This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടബ്മന്‍, ഹാരിയറ്റ് (സു. 1820 - 1913)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടബ്മന്‍, ഹാരിയറ്റ് (സു. 1820 - 1913)

Tubman,Harriet

അമേരിക്കയില്‍, അടിമകളുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച വനിത. തോട്ടങ്ങളിലെ അടിമത്തൊഴിലാളികളുടെ 'മോസസ്' എന്നറിയപ്പെട്ടിരുന്ന ടബ്മന്‍ മേരിലാന്‍ഡിലെ ഡോര്‍ചെസ്റ്റര്‍ കൗണ്ടിയിലുള്ള ഒരടിമകുടുംബത്തിലാണ് ജനിച്ചത്. എഴുത്തും വായനയും അഭ്യസിച്ചിട്ടില്ലാത്ത ഇവര്‍ അടിമപ്പണിയില്‍ നിന്നു സ്വയം വിമുക്തയാവുകയും തോട്ടങ്ങളില്‍ പണിയെടുത്തിരുന്ന നൂറുകണക്കിന് അടിമകളെ സ്വാതന്ത്യ്രത്തിലേക്കു നയിക്കുവാന്‍ പ്രയത്നിക്കുകയും ചെയ്തു.

അരമിന്റാ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് ഹാരിയറ്റ് എന്ന പേര് സ്വയം സ്വീകരിച്ചു. 1844-ല്‍ ഹാരിയറ്റിനെ ജോണ്‍ ടബ്മന്‍ എന്ന അടിമയെക്കൊണ്ട് യജമാനന്‍ നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ചു. 5 വര്‍ഷത്തിനുശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ ഇവര്‍ ഭൂഗര്‍ഭ റെയില്‍പ്പാതവഴി അമേരിക്കയില്‍ എത്തിച്ചേര്‍ന്നു. അടിമകളുടെ മോചനത്തിനുവേണ്ടി ഇവര്‍ തിരഞ്ഞെടുത്ത മാര്‍ഗം അതീവ സാഹസികമായിരുന്നു. 300- ലധികം അടിമകളെ ഭൂഗര്‍ഭ റെയില്‍പ്പാതയിലൂടെ രക്ഷപ്പെടാന്‍ ഇവര്‍ സഹായിച്ചു. അടിമത്തത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ തന്നോടൊപ്പം നിന്നവരോട് ടബ്മന്‍ കടുത്ത പട്ടാളച്ചിട്ടയിലാണ് പെരുമാറിയിരുന്നത്. അതിനാല്‍ 'ജനറല്‍ ടബ്മന്‍' എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു. ഭൂഗര്‍ഭ റെയില്‍പ്പാത വഴിയുള്ള സാഹസികമായ മോചനയാത്രകളില്‍ അടിമകള്‍ക്കുവേണ്ടി ഭക്ഷണമുണ്ടാക്കിക്കൊടുത്തിരുന്നത് ഇവര്‍ തന്നെയായിരുന്നു. അടിമകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്കാവശ്യമായ വസ്തുതകള്‍ ശേഖരിച്ചു നല്‍കിയ ടബ്മന്‍, ബോസ്റ്റണിലെ അടിമത്തവിരുദ്ധ സമ്മേളനങ്ങളില്‍ പ്രസംഗിക്കുവാനും സന്നദ്ധയായി. ടബ്മനെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 40,000 ഡോളര്‍ പ്രതിഫലം നല്‍കുമെന്നുള്ള ഗവണ്‍മെന്റിന്റെ പ്രഖ്യാപനം, ഇവരുടെ അടിമത്തവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ശക്തിയാണ് വെളിപ്പെടുത്തുന്നത്. 1857-ല്‍ ടബ്മന്‍ തന്റെ മാതാപിതാക്കളെ രക്ഷിച്ച് ന്യൂയോര്‍ക്കിലെ അബേണിലെത്തിച്ചു.

ആഭ്യന്തരയുദ്ധകാലത്ത് പാചകക്കാരി, നഴ്സ്, ചാരപ്രവര്‍ത്തക എന്നീ നിലകളിലെല്ലാം സൈനികസേവനം നടത്തിയ ടബ്മന്‍ യുദ്ധാനന്തരം അബേണില്‍ സ്ഥിരതാമസമാക്കി. തുടര്‍ന്നും ഇവര്‍ അടിമത്ത വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. അടിമത്തത്തില്‍ നിന്നും മോചിതരാവുന്ന കറുത്ത വംശജരുടെ പുനരധിവാസത്തിനായുള്ള പ്രവര്‍ത്തനങ്ങളും ടബ്മന്‍ ഏറ്റെടുത്തിരുന്നു. സാറാ ബ്രാഡ്ഫോര്‍ഡ് രചിച്ച ഹാരി ടബ്മന്‍: ദ് മോസസ് ഒഫ് ഹെര്‍ പീപ്പിള്‍ എന്ന ജീവചരിത്രകൃതി 1886-ല്‍ പ്രസിദ്ധീകരിച്ചതോടെയാണ് ടബ്മന്‍ ലോകപ്രശസ്തയായത്. അടിമത്തവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ടബ്മന് സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്തതും ഈ കൃതിതന്നെ. 1913-ല്‍ അന്തരിച്ച ടബ്മന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.

(എസ്. കൃഷ്ണയ്യര്‍, സ. പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍