This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ദാന്‍ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ദാന്‍ നദി

പശ്ചിമേഷ്യയിലെ ഒരു പ്രമുഖ നദി. ക്രിസ്ത്യാനികള്‍, അറബികള്‍, മുസ്ലിങ്ങള്‍, യഹൂദര്‍ എന്നീ വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു പുണ്യനദിയാണ്. ജോര്‍ദാന്‍ നദിയില്‍വച്ചാണ് സ്നാപകയോഹന്നാന്‍ യേശുക്രിസ്തുവിനെ സ്നാനം ചെയ്തതെന്നു ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറബി ഭാഷയില്‍ 'നഹര്‍ അല്‍ ഉര്‍ദുന്‍' (Nahr Al-Urdun) എന്നും ഹീബ്രുഭാഷയില്‍ 'ഹയാര്‍ദെന്‍' (Hayarden) എന്നും ഈ നദി അറിയപ്പെടുന്നു. പുരാതന ഗ്രീക്കുകാര്‍ ഈ നദിയെ 'അവുലോണ്‍' (Aulon) എന്നു വിളിച്ചിരുന്നു.

മരണസമയത്ത് നദി കുറുകെ കടക്കുന്നത് മരണാനന്തരം മറ്റൊരു ലോകത്തേക്കുള്ള യാത്രയുടെ ഭാഗത്തിന്റെ പ്രതീകമായി ചിലര്‍ കരുതുന്നു; പല മതങ്ങളും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നുണ്ട്. ജോര്‍ദാന്‍ നദി കുറുകെ കടക്കുന്നത് പുണ്യകര്‍മമായി ക്രൈസ്തവര്‍ കരുതുന്നത് ഇതിന്റെ അടിസ്ഥാനത്തിലാകാം. ജോര്‍ദാന്‍ നദിയുടെ വിദൂര തീരത്ത് വാഗ്ദത്ത ഭൂമിയും സ്വര്‍ഗലോകവും സ്ഥിതിചെയ്യുന്നുണ്ടെന്ന വിശ്വാസവും ഇതിനു നിദാനമാണ്.

പശ്ചിമേഷ്യയിലെ ഹെര്‍മണ്‍ (Hermon) മലയുടെ തെക്കു കിഴക്കേ ചരിവില്‍ നിന്നും ഉദ്ഭവിച്ച് സിറിയ, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ജോര്‍ദാന്‍ നദി, ഹ്യൂലാ തടം (Hula Basin), ഗലീലി തടാകം എന്നിവ കടന്ന് ചാവുകടലില്‍ പതിക്കുന്നു. ലോകത്തില്‍ ഏറ്റവും താഴ്ന്ന തലത്തില്‍ ഒഴുകുന്ന ഈ നദിയുടെ നീളം സു. 360 കി.മീ. ആണ്. ലെബനനില്‍ നിന്നും ഉദ്ഭവിക്കുന്ന 'ഹസ്ബാനി' (Hasbani), 'ദാന്‍' (Dan), സിറിയയില്‍ നിന്നും ഉദ്ഭവിക്കുന്ന 'നഹര്‍ ബാനിയാസ്' (Nahr Banias) എന്നീ മൂന്നു ചെറുപുഴകള്‍ ഹ്യൂലാ തടത്തില്‍ സംഗമിച്ച് ജോര്‍ദാന്‍ നദിയില്‍ ലയിക്കുന്നു. 'എനോട്ട്' (Enot), 'എനാന്‍' (Enan) എന്നീ അരുവികളും ഹ്യൂലാ തടത്തില്‍ വച്ചാണ് ജോര്‍ദാന്‍ നദിയില്‍ ലയിക്കുന്നത്. ഗലീലി തടാകം കഴിയുന്നതോടെ സിറിയ, ജോര്‍ദാന്‍ എന്നീ രാഷ്ട്രങ്ങളുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന 'യാര്‍മുക്' (Yarmuk) എന്ന പോഷകനദി ജോര്‍ദാന്‍ നദിയില്‍ വന്നു ചേരുന്നു. വീണ്ടും കുറച്ചുകൂടി മുന്നോട്ടു നീങ്ങുമ്പോള്‍ രണ്ടു പോഷകനദികള്‍ കൂടി 'ഹാരോദ്' (Harod) വലത്തേ കരയിലൂടെയും 'യാബിസ്' (Yabis) ഇടത്തേ കരയിലൂടെയും-ജോര്‍ദാന്‍ നദിയില്‍ ഒഴുകിയെത്തുന്നു.

'ജോര്‍ദാന്‍ താഴ്വര' എന്നറിയപ്പെടുന്ന പ്രദേശത്തു കൂടെയുള്ള നദിയുടെ ഗതി ശ്രദ്ധേയമാണ്. തോണിയുടെ ആകൃതിയില്‍ തെക്കു വടക്കായി നീണ്ടുകിടക്കുന്ന ഇതിനു ശരാശരി 10 കി.മീ. വീതിയുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍-വിശേഷിച്ചും ഗലീലി തടാകത്തിന്റെ തൊട്ടടുത്ത പ്രദേശങ്ങളില്‍ വീതി വളരെ കുറവാണ്. മറ്റു ചില പ്രദേശങ്ങളില്‍ താഴ്വരയ്ക്ക് കൂടുതല്‍ വീതിയുണ്ട്. 'ജെറിക്കോ' പ്രദേശത്ത് ഇതിന്റെ വീതി 24 കി.മീ. വരും. ചുറ്റുമുള്ള ഭൂതലത്തില്‍ നിന്നും വളരെ താഴെയായിട്ടാണ് താഴ്വര സ്ഥിതിചെയ്യുന്നത്. അനാവൃതമായ രീതിയില്‍ കാണപ്പെടുന്ന കീഴ്ക്കാംതൂക്കായ ഭിത്തികള്‍, ചെറിയ മലയിടുക്കുകള്‍, ചെറിയ നീര്‍ച്ചാലുകള്‍ എന്നിവ ജോര്‍ദാന്‍ താഴ്വരയുടെ പ്രത്യേകതകളാണ്. ഇവിടെ ജനവാസം വളരെ കുറവാണ്. എന്നാല്‍ ജലസേചന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ കര്‍ഷകരായ യഹൂദരും അറബികളും തിങ്ങിപ്പാര്‍ക്കുന്നു.

ജോര്‍ദാന്‍ നദിക്ക് ആഴം പൊതുവേ കുറവാണ്. പരിസര പ്രദേശങ്ങളില്‍ മഴ കുറവായതാണ് ഇതിനു കാരണം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ നദിയുടെ ജലനിരപ്പ് ഉയര്‍ന്നിരിക്കും. ഗലീലി തടാകം പിന്നിടുമ്പോഴേക്കും നദിയുടെ ആഴം വളരെ കുറയുന്നു. നദിയിലുണ്ടാകുന്ന ബാഷ്പീകരണവും (evaporation) ചോര്‍ച്ചയും (seeping away) ആണ് ഇതിനു കാരണം. താഴ്ന്ന സ്ഥലത്തേക്കു കുത്തനെ ഒഴുകുന്നതു കാരണം നദിയുടെ വേഗത പൊതുവേ കൂടുതലാണ്. പരിസരപ്രദേശങ്ങളെ ഫലഭൂയിഷ്ഠമാക്കത്തക്കവിധം വലിയ അളവില്‍ എക്കലും ജോര്‍ദാന്‍ നദി വഹിക്കുന്നുണ്ട്. 'തിബേരിയേദ്' (Tiberiade) പ്രദേശത്ത് സമൃദ്ധമായുള്ള ഉഷ്ണ അരുവികള്‍ (Thermal Springs), ഗലീലി പ്രദേശത്ത് സമൃദ്ധമായുള്ള ജിപ്സം എന്നിവ കാരണം ജോര്‍ദാന്‍ നദിയില്‍ ഉപ്പിന്റെ അംശം താരതമ്യേന കൂടുതലാണ്.

മുന്‍കാലങ്ങളില്‍ ജെറിക്കോ തുടങ്ങിയ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമേ ജോര്‍ദാന്‍ നദീജലത്തെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിരുന്നുള്ളു. അതുകാരണം ഗോര്‍ തടം ഉള്‍പ്പെടെയുളള മറ്റുപ്രദേശങ്ങള്‍ ഊഷരവും ജനവാസരഹിതവും ആയിരുന്നു. എന്നാല്‍ 1967-ല്‍ ജലസേചനത്തിനായി ഏതാണ്ട് 70 കി.മീ. നീളമുള്ള 'ഗോര്‍ കനാല്‍' (Ghor Canal) നിര്‍മിക്കപ്പെട്ടതോടുകൂടി ജോര്‍ദാന്‍ നദിയുടെ കരയില്‍ പലതരം കൃഷികള്‍ സമൃദ്ധമാംവിധം നടന്നുവരുന്നു. ഇസ്രയേലാണ് ജോര്‍ദാന്‍ നദീജലത്തെ കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഏറ്റവും കൂടുതലായി പ്രയോജനപ്പെടുത്തുന്നത്.

(പ്രൊഫ. നേശന്‍ റ്റി. മാത്യു; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍