This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെനിയേര്‍സ് ഡേവിഡ്, ദ് യംഗര്‍ (1610 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെനിയേര്‍സ് ഡേവിഡ്, ദ് യംഗര്‍ (1610 - 90)

Teniers David, The younger

ഫ്ളമിഷ് ചിത്രകാരന്‍. 1610-ല്‍ ആന്റ് വെര്‍പ്പില്‍ വിഖ്യാത ചിത്രകാരനായിരുന്ന ഡേവിഡ് ടെനിയേഴ്സ്, ദി എല്‍ഡറി (1582-1649)ന്റെ മകനായി ജനിച്ചു. അച്ഛന്‍ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ ചിത്രകലാഗുരു. വളരെ ചെറുപ്പത്തില്‍ തന്നെ ഇദ്ദേഹം ചിത്രകലാ രംഗത്ത് പ്രശസ്തനായി. ഭ്രമകല്പനാപരമായ ചിത്രങ്ങളായിരുന്നു ആദ്യം വരച്ചിരുന്നത്. ടെംപ്റ്റേഷന്‍ ഒഫ് സെന്റ് ആന്റണി (1633 - 36) ഇതിനുദാഹരണമാണ്. 1634 ലെ ഡിന്നര്‍ പാര്‍ട്ടി എന്ന ചിത്രം മധ്യവര്‍ഗ ജീവിത ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ഇദ്ദേഹത്തിനുള്ള പ്രാഗല്ഭ്യത്തിന്റെ ഉത്തമോദാഹരണമാണ്. പ്രകൃതി ദൃശ്യങ്ങള്‍, മതപരമായ ചിത്രങ്ങള്‍, മാന്ത്രിക ചിത്രങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രചനകള്‍ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും കാര്‍ഷിക ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം വിശ്വപ്രസിദ്ധനായത്. അഡ്രയില്‍ ബ്രവറുടെ അധഃകൃത ജീവിതചിത്രണശൈലിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവയാണ് അത്തരം ചിത്രങ്ങള്‍.

ടെനിയേഴ്സ് ഡേവിഡ്, ദ് യംഗര്‍ രചിച്ച ഒരു എണ്ണച്ചായ ചിത്രം

കാബറെ ഇന്റീരിയര്‍ (1645) സ്മോക്കേഴ്സ് ആന്‍ഡ് ഡ്രിങ്കേഴ്സ് ഇന്‍ ആന്‍ ആലെ ഹൗസ് (1650) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. കാര്‍ഷിക ജീവിതത്തിലെ മുഹൂര്‍ത്തങ്ങളെ ഇദ്ദേഹം അതേപടി പകര്‍ത്തുകയായിരുന്നില്ല, മറിച്ച് കാല്പനികചാരുതയോടെ പുനഃസൃഷ്ടിക്കുകയായിരുന്നു. ഇളം വര്‍ണങ്ങളോടായിരുന്നു ഇദ്ദേഹത്തിനു പ്രിയം. വെളിച്ചത്തിന്റെയും സുതാര്യമായ നിഴലിന്റെയും സാന്നിധ്യവും പല ചിത്രങ്ങളെയും വ്യത്യസ്തങ്ങളാക്കിയിരുന്നു. 1640 മുതല്‍ 60 വരെയുള്ള ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്. വില്ലേജ് ഫെറ്റി വിത്ത് കാള്‍ഡ്രണ്‍സ് (1643), പ്രോഡിഗല്‍സണ്‍ അറ്റ് എ ടേബിള്‍ ഔട്ട്സൈഡ് ആന്‍ ഇന്‍ (1644), ആര്‍ച്ച് ഡ്യൂക്ക് ലിയോപോള്‍ഡ് വില്‍ഹെം അറ്റ് എ വില്ലേജ് ഫെറ്റി (1647), പെസന്റ് വെഡ്ഡിംഗ് (1649), വില്ലേജ് മെരിമേക്കിംഗ് (1649). 1651 മുതല്‍ ടെനിയേഴ്സ് കൊട്ടാരചിത്രകാരനായി ബ്രസ്സല്‍സില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ ആര്‍ച്ച്ഡ്യൂക്ക് ലിയോപോള്‍ഡ് വില്‍ഹെമിന്റെ ചിത്രശേഖരങ്ങള്‍ തരംതിരിച്ചു ക്രമീകരിക്കുകയും അവ 1660 ല്‍ പ്രകാശിപ്പിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പല ചിത്രങ്ങളും ഇദ്ദേഹം പുനഃസൃഷ്ടിച്ചിട്ടുമുണ്ട്. തുടര്‍ന്ന് ചിത്രവില്പനയില്‍ ടെനിയേഴ്സ് ശ്രദ്ധ കേന്ദ്രീകരിച്ചുതുടങ്ങി. അതിനുശേഷമുള്ള ചിത്രങ്ങളൊന്നും കാര്യമായ പ്രാധാന്യമുള്ളവയല്ല. 1690 ല്‍ ബ്രസ്സല്‍സില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍