This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഝാവേരി മന്‍സുഖ്ലാല്‍ മഗന്‍ലാല്‍ (1907 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഝാവേരി മന്‍സുഖ്ലാല്‍ മഗന്‍ലാല്‍ (1907 - 81)

ഗുജറാത്തി കവിയും വിമര്‍ശകനും. 1907-ല്‍ ജനിച്ചു. ഭവനഗറിലെ സമല്‍ദാസ് കോളജിലെ ബിരുദബിരുദാന്തര പഠനത്തെത്തുടര്‍ന്ന് മുംബൈയിലെ രാംനാരായണ്‍ റൂയിയാ കോളജില്‍ ഗുജറാത്തി ലക്ചററായി. പിന്നീട് നിരവധി കലാശാലകളില്‍ പ്രശസ്തമായ നിലയില്‍ അധ്യാപകവൃത്തി അനുഷ്ഠിച്ചു.

ചന്ദ്രദൂത ആണ് ആദ്യത്തെ കാവ്യകൃതി. മറ്റു കവിതാസമാഹാരങ്ങള്‍: ഫൂലദോല, ആരാധന്‍, അഭിസാര, അനുഭൂതി, ഡുമോ ഒഗല്യോ. ഭാരതീയ ക്ലാസ്സിക് കാവ്യപാരമ്പര്യത്തോടുള്ള ആഭിമുഖ്യം മിക്ക രചനകളിലും കാണാം. രാമായണം, മഹാഭാരതം എന്നീ പ്രാക്തന കാവ്യങ്ങളിലെ കഥാപാത്രങ്ങളോ സന്ദര്‍ഭങ്ങളോ ആണ് മിക്കവിയിലെയും ഇതിവൃത്തം. വൃത്തസ്വീകരണത്തിലും ശൈലിയിലുമെല്ലാം സംസ്കൃതപക്ഷപാതം പ്രകടമാണ്. അവസാന സമാഹാരമായ ഡുമോ ഒഗല്യോയില്‍ മാത്രം ആധുനികതയോടുള്ള നേരിയ ചായ്വിന്റെ സൂചനകളുണ്ട്.

ഗുജറാത്തി സാഹിത്യവിമര്‍ശനരംഗത്ത് ഇദ്ദേഹത്തിന്റെ സംഭാവനകള്‍ മികച്ച മുതല്‍ക്കൂട്ടാണ്. ഗോവര്‍ധന്റാം മാധവ്റാം ത്രിപാഠി, ബല്‍വന്ത്റായ് കല്യാണ്‍റായ് ധാക്കര്‍, നാനാലാല്‍ ദലപത്റാം കവി, കനയ്യലാല്‍ മാനഖ്ലാല്‍ മുന്‍ഷി എന്നിവരുടെ ഗദ്യരചനകളെക്കുറിള്ള പഠനം ഉദാഹരണമാണ്. സമുന്നതരായ ഗുജറാത്തി കവികളുടെ രചനകള്‍ സാധാരണക്കാരനുപോലും പ്രാപ്യമാക്കുന്ന തരത്തിലുള്ള ഇദ്ദേഹത്തിന്റെ പഠനങ്ങളാണ് അപ്നോ കവിതാവൈഭവ്, അപുനം ഊര്‍മികാവ്യോം എന്നിവ. ഇദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയമായ സംഭാവന ഭഗവദ്ഗീത, അഭിജ്ഞാനശാകുന്തളം, ഒഥല്ലോ എന്നീ കൃതികളുടെ വിവര്‍ത്തനമാണ്. 1981-ല്‍ മന്‍സുഖ്ലാല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍