This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടിവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:53, 3 ഒക്ടോബര്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ടിവ്

ഠശ്

ഉത്തര നൈജീരിയയിലെ ഒരു പ്രമുഖ ജനവിഭാഗം. ‘മിറ്റ്ഷി',

‘മുന്‍ഷി' എന്നീ പേരുകളിലും അറിയപ്പെടുന്നു. തെക്കുകിഴക്കന്‍ മേഖലകളില്‍നിന്നും ബെന്യൂ നദിക്കരയിലും കാമറൂണ്‍ ഉന്നതതടങ്ങളിലുമെത്തിയ ടിവുകളുടെ സംസ്കാരത്തിന് കാമറൂണിലെയും കോങ്ഗോയിലെയും ജനവിഭാഗങ്ങളുടേതിനോട് സാദൃശ്യമുണ്ട്. ഇവരുടെ ഭാഷ നൈജര്‍-കോംങ്ഗോ ഭാഷാകുടുംബത്തില്‍ ഉള്‍പ്പെടുന്നു.

  ടിവ് സമൂഹം നിരവധി വംശപരമ്പരകളുടെ സഞ്ചയമാണ്. വ്യത്യസ്ത പരമ്പരക്കാര്‍ തമ്മിലുള്ള വിവാഹം, പ്രവിശ്യാപങ്കുവയ്പ് തുടങ്ങിയ എല്ലാ കാര്യങ്ങളും കുടുംബത്തിലെ മുതിര്‍ന്ന വ്യക്തികളുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഇവര്‍ക്കിടയില്‍ പ്രത്യേക തലവന്മാരില്ല. ഇവര്‍ ബഹുഭാര്യാത്വത്തില്‍ വിശ്വസിക്കുന്നു. തിന, കരിമ്പ്, ചേന, എള്ള്, സോയാപ്പയര്‍ എന്നിവയുടെ കൃഷിയാണ് ഇവരുടെ പ്രധാന തൊഴില്‍. ടിവുകളുടെ തനതുമതം ഇന്നും ശക്തമാണ്. എങ്കിലും 1911-നു ശേഷം മിഷണറിമാര്‍ ഇവര്‍ക്കിടയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ നിരവധി ടിവുകള്‍ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായി. ചെറിയ തോതില്‍ ഇസ്ളാം മതവിശ്വാസികളും ഇവര്‍ക്കിടയിലുണ്ട്. കൊളോണിയല്‍ ഭരണത്തെയും സ്വതന്ത്ര നൈജീരിയന്‍ ഭരണത്തെയും ടിവുകള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്.

ടിവാണ, ദലീപ് കൌര്‍ (1935 - )

പഞ്ചാബി സാഹിത്യകാരി. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തയാണ്. ബിര്‍ളാ ഫൌണ്ടേഷന്‍ നല്‍കുന്ന അഞ്ചുലക്ഷം രൂപ സമ്മാനത്തുകയുള്ള സരസ്വതി സമ്മാന്‍ 2001-ല്‍ ഇവര്‍ക്കു ലഭിച്ചു.

  1935 മെയ് 4-ന് പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം പാട്യാലയിലെ പഞ്ചാബി യൂണിവേഴ്സിറ്റിയില്‍ അധ്യാപനമാരംഭിച്ച ടിവാണ ലാംഗ്വേജ് ഫാക്കല്‍റ്റി ഡീന്‍, ഫെലോ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുകയുണ്ടായി. സാഹിത്യ അക്കാദമിയിലെ പഞ്ചാബി ഉപദേശക സമിതിയംഗം, ലുധിയാന പഞ്ചാബി സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം, ചണ്ഡീ ഗഢ് പഞ്ചാബ് സാഹിത്യ അക്കാദമി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അന്‍പതോളം ഗ്രന്ഥങ്ങള്‍ രചിച്ച ടിവാണയുടെ 27 നോവലുകളും ഏഴ് ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. 1968-ല്‍ പ്രസിദ്ധീകരിച്ച എഹോ ഹമാരാ ജീവനാ എന്ന നോവലില്‍ 

ഭാനോ എന്ന സാധാരണ പഞ്ചാബി സ്ത്രീയുടെ ദൈന്യജീവിതമാണ് ഇതിവൃത്തം. ഭര്‍ത്താവിനാല്‍

പീഡിപ്പിക്കപ്പെടുന്ന ഈ സ്ത്രീയുടെ കഥയിലൂടെ ഇന്ത്യയിലെ സ്ത്രീകള്‍

എത്രകാലം സ്വത്വമില്ലായ്മ അനുഭവിക്കുമെന്ന പ്രസക്തമായ ചോദ്യമാണ് നോവലിസ്റ്റ് ഉയര്‍ത്തിയത്. 1971-ലെ സാഹിത്യഅക്കാദമി അവാര്‍ഡ് ഈ കൃതിക്ക് ലഭിച്ചതോടെ ടിവാണ സാഹിത്യരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ലിമ്മി ഉദാരി (1978), പീലി പട്ടിയാര്‍ (1980), ഹസ്തഘര്‍ (1982) എന്നിവയാണ് തുടര്‍ന്ന് പ്രസിദ്ധീകരിച്ച മറ്റു നോവലുകള്‍. ടിവാണയുടെ കഥ കഹോ ഉര്‍വശി (കഥ പറയൂ, ഉര്‍വശി) അഞ്ച് ഭാഗങ്ങളുള്ള ഒരു ബൃഹദ് നോവലാണ്. 1999-ല്‍ പ്രസാധനം ചെയ്യപ്പെട്ട ഈ നോവലില്‍ മൂന്നു തലമുറകളുടെ കഥ ആലേഖനം ചെയ്തിരിക്കുന്നു. കാവ്യാത്മക നോവല്‍ എന്ന വിശേഷണത്തിന് അര്‍ഹമായ കഥകഹോ ഉര്‍വശി പഞ്ചാബി നോവല്‍ സാഹിത്യശാഖയിലെ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. ഈ നോവലിനാണ് സരസ്വതി സമ്മാന്‍ ലഭിച്ചത്. പ്രബല്‍ വേഹിന്‍, ത്രാതന്‍, തേരാ കമരാ മേരാ കമരാ, വേദന, തുംഭാരീന്‍ ഹംഗാര, യാത്ര എന്നിവയാണ് ദലീപ് കൌര്‍ ടിവാണയുടെ ചെറുകഥാസമാഹാരങ്ങള്‍.

  ആധുനിക് പഞ്ചാബി നിക്കി കഹാനി ദേലഛന്‍ തേപ്രവൃത്തിയാം ടിവാണയുടെ ഗവേഷണഗ്രന്ഥമാണ്. 1980-ല്‍ പ്രസിദ്ധീകരിച്ച നംഗേ പൈരന്‍ ദാ സഫര്‍ (നഗ്നപാദയായൊരു യാത്ര) എന്ന ഇവരുടെ ആത്മകഥയും വളരെ ശ്രദ്ധിക്കപ്പെട്ടു. ശിരോമണി സാഹിത്യകാര്‍ അവാര്‍ഡ്, പഞ്ചാബ് ഗവ. പുരസ്കാരം, നാനാക് പുരസ്കാരം, പഞ്ചാബി അക്കാദമി അവാര്‍ഡ് തുടങ്ങിയവയും ലഭിച്ച ടിവാണയുടെ കൃതികള്‍ പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B4%BF%E0%B4%B5%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍