This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോസഫൈന്‍ (1763 - 1814)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോസഫൈന്‍ (1763 - 1814)

നോപ്പോളിയന്റെ ആദ്യ ഭാര്യയും 1809 വരെ ഫ്രഞ്ച് ചക്രവര്‍ത്തിനിയും.

ജോസഫൈന്‍

കരിമ്പു കൃഷിക്കാരനായ ജോസഫ് ടാഷെര്‍ ദെലാ പാഷെറിയുടെ പുത്രിയായി 1763 ജൂണ്‍ 23-നു മാര്‍ട്ടിനിക്കിലെ ട്രോയ്-ഇലെതില്‍ ജനിച്ചു. മേരി ജോസഫ് റോസ് എന്നായിരുന്നു പേര്. സൈനികോദ്യോഗസ്ഥനായ വൈക്കൗണ്ട് അലക്സാണ്ടറെയാണ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം ആറുവര്‍ഷമേ നീണ്ട നിന്നുള്ളു; ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ടായി. 1785-ല്‍ വിവാഹബന്ധം വേര്‍പെടുത്തിയശേഷം ഇവര്‍ മാര്‍ട്ടിനിലേക്കു പോയി. 1790-ല്‍ മടങ്ങി ഫ്രാന്‍സിലെത്തിയ ഇവര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ 1794 ഏ.-ല്‍ അറസ്റ്റു ചെയ്യപ്പെട്ടു. റൊബസ്പിയര്‍ അധികാരഭ്രഷ്ടനായതോടെ (1794 ജൂല. 27) ഇവര്‍ ജയില്‍ മോചിതയായി. വശ്യസുന്ദരിയായിരുന്ന ജോസഫൈന്‍ സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുമ്പോഴാണ് ഡയറക്ടറി അംഗമായ ബറാസിയുടെ വെപ്പാട്ടിയായി കഴിഞ്ഞത് (1795-99). ഈ കാലയളവില്‍ ഇവര്‍ ഫ്രഞ്ചു സമ്പന്നസമൂഹത്തെ തന്റെ കൈക്കുള്ളിലാക്കി. ഫ്രഞ്ചുവിപ്ലവത്തെ തുടര്‍ന്നു രൂപമെടുത്ത ദുഷിച്ച സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായിത്തീര്‍ന്നു ഇവര്‍. വേഷഭൂഷാദികളോടും ആഡംബരജീവിതത്തോടുമുള്ള അവരുടെ അടങ്ങാത്ത മോഹം കുപ്രസിദ്ധമാണ്. സാമ്പത്തികലാഭം ഉദ്ദേശിച്ചാവണം ഇവര്‍ യുവ ജനറലായ നെപ്പോളിയനുമായി ബന്ധം വച്ചതും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും എന്നു കരുതപ്പെടുന്നു. വിവാഹദിനത്തിനു രണ്ടു നാള്‍ മുമ്പ് (1796-മാ. 7-ന്) നെപ്പോളിയനു ഫ്രഞ്ചു സേനയുടെ നേതൃത്വം ഏറ്റെടുക്കാനായി ഇറ്റലിയിലേക്കു പോകേണ്ടിവന്നു. നെപ്പോളിയനെ അനുഗമിക്കുവാനോ അദ്ദേഹത്തിന്റെ പ്രണയലേഖനങ്ങള്‍ക്കു മറുപടി നല്കാനോ മെനക്കെടാതിരുന്ന ജോസഫൈന്‍ ഹിപ്പോളൈറ്റ് ചാള്‍സ് എന്ന ക്യാപ്റ്റനുമായി ബന്ധം പുലര്‍ത്തി. വിവരമറിഞ്ഞ നെപ്പോളിയന്‍ താന്‍ മടങ്ങിവന്നാലുടന്‍ ബന്ധം വിടര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്തു. ജോസഫൈന്റെ നയചാതുരികൊണ്ട് ബന്ധം പുനഃസ്ഥാപിച്ചെങ്കിലും നെപ്പോളിയന്‍ പക്ഷക്കാരുടെ എതിര്‍പ്പും അനന്തരാവകാശിക്കു ജന്മം നല്കാനുള്ള കഴിവില്ലായ്മയും ജോസഫൈനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എങ്കിലും നെപ്പോളിയന്റെ കിരീടധാരണത്തിനു മുമ്പ് മതപരമായ വിവാഹച്ചടങ്ങിന് വഴങ്ങാന്‍ നെപ്പോളിയന്‍ നിര്‍ബന്ധിതനായി. ഇതിനുവേണ്ടി പിയൂസ് VIII മാര്‍പ്പാപ്പയുടെ സഹായം ജോസഫൈനു ലഭിച്ചിരുന്നു. ഇവരുടെ നയചാതുരിയും ആതിഥ്യമര്യാദകളും നെപ്പോളിയന്റെ രാജസദസിനു മുതല്ക്കൂട്ടായെങ്കിലും ഒരു സന്തതിയെ നല്കാന്‍ ജോസഫൈനാകാത്തതിനാല്‍ 1809 ഡി. 14-നു വിവാഹബന്ധം വേര്‍പെടുത്തപ്പെട്ടു. എങ്കിലും ഇവര്‍ക്ക് മാല്‍മെയ്സണില്‍ വസ്തുവകകളും വന്‍തുകയും അനുവദിച്ചിരുന്നു. നെപ്പോളിയന്‍ അവരെ സന്ദര്‍ശിക്കുകയും പതിവായിരുന്നു. ജോസഫൈനിന്റെ മകള്‍ ഹോര്‍ട്ടെന്‍സ് 1806-ല്‍ ഹോളണ്ടിലെ രാജ്ഞിയായി. നെപ്പോളിയന്‍ പരാജിതനാക്കിയ സാര്‍ അലക്സാണ്ടര്‍ I ആയിരുന്നു ജോസഫൈനിന്റെ ഒടുവിലത്തെ ചാര്‍ച്ചക്കാരന്‍. 1814 മേയ് 29-ന് ജോസഫൈന്‍ മാല്‍മെയ്സണില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍