This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൂറിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:08, 16 ഡിസംബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടൂറിസം

മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും അറിവിന്റെ ചക്രവാളം വികസിപ്പിക്കുന്നതിനുമായി നടത്തുന്ന സഞ്ചാരവും ഇത്തരം സഞ്ചാരികള്‍ക്കാവശ്യമായ ഭൗതിക സൗകര്യങ്ങളുടെ ലഭ്യമാക്കലും. പുതിയ കാഴ്ചകള്‍ കാണാനും പുതിയ അനുഭവങ്ങള്‍ തേടാനുമുള്ള മനുഷ്യന്റെ സഹജമായ വാസനയാവാം ഈ സഞ്ചാരത്വരയ്ക്കു കാരണം. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ നിരവധി മാനങ്ങള്‍ ഇന്ന് ടൂറിസത്തിന് കൈവന്നിട്ടുണ്ട്. ആധുനിക ലോകത്തിലെ ഏറ്റവും പ്രധാനമായ വ്യവസായങ്ങളിലൊന്നുകൂടിയാണ് വിനോദസഞ്ചാരം. ലോകകയറ്റുമതിയില്‍ ടൂറിസം എന്ന ആഗോളവ്യവസായത്തിന്റെ സംഭാവന ഇന്ന് പത്തു ശതമാനത്തോളമാണ്. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭമായി ടൂറിസം ഇന്നു മാറിയിരിക്കുന്നു. അന്തര്‍ദേശീയ തലത്തിലും പ്രാദേശികതലത്തിലും ഉള്ള ഒട്ടനവധി പൊതുമേഖലാ-സ്വകാര്യസ്ഥാപനങ്ങള്‍ ഒന്നിച്ചുചേര്‍ന്നു നടത്തുന്ന ഒരു വ്യവസായം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ടൂറിസം - ഒരു ചരിത്രാവലോകനം

സഞ്ചരിക്കുവാനുള്ള ആഗ്രഹം മനുഷ്യന്റെ സഹജവാസനകളിലൊന്നാണ്. അതുകൊണ്ടുതന്നെയാണ് സഞ്ചാരത്തിന്റെ ചരിത്രത്തിന് ചരിത്രാതീതകാലത്തോളം പഴക്കവും കാണുന്നത്. ജീവസന്ധാരണത്തിനുവേണ്ടിയുള്ള അനിവാര്യമായ യാത്രകള്‍, പുതിയ സ്ഥലങ്ങളും സംസ്കാരങ്ങളും കാണാനുള്ള യാത്രകള്‍, അങ്ങനെയൊക്കെയാവാം സഞ്ചാരങ്ങളുടെ തുടക്കം. പിന്നീട് അതിന് നിയത ലക്ഷ്യം നല്‍കിയത് കച്ചവടം, ആരാധന എന്നിവയാകാം. ഏറ്റവും പ്രാചീനമായ സോദ്ദേശ്യ യാത്രകള്‍ പലതും വാണിജ്യപരമോ തീര്‍ഥാടനപരമോ ആയിരുന്നിരിക്കണം. അധിനിവേശം, ജ്ഞാനസമ്പാദനം തുടങ്ങിയവ ലക്ഷ്യമായുള്ള യാത്രകളും ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. യാത്രക്കാര്‍ അതോടെ സാര്‍ഥവാഹകര്‍, തീര്‍ഥാടകര്‍, ദേശാടനക്കാര്‍, സന്ദര്‍ശകര്‍ എന്നിങ്ങനെ പല വിഭാഗങ്ങളായി അറിയപ്പെട്ടുതുടങ്ങി.

വാണിജ്യോദ്ദേശ്യത്തോടെയുള്ള യാത്രകള്‍ക്ക് ടൂറിസം വികസനത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും അത്തരം യാത്രകളാണ് അറിയപ്പെടാത്ത പല ലോകങ്ങളെക്കുറിച്ചുമുള്ള കൗതുകം ലോകജനതയ്ക്ക് കൈമാറുവാനുപകരിച്ചത്. ഹ്യൂയാങ്സാങ്, ഇബ്നുബത്തൂത്ത, ഹെറോഡോട്ടസ്, ഫ്രാന്‍സിസ്കൊ, ഫ്രെയര്‍, അല്‍ബുക്കര്‍ക്ക്, മാര്‍ക് ട്വെയ് ന്‍ മഗല്ലന്‍, മാര്‍ക്കോപോളോ, അലക്സാണ്ടര്‍ ദ് ഗ്രേറ്റ്, സ്ട്രാബോ, സെന്റ് പോള്‍, പ്ലിനി , ടോളമി, ജെയിംസ് കുക്ക് തുടങ്ങിയവര്‍ നടത്തിയിട്ടുള്ള സാഹസിക യാത്രകളെല്ലാം ഇതിനുദാഹരണമാണ്. ആദ്യകാലസഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍ യാത്രാചരിത്രം മാത്രമല്ല, ടൂറിസ ചരിത്രവും സമാന്തരമായും പരോക്ഷമായും സ്ഥാനം പിടിച്ചിരിക്കുന്നതുകാണാം.

കണ്ടറിയുവാനുള്ള കൗതുകത്തോടെ നടത്തിയ യാത്രകളുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാതൃകയാണ് ശേബാ രാജ്ഞിയുടെ കഥ. സോളമന്റെ ബുദ്ധിവൈഭവത്തിന്റെ ലോകത്തിലൂടെ - അറേബ്യയിലുടനീളം - 1900 കി.മീ. ദൂരം അവര്‍ യാത്ര ചെയ്യുകയുണ്ടായി.

നാണയങ്ങള്‍ വ്യാപകമായി നിലവില്‍ വന്ന സു.ബി.സി. 3000-ാമാണ്ടോടെയാണ് വാണിജ്യപരമായ യാത്രകള്‍ സാര്‍വത്രികമായിത്തുടങ്ങിയതെങ്കില്‍, മതപരമായ യാത്രകള്‍ പ്രാധാന്യം ആര്‍ജിച്ചത് മധ്യകാലത്തോടുകൂടി മാത്രമാണ്. ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ യൂറോപ്പിലെ ആരാധനാലയങ്ങള്‍ പലതും വന്‍ തീര്‍ഥാടനകേന്ദ്രങ്ങളായി മാറി. ഭാരതത്തില്‍ തീര്‍ഥാടനവും ദേശാടനവുമൊക്കെ അതിനുമുമ്പുതന്നെ ഉണ്ടായിരുന്നു എന്നതിന് പ്രാചീന ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഇവിടത്തെ മതപരമായ യാത്രകള്‍ സജീവമാക്കുന്നതില്‍ ബുദ്ധമതം വഹിച്ച പങ്ക് വളരെ വലുതാണ്. പാടലീപുത്രത്തില്‍ നിന്ന് നേപ്പാളിലേക്കും ലുംബിനിയിലേക്കും കപിലവസ്തുവിലേക്കും സാരനാഥത്തിലേക്കുമൊക്കെ അശോകചക്രവര്‍ത്തി നടത്തിയ തീര്‍ഥാടനം അവിടങ്ങളില്‍ പില്ക്കാലത്തെത്തിയ തീര്‍ഥാടകര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പ്രേരകമായിത്തീര്‍ന്നു.

ഗ്രീസിന് ആദ്യകാലസഞ്ചാരങ്ങളുടെ നിറപ്പകിട്ടാര്‍ന്ന കഥകള്‍ പറയുവാനുണ്ട്. പുരാതനഗ്രീസിലെ ഡെല്‍ഫി ക്ഷേത്രം തേടി ജനങ്ങള്‍ ഏറെ ദൂരം സഞ്ചരിച്ചെത്തുക പതിവായിരുന്നു. സവിശേഷമായ മതാഘോഷങ്ങള്‍ കാണാനായി പല ദിക്കില്‍ നിന്നും ആളുകള്‍ അവിടെ എത്തിക്കൂടിയിരുന്നതായി ധാരാളം തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇതിനെല്ലാറ്റിനുമുപരിയാണ് 'ഒളിമ്പിക്സ്' കാണാനെത്തിയിരുന്ന സന്ദര്‍ശകരുടെ കഥ.

ഡെല്‍ഫി ക്ഷേത്രം-ഗ്രീസ്

എന്നാല്‍, ടൂറിസത്തിന്റെ പ്രാചീന മാതൃക എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള യാത്രകള്‍ കാണാനാകുന്നത് റോമിലാണ്. റോമാസാമ്രാജ്യത്തിന്റെ സുവര്‍ണകാലത്തില്‍ യാത്രകള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ പലതും അവിടെ ഉണ്ടായിരുന്നു. സഞ്ചാരയോഗ്യവും പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ റോഡുകളാണ് അവയില്‍ മുഖ്യം. റോഡുമാര്‍ഗം എത്തിച്ചേരാവുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, ഓരോ സ്ഥലത്തേക്കുമെത്താന്‍ അവശേഷിക്കുന്ന ദൂരം, അവ താണ്ടാന്‍ സാധാരണ ഗതിയില്‍ എടുക്കുന്ന സമയം എന്നിവയെല്ലാം അന്ന് രേഖപ്പെടുത്തിയിരുന്നതായി കാണുന്നു. പല സ്ഥലങ്ങളിലും കുതിരലായങ്ങളും വിശ്രമസങ്കേതങ്ങളും നിര്‍മിച്ചിരുന്നു. യാത്രക്കാര്‍ക്ക് തങ്ങളുടെ കുതിരയെ മാറ്റി താത്ക്കാലികമായി മറ്റൊന്ന് തിരഞ്ഞെടുത്ത് യാത്ര തുടരുവാനുള്ള സൗകര്യവും അന്നുണ്ടായിരുന്നു. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി രക്ഷാഭടന്മാരെയും വഴിയോരങ്ങളില്‍ നിയോഗിച്ചിരുന്നു. നിത്യേന നൂറിലേറെ മൈല്‍ ദൂരം താണ്ടാവുന്ന കുതിരസവാരി സംവിധാനം അക്കാലത്തവിടെ നിലവിലിരുന്നു. സാമ്രാജ്യത്തിനകത്തെന്നപോലെ സമീപദേശങ്ങളിലേക്കും റോമാക്കാര്‍ സഞ്ചരിച്ചിരുന്നു. വിനോദം, വിശ്രമം, ആരോഗ്യപരിപാലനം എന്നിവയായിരുന്നു അത്തരം യാത്രകളുടെ ഉദ്ദേശ്യങ്ങള്‍. ആരോഗ്യപരിചരണത്തിനായുള്ള യാത്രകള്‍ പലതും വിശേഷ ഔഷധമൂല്യം ഉള്ളവയെന്ന് പരക്കെ അറിയപ്പെട്ട നീരുറവകളിലേക്കായിരുന്നു. തീരദേശ ടൂറിസത്തിന്റെ കന്നിപ്പൊടിപ്പുകളാണ് അത്തരം യാത്രകളില്‍ കണ്ടെത്തുവാന്‍ കഴിയുന്നത്. നീരുറവകള്‍ക്കു സമീപം സ്നാനസൌകര്യങ്ങളും താത്ക്കാലിക വിശ്രമസൌകര്യങ്ങളും വ്യാപകമായി ഒരുക്കിയിരുന്നു എന്നതിന് തെളിവുകളുണ്ട്. 'സ്പാ' എന്നറിയപ്പെട്ട ഇത്തരം ധാതുജലയുറവകള്‍ക്കരികില്‍ വിനോദത്തിനുള്ള പ്രത്യേക സംവിധാനങ്ങളും നിലവിലുണ്ടായിരുന്നു - കായികമത്സരങ്ങള്‍, ഉത്സവങ്ങള്‍, നാടകാവതരണം തുടങ്ങിയവ. ഇംഗ്ലണ്ടിലെ 'ബാത്ത്' എന്ന സ്ഥലം ഇത്തരത്തില്‍ പ്രസിദ്ധമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ റോമാക്കാര്‍ അവിടെ കുളിച്ചുവിശ്രമിക്കാനായി എത്തിയിരുന്നതിനു പ്രത്യക്ഷമായ തെളിവുകളുണ്ട്. 18-ാം ശ. -ത്തോടെ ഇത്തരം സ്നാനസങ്കേതങ്ങള്‍ യൂറോപ്പിലും വ്യാപകമാവുകയും സമുദ്രസ്നാനത്തിന് പൂര്‍വാധികം പ്രചാരം സിദ്ധിക്കുകയും ചെയ്തു. ക്രമേണ, സമുദ്രതീരങ്ങള്‍ സന്ദര്‍ശകകേന്ദ്രങ്ങളായി മാറുകയും സമുദ്രതീരവിശ്രമസങ്കേതങ്ങള്‍ നിലവില്‍വരികയും ചെയ്തു. ആ നൂറ്റാണ്ടില്‍ കൂടുതല്‍ വിശ്രമസമയം ലഭിച്ച പ്രഭുക്കന്മാരും കുടുംബാംഗങ്ങളുമാണ് വിനോദസഞ്ചാരത്തില്‍ കൂടുതല്‍ ഏര്‍പ്പെട്ടത്. ചുരുക്കത്തില്‍, ആധുനിക ടൂറിസത്തിന്റെ പ്രാഥമിക മാതൃകയ്ക്ക് റോമാസാമ്രാജ്യമാണ് കളമൊരുക്കിയതെന്നു പറയാം. ആധുനിക ടൂറിസത്തിന്റെ കറുത്ത വശങ്ങളായ ധൂര്‍ത്തിന്റെയും ലൈംഗിക അരാജകത്വത്തിന്റെയും ആദ്യകാല മാതൃകയും അവിടത്തെ ഉല്ലാസഗൃഹങ്ങളില്‍ത്തന്നെ കാണാമായിരുന്നു. റോമാസാമ്രാജ്യത്തിന്റെ പതനത്തെത്തുടര്‍ന്ന് ഇത്തരം സന്ദര്‍ശനങ്ങള്‍ വിരളമായിത്തീര്‍ന്നു. തീര്‍ഥാടനം മാത്രമാണ് നാമമാത്രമായെങ്കിലും പിന്നീട് നിലനിന്നിരുന്നത്. പില്ക്കാലത്ത് വിജ്ഞാനസമ്പാദനത്തിനുവേണ്ടിയുള്ള യാത്രകളിലൂടെയാണ് റോം ടൂറിസം ചരിത്രത്തില്‍ ഇടം നേടിയത്.

ഓസ്റ്റാപര്‍വതനിരയും താഴ്വാരവും-ഇറ്റലി

പണ്ടുകാലം മുതല്‍ റോമാക്കാരായ വിദ്യാര്‍ഥികളും പണ്ഡിതന്മാരും ഗ്രീസിലെ പുരാതന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന പതിവ് നിലനിന്നിരുന്നു. ഏഥന്‍സ്, ഡെല്‍ഫി, ഒളിംബിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുക എന്നത് പഠനത്തിന്റെ ഭാഗമായിട്ടാണ് കണക്കാക്കിയിരുന്നത്. 14 മുതല്‍ 16 വരെ ശതാബ്ദങ്ങളില്‍ യൂറോപ്പില്‍, വിശേഷിച്ചും ഇറ്റലിയില്‍, ഉണ്ടായ നവോത്ഥാനത്തിന്റെ ഫലമായി വിജ്ഞാനസമ്പാദന യാത്രകളുടെ എണ്ണം വര്‍ധിച്ചു. ഈജിപ്തിലേക്കും മധ്യയൂറോപ്യന്‍ രാജ്യങ്ങളിലേക്കും ധാരാളം പഠനയാത്രകള്‍ നടന്നു. 19-ാം ശ. ആയപ്പോള്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളിലേക്കുള്ള പഠന യാത്രകളുടെ എണ്ണം പിന്നെയും കൂടി. ഇറ്റലിയിലെ ഗതാഗതസൗകര്യങ്ങളില്‍ പെട്ടെന്നുണ്ടായ വര്‍ധന, നഗരസംവിധാനത്തിലുണ്ടായ വളര്‍ച്ച എന്നിവ നിരവധി സഞ്ചാരികളെ അവിടേക്ക് ആകര്‍ഷിച്ചു. യൂറോപ്പില്‍ സമാന്തരമായുണ്ടായ സാമ്പത്തികവും സാംസ്കാരികവുമായ ഉന്നമനവും അതിന് ആക്കം കൂട്ടി. ഇറ്റലിയിലെ ചരിത്രസ്മാരകങ്ങളും വാസ്തുശില്പവൈവിധ്യങ്ങളും കലാസങ്കേതങ്ങളും വൈജ്ഞാനികലോകത്തില്‍ ശ്രദ്ധേയമായിത്തീരുകയും ആദാനപ്രദാനപരമായ സഞ്ചാരങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുകയും ചെയ്തു. പാരീസിലും മിലാനിലും ഫ്ളോറന്‍സിലും റോമിലും സ്വിറ്റ്സര്‍ലാന്റിലുമൊക്കെ സന്ദര്‍ശനം നടത്തുക എന്നത് 17-ാം. ശ.-ത്തിലെ ഇംഗ്ലീഷ് പണ്ഡിതന്മാരുടെയും വിദ്യാര്‍ഥികളുടെയും ജ്ഞാനാര്‍ജന പരിപാടിയിലെ അനിവാര്യ ഘടകങ്ങളിലൊന്നായി മാറി. ഈ ലക്ഷ്യമില്ലെങ്കിലും അത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രഭുകുടുംബങ്ങളും ഉത്സാഹം പ്രദര്‍ശിപ്പിച്ചു. ചില നിശ്ചിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. സാധാരണ ജീവിതവുമായി യാതൊരു തരത്തിലും ബന്ധപ്പെടാതിരിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രദ്ധിച്ചിരുന്നു. അക്കാലത്തെ യാത്രാപദ്ധതികളെക്കുറിച്ചു നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഫ്രാന്‍സിസ് ബേക്കണ്‍ തന്റെ യാത്രാവിവരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലൈബ്രറികള്‍, വിജ്ഞാനമന്ദിരങ്ങള്‍, മ്യൂസിയങ്ങള്‍, തുറമുഖങ്ങള്‍, പുരാവസ്തു സങ്കേതങ്ങള്‍ തുടങ്ങിയവയായിരുന്നു അക്കാലത്തെ മുഖ്യ സന്ദര്‍ശന ലക്ഷ്യങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍