This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂറിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:39, 16 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

ടൂറിസം

മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും അറിവിന്റെ ചക്രവാളം വികസിപ്പിക്കുന്നതിനുമായി നടത്തുന്ന സഞ്ചാരവും ഇത്തരം സഞ്ചാരികള്‍ക്കാവശ്യമായ ഭൗതിക സൗകര്യങ്ങളുടെ ലഭ്യമാക്കലും. പുതിയ കാഴ്ചകള്‍ കാണാനും പുതിയ അനുഭവങ്ങള്‍ തേടാനുമുള്ള മനുഷ്യന്റെ സഹജമായ വാസനയാവാം ഈ സഞ്ചാരത്വരയ്ക്കു കാരണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ നിരവധി മാനങ്ങള്‍ ഇന്ന് ടൂറിസത്തിന് കൈവന്നിട്ടുണ്ട്. ആധുനിക ലോകത്തിലെ ഏറ്റവും പ്രധാനമായ വ്യവസായങ്ങളിലൊന്നുകൂടിയാണ് വിനോദസഞ്ചാരം. ലോകകയറ്റുമതിയില്‍ ടൂറിസം എന്ന ആഗോളവ്യവസായത്തിന്റെ സംഭാവന ഇന്ന് പത്തു ശതമാനത്തോളമാണ്. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭമായി ടൂറിസം ഇന്നു മാറിയിരിക്കുന്നു. അന്തര്‍ദേശീയ തലത്തിലും പ്രാദേശികതലത്തിലും ഉള്ള ഒട്ടനവധി പൊതുമേഖലാ-സ്വകാര്യസ്ഥാപനങ്ങള്‍ ഒന്നിച്ചുചേര്‍ന്നു നടത്തുന്ന ഒരു വ്യവസായം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ടൂറിസം - ഒരു ചരിത്രാവലോകനം

സഞ്ചരിക്കുവാനുള്ള ആഗ്രഹം മനുഷ്യന്റെ സഹജവാസനകളിലൊന്നാണ്. അതുകൊണ്ടുതന്നെയാണ് സഞ്ചാരത്തിന്റെ ചരിത്രത്തിന് ചരിത്രാതീതകാലത്തോളം പഴക്കവും കാണുന്നത്. ജീവസന്ധാരണത്തിനുവേണ്ടിയുള്ള അനിവാര്യമായ യാത്രകള്‍, പുതിയ സ്ഥലങ്ങളും സംസ്കാരങ്ങളും കാണാനുള്ള യാത്രകള്‍, അങ്ങനെയൊക്കെയാവാം സഞ്ചാരങ്ങളുടെ തുടക്കം. പിന്നീട് അതിന് നിയത ലക്ഷ്യം നല്‍കിയത് കച്ചവടം, ആരാധന എന്നിവയാകാം. ഏറ്റവും പ്രാചീനമായ സോദ്ദേശ്യ യാത്രകള്‍ പലതും വാണിജ്യപരമോ തീര്‍ഥാടനപരമോ ആയിരുന്നിരിക്കണം. അധിനിവേശം, ജ്ഞാനസമ്പാദനം തുടങ്ങിയവ ലക്ഷ്യമായുള്ള യാത്രകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. യാത്രക്കാര്‍ അതോടെ സാര്‍ഥവാഹകര്‍, തീര്‍ഥാടകര്‍, ദേശാടനക്കാര്‍, സന്ദര്‍ശകര്‍ എന്നിങ്ങനെ പല വിഭാഗങ്ങളായി അറിയപ്പെട്ടുതുടങ്ങി.

വാണിജ്യോദ്ദേശ്യത്തോടെയുള്ള യാത്രകള്‍ക്ക് ടൂറിസം വികസനത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും അത്തരം യാത്രകളാണ് അറിയപ്പെടാത്ത പല ലോകങ്ങളെക്കുറിച്ചുമുള്ള കൗതുകം ലോകജനതയ്ക്ക് കൈമാറുവാനുപകരിച്ചത്. ഹ്യൂയാങ്സാങ്, ഇബ്നുബത്തൂത്ത, ഹെറോഡോട്ടസ്, ഫ്രാന്‍സിസ്കൊ, ഫ്രെയര്‍, അല്‍ബുക്കര്‍ക്ക്, മാര്‍ക് ട്വെയ് ന്‍ മഗല്ലന്‍, മാര്‍ക്കോപോളോ, അലക്സാണ്ടര്‍ ദ് ഗ്രേറ്റ്, സ്ട്രാബോ, സെന്റ് പോള്‍, പ്ലിനി , ടോളമി, ജെയിംസ് കുക്ക് തുടങ്ങിയവര്‍ നടത്തിയിട്ടുള്ള സാഹസിക യാത്രകളെല്ലാം ഇതിനുദാഹരണമാണ്. ആദ്യകാലസഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍ യാത്രാചരിത്രം മാത്രമല്ല, ടൂറിസ ചരിത്രവും സമാന്തരമായും പരോക്ഷമായും സ്ഥാനം പിടിച്ചിരിക്കുന്നതുകാണാം.

കണ്ടറിയുവാനുള്ള കൗതുകത്തോടെ നടത്തിയ യാത്രകളുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാതൃകയാണ് ശേബാ രാജ്ഞിയുടെ കഥ. സോളമന്റെ ബുദ്ധിവൈഭവത്തിന്റെ ലോകത്തിലൂടെ - അറേബ്യയിലുടനീളം - 1900 കി.മീ. ദൂരം അവര്‍ യാത്ര ചെയ്യുകയുണ്ടായി.

നാണയങ്ങള്‍ വ്യാപകമായി നിലവില്‍ വന്ന സു.ബി.സി. 3000-ാമാണ്ടോടെയാണ് വാണിജ്യപരമായ യാത്രകള്‍ സാര്‍വത്രികമായിത്തുടങ്ങിയതെങ്കില്‍, മതപരമായ യാത്രകള്‍ പ്രാധാന്യം ആര്‍ജിച്ചത് മധ്യകാലത്തോടുകൂടി മാത്രമാണ്. ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ യൂറോപ്പിലെ ആരാധനാലയങ്ങള്‍ പലതും വന്‍ തീര്‍ഥാടനകേന്ദ്രങ്ങളായി മാറി. ഭാരതത്തില്‍ തീര്‍ഥാടനവും ദേശാടനവുമൊക്കെ അതിനുമുമ്പുതന്നെ ഉണ്ടായിരുന്നു എന്നതിന് പ്രാചീന ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഇവിടത്തെ മതപരമായ യാത്രകള്‍ സജീവമാക്കുന്നതില്‍ ബുദ്ധമതം വഹിച്ച പങ്ക് വളരെ വലുതാണ്. പാടലീപുത്രത്തില്‍ നിന്ന് നേപ്പാളിലേക്കും ലുംബിനിയിലേക്കും കപിലവസ്തുവിലേക്കും സാരനാഥത്തിലേക്കുമൊക്കെ അശോകചക്രവര്‍ത്തി നടത്തിയ തീര്‍ഥാടനം അവിടങ്ങളില്‍ പില്ക്കാലത്തെത്തിയ തീര്‍ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പ്രേരകമായിത്തീര്‍ന്നു.

ഗ്രീസിന് ആദ്യകാലസഞ്ചാരങ്ങളുടെ നിറപ്പകിട്ടാര്‍ന്ന കഥകള്‍ പറയുവാനുണ്ട്. പുരാതനഗ്രീസിലെ ഡെല്‍ഫി ക്ഷേത്രം തേടി ജനങ്ങള്‍ ഏറെ ദൂരം സഞ്ചരിച്ചെത്തുക പതിവായിരുന്നു. സവിശേഷമായ മതാഘോഷങ്ങള്‍ കാണാനായി പല ദിക്കില്‍ നിന്നും ആളുകള്‍ അവിടെ എത്തിക്കൂടിയിരുന്നതായി ധാരാളം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതിനെല്ലാറ്റിനുമുപരിയാണ് 'ഒളിമ്പിക്സ്' കാണാനെത്തിയിരുന്ന സന്ദര്‍ശകരുടെ കഥ.

ഡെല്‍ഫി ക്ഷേത്രം-ഗ്രീസ്

എന്നാല്‍, ടൂറിസത്തിന്റെ പ്രാചീന മാതൃക എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള യാത്രകള്‍ കാണാനാകുന്നത് റോമിലാണ്. റോമാസാമ്രാജ്യത്തിന്റെ സുവര്‍ണകാലത്തില്‍ യാത്രകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ പലതും അവിടെ ഉണ്ടായിരുന്നു. സഞ്ചാരയോഗ്യവും പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ റോഡുകളാണ് അവയില്‍ മുഖ്യം. റോഡുമാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, ഓരോ സ്ഥലത്തേക്കുമെത്താന്‍ അവശേഷിക്കുന്ന ദൂരം, അവ താണ്ടാന്‍ സാധാരണ ഗതിയില്‍ എടുക്കുന്ന സമയം എന്നിവയെല്ലാം അന്ന് രേഖപ്പെടുത്തിയിരുന്നതായി കാണുന്നു. പല സ്ഥലങ്ങളിലും കുതിരലായങ്ങളും വിശ്രമസങ്കേതങ്ങളും നിര്‍മിച്ചിരുന്നു. യാത്രക്കാര്‍ക്ക് തങ്ങളുടെ കുതിരയെ മാറ്റി താത്ക്കാലികമായി മറ്റൊന്ന് തിരഞ്ഞെടുത്ത് യാത്ര തുടരുവാനുള്ള സൗകര്യവും അന്നുണ്ടായിരുന്നു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി രക്ഷാഭടന്മാരെയും വഴിയോരങ്ങളില്‍ നിയോഗിച്ചിരുന്നു. നിത്യേന നൂറിലേറെ മൈല്‍ ദൂരം താണ്ടാവുന്ന കുതിരസവാരി സംവിധാനം അക്കാലത്തവിടെ നിലവിലിരുന്നു. സാമ്രാജ്യത്തിനകത്തെന്നപോലെ സമീപദേശങ്ങളിലേക്കും റോമാക്കാര്‍ സഞ്ചരിച്ചിരുന്നു. വിനോദം, വിശ്രമം, ആരോഗ്യപരിപാലനം എന്നിവയായിരുന്നു അത്തരം യാത്രകളുടെ ഉദ്ദേശ്യങ്ങള്‍. ആരോഗ്യപരിചരണത്തിനായുള്ള യാത്രകള്‍ പലതും വിശേഷ ഔഷധമൂല്യം ഉള്ളവയെന്ന് പരക്കെ അറിയപ്പെട്ട നീരുറവകളിലേക്കായിരുന്നു. തീരദേശ ടൂറിസത്തിന്റെ കന്നിപ്പൊടിപ്പുകളാണ് അത്തരം യാത്രകളില്‍ കണ്ടെത്തുവാന്‍ കഴിയുന്നത്. നീരുറവകള്‍ക്കു സമീപം സ്നാനസൌകര്യങ്ങളും താത്ക്കാലിക വിശ്രമസൌകര്യങ്ങളും വ്യാപകമായി ഒരുക്കിയിരുന്നു എന്നതിന് തെളിവുകളുണ്ട്. 'സ്പാ' എന്നറിയപ്പെട്ട ഇത്തരം ധാതുജലയുറവകള്‍ക്കരികില്‍ വിനോദത്തിനുള്ള പ്രത്യേക സംവിധാനങ്ങളും നിലവിലുണ്ടായിരുന്നു - കായികമത്സരങ്ങള്‍, ഉത്സവങ്ങള്‍, നാടകാവതരണം തുടങ്ങിയവ. ഇംഗ്ലണ്ടിലെ 'ബാത്ത്' എന്ന സ്ഥലം ഇത്തരത്തില്‍ പ്രസിദ്ധമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ റോമാക്കാര്‍ അവിടെ കുളിച്ചുവിശ്രമിക്കാനായി എത്തിയിരുന്നതിനു പ്രത്യക്ഷമായ തെളിവുകളുണ്ട്. 18-ാം ശ. -ത്തോടെ ഇത്തരം സ്നാനസങ്കേതങ്ങള്‍ യൂറോപ്പിലും വ്യാപകമാവുകയും സമുദ്രസ്നാനത്തിന് പൂര്‍വാധികം പ്രചാരം സിദ്ധിക്കുകയും ചെയ്തു. ക്രമേണ, സമുദ്രതീരങ്ങള്‍ സന്ദര്‍ശകകേന്ദ്രങ്ങളായി മാറുകയും സമുദ്രതീരവിശ്രമസങ്കേതങ്ങള്‍ നിലവില്‍വരികയും ചെയ്തു. ആ നൂറ്റാണ്ടില്‍ കൂടുതല്‍ വിശ്രമസമയം ലഭിച്ച പ്രഭുക്കന്മാരും കുടുംബാംഗങ്ങളുമാണ് വിനോദസഞ്ചാരത്തില്‍ കൂടുതല്‍ ഏര്‍പ്പെട്ടത്. ചുരുക്കത്തില്‍, ആധുനിക ടൂറിസത്തിന്റെ പ്രാഥമിക മാതൃകയ്ക്ക് റോമാസാമ്രാജ്യമാണ് കളമൊരുക്കിയതെന്നു പറയാം. ആധുനിക ടൂറിസത്തിന്റെ കറുത്ത വശങ്ങളായ ധൂര്‍ത്തിന്റെയും ലൈംഗിക അരാജകത്വത്തിന്റെയും ആദ്യകാല മാതൃകയും അവിടത്തെ ഉല്ലാസഗൃഹങ്ങളില്‍ത്തന്നെ കാണാമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ പതനത്തെത്തുടര്‍ന്ന് ഇത്തരം സന്ദര്‍ശനങ്ങള്‍ വിരളമായിത്തീര്‍ന്നു. തീര്‍ഥാടനം മാത്രമാണ് നാമമാത്രമായെങ്കിലും പിന്നീട് നിലനിന്നിരുന്നത്. പില്ക്കാലത്ത് വിജ്ഞാനസമ്പാദനത്തിനുവേണ്ടിയുള്ള യാത്രകളിലൂടെയാണ് റോം ടൂറിസം ചരിത്രത്തില്‍ ഇടം നേടിയത്.

ഓസ്റ്റാപര്‍വതനിരയും താഴ്വാരവും-ഇറ്റലി

പണ്ടുകാലം മുതല്‍ റോമാക്കാരായ വിദ്യാര്‍ഥികളും പണ്ഡിതന്മാരും ഗ്രീസിലെ പുരാതന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവ് നിലനിന്നിരുന്നു. ഏഥന്‍സ്, ഡെല്‍ഫി, ഒളിംബിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുക എന്നത് പഠനത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കിയിരുന്നത്. 14 മുതല്‍ 16 വരെ ശതാബ്ദങ്ങളില്‍ യൂറോപ്പില്‍, വിശേഷിച്ചും ഇറ്റലിയില്‍, ഉണ്ടായ നവോത്ഥാനത്തിന്റെ ഫലമായി വിജ്ഞാനസമ്പാദന യാത്രകളുടെ എണ്ണം വര്‍ധിച്ചു. ഈജിപ്തിലേക്കും മധ്യയൂറോപ്യന്‍ രാജ്യങ്ങളിലേക്കും ധാരാളം പഠനയാത്രകള്‍ നടന്നു. 19-ാം ശ. ആയപ്പോള്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള പഠന യാത്രകളുടെ എണ്ണം പിന്നെയും കൂടി. ഇറ്റലിയിലെ ഗതാഗതസൗകര്യങ്ങളില്‍ പെട്ടെന്നുണ്ടായ വര്‍ധന, നഗരസംവിധാനത്തിലുണ്ടായ വളര്‍ച്ച എന്നിവ നിരവധി സഞ്ചാരികളെ അവിടേക്ക് ആകര്‍ഷിച്ചു. യൂറോപ്പില്‍ സമാന്തരമായുണ്ടായ സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനവും അതിന് ആക്കം കൂട്ടി. ഇറ്റലിയിലെ ചരിത്രസ്മാരകങ്ങളും വാസ്തുശില്പവൈവിധ്യങ്ങളും കലാസങ്കേതങ്ങളും വൈജ്ഞാനികലോകത്തില്‍ ശ്രദ്ധേയമായിത്തീരുകയും ആദാനപ്രദാനപരമായ സഞ്ചാരങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുകയും ചെയ്തു. പാരീസിലും മിലാനിലും ഫ്ളോറന്‍സിലും റോമിലും സ്വിറ്റ്സര്‍ലാന്റിലുമൊക്കെ സന്ദര്‍ശനം നടത്തുക എന്നത് 17-ാം. ശ.-ത്തിലെ ഇംഗ്ലീഷ് പണ്ഡിതന്മാരുടെയും വിദ്യാര്‍ഥികളുടെയും ജ്ഞാനാര്‍ജന പരിപാടിയിലെ അനിവാര്യ ഘടകങ്ങളിലൊന്നായി മാറി. ഈ ലക്ഷ്യമില്ലെങ്കിലും അത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രഭുകുടുംബങ്ങളും ഉത്സാഹം പ്രദര്‍ശിപ്പിച്ചു. ചില നിശ്ചിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. സാധാരണ ജീവിതവുമായി യാതൊരു തരത്തിലും ബന്ധപ്പെടാതിരിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രദ്ധിച്ചിരുന്നു. അക്കാലത്തെ യാത്രാപദ്ധതികളെക്കുറിച്ചു നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഫ്രാന്‍സിസ് ബേക്കണ്‍ തന്റെ യാത്രാവിവരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലൈബ്രറികള്‍, വിജ്ഞാനമന്ദിരങ്ങള്‍, മ്യൂസിയങ്ങള്‍, തുറമുഖങ്ങള്‍, പുരാവസ്തു സങ്കേതങ്ങള്‍ തുടങ്ങിയവയായിരുന്നു അക്കാലത്തെ മുഖ്യ സന്ദര്‍ശന ലക്ഷ്യങ്ങള്‍.

ഇത്തരത്തില്‍ വിജ്ഞാനസമ്പാദനാര്‍ഥം ആസൂത്രിതമായി നടത്തിയ യാത്രകളാണ് 'ഗ്രാന്‍ഡ് ടൂര്‍' എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. ഗ്രേറ്റ് ബ്രിട്ടനിലാണ് ഈ സങ്കല്പം ആദ്യമായി പിറന്നത്. 'ഗ്രാന്‍ഡ് ടൂറി'ന്റെ ചരിത്രത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊരാള്‍ ജെയിംസ് ബോസ്വെല്‍ ആണ്. 1763-ലും 1766-ലും ഇദ്ദേഹം ഹോളണ്ട്,ജര്‍മനി, സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി, ക്രൊയേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇദ്ദേഹമെഴുതിയ ദ് ജേണല്‍ ഒഫ് എ ടൂര്‍ ടു ഹീബ്രൈഡ്സ് വിത്ത് സാമുവല്‍ ജോണ്‍സണ്‍ ഗ്രാന്‍ഡ്ടൂര്‍ ചരിത്രത്തിന്റെ നല്ലൊരു അക്ഷരസാക്ഷ്യമാണ്. ചരിത്രരചനയ്ക്കും സാഹിത്യത്തിനും ടൂറിസം നല്‍കിയ സംഭാവനങ്ങള്‍ക്ക് മറ്റൊരുദാഹരണമാണ് 1764-ല്‍ ഇറ്റലിയില്‍ 'ഗ്രാന്‍ഡ്ടൂര്‍' നടത്തിയ എഡ്വാര്‍ഡ് ഗിബ്ബണിന്റെ രചനകള്‍. കാലം ചെല്ലുംതോറും ഗ്രാന്‍ഡ് ടൂറുകള്‍ക്ക് മൂല്യച്യുതി സംഭവിക്കാനിടയായി. അവ വിനോദ-വിശ്രമലക്ഷ്യങ്ങള്‍ വച്ചുള്ളവ മാത്രമായി ചുരുങ്ങി.

ഇംഗ്ലണ്ടിലെ ബാത്ത്

പതിനെട്ടാം ശ.-ത്തിന്റെ അന്ത്യ ദശകങ്ങളിലും പത്തൊന്‍പതാം ശ.-ത്തിന്റെ ആദ്യ ദശകങ്ങളിലും യൂറോപ്യന്‍ സാംസ്കാരികജീവിതത്തെ ഗ്രസിച്ച കാല്പനികത ടൂറിസത്തിന്റെ രൂപഭാവങ്ങളില്‍ പരിവര്‍ത്തനം വരുത്തി. 'ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യത്തിലേക്കും പ്രകൃതിയിലേക്കുമുള്ള തിരിച്ചുപോക്ക്' തുടങ്ങിയ റൂസ്സോവിന്റെയും മറ്റും ആശയങ്ങള്‍ വിനോദസഞ്ചാരികളുടെ അഭിരുചി മാറ്റിമറിച്ചു. വിജ്ഞാനകേന്ദ്രങ്ങള്‍ക്കു പകരം പ്രകൃതിസൗന്ദര്യത്തിന്റെ ഉറവിടങ്ങളായി സന്ദര്‍ശനസ്ഥലങ്ങള്‍ മാറി. മലനിരകള്‍, വനഭൂമികള്‍, കടല്‍ത്തീരങ്ങള്‍ എന്നിവയായി ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രിയങ്കരം. പ്രാചീന സംസ്കൃതികളെച്ചൊല്ലിയുള്ള ഗൃഹാതുരത്വം ഇക്കാലത്തെ സഞ്ചാരികളില്‍ നിറഞ്ഞുനിന്നു. തത്ഫലമായി പുരാതന യവന-റോമന്‍ സംസ്കാരങ്ങളുടെ ഈറ്റില്ലങ്ങള്‍ അവയുടെ ചരിത്രാവശിഷ്ടങ്ങള്‍ എന്നിവ തേടിയെത്തി കൂടുതല്‍ കൂടുതല്‍ സഞ്ചാരികള്‍. ടൂറിസത്തിന്റെ ചരിത്രത്തിലുണ്ടായ നിര്‍ണായകമായ ഒരു അഭിരുചിമാറ്റം എന്നതിലുപരി, വിനോദസഞ്ചാരമേഖലയെ വിപുലവും സംസ്കാരധന്യവുമാക്കി കാല്പനിക പ്രസ്ഥാനം എന്നു പറയുന്നതായിരിക്കും ശരി.

ശേബാ രാജ്ഞിയുടെ യാത്ര;15-ാം ശ.ത്തിലെ ഒരു ചിത്രം

ഇതിനു സമാന്തരമായാണ് 'അവധി ദിനങ്ങള്‍' എന്ന സങ്കല്പം ജനങ്ങള്‍ക്കുണ്ടായത്. പ്രാചീന റോമിലാണ് ഈ സങ്കല്പത്തിന്റെയും ആവിര്‍ഭാവം. പുരാതന കാലത്തുതന്നെ 'സാറ്റര്‍നാലിയ' എന്ന പേരില്‍ അവിടെ വാര്‍ഷിക അവധി ദിനങ്ങള്‍ നിലനിന്നിരുന്നു. ഡിസംബറില്‍ നടക്കാറുള്ള ഒരു പ്രത്യേക ഉത്സവവുമായി ബന്ധപ്പെട്ടാണ് അത് നടപ്പിലാക്കപ്പെട്ടിരുന്നത്. യൂറോപ്പിലാകട്ടെ വിശുദ്ധരുടെ ജന്മദിനങ്ങളും മറ്റുമായിരുന്നു ആദ്യകാലത്ത് അവധിദിനങ്ങള്‍. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട ഒരു നിയമനിര്‍മാണം ആദ്യമായി നടന്നത് ഇംഗ്ലണ്ടിലാണ്. എഡ്വേര്‍ഡ് - ആറാമന്‍ 1552-ല്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജീവനക്കാര്‍ക്ക് ചില വിശുദ്ധ ദിനങ്ങളും ഉപവാസദിനങ്ങളും അവധി നല്‍കണമെന്ന നിയമം കൊണ്ടുവന്നു. 19-ാം ശ.-ത്തില്‍ 'അവധിദിനങ്ങള്‍' മിക്കയിടങ്ങളിലും നാമമാത്രമായെങ്കിലും നിലവില്‍വന്നതോടെ വിശ്രമത്തിനുവേണ്ടിയുള്ള വിനോദയാത്രകള്‍ എന്ന സങ്കല്പം കൂടുതലാളുകളിലേക്ക് വ്യാപിച്ചു. അതോടെ, അഭിജാതവര്‍ഗത്തിന്റെ മാത്രമല്ല, തൊഴിലാളിവര്‍ഗത്തിന്റെയും ജീവിതത്തിന്റെ ഭാഗമായി ടൂറിസം മാറി.

19-ാം ശ.-ത്തില്‍ തന്നെ പാശ്ചാത്യലോകത്ത് അരങ്ങേറിയ വ്യാവസായിക വിപ്ലവം സഞ്ചാരത്തിന്റെ സാധ്യതകള്‍ അതിവേഗം വര്‍ധിപ്പിച്ചു. സാങ്കേതിക രംഗത്തുണ്ടായ പുരോഗതി സഞ്ചാരത്വരയുടെ സാക്ഷാത്ക്കാരത്തിനുവേണ്ട ഭൌതിക സൌകര്യങ്ങള്‍ ഒരുക്കി എന്നു പറയാം. ഇക്കൂട്ടത്തില്‍ ആദ്യത്തേത് തീവണ്ടിഗതാഗതത്തിന്റെ ആരംഭമാണ്. 1830-ല്‍ ലിവര്‍പൂള്‍ മുതല്‍ മാഞ്ചസ്റ്റര്‍ വരെയുള്ള ആദ്യത്തെ തീവണ്ടിപ്പാത നിലവില്‍വന്നു. തുടര്‍ന്ന്, മറ്റു മുഖ്യ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പ്പാതകള്‍ നിര്‍മിക്കപ്പെട്ടുതുടങ്ങി. ആദ്യകാലത്ത് തീവണ്ടിമാര്‍ഗം ചരക്കുഗതാഗതമാണ് കാര്യമായി നടന്നിരുന്നതെങ്കിലും അധികം വൈകാതെ ആകര്‍ഷകവും വേഗമേറിയതുമായ ഒരു യാത്രോപാധിയായി തീവണ്ടി മാറി. ഇംഗ്ളണ്ടില്‍ മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളിലും തീവണ്ടിഗതാഗതം സാധ്യമായതോടെ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുതുടങ്ങി. 1840-കളില്‍ തീവണ്ടികള്‍ എന്നപോലെ 1880-കളില്‍ ആവിക്കപ്പലുകള്‍ യാത്രാസങ്കല്പത്തെ മാറ്റിമറിച്ചു. സമുദ്രങ്ങള്‍ സാധാരണ യാത്രക്കാര്‍ക്കും സഞ്ചാരപഥമായി. ഭൂഖണ്ഡാന്തര കപ്പല്‍ യാത്രകളുടെ വര്‍ണശബളിമ ടൂറിസത്തിനു പുതിയൊരു ഈടുവയ്പായി.

ആസൂത്രിതമായ വിനോദസഞ്ചാരം യാഥാര്‍ഥ്യമാകാന്‍ കാരണക്കാരായത് കാള്‍ ബയഡേക്കര്‍, തോമസ് കുക്ക് എന്നീ വ്യക്തികളാണ്. ടൂറിസത്തെ ഒരു വ്യവസായമായി കണ്ട് സഞ്ചാരികള്‍ക്ക് സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായുള്ള പുസ്തകങ്ങള്‍ ആദ്യമായി രചിച്ച്, പ്രകാശിപ്പിച്ചത് കാള്‍ ബയഡേക്കറാണ്. അദ്ദേഹം 'ഗൈഡുബുക്കു'കള്‍ പല ഭാഷകളില്‍ ഇറക്കിയെന്നതാണ് മറ്റൊരു പ്രത്യേകത.

പുരാതന അറേബ്യന്‍ വാഹനം

ഇംഗ്ലണ്ടിലെ ഡര്‍ബിഷയറിലെ ഒരു പുസ്തകക്കച്ചവടക്കാരനും സുവിശേഷ പ്രസംഗകനുമായ തോമസ് കുക്ക് (1808-92) ടൂറിസത്തിന്റെ വികാസ ചരിത്രത്തില്‍ സുപ്രധാനമായ പങ്കു വഹിച്ച വ്യക്തിയാണ്. 1841-ല്‍ ലോബോറോയില്‍ നടന്ന ഒരു പെന്തക്കോസ്തു സഭാ സുവിശേഷ യോഗത്തില്‍ കുറേയാളുകളെ എത്തിക്കേണ്ട ചുമതല ഇദ്ദേഹത്തിനായിരുന്നു. ലെസ്റ്ററില്‍ നിന്ന് അവിടേക്ക് തീവണ്ടി ഉണ്ടായിരുന്നു. സുവിശേഷ യോഗത്തില്‍ പങ്കെടുക്കേണ്ട 570 പേര്‍ക്ക് യാത്ര ചെയ്യാനായി തോമസ് കുക്ക് അവിടെ തീവണ്ടി സര്‍വീസ് നടത്തിയിരുന്ന മിഡ്ലാന്‍ഡ് കൌണ്ടീസിനോട് ഒരു പ്രത്യേക തീവണ്ടി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ, ആദ്യത്തെ 'ചാര്‍ട്ടേഡ് ടൂറിസം സംരംഭം' എന്നു വിളിക്കാവുന്ന ആ യാത്ര 1841-ല്‍ ലെസ്റ്ററില്‍ നിന്ന് ലോബോറോയിലേക്കും തിരിച്ചും നടന്നു. ഈ സ്പെഷ്യല്‍ തീവണ്ടി പ്രസ്തുത യാത്രയ്ക്ക് പ്രത്യേക നിരക്കാണ് ചുമത്തിയതെന്നത് മറ്റൊരു സവിശേഷതയായി. ഈ സംരംഭത്തിന്റെ വിജയത്തോടെ ഒരു സംഘം ആള്‍ക്കാരെ ഒരു പ്രത്യേകസ്ഥലത്തേക്ക് പ്രത്യേക തീവണ്ടിമാര്‍ഗം എത്തിക്കുക എന്നത് കുക്ക് തന്റെ ദൌത്യമാക്കി മാറ്റി. കുക്കിന്റെ നേതൃത്വത്തില്‍ നടന്ന അടുത്ത യാത്ര കുട്ടികള്‍ക്കായി മധ്യവേനലവധിക്കാലത്ത് നടത്തിയ വിനോദസഞ്ചാരം ആയിരുന്നു. 1845 ആഗസ്റ്റ് 4-ന് ലിവര്‍പൂളിലേക്കും അവിടെ നിന്ന് കോണ്‍വോളിലേക്കും കുക്ക് സംഘടിപ്പിച്ച യാത്ര ലക്ഷണമൊത്ത ആദ്യത്തെ 'ചാര്‍ട്ടേഡ് ടൂര്‍' ആയി കണക്കാക്കപ്പെടുന്നു. അതിന് വന്‍ തോതിലുള്ള ജനപങ്കാളിത്തവും ഉണ്ടായി. ആ യാത്രയുടെ ഒരു സവിശേഷത യാത്രയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങളും മുന്‍കൂട്ടി ചിട്ടപ്പെടുത്തിയിരുന്നു എന്നതാണ്. അതിനായി യാത്രാമധ്യേയുള്ള സൗകര്യങ്ങളെ കുറിച്ച് കുക്ക് ഒരു സര്‍വെ നടത്തുകയും എത്തുന്ന സ്ഥലത്ത് താമസസൌകര്യങ്ങളും മറ്റും മുന്‍കൂട്ടി ഏര്‍പ്പാടാക്കുകയും ചെയ്തു.

കല്ലുപാകിയ പുരാതന ഗ്രീക്ക് വഴികള്‍

യൂറോപ്പില്‍ റെയില്‍വേ നിലവില്‍ വന്നതോടെ കുക്ക് അവിടേക്കും യാത്രാസംഘങ്ങളെ അയച്ചുതുടങ്ങി. 1862 മുതല്‍ ഫ്രാന്‍സിലേക്കും സ്വിറ്റ്സര്‍ലണ്ടിലേക്കും തുടര്‍ന്ന് ഇറ്റലിയിലേക്കും ഹംഗറിയിലേക്കും ആസ്റ്റ്രിയയിലേക്കും കുക്കിന്റെ 'ചാര്‍ട്ടേഡ് തീവണ്ടി യാത്രകള്‍' ഉണ്ടായി. ഇതിനായി ഇദ്ദേഹം ഏര്‍പ്പെടുത്തിയ നൂതന സംവിധാനമാണ് 'തോമസ് കുക്ക് റെയില്‍വേ കൂപ്പണ്‍'. യാത്രയ്ക്കിടയിലെ ഭക്ഷണത്തിനായി കുക്ക് 'ഹോട്ടല്‍ കൂപ്പണു'കളും ഉണ്ടാക്കി. 1866-ല്‍ അമേരിക്കയിലെത്തിയ കുക്ക് അതേ വര്‍ഷം മുതല്‍ അവിടേക്കും സഞ്ചാരികളെ എത്തിച്ചുതുടങ്ങി. 1867-ല്‍ ഇദ്ദേഹം വാണിജ്യാടിസ്ഥാനത്തില്‍ ടൂര്‍ സംഘടിപ്പിക്കുന്ന പ്രഥമസ്ഥാപനമായ 'തോമസ് കുക്ക് ആന്‍ഡ് സണ്‍' സ്ഥാപിച്ചു. 1872-ല്‍ തോമസ് കുക്ക് സ്വയം ഒരു ആഗോളയാത്ര നടത്തുകയും ചെയ്തു. കൂട്ടത്തില്‍, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും ഇന്ത്യയും ഇദ്ദേഹം സന്ദര്‍ശിച്ചു. ഇക്കാലത്ത്, ഔദ്യോഗികസന്ദര്‍ശകരെയും സൈനികോദ്യോഗസ്ഥരെയും ഈജിപ്തില്‍ എത്തിക്കുന്ന ജോലി ബ്രിട്ടീഷ് ഗവണ്‍മെന്റ് കുക്കിന്റെ കമ്പനിയെ ഏല്പിക്കുകയുണ്ടായി. സ്വകാര്യ ടൂറിസം സംരംഭങ്ങളുമായി ഭരണകൂടങ്ങള്‍ കൈകോര്‍ക്കുന്നതിന്റെ തുടക്കം കുറിക്കുന്നതിനും തോമസ് കുക്ക് കാരണഭൂതനായി.

ഇന്ത്യയില്‍ 'തോമസ് കുക്ക് ആന്‍ഡ് സണ്ണി'ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് പുത്രനായ ജോണ്‍ കുക്ക് ആണ്. ജൂബിലിയാഘോഷവേളയില്‍ വിക്ടോറിയ രാജ്ഞിയും രാജകീയ പ്രതിനിധികളും ഇന്ത്യയിലേക്കു നടത്തിയ യാത്രയുടെ സംഘാടകന്‍ ഇദ്ദേഹമായിരുന്നു. 'തോമസ് കുക്ക് ആന്‍ഡ് സണ്‍' കമ്പനി ഇന്ത്യയില്‍ നടത്തിയ ഏറ്റവും സ്തുത്യര്‍ഹമായ സേവനം ഹജ്ജ് യാത്ര സുഗമമാക്കി എന്നതാണ്. അന്ന് ഹജ്ജ് തീര്‍ഥാടനത്തിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം അവരെയാണ് ചുമതലപ്പെടുത്തിയത്.

തോമസ് കുക്ക്

ടൂറിസത്തിന് ഒരു വ്യവസായ പദവി നല്‍കുവാനുള്ള യത്നം നടത്തുകയും അതിനെ ഒരു ആസൂത്രിതപദ്ധതിയാക്കി മാറ്റുവാന്‍ വേണ്ട പ്രചോദനമരുളുകയും ചെയ്തത് തോമസ് കുക്ക് എന്ന ക്രാന്തദര്‍ശി തന്നെയാണ്. കുക്കിനെത്തുടര്‍ന്ന് ആ കാലത്തുതന്നെ നിരവധി ടൂര്‍ കമ്പനികള്‍ നിലവില്‍ വരുകയുണ്ടായി. അവയില്‍ പ്രധാനപ്പെട്ട ഒന്ന് വിനോദസഞ്ചാരികളുടെ പ്രഥമ ആഗോളയാത്ര സംഘടിപ്പിച്ച 'സ്റ്റാന്‍ജെന്‍' എന്ന ജര്‍മന്‍ കമ്പനിയാണ്. 1878-ലായിരുന്നു ആ ലോക യാത്ര.

തീവണ്ടികളിലെ ഒന്നാം ക്ലാസ്സ് കമ്പാര്‍ട്ടുമെന്റുകള്‍ എന്ന ആര്‍ഭാടപൂര്‍വമായ ബോഗികളുടെ നിര്‍മാണം ടൂറിസത്തിന് ഒരുത്തേജനമായി. ഉല്ലാസപ്രദമായി യാത്ര ചെയ്യുന്നതിനും സ്വസ്ഥമായി ഭക്ഷണം കഴിക്കുന്നതിനും പറ്റിയ അത്തരം കോച്ചുകളുടെ നിര്‍മാണത്തോടെ സമ്പന്നര്‍ ധാരാളമായി ദീര്‍ഘദൂരവിനോദസഞ്ചാരം നടത്തിത്തുടങ്ങി. 1820-ല്‍ ജി.എം. പുള്‍മാന്‍ ആണ് അത്തരം കോച്ചുകള്‍ നിര്‍മിച്ചത്. 'പൂള്‍മാന്‍ കോച്ചുകള്‍' എന്നാണ് പിന്നീട് അവ അറിയപ്പെട്ടത്.

ആധുനിക ടൂറിസം യാഥാര്‍ഥ്യമാകുന്നത് 20-ാം ശ.-ത്തിലാണ്. വിനോദസഞ്ചാരസങ്കല്പത്തില്‍ ഉണ്ടായ മാറ്റം, വിദ്യാസമ്പാദനത്തിനായുള്ള യാത്രകള്‍ക്കു കൈവന്ന പുതിയ മൂല്യം, ഭൌതിക സമ്പത്തിലും സ്വകാര്യസ്വത്തിലുമുണ്ടായ വളര്‍ച്ച, തിരക്കും, പിരിമുറുക്കവും ഏറിയ തൊഴില്‍രംഗം സൃഷ്ടിക്കുന്ന വിശ്രമതൃഷ്ണ തുടങ്ങി നിരവധി ഘടകങ്ങള്‍ അതിനു കാരണമായി. വ്യാപകമായിത്തീര്‍ന്ന ഹോട്ടല്‍ ശൃംഖലകള്‍, 'പുള്‍മാന്‍ കോച്ചു'കളുടെ ക്രമപ്രവൃദ്ധമായ ഉത്പാദനവും ഉപയോഗവും, അഗമ്യമായിരുന്ന സ്ഥലങ്ങളിലേക്കു കൂടി തീവണ്ടിപ്പാതകളുടെ നിര്‍മാണം, ഓറിയന്റ് എക്സ്പ്രസ്സ്, ബ്ലൂറിബാന്‍ഡ് തുടങ്ങിയ വിനോദയാത്രാക്കപ്പലുകളുടെ ആവിര്‍ഭാവം ഇവയെല്ലാം ടൂറിസത്തെ മുന്നോട്ടു നയിച്ചു. ദുരന്തത്തിലവസാനിച്ചുവെങ്കിലും ടൈറ്റാനിക്ക് കപ്പല്‍ യാത്ര (1912) ചരിത്രപ്രധാനമായ ഒരു വിനോദസമുദ്രയാന സംരംഭമാണ്.

കുതിരവലിക്കുന്ന ബോട്ട്

മധ്യവര്‍ഗത്തേയും തൊഴിലാളിവര്‍ഗത്തേയും വിനോദസഞ്ചാരികളാക്കി മാറ്റിയ ആസൂത്രിതസന്ദര്‍ശനപരിപാടികളാണ് ഇക്കാലത്ത് ടൂറിസം വികസനത്തിന് വഴിയൊരുക്കിയ മറ്റൊരു ഘടകം. ഇവയ്ക്കെല്ലാറ്റിനുമുപരി 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ വിനോദസഞ്ചാരത്തിന് ഗതിവേഗം പകര്‍ന്നത് 1920 മുതല്‍ ധാരാളമായി ഇറങ്ങിയ സ്വകാര്യ മോട്ടോര്‍ കാറുകളാണ്. യൂറോപ്യന്‍ ജനങ്ങളുടെയും അമേരിക്കന്‍ ജനതയുടെയും അവധിക്കാല ശീലങ്ങളെ ഈ കാറുകള്‍ മാറ്റി മറിച്ചു. ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള പത്തു വര്‍ഷങ്ങളില്‍ കാറുകളിലൂടെയും ബസ്സുകളിലൂടെയും കരഗതാഗതരംഗത്തുണ്ടായ അപൂര്‍വമായ മുന്നേറ്റം ടൂറിസം രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയുണ്ടായി.

വിനോദസഞ്ചാരത്തിന്റെ അനുസ്യൂതവികാസത്തിന് ഒന്നാം ലോകയുദ്ധം താല്ക്കാലികമായി വിരാമമിട്ടു. എന്നാല്‍ യുദ്ധാനന്തരലോകത്തില്‍ ടൂറിസം മുമ്പത്തേതിലും കരുത്തോടെ തഴച്ചു വളരുകയാണുണ്ടായത്. അതിര്‍ത്തികളെക്കുറിച്ചുള്ള സങ്കല്പങ്ങളെ തിരുത്തിയ യുദ്ധം അന്തര്‍ദേശീയ ടൂറിസത്തിന് പരോക്ഷമായി ആക്കം കൂട്ടി. മാത്രമല്ല, ആഗോളയുദ്ധത്തിന്റെ വിപത്ത് കണ്‍മുമ്പില്‍ കണ്ട പലര്‍ക്കും വിശ്രമജീവിതത്തോടും, ജീവിക്കുന്ന കാലത്ത് ആവുന്നത്ര അനുഭവങ്ങള്‍ സ്വന്തമാക്കുക എന്ന മനോഭാവത്തോടും കൂടുതല്‍ ആഭിമുഖ്യം ഉണ്ടാവുകയും ചെയ്തു. യുദ്ധാനന്തരം കര്‍ശനമായ ആസൂത്രണത്തിലൂടെ വിവിധ രാജ്യങ്ങള്‍ കൈവരിച്ച സാമ്പത്തിക പുരോഗതിയും തത്ഫലമായി മധ്യവര്‍ഗ ജീവിതനിലവാരത്തിലുണ്ടായ ഉയര്‍ച്ചയും വിനോദസഞ്ചാരികളുടെ എണ്ണം കൂടാനിടയാക്കി. ഇക്കാലത്ത് സ്വിറ്റ്സര്‍ലാന്റില്‍ ഒന്നര ദശലക്ഷത്തോളം പേരും ഇറ്റലിയില്‍ ഒരു ദശലക്ഷം പേരും ആസ്ട്രിയ, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി 2 ദശലക്ഷം പേരും വിനോദസഞ്ചാരികളായെത്തി.

യുദ്ധകാലത്ത് പത്രമാധ്യമങ്ങള്‍ക്കുണ്ടായ വന്‍ പ്രചാരവും യുദ്ധാനന്തര ടൂറിസത്തിനു പ്രേരണയായി. അവയിലൂടെ പുതിയ പുതിയ വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും മറ്റു രാജ്യങ്ങളില്‍ നിലവിലുള്ള സന്ദര്‍ശന സൗകര്യങ്ങളെക്കുറിച്ചും സാധാരണക്കാര്‍ക്കുപോലും അറിയുവാനുള്ള അവസരം കൈവന്നു. ആഗോളസമ്പദ്വ്യവസ്ഥയുമായി ടൂറിസം എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നും അത് അന്താരാഷ്ട്രധാരണയെ എത്രമാത്രം ദൃഢമാക്കുന്നുവെന്നും ചരിത്രകാരന്മാര്‍ ഒന്നാം ലോകയുദ്ധാനന്തരകാലത്തെ ഊര്‍ജിത ടൂറിസം വികസനത്തെ അവലംബമാക്കി സ്പഷ്ടമാക്കിയിട്ടുണ്ട്.

1930-കളില്‍ വിനോദസഞ്ചാര വികസനത്തെ സ്വാധീനിച്ച ഒരു ഘടകം തൊഴിലാളികള്‍ക്ക് കിട്ടിത്തുടങ്ങിയ അര്‍ഹതപ്പെട്ട അവധിദിനങ്ങളും ശമ്പളത്തോടുകൂടിയ അവധി ദിനങ്ങളുമാണ്. 1917-ല്‍ നടന്ന റഷ്യന്‍ (ഒക്ടോബര്‍) വിപ്ളവത്തെത്തുടര്‍ന്ന് ലോകമെങ്ങും വ്യാപിച്ച തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങളെക്കുറിച്ചുള്ള പുതിയ അവബോധമാണ് അതിനു വഴിയൊരുക്കിയത്. 1936-ല്‍ നടന്ന 'ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷ'ന്റെ പ്രഥമ കണ്‍വെന്‍ഷന്‍ ശമ്പളത്തോടുകൂടിയ അവധിക്കുവേണ്ടി ശക്തിയുക്തം വാദിച്ചു. 1938-ലാണ് അതു പ്രാബല്യത്തില്‍ വന്നത്. അതോടെ വിവിധ രാജ്യങ്ങളിലായുള്ള 11 ദശലക്ഷം തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം നിശ്ചിത ദിവസങ്ങള്‍ ശമ്പളത്തോടുകൂടിയുള്ള അവധി ലഭിച്ചുതുടങ്ങി. അങ്ങനെ, വിനോദസഞ്ചാരത്തിനായി വേണ്ട സമയവും സൗകര്യവും അവര്‍ക്കു ലഭ്യമായി. ഇത് ടൂറിസത്തെ ഗണ്യമായി വളര്‍ത്തി. മാത്രമല്ല, 'സംഘടിത ടൂറിസം' എന്ന ആധുനിക സങ്കല്പത്തെ യാഥാര്‍ഥ്യമാക്കുകയും ചെയ്തു. പ്രഭുവര്‍ഗത്തിന്റെ 'ഗ്രാന്‍ഡ് ടൂറിസം' എന്നതില്‍ നിന്ന് സാധാരണക്കാരന്റെ 'മാസ്സ് ടൂറിസം' എന്ന നിലയിലേക്കുള്ള മാറ്റം വിനോദസഞ്ചാരത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായി.

മത്സ്യകന്യക (ശില്പം)-ശംഖുംമുഖം,തിരുവനന്തപുരം

രണ്ടാം ലോകയുദ്ധാനന്തരവും ടൂറിസംരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടായി. യുദ്ധാനന്തരദശകത്തില്‍ തന്നെ അറുപത്തഞ്ചോളം രാജ്യങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. സാമ്പത്തികരംഗത്തും സാങ്കേതികരംഗത്തും വ്യാവസായികരംഗത്തുമുണ്ടായ മാറ്റങ്ങളാണ് അതിനു നിദാനമായത്. വികസ്വരരാജ്യങ്ങള്‍ ടൂറിസത്തെ വിദേശനാണ്യമുള്‍പ്പെടെയുള്ള വരുമാനമാര്‍ഗമായി പ്രയോജനപ്പെടുത്തിത്തുടങ്ങിയതും ഇക്കാലത്താണ്.

രണ്ടാം ലോകയുദ്ധാനന്തരം വ്യാപകമായിത്തീര്‍ന്ന യാത്രാവിമാനങ്ങള്‍ ടൂറിസത്തിന് മുന്‍പെന്നത്തെക്കാളും പുരോഗതിയുണ്ടാക്കി. 1950-കള്‍ക്കുശേഷം യാത്രാ വിമാനങ്ങള്‍ക്ക് കൂടുതല്‍ വേഗവും സുരക്ഷിതത്വവും കൈവന്നു; അവ നല്‍കിവന്ന യാത്രാസൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. 'ആഗോള വിനോദസഞ്ചാരം' എന്ന സങ്കല്പം യാഥാര്‍ഥ്യമായിത്തീര്‍ന്നത് വ്യോമഗതാഗതത്തിന്റെ അഭൂതപൂര്‍വമായ ഈ മുന്നേറ്റത്തോടെയാണ്. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍, 1958-ല്‍ ജെറ്റ് വിമാനങ്ങള്‍ പറന്നു തുടങ്ങിയതോടുകൂടി അതു സംഭവിച്ചു. ബോയിങ് 747, മാക്ഡൊണല്‍-ഡഗ്ലസ് പി.സി. 10, എയര്‍ബസ് എ 300, ലോക്ഹീല്‍ഡ് ട്രിസ്റ്റാര്‍, എല്‍ 1011, തുടങ്ങിയ വിമാനങ്ങള്‍ കൂടുതലാളുകളെ അതിവേഗത്തില്‍ വിദൂരലക്ഷ്യങ്ങളിലെത്തിക്കാന്‍ തുടങ്ങി. ജറ്റ് വിമാനങ്ങളില്‍ അത്ലാന്തിക് സമുദ്രം കടക്കാന്‍ കേവലം 7-8 മണിക്കൂര്‍ മതി എന്ന നിലവന്നു. അതേസമയം, ജറ്റുകള്‍ കൂടുതല്‍ യാത്രാക്കൂലി ചുമത്തിയതുമില്ല. അതുവരെ വ്യോമമാര്‍ഗം അപ്രാപ്യമായിരുന്ന ദക്ഷിണ പസിഫിക്, ദക്ഷിണ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എളുപ്പം എത്തിച്ചേരുവാനുള്ള സാധ്യത ജറ്റ് വിമാനങ്ങള്‍ സൃഷ്ടിച്ചു. ഒന്നോ രണ്ടോ ആഴ്ച മാത്രം അവധി കിട്ടുന്ന അദ്ധ്വാനവര്‍ഗാംഗങ്ങള്‍ക്കുപോലും ദീര്‍ഘദൂര താവളങ്ങള്‍ സന്ദര്‍ശിച്ച് അവധി തീരുംമുന്‍പ് മടങ്ങാമെന്ന സ്ഥിതി വരുകയും ചെയ്തു. അമേരിക്കന്‍ ഡോളറിന് ആഗോളതലത്തിലുണ്ടായ അഭൂതപൂര്‍വമായ മൂല്യവര്‍ധനയും ആഗോള ടൂറിസത്തിന് ആക്കം കൂട്ടി.

വാര്‍ത്താവിനിമയ സൌകര്യത്തിലുണ്ടായ വിപ്ലവം റേഡിയോയില്‍ നിന്ന് ടെലിവിഷനിലേക്കും അവിടെനിന്ന് കമ്പ്യൂട്ടറിലേക്കും ടെലിഫോണില്‍ നിന്ന് ഇന്റര്‍നെറ്റിലേക്കുമൊക്കെയുണ്ടായ മാറ്റങ്ങള്‍ എന്നിവ പല തലങ്ങളിലും ആഗോള ടൂറിസത്തിന് സഹായകമായി. ഉപഗ്രഹങ്ങള്‍ വഴിയുള്ള കാലാവസ്ഥാപ്രവചനങ്ങളും ആഗോള വിനോദസഞ്ചാരത്തെ മുന്നോട്ടു നയിച്ചു.

ദീര്‍ഘദൂര വിനോദസഞ്ചാരത്തെ ത്വരിതപ്പെടുത്തിയ മറ്റൊരു ഘടകം 'ട്രാവലേഴ്സ് ചെക്കു'കളുടെ ആവിര്‍ഭാവമാണ്. തുടര്‍ന്ന്, ക്രെഡിറ്റ് കാര്‍ഡുകള്‍ നിലവില്‍ വന്നു. അന്തര്‍ദേശീയ നിലവാരമുള്ള ഹോട്ടല്‍ ശൃംഖലകളുടെ ആവിര്‍ഭാവം, ചാര്‍ട്ടേഡ് ടൂറിസത്തിന്റെ വ്യാപനം, തുടങ്ങിയ ഒട്ടനവധി ഘടകങ്ങള്‍ ടൂറിസത്തിന്റെ ഉന്നമനത്തിനു കാരണമായിട്ടുണ്ട്.

ഭരണകൂടങ്ങള്‍ ടൂറിസത്തിനു നല്‍കിയ വര്‍ധിച്ച പ്രാധാന്യം ഈ മേഖലയുടെ വികാസത്തിന് ഐക്യരാഷ്ട്രസഭയും മറ്റും നല്‍കുന്ന ഊന്നല്‍, ഈ മേഖലയുമായി ബന്ധപ്പെട്ട നിലവില്‍ വന്ന പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള പ്രസ്ഥാനങ്ങള്‍, വിവിധ രാജ്യങ്ങളിലുള്ള ആസൂത്രിത ടൂറിസം വികസനപദ്ധതികള്‍, ആകര്‍ഷകമായ പ്രചാരണ പരിപാടികള്‍, വിനോദസഞ്ചാരികളെ ഉദ്ദേശിച്ചു നടത്തുന്ന മേളകള്‍, ഉത്സവങ്ങള്‍ എന്നിവ സമകാലിക വിനോദസഞ്ചാരത്തിന്റെ വികാസത്തിനുപകരിച്ചു. തത്ഫലമായി ടൂറിസ്റ്റുകളുടെ എണ്ണവും അതുമൂലമുണ്ടാകുന്ന ദേശീയ വരുമാനവും പ്രതിവര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 1950-കള്‍ക്കുശേഷം ലോകത്തിലെ മുഖ്യ വ്യവസായങ്ങളിലൊന്നായി ടൂറിസത്തെ വളര്‍ത്തിയെടുത്തു. അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ എണ്ണം 1955-ല്‍ 51 ദശലക്ഷം ആയിരുന്നത് 1965-ല്‍ 157 ദശലക്ഷം ആയും 1976-ല്‍ 220 ദശലക്ഷമായും ഉയര്‍ന്നു. 'വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷ'ന്റെ കണക്കുകള്‍ പ്രകാരം 1990-ല്‍ അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ എണ്ണം 415-430 ദശലക്ഷമായിരുന്നു. 2000-ാമാണ്ടില്‍ അത് ഏകദേശം 660 ദശലക്ഷമായി ഉയര്‍ന്നു.

ടൂറിസത്തിനുണ്ടായ ആഗോളസ്വീകാര്യതയ്ക്കുദാഹരണ മാണ് എല്ലാ വര്‍ഷവും സെപ്തം. 27-നു നടക്കുന്ന ലോക ടൂറിസം ദിനാഘോഷം. 2002-ലെ ദിനാഘോഷങ്ങളുടെ ഭാഗമായി 'പരിസ്ഥിതി സൗഹൃദവിനോദസഞ്ചാര-സുസ്ഥിരവികസനത്തിന്' എന്ന മുദ്രാവാക്യമായിരുന്നു ടൂറിസം രംഗം ഉയര്‍ത്തിപ്പിടിച്ചത്.

2001-ല്‍ ന്യൂയോര്‍ക്കിലെ 'വേള്‍ഡ് ട്രേഡ് സെന്ററി'നു നേര്‍ക്കുണ്ടായ തീവ്രവാദ ആക്രമണവും അതേത്തുടര്‍ന്ന് അമേരിക്ക നടത്തിയ 'തീവ്രവാദവിരുദ്ധയുദ്ധവും' അന്തര്‍ദേശീയ ടൂറിസത്തെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. ന്യൂയോര്‍ക്ക് സംഭവത്തെ തുടര്‍ന്നു വിമാനയാത്ര ചെയ്യാന്‍പോലും പേടിച്ചവര്‍ ക്രമേണ ഭയമുക്തരാവുകയും വീണ്ടും വിമാനത്തില്‍ സഞ്ചരിക്കാന്‍ തുനിയുകയും ചെയ്തതിനെത്തുടര്‍ന്ന് വിനോദസഞ്ചാരത്തിനു നഷ്ടപ്പെട്ട ഗതിവേഗം കുറെശ്ശെയായി തിരിച്ചുകിട്ടിവരുകയാണിപ്പോള്‍.

ടൂറിസം - നിര്‍വചനവും സ്വഭാവവും

'ടൂറിസ'ത്തെ ഏതാനും വാക്യങ്ങളിലുള്ള ഒരു നിര്‍വചനത്തിലൊതുക്കുക എളുപ്പമല്ല. എങ്കിലും അത്തരമൊരു നിര്‍വചനം വിനോദസഞ്ചാരവികസനത്തിന്റെ ആസൂത്രണത്തിന് ആവശ്യമാണു താനും. ടൂറിസത്തിന്റെ ഒരു നിര്‍വചനത്തിനായുള്ള ശാസ്ത്രീയമായ അന്വേഷണത്തിനു ആദ്യം മുതിര്‍ന്നത് ഹെര്‍മന്‍ വി. ഷുല്ലാര്‍ഡ് എന്ന ആസ്ട്രിയന്‍ ധനതത്ത്വശാസ്ത്രജ്ഞനാണ്. ടൂറിസത്തിന്റെ പ്രധാനപ്പെട്ട ആദ്യകാല നിര്‍വചനം അദ്ദേഹം 1910-ല്‍ നല്‍കിയതാണ്: 'ഒരു ദേശത്തിലോ നഗരത്തിലോ രാജ്യത്തിലോ പരദേശികള്‍ നടത്തുന്ന പ്രവേശനം, താമസം, യാത്രകള്‍ എന്നിവയുമായി നേരിട്ടു ബന്ധപ്പെട്ട, സാമ്പത്തിക കാര്യങ്ങള്‍ക്കു മുന്‍തൂക്കമുള്ള എല്ലാ തരം ഇടപെടലുകളുടെയും ആകെത്തുകയാണ് ടൂറിസം'.

മലകയറ്റം

1942-ല്‍ പ്രൊഫ. ഹന്‍സിക്കറും ക്രാപ്ഫും കുറേക്കൂടി സാങ്കേതികമായ ഒരു നിര്‍വചനം ടൂറിസത്തിനു നല്‍കി. ആ സ്വിസ് പണ്ഡിതന്മാരുടെ നിര്‍വചനം ഇതാണ്: 'പ്രതിഫലം വാങ്ങിയുള്ള ജോലിക്കുവേണ്ടിയല്ലാതെ ഒരിടത്ത് എത്തുന്നവരുടെ യാത്രയും അവരുടെ താത്ക്കാലികവാസവും മൂലമുണ്ടാകുന്ന ബന്ധങ്ങളുടെ ആകെത്തുക എന്ന പ്രതിഭാസമാണ് ടൂറിസം.'

തുടര്‍ന്നുണ്ടായ ടൂറിസം നിര്‍വചനം 1970-ല്‍ ബ്രിട്ടനിലെ 'ദ ടൂറിസം സൊസൈറ്റി' നല്‍കിയതാണ്: 'ജനങ്ങള്‍ തങ്ങളുടെ സ്ഥിരതാമസസ്ഥലത്തുനിന്ന് നടത്തുന്ന താത്ക്കാലികവും ഹ്രസ്വകാലത്തേക്കുള്ളതുമായ യാത്രകളും ലക്ഷ്യസ്ഥാനങ്ങളിലെ താമസകാലത്തിനിടയ്ക്ക് അവരനുഷ്ഠിക്കുന്ന കര്‍മങ്ങളുമാണ് ടൂറിസം'.

ആദിവാസികളോടൊപ്പം ക്യാപ്റ്റന്‍ കുക്ക്(രേഖാചിത്രം)-വംശീയപഠന ടൂറിസം

1981-ല്‍ വിശ്രമം-വിനോദം-ടൂറിസം എന്ന വിഷയത്തെ അധികരിച്ച് 'ഇന്റര്‍നാഷണല്‍ അസ്സോസിയേഷന്‍ ഒഫ് സയിന്റിഫിക് എക്സ്പെര്‍ട്സ് ഇന്‍ ടൂറിസ'(I.A.S.E.t.)വും ഇംഗ്ലണ്ടിലെ കാര്‍ഡിഫിലുള്ള 'ടൂറിസ്റ്റ് സൊസൈറ്റി'യും നടത്തിയ അന്തര്‍ദേശീയ സമ്മേളനം മുന്നോട്ടുവച്ച നിര്‍വചനം മറ്റൊന്നാണ്: 'സ്വന്തം വാസസ്ഥലങ്ങള്‍ക്കു പുറത്ത് ജനങ്ങള്‍ താത്പര്യാനുസരണം നടത്തുന്ന പ്രത്യേക കര്‍മങ്ങളെ ടൂറിസം എന്നു വിളിക്കാം. അതില്‍ വീട്ടില്‍ നിന്നു മാറിയുള്ള രാത്രി താമസങ്ങള്‍ ഉള്‍പ്പെടുകയോ ഉള്‍പ്പെടാതിരിക്കുകയോ ചെയ്യും'.

ഈ നിര്‍വനചനങ്ങളിലെല്ലാം പ്രാധാന്യത്തോടെ പ്രകടമാകുന്നത് ടൂറിസത്തിന്റെ താഴെപ്പറയുന്ന സവിശേഷതകളാണ്.

1. ഒരു സ്ഥലത്തേക്ക് അവിടത്തെ സ്ഥിരതാമസക്കാരല്ലാത്തവര്‍ നടത്തുന്ന യാത്ര.

2.സന്ദര്‍ശനസ്ഥലത്തുള്ള താത്ക്കാലിക താമസം.

3.പ്രതിഫലമോ സാമ്പത്തികലാഭമോ ഉദ്ദേശിച്ചല്ലാതെ വീട്ടില്‍നിന്നകന്നുള്ള താമസം.

ഇതോടൊപ്പംതന്നെ വിനോദത്തിനും ഉന്മേഷത്തിനും ഉണര്‍വിനും വേണ്ടിയുള്ള കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി നടത്തുന്ന യാത്രകളും വിനോദസഞ്ചാരത്തില്‍പ്പെടും. ടൂറിസം സംഭവിക്കണമെങ്കില്‍ മുഖ്യമായും മൂന്നു ഘടകങ്ങള്‍ ആവശ്യമുണ്ട്-

1. ഗതാഗതം

2. സന്ദര്‍ശനസ്ഥലം

3. താമസം.

സുന്ദരമായ ഒരു സ്ഥലം അഥവാ ദൃശ്യം ഒരിടത്തുണ്ടെന്നുവച്ച് അവിടേക്ക് ടൂറിസ്റ്റുകള്‍ ധാരാളമായി എത്തണമെന്നില്ല. അതിനു ഗതാഗതസൌകര്യം താമസസൌകര്യം എന്നീ രണ്ടു ഘടകങ്ങള്‍ കൂടി ഉണ്ടായേ മതിയാവൂ. ഇവയോടൊപ്പം വിനോദസഞ്ചാരത്തെ ഫലപ്രദമാക്കുന്ന മറ്റു മുഖ്യ ഘടകങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. നല്ല കാലാവസ്ഥ

2. പ്രകൃതിഭംഗി

3. ചരിത്രപരവും സാംസ്കാരികവുമായ പ്രത്യേകതകള്‍

4. യാത്ര ചെയ്തെത്താനുള്ള എളുപ്പം

5. ഭൗതികസൗകര്യങ്ങളുടെ ലഭ്യത

6. നല്ല ആതിഥേയമര്യാദ

കാലാവസ്ഥയും ഭൂപ്രകൃതിയും ടൂറിസത്തിന്റെ സാധ്യതകള്‍ നിര്‍ണയിക്കുന്ന ഘടകങ്ങളായിരിക്കുമ്പോള്‍തന്നെ അവ ആപേക്ഷികങ്ങളുമാണ്. കാരണം ശൈത്യരാജ്യമേഖലകളിലുള്ളവരെ സംബന്ധിച്ചിടത്തോളം ഉഷ്ണമേഖലാരാജ്യങ്ങളാണ് വിനോദസഞ്ചാരത്തിനു ഏറ്റവും പറ്റിയ സ്ഥലങ്ങള്‍. അതിശൈത്യമുള്ള ഹിമാലയന്‍ പ്രദേശവും അതിവന്യമായ ആഫ്രിക്കന്‍ വനാന്തരങ്ങളും തിരക്കുപിടിച്ച നഗരങ്ങളുമെല്ലാം പലര്‍ക്കും വിനോദസഞ്ചാരകേന്ദ്രങ്ങളാണ്.

തേക്കടി -ഇക്കോ ടൂറിസം

ഇത്തരത്തിലുള്ള ഘടകങ്ങളെല്ലാം ചേര്‍ന്ന് ഒരു വിനോദസഞ്ചാരിയെ സൃഷ്ടിക്കുന്നിടത്താണ് ടൂറിസം ആരംഭിക്കുന്നത്. ടൂറിസത്തിന്റെ എന്നപോലെ 'ടൂറിസ്റ്റ്' എന്നതിന്റെ നിര്‍വചനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനുശേഷമാണ് സ്വീകരിച്ചിട്ടുള്ളത്. 1937-ല്‍ ലീഗ് ഒഫ് നേഷന്‍സ് ആണ് 'ടൂറിസ്റ്റ്' എന്നതിന് ആഗോള അംഗീകാരം നേടിയ ഒരു നിര്‍വചനം രൂപപ്പെടുത്തിയത്.

'തന്റെ താമസസ്ഥലത്തുനിന്നും വ്യത്യസ്തമായ മറ്റൊരു ദേശത്ത് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും സന്ദര്‍ശനം നടത്തുന്നയാളാണ് ടൂറിസ്റ്റ്'.

ഇതനുസരിച്ച് ചികിത്സാര്‍ഥം യാത്ര ചെയ്യുന്നവരും വ്യക്തിപരമായ മറ്റാവശ്യങ്ങള്‍ക്കായി സഞ്ചരിക്കുന്നവരും മതപരമോ വിനോദപരമോ ആയ മേളകള്‍ക്കും മറ്റും പോകുന്നവരും വ്യാപാരപരമായ യാത്ര ചെയ്യുന്നവരുമൊക്കെ 'ടൂറിസ്റ്റ്' നിര്‍വചനത്തില്‍പ്പെടും. ഉദ്യോഗത്തിനുവേണ്ടിയും പഠിക്കാനായും സ്ഥിരതാമസത്തിനുവേണ്ടിയും അന്യ സ്ഥലത്തെത്തുന്നവരെ ഈ നിര്‍വചനം 'ടൂറിസ്റ്റു'കളായി കണക്കാക്കുന്നില്ല. കേവലമായ ഉല്ലാസയാത്ര മാത്രമല്ല ആധുനിക ടൂറിസത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്.

ചവിട്ടിത്തിരുമല്‍-ഹെല്‍ത്ത് ടൂറിസം

ടൂറിസ്റ്റുകളെക്കുറിച്ചുള്ള ഈ നിര്‍വചനം 1945-ല്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടി. അതോടുകൂടി മിക്ക രാഷ്ട്രങ്ങളും വിനോദസഞ്ചാരികളുടെ സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കുന്നത് ഈ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലാക്കി.

1963-ല്‍ റോമില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ അന്തര്‍ദേശീയ ട്രാവല്‍ ആന്‍ഡ് ടൂറിസം കോണ്‍ഫറന്‍സില്‍ ഈ നിര്‍വചനം കുറേക്കൂടി പരിഷ്ക്കരിക്കുകയുണ്ടായി. അതനുസരിച്ച് 24 മണിക്കൂറില്‍ താഴെ മാത്രം ഒരിടത്തു സന്ദര്‍ശനം നടത്തുന്നവര്‍ ഉല്ലാസയാത്രക്കാരന്‍ (excursionist) എന്നും അല്ലാതുള്ളവര്‍ വിനോദസഞ്ചാരികള്‍ (Tourists) എന്നും വ്യക്തമാക്കപ്പെട്ടു. വിനോദസഞ്ചാരികളെ ആ നിര്‍വചനം വിശ്രമത്തിനായി വരുന്നവര്‍ (കളികള്‍, അവധിക്കാലം ചെലവഴിക്കല്‍, ആരോഗ്യം, പഠനം, മതപരമായ കാര്യങ്ങള്‍, കായികമത്സരം) വാണിജ്യത്തിനായി വരുന്നവര്‍ (സമ്മേളനങ്ങളില്‍ പങ്കെടുക്കാനും മറ്റും വരുന്നവരടക്കം) എന്നിങ്ങനെ രണ്ടായി തിരിക്കുവാന്‍ സഹായകമായി.

ടൂറിസത്തിന്റെ വിവിധ രൂപങ്ങള്‍

ടൂറിസ്റ്റുകളുടെ യാത്രാലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യകാലത്ത് ടൂറിസത്തെ വിഭജിച്ചിരുന്നത്. ശരീരത്തിന്റെയും മനസ്സിന്റെയും ഉന്മേഷത്തിനായി നടത്തുന്ന യാത്രകളാണല്ലോ ടൂറിസത്തിലെ മുഖ്യയിനം. അതുകൊണ്ടാണ് ടൂറിസത്തെ പൊതുവേ 'ഉല്ലാസയാത്ര' അല്ലെങ്കില്‍ 'വിനോദയാത്ര' എന്നു വിവക്ഷിക്കുന്നത്. എന്നാല്‍
തിരക്കേറുന്ന തീരങ്ങള്‍

ആധുനികാര്‍ഥത്തില്‍ ടൂറിസം വിനോദയാത്ര മാത്രമല്ല. പ്രത്യേക കായികവിനോദങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്നവരും ഇന്ന് ടൂറിസ്റ്റുകളാണ്. പക്ഷേ, 'ടൂറിസ്റ്റ്' എന്നതിന് വിനോദസഞ്ചാരി എന്നും 'ടൂറിസ'ത്തിനു വിനോദസഞ്ചാരമെന്നും ഉള്ള പദങ്ങളാണ് തര്‍ജുമയായി നാം ഉപയോഗിച്ചുവരുന്നത്. ചരിത്രപരമായ സ്ഥലങ്ങളും സ്മാരകങ്ങളും സന്ദര്‍ശിക്കാനായി നടത്തുന്ന യാത്രകള്‍ ടൂറിസത്തിന്റെ ഭാഗമാണെങ്കിലും അവ വിനോദയാത്ര മാത്രമല്ല. അപൂര്‍വപക്ഷികളെ കാണാനായി യാത്ര ചെയ്യുന്ന ടൂറിസ്റ്റുകള്‍ പുണ്യസ്ഥലങ്ങളിലേക്ക് പ്രവഹിക്കുന്ന ടൂറിസ്റ്റുകള്‍ അങ്ങനെ ആ പട്ടിക നീളുന്നു. ഈ പ്രത്യേകതകള്‍ ഓരോന്നിനെയും ആശ്രയിച്ചെന്നപോലെതന്നെ യാത്ര ചെയ്യുന്ന രീതിയെ ആസ്പദമാക്കിയും ടൂറിസം വിവിധ ഇനങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്.

ആഭ്യന്തര ടൂറിസം

ഒരു രാജ്യത്തിനകത്ത് അതേ രാജ്യത്തിലുള്ളവര്‍ നടത്തുന്ന സന്ദര്‍ശനങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. വിനോദത്തിനായും കുടുംബസംഗമങ്ങള്‍ക്കായും സമ്മേളനങ്ങള്‍ക്കായും ആരാധനയ്ക്കായും ഉള്ള യാത്രകളെല്ലാം ഇതിലുള്‍പ്പെടുന്നു. അന്താരാഷ്ട്ര ടൂറിസം എന്നപോലെതന്നെ ഓരോ രാജ്യത്തിന്റെയും ടൂറിസം രംഗ ത്ത്

ടൂറിസ്റ്റുകള്‍ക്കായുള്ള വിവധ ലഘുലേഖകള്‍

ആഭ്യന്തര വിനോദസഞ്ചാരത്തിന് ഏറെ പ്രസക്തിയുണ്ട്. വിശേഷിച്ചും, ഏറെ വിസ്തൃതിയുള്ളതും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വിവിധ മതാചാരങ്ങളും മറ്റും പിന്തുടരുന്നവരുമായ നൂറിലധികം കോടി ജനങ്ങള്‍ വസിക്കുന്നതുമായ ഇന്ത്യക്ക് വിദേശനാണ്യലബ്ധി ഒഴിച്ച് ഏതാണ്ട് മറ്റെല്ലാ ടൂറിസം നേട്ടങ്ങളും ഇതുമൂലം ഉണ്ടാകുന്നുണ്ട്. ആഭ്യന്തര ടൂറിസത്തിലെ പ്രധാന സങ്കേതങ്ങള്‍ എല്ലായ്പ്പോഴും അവിടത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടി ആകണമെന്നില്ല. എന്നാല്‍, ഒരു രാജ്യത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് സങ്കേതങ്ങള്‍ മിക്കവയും ആഭ്യന്തര വിനോദസഞ്ചാരികളുടെയും ഇഷ്ടതാവളങ്ങളായിരിക്കും.

അഡ്വഞ്ചര്‍ ടൂറിസം (സാഹസിക ടൂറിസം)

സാഹസിക പ്രവൃത്തികളിലൂടെ മാനസികോല്ലാസം ആഗ്രഹിക്കുന്നവര്‍ നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇതിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് മലകയറ്റം. ലോകത്തിലെ ഒട്ടുമിക്ക ടൂറിസ്റ്റ് രാജ്യങ്ങളിലും അഡ്വഞ്ചര്‍ ടൂറിസത്തിനായുള്ള സങ്കേതങ്ങളുണ്ട്. മലകയറ്റത്തിനു പുറമേ, സാഹസികമായ മത്സ്യബന്ധനം, മഞ്ഞുമേഖലകളിലെ സാഹസികവിനോദങ്ങള്‍, കുതിരസവാരി തുടങ്ങിയവയെല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പ്രകൃതിയോട് ഏറ്റുമുട്ടുന്ന തരം സാഹസികതകള്‍ക്കൊപ്പം മനുഷ്യനിര്‍മിതമായ സാഹസികകേളികളും അഡ്വഞ്ചര്‍ ടൂറിസം രംഗം മുന്നോട്ടുവയ്ക്കുന്നുണ്ട്. അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ഈ തരം വിനോദസഞ്ചാരത്തിനുവേണ്ടി നിര്‍മിക്കപ്പെട്ടിട്ടുള്ളവയാണ്.

എത്നിക് ടൂറിസം (വംശീയ പഠന ടൂറിസം)

വംശീയപാരമ്പര്യങ്ങളെ അടുത്തറിയുന്നതിനുവേണ്ടി നടത്തുന്ന വിനോദസഞ്ചാരപദ്ധതികള്‍. അന്യം നിന്നു തുടങ്ങുന്ന പാരമ്പര്യജനാ-വാസ കേന്ദ്രങ്ങളിലേക്ക് അവരുടെ കലയും സംസ്കാരവും ജീവിതരീതിയും കണ്ടറിയുവാനായാണ് വംശീയപഠന ടൂറിസത്തില്‍ സഞ്ചാരികള്‍ പങ്കാളികളാവുന്നത്.

കള്‍ച്വറല്‍ ടൂറിസം (സാംസ്കാരിക ടൂറിസം)

ചരിത്രസ്മാരകങ്ങളും സാംസ്കാരികത്തനിമയാര്‍ന്ന ദേശങ്ങളും തേടിയുള്ള യാത്രകളാണ് സാംസ്കാരിക ടൂറിസം കൊണ്ട് അര്‍ഥമാക്കുന്നത്. ഇതിന് അതാതിടങ്ങളിലെ സാമ്പത്തികരംഗത്തെപോലെ സാംസ്കാരികരംഗത്തും വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും എന്നാണ് കരുതപ്പെടുന്നത്. ചരിത്രസ്മാരകങ്ങളും മറ്റും സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് പ്രചോദനം നല്‍കുന്നു ടൂറിസം. ഭാരത സര്‍ക്കാര്‍ അടുത്തകാലത്തായി കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നത് കള്‍ച്വറല്‍ ടൂറിസത്തിനാണ്.

ഹെല്‍ത്ത് ടൂറിസം (ആരോഗ്യ ടൂറിസം)

ആരോഗ്യപരിചരണത്തിനായി നടത്തുന്ന യാത്രകള്‍. ഒരു നിശ്ചിതരോഗത്തിന്റെ ചികിത്സയ്ക്കായോ ശസ്ര്തക്രിയയ്ക്കായോ നടത്തുന്ന യാത്രകളല്ല, മറിച്ച് സുഖചികിത്സകള്‍ക്കായി നടത്തുന്ന യാത്രകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഔഷധഗുണമാര്‍ന്നതെന്നു കരുതപ്പെടുന്ന തടാകതീരങ്ങളിലേക്ക് നടത്തിയ ആദ്യകാലസഞ്ചാരങ്ങള്‍ മുതല്‍ വിഭിന്ന രാജ്യങ്ങളിലെ പാരമ്പര്യ ചികിത്സാരീതികള്‍ അതാതിടങ്ങളില്‍ ചെന്നു സ്വീകരിക്കാനുള്ള യാത്രകള്‍ വരെ ഇതിലുള്‍പ്പെടുന്നു.

മാസ്സ് ടൂറിസം (സംഘ ടൂറിസം)

വന്‍തോതില്‍ ആളുകള്‍ പങ്കാളികളാകുന്നതരം വിനോദസഞ്ചാരമാണിത്. കാണേണ്ട കാഴ്ചകളും വിനോദസൌകര്യങ്ങളുമെല്ലാം ഇതില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കും. ആതിഥേയ സമൂഹത്തിന്റെ വിഭവശേഷിയുടെ മേലും മറ്റു സൌകര്യങ്ങളുടെ മേലും ഇത് വലിയ സമ്മര്‍ദം ചെലുത്തും എന്നതിനാല്‍ മാസ്സ് ടൂറിസത്തോട് മൂന്നാം ലോക രാജ്യങ്ങളിലെ ഒരു വിഭാഗം ജനങ്ങള്‍ കടുത്ത എതിര്‍പ്പാണ് വച്ചുപുലര്‍ത്തുന്നത്.

ഇക്കോ ടൂറിസം (പ്രകൃതി-സൗഹൃദ ടൂറിസം)

വിനോദസഞ്ചാരത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ഏറ്റവും വലിയ ആരോപണങ്ങളില്‍ ഒന്ന് അത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും അതുവഴി ആ പ്രദേശങ്ങളുടെ തന്നെയും പാരിസ്ഥിതിക സംതുലനാവസ്ഥ തകിടം മറിക്കുന്നു എന്നതാണ്. ഇതിനുപരിഹാരമായി സ്വീകരിച്ചുപോരുന്നതാണ് ഇക്കോ ടൂറിസം. ഇത് ഒരു സ്ഥലത്തെ പാരിസ്ഥിതികസവിശേഷതകളെത്തന്നെയാണ് വിനോദസഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. നിത്യഹരിതവനങ്ങളും മലനിരകളും മഞ്ഞുപാറകളുമെല്ലാം ഇത്തരത്തില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റപ്പെട്ടിട്ടുണ്ട്. പ്രകൃതി-സൗഹൃദ ടൂറിസം ഒരു തരത്തിലും പ്രസ്തുത സ്ഥലത്തെ പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്ത രീതിയിലാണ് ആസൂത്രണം ചെയ്യപ്പെടുക. അത് യഥാവിധി സംഘടിപ്പിച്ചാല്‍ പ്രകൃതി വിസ്മയങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും കലവറകള്‍ കാഴ്ചവസ്തുക്കളാകും എന്നതിനോടൊപ്പം അവ സംരക്ഷിക്കപ്പെടുകയും ചെയ്യും.

'ഇക്കോ ടൂറിസ'ത്തിനും 'കള്‍ച്വറല്‍ ടൂറിസ'ത്തിനുമാണ് നാം ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്കിവരുന്നത്.

ബദല്‍ ടൂറിസം

വിവേചനമില്ലാത്ത വിനോദസഞ്ചാര വളര്‍ച്ച വരുത്തിത്തീര്‍ത്ത സാമൂഹികവും പാരിസ്ഥിതികവും ധാര്‍മികവുമായ പ്രശ്നങ്ങളാണ് ബദല്‍ ടൂറിസം എന്ന നൂതന ടൂറിസം സങ്കല്പത്തിലേയ്ക്കു നയിച്ചത്. സുസ്ഥിരമായ ടൂറിസം (sustainable tourism) എന്ന പേരിലും ബദല്‍ ടൂറിസം (alternative turism) അറിയപ്പെടുന്നു. ആതിഥേയജനതയുടെ സംസ്കാരത്തെയും പ്രകൃതിയെയും ജീവിതരീതിയെയുമെല്ലാം ആദരിക്കുന്ന ഒന്നാണിത്. ഒരു പ്രദേശത്തിന് ഉള്‍ക്കൊള്ളാനുള്ള കഴിവിനനുസരിച്ച് മാത്രം സഞ്ചാരികളെ അനുവദിച്ചുകൊണ്ട് എണ്ണത്തെക്കാള്‍ ഗുണത്തിന് പ്രാധാന്യം കൊടുക്കുന്നു, ഇത്.

മുഖ്യ ഘടകങ്ങള്‍

പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍

ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ (promotional activities) പ്രാഥമിക സ്ഥാനം നേടുന്നു. ഒരു വ്യക്തിയെയോ സംഘത്തെയോ 'ടൂറിസ്റ്റ്(കള്‍)' ആക്കി മാറ്റുന്നതിനുവേണ്ട വിവരങ്ങളും പ്രേരണയും നിര്‍ഭയത്വവും പ്രദാനം ചെയ്യുന്നതാണ് ടൂറിസം പ്രോത്സാഹന പ്രവര്‍ത്തനം. അത് വിനോദസഞ്ചാരികളെ എന്നപോലെതന്നെ 'ട്രാവല്‍ ഏജന്റു'കളെയും 'ടൂര്‍ ഓപ്പറേറ്റര്‍'മാരെയും 'റിസര്‍വേഷന്‍ സര്‍വീസുകാരെ'യും ഹോട്ടലുടമകളെയും ഗതാഗതരംഗത്തുള്ളവരെയും എല്ലാം നിശ്ചിതവിനോദസഞ്ചാരസങ്കേതത്തിലേക്ക് ആകര്‍ഷിക്കുവാന്‍ പോരുന്നതുമായിരിക്കും. ഒരു വ്യവസായം എന്ന നിലയില്‍ സേവനരംഗത്തുള്ളവരെയും ഉപഭോക്താക്കളെയും തങ്ങളുടെ ഉത്പന്നത്തിലേക്ക് ആകര്‍ഷിക്കാനുള്ള ദ്വിമുഖകര്‍മപദ്ധതിയാണ് ടൂറിസത്തിലെ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍. ഇത് പ്രധാനമായും മൂന്നു തരത്തിലാണ് നിര്‍വഹിക്കപ്പെടുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍