപ്പെരുപ്പം നിയന്ത്രിക്കുകയുമായിരുന്നു മറ്റു പ്രധാന കാര്യങ്ങള്‍. യു. എസ്. കോണ്‍ഗ്രസ്സിലേക്ക് 1946-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതുമൂലം നിയമനിര്‍മാണ നിര്‍ദേശങ്ങള്‍ പാസ്സാക്കിയെടുക്കാന്‍ ട്രൂമാന് വളരെ ബുദ്ധിമുണ്ടേട്ടിവന്നു. കമ്യൂണിസത്തിന്റെ വ്യാപനം തടയുകയെന്ന ലക്ഷ്യമിട്ടിരുന്ന ട്രൂമാന്‍ ഇതിനായി 1947-ല്‍ 'ട്രൂമാന്‍ സിദ്ധാന്തം' എന്നറിയപ്പെടുന്ന പദ്ധതിക്ക് തുടക്കമിട്ടു. അതോടൊപ്പം ഇതേ ലക്ഷ്യമുള്ള 'മാര്‍ഷല്‍ പദ്ധതിക്ക്' (1947-ല്‍) ഇദ്ദേഹം അംഗീകാരം നല്‍കുകയും ചെയ്തു.
1948-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു. എതിര്‍ സ്ഥാനാര്‍ഥിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തോമസ് ഇ. ഡ്യൂവിയുടെ (Thomas E.Dewey) വിജയമാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. ചില പത്രങ്ങള്‍ ഡ്യൂവി വിജയിക്കുമെന്ന് പ്രഖ്യാപിക്കുകപോലും ചെയ്തു. എന്നാല്‍ എതിര്‍ പ്രചാരണങ്ങളെ പാടേ തകര്‍ത്തുകൊണ്ട് തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷം നേടി ട്രൂമാന്‍ വിജയിക്കുകയും പ്രസിഡന്റ് സ്ഥാനത്തു തുടരുകയും ചെയ്തു. മുന്‍ പ്രസിഡന്റ് റൂസ്വെല്‍റ്റിന്റെ 'ന്യൂ ഡീല്‍' പരിപാടിക്കുസമാനമായ,പൊതുജനക്ഷേമപ്രവര്‍ത്തനങ്ങളുള്‍ക്കൊള്ളുന്ന, 'ഫെയര്‍ ഡീല്‍' പരിപാടി ട്രൂമാന്‍ 1949-ല്‍ പ്രഖ്യാപിച്ചു. നാറ്റോ (NATO;North Atlantic Treaty Organisation ) എന്ന സൈനികസഖ്യം സ്ഥാപിക്കുന്നതിന് ഇദ്ദേഹം 1949-ല്‍ അംഗീകാരം നല്‍കി. അവികസിത രാജ്യങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നതിനുള്ള നാലിന പരിപാടി (Point Four Programme)1950ല്‍ ഇദ്ദേഹം ഒപ്പുവച്ചു. യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയായ സി. ഐ. എ. (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) യുടെ രൂപവത്കരണവും ട്രൂമാന്റെ ഭരണകാലത്താണ് നടന്നത് (1947). കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയ 1950-ല്‍ തെക്കന്‍ കൊറിയയെ ആക്രമിച്ചപ്പോള്‍ ഉടന്‍തന്നെ അവിടേക്ക് യു. എസ്. സേനയെ അയയ്ക്കുവാനും ഇതിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയെടുക്കുവാനും ട്രൂമാന് സാധിച്ചു.
1950 ന. 1-ന് ഇദ്ദേഹത്തിനെതിരായി വധശ്രമമുണ്ടായി. പ്രസിഡന്റു പദവിയിലെ ഇദ്ദേഹത്തിന്റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ സംഘര്‍ഷഭരിതമായിരുന്നു. ഗവണ്‍മെന്റില്‍ കമ്യൂണിസ്റ്റുകളുടെ ആധിപത്യമുണ്ടെന്ന് സെനറ്റര്‍ ജോസഫ് മക്കാര്‍ത്തി നടത്തിയ ആരോപണം ട്രൂമാന് വളരെയധികം ബുദ്ധിമുട്ടുകളുണ്ടാക്കി. എങ്കിലും ഈ ആരോപണത്തെ അതിജീവിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു. 1953-ല്‍ ട്രൂമാന്‍ പ്രസിഡന്റു പദവിയില്‍നിന്നും വിരമിച്ചു. തുടര്‍ന്ന് ഓര്‍മക്കുറിപ്പുകള്‍ എഴുതുന്നതിലും തന്റെ പേരിലുള്ള ലൈബ്രറി (ഹാരി എസ്. ട്രൂമാന്‍ ലൈബ്രറി) സ്ഥാപിക്കുന്നതിലും ഉത്സുകനായി. ഓര്‍മക്കുറിപ്പുകള്‍ (രണ്ടു വാല്യങ്ങള്‍) 1955-ലും 56-ലും ആയി പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ സ്മാരകമായിത്തീര്‍ന്ന ലൈബ്രറി 1957-ല്‍ മിസോറിയില്‍ സ്ഥാപിച്ചു. കാന്‍സാസ് സിറ്റിയില്‍ 1972 ഡി. 26-ന് ട്രൂമാന്‍ നിര്യാതനായി.
(പി. സുഷമ, സ. പ.)