This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജോര്‍ജ് ഫെര്‍ണാണ്ടസ് (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജോര്‍ജ് ഫെര്‍ണാണ്ടസ് (1930 - )

ജോര്‍ജ് ഫെര്‍ണാണ്ടസ്

ഇന്ത്യയിലെ രാഷ്ട്രീയനേതാവും പ്രതിരോധമന്ത്രിയും. ജോണ്‍ ഫെര്‍ണാണ്ടസിന്റെയും ആലിസിന്റെയും മകനായി 1930 ജൂണ്‍ 3-നു മംഗലാപുരത്ത് ജനിച്ചു. വിദ്യാര്‍ഥിയായിരിക്കെ 1949-ഓടെ ഇദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. കര്‍ണാടകയിലെ തെക്കന്‍ കാനറ ജില്ലയില്‍ സോഷ്യലിസ്റ്റു പാര്‍ട്ടിയും ട്രേഡ്യൂണിയനും സംഘടിപ്പിക്കുന്നതിന് ഇദ്ദേഹം നേതൃത്വം നല്കി. 1961 മുതല്‍  കുറച്ചുകാലം ഇദ്ദേഹം ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗമായിരുന്നു. 1967 മുതല്‍ 70 വരെയും 1977 മുതല്‍ 79 വരെയും 1980 മുതല്‍ തുടര്‍ച്ചയായും (1999) ജോര്‍ജ് ഫെര്‍ണാണ്ടസ് ലോക്സഭാംഗമാണ്. 1967 മുതല്‍ 70 വരെ ഇദ്ദേഹം ലോക്സഭയുടെ പെറ്റിഷന്‍സ് കമ്മിറ്റി അംഗമായിരുന്നു. 1977 മാര്‍ച്ച് മുതല്‍ ജൂലായി വരെ ഇദ്ദേഹം വാര്‍ത്താവിതരണവകുപ്പുമന്ത്രിയും 1977 മുതല്‍ 79 ജൂലായി വരെ വ്യവസായ വകുപ്പുമന്ത്രിയും 1989 ഡി. 5 മുതല്‍ 1990 ന. 10 വരെ റെയില്‍വേ വകുപ്പുമന്ത്രിയും ആയിരുന്നു (1990 മാ. 11 മുതല്‍ മേയ് 26 വരെ കാശ്മീര്‍ കാര്യങ്ങളുടെ ചുമതല വഹിച്ചു). 1998 മാര്‍ച്ചില്‍ പ്രതിരോധമന്ത്രിയായി. അടിയന്തിരാവസ്ഥക്കാലത്ത് ഇദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടിരുന്നു. അഖിലേന്ത്യാതലത്തില്‍ നിരവധി തൊഴിലാളി സംഘടനകള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കിയിട്ടുണ്ട്. ജനതാപാര്‍ട്ടിയിലെ ഒരു പ്രമുഖ നേതാവായിരുന്ന ഇദ്ദേഹം പിന്നീട് ജനതാദളിലും സമതാപാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഐക്യജനതാദളില്‍ (ജനതാദള്‍-യു) പ്രവര്‍ത്തിച്ചുവരുന്നു (2000). സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും സമതാ പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്നിട്ടുണ്ട്. ഇപ്പോള്‍ (2000) ഐക്യജനതാദളിന്റെ ലോക്സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പ്രതിരോധമന്ത്രിയുമാണ്. അന്താരാഷ്ട്രതലത്തിലുള്ള നിരവധി സംഘടനകളുടെ ഭാരവാഹിത്വം ഇദ്ദേഹം വഹിച്ചിട്ടുണ്ട്. കന്നടയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ചില പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും രാഷ്ട്രീയ പ്രാധാന്യമുള്ള നിരവധി ലേഖനങ്ങളുടെ രചയിതാവുമാണ് ഇദ്ദേഹം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍