This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാസ്മന്‍, ആബെല്‍ യാന്‍സൂണ്‍ (1603-59)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാസ്മന്‍, ആബെല്‍ യാന്‍സൂണ്‍ (1603-59)

Tasman, Abel Janszoon

ടാസ്മേനിയ, ടോങ്ഗ, ന്യൂസിലന്‍ഡ്, ഫിജി എന്നീ പ്രദേശങ്ങള്‍ നാവിക പര്യടനത്തിലൂടെ കണ്ടെത്തിയ ഡച്ച് നാവികന്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസിഫിക് സമുദ്രത്തിലും ഇദ്ദേഹം വാണിജ്യ പര്യവേക്ഷണ യാത്ര നടത്തിയിരുന്നു. ഇദ്ദേഹം 1603-ല്‍ ലറ്റ്ജെഗസ്റ്റ് എന്ന ഡച്ചു ഗ്രാമത്തില്‍ ജനിച്ചു. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയില്‍ ഉദ്യോഗസ്ഥനായി ജാവയിലെ ബത്തേവിയയില്‍ (ഇപ്പോഴത്തെ ജക്കാര്‍ത്ത) ഇദ്ദേഹം 1633-ല്‍ എത്തി. നാവിക പര്യവേക്ഷണങ്ങള്‍ക്ക് നിയുക്തനായ ടാസ്മന്‍ 1639 മുതല്‍ 42 വരെ ജപ്പാന്‍, ഫോര്‍മോസ, കംബോഡിയ എന്നീ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ദക്ഷിണാര്‍ധഗോളത്തില്‍ ഡച്ചുകാര്‍ 1642-43-ലും 1644-ലും നടത്തിയ നാവിക പര്യവേക്ഷണങ്ങളുടെ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. 1642 ആഗ. 14-ന് രണ്ടു കപ്പലുകളുമായി ടാസ്മന്‍ ബത്തേവിയയില്‍ നിന്ന് യാത്ര ആരംഭിച്ചു. മൗറീഷ്യസില്‍ എത്തിയശേഷം ഇദ്ദേഹം ആസ്റ്റ്രേലിയയുടെ തെക്കുഭാഗത്തേക്കു പോയി. ഇന്ത്യന്‍ മഹാസമുദ്രത്തിനും ടാസ്മന്‍ കടലിനും (പസിഫിക് സമുദ്രത്തില്‍ ആസ്റ്റ്രേലിയക്കും ടാസ്മേനിയക്കും കിഴക്കും ന്യൂസിലന്‍ഡിനു പടിഞ്ഞാറുമായുള്ള, ടാസ്മന്റെ പേരില്‍ അറിയപ്പെടുന്ന സമുദ്രഭാഗം) ഇടയ്ക്ക് ആസ്റ്റ്രേലിയയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഭൂവിഭാഗം ഇദ്ദേഹം ന. 24-ന് കണ്ടെത്തി. അന്നത്തെ ഡച്ച് ഈസ്റ്റിന്‍ഡീസ് ഗവര്‍ണര്‍ ജനറലിന്റെ പേരിനെ (ആന്റോണിയോ വാന്‍ ഡീമെന്‍) ആസ്പദമാക്കി ടാസ്മന്‍ ഈ ദ്വീപിന് വാന്‍ ഡീമെന്‍സ് ലാന്‍ഡ് എന്ന് പേരു നല്‍കി. 1856-ല്‍ നിലവില്‍ വന്ന ഭരണകൂടം ഈ ദ്വീപിന് ടാസ്മേനിയ എന്നു പുനര്‍നാമകരണം ചെയ്തു. (നോ: ടാസ്മേനിയ.) കടലിലൂടെ കിഴക്കുഭാഗത്തേയ്ക്ക് യാത്രചെയ്ത് ടാസ്മന്‍ 1642 ഡി. 13-ന് ന്യൂസിലന്‍ഡിന്റെ തെക്കന്‍ ദ്വീപില്‍ എത്തി. വടക്കുഭാഗത്തേക്കു യാത്ര തുടര്‍ന്ന് 1643 ജനു. 21-ന് ടോങ്ഗയിലെയും ഫെ. 6-ന് ഫിജിയിലെയും ദ്വീപുകളില്‍ എത്തിച്ചേര്‍ന്നു. വീണ്ടും വടക്കുപടിഞ്ഞാറേ ദിശയിലേക്കു യാത്രചെയ്ത് ഏ. 1-ന് ന്യൂഗിനിയിലെത്തി. അവിടെനിന്ന് ജൂണ്‍ 15-ന് ബത്തേവിയയില്‍ മടങ്ങിയെത്തി. ആസ്റ്റ്രേലിയന്‍ വന്‍കരയെ ചുറ്റിയുള്ള ടാസ്മന്റെ നാവികയാത്രയുടെ ഫലമായി ഈ വന്‍കര തെക്കന്‍ ധ്രുവഭൂഖണ്ഡ(അന്റാര്‍ട്ടിക്ക)വുമായി ബന്ധപ്പെട്ടുകിടക്കുന്നതല്ലെന്നു തെളിഞ്ഞു.

1644 ഫെ. 29-ന് ബത്തേവിയയില്‍ നിന്ന് ആരംഭിച്ച രണ്ടാമത്തെ പര്യവേക്ഷണത്തില്‍, ആസ്റ്റ്രേലിയയുടെ വടക്കന്‍ തീരത്തേക്ക് യാത്രചെയ്ത ഇദ്ദേഹം കാര്‍പ്പന്റേറിയ ഉള്‍ക്കടലിലും ടോറസ് കടലിടുക്കിലും എത്തിച്ചേര്‍ന്നു. ടാസ്മന്‍ 1647-ല്‍ തായ്ലന്‍ഡിലേക്ക് വാണിജ്യപര്യടനം നടത്തി. ഫിലിപ്പീന്‍സില്‍ ഇദ്ദേഹം സ്പെയിനിന് എതിരായി നാവികപ്പട നയിക്കുകയും (1648) ചെയ്തിട്ടുണ്ട്. 1653-ഓടെ ടാസ്മന്‍ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയിലെ സേവനത്തില്‍ നിന്നു വിരമിച്ചു. 1659-ല്‍ ഇദ്ദേഹം ബത്തേവിയയില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍